This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊലപാതകം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊലപാതകം

മറ്റൊരാളെ കൊലപ്പെടുത്തണമെന്ന വാശിയോടും ഉദ്ദേശ്യത്തോടും കരുതലോടും മരണമുണ്ടാകുമെന്ന അറിവോടും കൂടി നടത്തുന്ന നരഹത്യ. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ വ്യാഖ്യാനിക്കപ്പെടുന്ന നരഹത്യ രണ്ടുവിധത്തിലുണ്ട്. ശിക്ഷാര്‍ഹമല്ലാത്തതും ശിക്ഷാര്‍ഹമായതും. ആത്മരക്ഷാര്‍ഥം ഒരാള്‍ക്കു തന്റെ എതിരാളിയെ കൊല്ലേണ്ടിവന്നുവെങ്കില്‍ ആയതു ശിക്ഷാര്‍ഹമല്ലാത്ത നരഹത്യയാണ്. തന്റെ ജീവന്‍ അപകടത്തിലാകുന്ന തരത്തില്‍ ദേഹോപദ്രവമേല്ക്കുന്ന ഒരു വ്യക്തി, നിവത്തിയില്ലാതെ, ആത്മരക്ഷാര്‍ഥം തന്റെ എതിരാളിക്കു നല്കുന്ന പീഡനത്താല്‍ എതിരാളി മരിക്കുന്നുവെങ്കില്‍പ്പോലും, അയാള്‍ ചെയ്യുന്ന നരഹത്യ നീതീകരിക്കാവുന്നതാണ്. ഇന്ത്യന്‍ ശിക്ഷാനിയമം 96-ാം വകുപ്പനുസരിച്ച് അത്മരക്ഷാര്‍ഥം ഒരാള്‍ ചെയ്യുന്ന കുറ്റങ്ങളൊന്നും തന്നെ ശിക്ഷാര്‍ഹമല്ല. തന്റെ ശ്രദ്ധക്കുറവുമൂലം ഒരാള്‍ മറ്റൊരാളിന്റെ മരണത്തിനിടയാക്കുന്നുവെങ്കില്‍ അയാള്‍ സാധാരണ നരഹത്യയ്ക്കുത്തരവാദിയാണ്. എല്ലാ കൊലപാതകങ്ങളും നരഹത്യകളാണ്. എന്നാല്‍ എല്ലാ നരഹത്യകളും കൊലപാതകങ്ങളാകുകയില്ല. ഒരു നരഹത്യ കൊലപാതകമായി ഗണിക്കപ്പെടണമെങ്കില്‍ ആയതു ചില പ്രത്യേകോപാധികളോടുകൂടിയതായിരിക്കണം. പ്രത്യേക രീതിയിലുള്ള അക്രമസങ്കീര്‍ണമായ ക്രൂരത്വം അതിലുള്‍ക്കൊണ്ടെങ്കില്‍ മാത്രമേ ഒരു വ്യക്തി ചെയ്ത നരഹത്യ കൊലപാതകമായി പരിണമിക്കുകയുള്ളൂ.

ഇന്ത്യന്‍ ശിക്ഷാനിയമം 299, 300 എന്നീ വകുപ്പുകളില്‍ യഥാക്രമം സാധാരണ നരഹത്യയെയും കൊലപാതകത്തെയും നിര്‍വചിച്ചിട്ടുണ്ട്. ഏതൊരാള്‍, മറ്റൊരാള്‍ മരിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടിയോ മറ്റൊരാളിന്റെ മരണത്തിനിടയാക്കുന്ന മുറിവുകള്‍ അയാളുടെ ദേഹത്ത് ഏല്പിക്കണമെന്ന കരുതലോടുകൂടിയോ, അപ്രകാരമുള്ള കൃത്യം മരണത്തിന് ഇടയാക്കുമെന്ന അറിവോടുകൂടിയോ കൃത്യം ചെയ്യുകയും തന്മൂലം ഇതരന്‍ മരിക്കുകയും ചെയ്താല്‍, ഈ വക കൃത്യങ്ങള്‍ ചെയ്തയാള്‍ നരഹത്യക്കുറ്റത്തിനു ശിക്ഷാര്‍ഹനാണ് (299).

നരഹത്യക്കുറ്റത്തിനോ കൊലപാതകക്കുറ്റത്തിനോ ഒരു വ്യക്തിയെ ശിക്ഷാര്‍ഹനാക്കണമെങ്കില്‍ മറ്റൊരാള്‍ മരിച്ചിരിക്കണമെന്നുള്ളതു നിര്‍ബന്ധമാണ്. അതായത്, വധകൃത്യംമൂലം ഒരാളുടെ ശവശരീരം ഉണ്ടായിട്ടുണ്ടെന്നു തെളിയിച്ചിരിക്കണം. മരണമടഞ്ഞതിന്റെ പ്രത്യക്ഷത്തെളിവുകളില്ലെങ്കില്‍പ്പോലും സംശയാതീതമായ മറ്റു സാഹചര്യത്തെളിവുകള്‍ മുഖേന മറ്റൊരു മനുഷ്യനോ, മനുഷ്യരോ പ്രതിയുടെയോ മറ്റു കൂട്ടപ്രതികളുടെയോ ദുരുദ്ദേശ്യപരമായ കൃത്യങ്ങള്‍ മൂലം മരിച്ചിട്ടുണ്ടെന്നു പ്രോസിക്യൂഷന്‍ തെളിയിച്ചിരിക്കണം.

ഏതെങ്കിലും അസുഖംമൂലം രോഗിയായിത്തീര്‍ന്ന ഒരാളുടെ മേല്‍ പ്രതി ഏല്പിച്ച നിസ്സാരദേഹോപദ്രവംമൂലം ആ രോഗി മരണമടഞ്ഞാല്‍ ആ രോഗിയുടെ മരണത്തിനും നരഹത്യക്കുറ്റത്തിനും പ്രതി ഉത്തരവാദിയായിത്തീരുന്നതായിരിക്കും. മരണമടഞ്ഞയാളെ ശരിയായ ചികിത്സകൊണ്ട് മരണത്തില്‍ നിന്ന് രക്ഷിക്കാമായിരുന്നെങ്കിലും, പ്രതി ആ ആളിന്റെ മരണത്തിനുത്തരവാദിയായിരിക്കും.

ഒരാള്‍ ഒരു ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനിടയാക്കിയാല്‍ ആയതു നരഹത്യയാകുകയില്ല. എന്നാല്‍ ആ ശിശുവിന്റെ ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗം ഗര്‍ഭപാത്രത്തിനു വെളിയില്‍ വന്നിട്ടുണ്ടെങ്കില്‍ ആ ശിശുവിന്റെ മരണത്തിനിടയാക്കുന്ന കൃത്യം വല്ലതും ചെയ്താല്‍ അപ്രകാരം കൃത്യം ചെയ്യുന്ന ആള്‍ നരഹത്യക്കുറ്റത്തിനു വിധേയനാകും.

ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 300-ാം വകുപ്പിലാണ് കൊലപാതകത്തിന്റെ നിര്‍വചനമുള്‍ക്കൊള്ളുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് വൈസ്രോയിയുടെ കൌണ്‍സിലിലെ നിയമകാര്യാംഗമായിരുന്ന മെക്കാളെ പ്രഭു നല്കിയ ആ നിര്‍വചനത്തിന്റെ പ്രായോഗികവൈശിഷ്ട്യം ലോകത്താകമാനമുള്ള നീതിപാലകരും നിയമശാസ്ത്രജ്ഞന്മാരും അംഗീകരിച്ചിട്ടുണ്ട്. 300-ാം വകുപ്പ് ഇങ്ങനെയാണ്:

താഴെപ്പറയുന്ന അപവാദങ്ങള്‍ക്ക് വിധേയമായി ഒരാളിന്റെ മരണത്തിന് കാരണമായ കൃത്യം (1) പ്രതിയോഗിയെ കൊലപ്പെടുത്തണമെന്നുള്ള മനഃപൂര്‍വമായ ഉദ്ദേശ്യത്തോടുകൂടി ചെയ്തതാണെങ്കിലോ, (2) തന്റെ പ്രതിയോഗിയുടെ ദുര്‍ബലമായ ആരോഗ്യസ്ഥിതിക്ക് താനേല്പിക്കുന്ന ദേഹോപദ്രവും അയാളുടെ മരണത്തിനിടയാക്കുവാന്‍ സാധ്യതയുണ്ടെന്നുള്ള അറിവോടുകൂടി ആ തരത്തിലുള്ള ദേഹോപദ്രവം ആ വ്യക്തിയുടെ മേല്‍ ഏല്പിച്ചതാണെങ്കിലോ, (3) തന്റെ പ്രതിയോഗിയുടെ മേല്‍ ഏതെങ്കിലും തരത്തിലുള്ള പ്രത്യേക മുറിവേല്പിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി കുറ്റവാളി തന്റെ പ്രതിയോഗിയുടെ മേല്‍ മനഃപൂര്‍വം മുറിവേല്പിക്കുകയും എന്നാല്‍ ആ മുറിവു സാധാരണഗതിയില്‍ മുറിവേറ്റയാളിന്റെ മരണത്തില്‍ അവസാനിക്കുകയും ചെയ്തതാണെങ്കിലോ, (4) കുറ്റവാളി, താന്‍ ചെയ്യുന്ന കൃത്യം പ്രത്യക്ഷത്തില്‍ത്തന്നെ ആപത്കരവും ആയതു മരണത്തിനോ തത്തുല്യമായ മാരകമായ ശാരീരികക്ഷതങ്ങള്‍ക്കോ വഴിതെളിക്കുമെന്നുള്ള അറിവോടുകൂടിയും മതിയായ യാതൊരു കാരണവും കൂടാതെയും ചെയ്യുന്നതാണെങ്കിലോ, (5) തന്മൂലം വന്നുചേരുന്ന പ്രതിയോഗിയുടെ മരണം കുറ്റവാളിയെ കൊലപാതകക്കുറ്റത്തിന് വിധേയനാക്കുന്നു. എന്നാല്‍ ഈ കൊലപാതകത്തിനു താഴെപറയുന്ന അഞ്ച് അപവാദങ്ങളുണ്ട്-അവയുണ്ടെങ്കില്‍ പ്രത്യക്ഷത്തില്‍ കൊലപാതകമെന്നു തോന്നുന്ന കുറ്റകൃത്യം നരഹത്യക്കുറ്റമായി കുറയുന്നതായിരിക്കും.

അപവാദം 1. ഒരു കുറ്റവാളി തന്റെ പ്രതിയോഗിയില്‍ നിന്നു പെട്ടെന്നുണ്ടായഗുരുതരമായ പ്രകോപനംമൂലം തന്റെ ആത്മനിയന്ത്രണം വിട്ടു പ്രതിയോഗിയുടെയോ, തെറ്റുമൂലമോ, യാദൃശ്ചികമായോ മറ്റേതെങ്കിലും വ്യക്തിയുടെയോ മരണത്തിനിടയാക്കിയെങ്കില്‍ ആ കൃത്യം കൊലപാതകമാകുകയില്ല.

പ്രകോപനത്തിനുതന്നെ മൂന്നു ഉപാധികളുണ്ട്: i. കുറ്റവാളി, തന്റെ എതിരാളിയെ കൊല്ലുന്നതിനോ ദേഹോപദ്രവമേല്പിക്കുന്നതിനോ വേണ്ടി മനഃപൂര്‍വം അവസരം സൃഷ്ടിച്ചതു നിമിത്തം പ്രതിയോഗി കുറ്റവാളിയെ പ്രകോപിതനാക്കിയതാണെങ്കില്‍. കുറ്റവാളിയുടെ ആ കൃത്യം കൊലപാതകം തന്നെയായിരിക്കും; ii. പ്രതിയോഗി, നിയമാനുസരണമുള്ള തന്റെ കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്ന വേളയിലോ, നിയമാനുസരണമുള്ള ഔദ്യോഗിക കൃത്യനിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്ന ഒരുദ്യോഗസ്ഥന്റെ സഹായിയായി വര്‍ത്തിക്കുന്ന അവസരത്തിലോ പ്രകോപിതനായി പ്രവര്‍ത്തിച്ചിരുന്നാലും ആ വ്യക്തിയെ കുറ്റവാളി വധിച്ചാല്‍ ആയത് കൊലപാതകക്കുറ്റം തന്നെയായിരിക്കും; iii. ഒരു വ്യക്തി നിയമപ്രകാരം തനിക്കവകാശപ്പെട്ട ആത്മരക്ഷാര്‍ഥം ചെയ്യുന്ന പ്രവൃത്തി പ്രകോപനപരമായിരുന്നാല്‍പ്പോലും അയാളെ കുറ്റവാളി കൊല്ലുന്നതു കൊലപാതകം തന്നെയായിരിക്കും. എന്നാല്‍ ഈദൃശസന്ദര്‍ഭങ്ങളില്‍ ഒരു വ്യക്തിയുടെ പ്രതികരണം പ്രകോപനത്തിനു മതിയായ കാരണമാണോ അല്ലയോ എന്നുള്ള കാര്യം സാഹചര്യങ്ങളില്‍ നിന്നും തീരുമാനിക്കേണ്ടതാണ്.

അപവാദം 2. ഒരുവന്‍ തന്റെ ജീവന്റെയോ സ്വത്തിന്റെയോ സംരക്ഷണാര്‍ഥം ഉത്തമവിശ്വാസത്തോടും തന്റെ പ്രതിയോഗിയെ കൊല്ലുന്നതിനുള്ള യാതൊരു വിധ മുന്‍തയ്യാറെടുപ്പുകള്‍ കൂടാതെയും, ആത്മരക്ഷയ്ക്കത്യാവശ്യമായ പരിധിയില്‍ കവിഞ്ഞു പ്രതിയോഗിയുടെ മേല്‍ ബലപ്രയോഗം നടത്തുന്നതിലാഗ്രഹമില്ലാതെയും തന്നെ ആക്രമിക്കുന്ന ശത്രുവിന്റെ മേല്‍ പ്രയോഗിക്കുന്ന ഹേമദണ്ഡങ്ങള്‍ നിയമപ്രകാരമുള്ള ആത്മരക്ഷാവകാശപരിധികളെ അതിലംഘിച്ച് തന്റെ എതിരാളിയുടെ മരണത്തിന് കാരണമാകുന്നെങ്കില്‍ ആയതു കൊലപാതകമായിരിക്കുകയില്ല.

അപവാദം 3. കുറ്റവാളി ഒരുദ്യോഗസ്ഥനോ പൊതു നീതിനിര്‍വഹണത്തിലേര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്റെ സഹായിയോ ആണെങ്കില്‍ അയാള്‍ തന്റെ കൃത്യനിര്‍വഹണത്തിനു നിയമദത്തമായ അധികാരത്തില്‍ കവിഞ്ഞുള്ള ബലപ്രയോഗം നടത്തി മറ്റൊരാളുടെ മരണത്തിനിടയാക്കുന്നെങ്കില്‍ ആയതു കൊലപാതകമായിരിക്കുന്നതല്ല. എന്നാല്‍ താന്‍ ചെയ്യുന്ന കൃത്യം, തന്റെ കൃത്യനിര്‍വഹണത്തിനാവശ്യമാണെന്നുള്ള ഉത്തമവിശ്വാസം ആ ഉദ്യോഗസ്ഥനുണ്ടായിരിക്കണം; ഒരു കാരണവശാലും മരിച്ച വ്യക്തിയോട് ആ ഉദ്യോഗസ്ഥനു പ്രത്യേകവൈരാഗ്യമോ വിരോധമോ ഉണ്ടായിരിക്കാന്‍ പാടില്ല.

അപവാദം 4. ഏതെങ്കിലും കാരണത്താല്‍ പെട്ടെന്നുണ്ടാകുന്ന യുദ്ധത്തിനിടയില്‍ യാതൊരു മുന്‍കരുതലും കൂടാതെ പൊടുന്നനവേ കലഹത്തില്‍ ചൂടുപിടിച്ച വികാരത്തിനധീനനായി ഒരു പ്രത്യേകമായ യാതൊരാനുകൂല്യവും ഇല്ലാതെയും അസാധാരണമായോ ക്രൂരമായോ പെരുമാറാതെയും തന്റെ പ്രതിയോഗിയെ വധിക്കുന്നതിനിടയായാല്‍ ആ നരഹത്യ കൊലപാതകമായി കണക്കാക്കപ്പെടുകയില്ല. ഇപ്രകാരമുള്ള പ്രതിസന്ധികളില്‍ ഏതു കക്ഷിയാണ് പ്രകോപനപരമായി പെരുമാറിയതെന്നോ ആദ്യം കൈയേറ്റം നടത്തിയതെന്നോ ഉള്ള പ്രശ്നം പ്രസക്തമല്ല.

അപവാദം 5. 18 വയസ്സിനുമേല്‍ പ്രായമുള്ള ഒരാള്‍ സ്വമേധയാ സമ്മതിച്ചതനുസരിച്ച് കൊല്ലപ്പെടുകയോ മരണസാധ്യതയുള്ള പരിപാടികള്‍ക്ക് സ്വമനസ്സാലെ വഴങ്ങിക്കൊടുക്കുന്നതുമൂലം മരണമടയുകയോ ചെയ്താല്‍ ആയത് കൊലപാതകമാകുകയില്ല.

ഈ നിര്‍വചനങ്ങളില്‍നിന്നും ഒരാള്‍ മറ്റൊരാളെ മനഃപൂര്‍വം കൊന്നുവെങ്കില്‍ ആയതു നരഹത്യയും കൊലപാതകവുമാണെന്ന് സ്പഷ്ടമാണ്. ഒരാള്‍ താന്‍ ചെയ്യേണ്ട കൃത്യം ചെയ്യാതിരുന്നാല്‍ ഉണ്ടാകുന്ന മരണത്തിനും അയാള്‍ ഉത്തരവാദിയാകും. ഒരു രോഗിക്ക് മരുന്നു കൊടുക്കാതെയോ ഒരു ശിശുവിനു ആഹാരം നല്കാതെയോ ഇരിക്കുന്നതുമൂലം, രോഗം വര്‍ധിച്ചോ പട്ടിണിമൂലമോ രോഗിയോ ശിശുവോ മരിക്കുകയാണെങ്കില്‍ അവരെ ശ്രുശ്രൂഷിക്കാന്‍ ബാധ്യതപ്പെട്ടവര്‍ നരഹത്യയ്ക്കും കൊലപാതകത്തിനും ശിക്ഷാര്‍ഹരായിത്തീരും. ഒരുവന്‍ മനഃപൂര്‍വം മറ്റൊരാളെ മാരകായുധം കൊണ്ടുകൊല്ലുന്നതു മാത്രമല്ല കൊലപാതകം; ഒരാള്‍ ചെയ്യാനുള്ളത് ചെയ്യാതിരുന്നതിന്റെ ഫലമായി തന്റെ അധീനതയിലുള്ള വ്യക്തിക്ക് മരണം സംഭവിച്ചാല്‍ തന്റെ കൃത്യവിലോപംമൂലം വന്നുചേര്‍ന്ന മരണത്തിനും അയാള്‍ ശിക്ഷാര്‍ഹനായിത്തീരും.

അല്പമാത്രമായ മാനസികാഘാതം പോലും ഒരു ഹൃദ്രോഗിയുടെ മരണത്തിനു കാരണമാകുമെന്നറിഞ്ഞുകൊണ്ട് കുറ്റവാളി രോഗിയുടെ ഭാര്യ മൃതിയടഞ്ഞെന്നു രോഗിയോടു കള്ളമായി പറയുകയും തത്ഫലമായി ഹൃദയസ്തംഭനംമൂലം രോഗി മരണമടയുകയും ചെയ്താല്‍ കുറ്റവാളി, ഹൃദ്രോഗിയെ കൊലപ്പെടുത്തിയതായിത്തന്നെ കണക്കാക്കും. എന്നാല്‍ മരിച്ചയാളിന്റെ ഹൃദ്രോഗത്തെപ്പറ്റി യാതൊരറിവുമില്ലാത്ത ഒരു കുറ്റവാളി രോഗിക്ക് സാധാരണഗതിയില്‍ ഒരു ചറിയ നുള്ള് നല്‍കുകയും ആയത് ഹൃദ്രോഗിയുടെ മരണത്തിനിടയാക്കുകയും ചെയ്താല്‍, ആയത് കൊലപാതകമായിരിക്കയില്ല. ഇതുപോല, മഞ്ഞപ്പിത്തം ബാധിച്ച ഒരു രോഗിയെ, അയാളുടെ രോഗനില അറിഞ്ഞുകൊണ്ടുതന്നെ, അയാളുടെ വയറ്റില്‍ ആഞ്ഞുതൊഴിച്ച് ദോഹോപദ്രവമേല്പിച്ചതിന്റെ ഫലമായി ആ രോഗി മരിച്ചാല്‍, രോഗിക്ക് തൊഴിനല്കിയ ആള്‍ കൊലപാതക്കുറ്റത്തിനു വിധേയനാകും.

ഇന്ത്യന്‍ ശിക്ഷാനിയമം 300-ാം വകുപ്പ് 3-ാം ഉപവകുപ്പനുസരിച്ച് കുറ്റവാളി തന്റെ പ്രതിയോഗിയുടെ മേല്‍ ഏതെങ്കിലും സാരമായ ഒരു മുറിവേല്പിക്കുകയും ആ മുറിവ് സ്വാഭാവികരീതിയില്‍ മുറിവേറ്റയാളിന്റെ മരണത്തിനിടയാക്കുകയും ചെയ്താല്‍ കുറ്റവാളി കൊലപാതകക്കുറ്റത്തിനു വിധേയനാകും. ഒരു പക്ഷേ യഥാര്‍ഥത്തില്‍ പ്രതിയോഗിക്ക് മരണമുണ്ടാകണമെന്നുള്ള ഉദ്ദേശ്യം കുറ്റവാളിക്കില്ലാതിരുന്നാല്‍പ്പോലും അയാള്‍ കൊലപാതകക്കുറ്റത്തിനു വിധേയനാകും. ഈ മാതിരി കേസുകളില്‍ പ്രധാനമായ ചോദ്യം പ്രതി മരിച്ചയാളിനെ മുറിവേല്പിച്ചോ എന്നും, ആ മുറിവ് സാധാരണഗതിയില്‍ ഒരു മനുഷ്യന്റെ മരണത്തിനു സംഗതിയാകുമോ എന്നുമാകുന്നു. പ്രതി ഏല്പിച്ച മുറിവ്, അതിന്റെ സ്വാഭാവികഗതിയില്‍ ഒരു മനുഷ്യന്റെ മരണത്തിനു വഴിതെളിക്കുമെങ്കില്‍, മുറിവേല്പിക്കുമ്പോള്‍ തന്റെ ആക്രമണത്തിനു വിധേയനായ മനുഷ്യനെ കൊല്ലുവാന്‍ തനിക്കശേഷവും ഉദ്ദേശ്യമില്ലായിരുന്നു എന്ന വാദം അയാളെ കൊലപാതകക്കുറ്റത്തില്‍ നിന്നും വിമുക്തനാക്കുകയില്ല. അയാളുടെ യഥാര്‍ഥമായ ഉദ്ദേശ്യം ഇത്തരുണത്തില്‍ പ്രസക്തമല്ല. പരേതന്റെ ദേഹത്ത് ഒരുതരം മുറിവേല്പിക്കുവാന്‍ പ്രതിക്കുദ്ദേശ്യമുണ്ടായിരുന്നുവെന്നും അതനുസരിച്ച് ആയാള്‍ മരിച്ചയാളിന്റെ ദേഹത്ത് താനുദ്ദേശിച്ച മുറിവേല്പിക്കുകയും ചെയ്താല്‍, ഒരു പക്ഷേ ആള്‍ മരിക്കണമെന്ന് പ്രതിക്കുദ്ദേശ്യമില്ലാതിരുന്നാല്‍പ്പോലും, ആയാള്‍ ഏല്പിച്ച മുറിവ് അതിന്റെ സ്വാഭാവിതഗതിയില്‍ മരണത്തിലേക്കു നയിച്ചുവെങ്കില്‍ അയാള്‍ പരേതന്റെ മരണത്തിനുത്തരവാദിയാകും. ഈ തത്ത്വം കേരളത്തില്‍ കൊച്ചിത്തുറമുഖത്ത് നാവികസങ്കേതത്തില്‍ നടന്ന രജ്വന്ത് സിങ്ങും കളരിമഠത്തില്‍ ഉണ്ണിയും അഭി കേരളസംസ്ഥാനം (AIR 1966-SC 1874) എന്ന കേസില്‍ സുപ്രീംകോടതി അസന്ദിഗ്ധമായ ഭാഷയില്‍ അംഗീകരിച്ചു വിധികല്പിച്ചിട്ടുണ്ട്. ആ കേസിലെ പ്രതി, നാവികത്താവളത്തിലെ സ്റ്റോര്‍ കൊള്ളയടിക്കണമെന്നുള്ള ഉദ്ദേശ്യത്തോടുകൂടി സ്റ്റോറിന്റെ മേധാവിയായ ലഫ്റ്റനന്റ് കമാന്‍ഡര്‍ മെന്‍ഡാനയെ സൂത്രത്തില്‍ രാത്രിയില്‍ വീട്ടില്‍നിന്നു വിളിച്ചുണര്‍ത്തി പുറത്തുകൊണ്ടുവന്ന് ബലാത്കാരമായി അയാളുടെ കാലുകളും കൈകളും കണ്ണുകളും കെട്ടി, ക്ലോറോഫോം മുക്കിയ പഞ്ഞി വായിലും മൂക്കിലും തിരുകിക്കയറ്റി ഒരോടയില്‍ കിടത്തി വായിലും മൂക്കിലും പ്ലാസ്റ്റര്‍ പശവച്ചൊട്ടിച്ചു. തന്മൂലം മെന്‍ഡാന ശ്വാസം മുട്ടി മരിച്ചു. മെന്‍ഡാനയുടെ വധത്തിനു കൊലപാതകക്കുറ്റത്തിനു ചാര്‍ജുചെയ്യപ്പെട്ട പ്രതികളുടെ വാദം തങ്ങള്‍ക്കു സ്റ്റോര്‍ കവര്‍ച്ചചെയ്യണമെന്നല്ലാതെ മെന്‍ഡാനയെ കൊല്ലണമെന്നുദ്ദേശ്യമില്ലായിരുന്നുവെന്നായിരുന്നു. സുപ്രീംകോടതി അവരുടെ വാദം തള്ളിക്കളഞ്ഞു. പ്രതികള്‍ പരേതന്റെ ശ്വാസംമുട്ടിയുള്ള മരണത്തിനിടയാക്കിയതിനാല്‍ അവര്‍ കൊലപാതക്കുറ്റത്തിനര്‍ഹരാണെന്നു സുപ്രീംകോടതി വിധിച്ചു.

കുറ്റവാളി കൊല്ലാനുദ്ദേശിച്ചയാള്‍ 'എ' എന്ന വ്യക്തിയാണെങ്കിലും അയാളുടെ മാരകായുധപ്രയോഗം 'ബി'ക്കു ഏറ്റ് 'ബി'യാണ് മരിക്കാനിടയാകുന്നതെങ്കില്‍, 'ബി'യുടെ മരണത്തിനും കൊലപാതകക്കുറ്റത്തിനും കുറ്റവാളി വിധേയനാകും. മദ്രാസ് ഹൈക്കോടതി വിധിച്ച പബ്ലിക്പ്രോസിക്യൂട്ടര്‍ അഭി സൂര്യനാരായണമൂര്‍ത്തി (1912-22-MLJ 333) എന്ന കേസില്‍, മരിച്ചയാള്‍ അറിയാതെ അയാളുടെ ജീവന്‍ പ്രതി ഇന്‍ഷ്വര്‍ ചെയ്തിരുന്നു. അയാളെ കൊന്ന് ഇന്‍ഷ്വറന്‍സ് കമ്പനിയില്‍ നിന്നും പണം നേടുകയായിരുന്നു പ്രതിയുടെ ഉദ്ദേശ്യം. ഇതിനുവേണ്ടി, പ്രതി തന്റെ സഹോദരീഭര്‍ത്താവിന്റെ വീട്ടില്‍ ഒരു വിരുന്നൊരുക്കി അതില്‍ പങ്കെടുക്കുന്നതിനു ഇന്‍ഷ്വര്‍ ചെയ്യപ്പെട്ട വ്യക്തിയെ ക്ഷണിച്ചുവരുത്തി. അയാള്‍ക്കു കൊടുക്കുവാന്‍ വച്ചിരുന്ന വിഭവങ്ങളുടെ കൂട്ടത്തില്‍ കടുത്ത വിഷം ചേര്‍ത്ത ഹല്‍വയും കരുതിയിരുന്നു. വിഷം കലര്‍ത്തിയ ഹല്‍വ പ്രതിയുടെ അനന്തരവളായ രാജലക്ഷ്മിയും മറ്റൊരു പെണ്‍കുട്ടിയും എടുത്തു തിന്നതിന്റെ ഫലമായി രണ്ടുപേരും മരിച്ചു. യഥാര്‍ഥത്തില്‍ പ്രതിക്ക് തന്റെ അനന്തരവളെയും അവളുടെ കൂട്ടുകാരിയെയും കൊല്ലണമെന്ന് യാതൊരുദ്ദേശ്യവുമില്ലായിരുന്നെങ്കിലും ഈ രണ്ടു കുട്ടികളെ കൊന്നതിന് മദ്രാസ് ഹൈക്കോടതി പ്രതിക്ക് കൊലപാതകക്കുറ്റ ശിക്ഷ നല്കി.

ഇന്ത്യന്‍ ശിക്ഷാനിയമം 300-ാം വകുപ്പിന്റെ 4-ാം ഉപവകുപ്പില്‍ വിവരിക്കുന്ന കൊലപാതകങ്ങള്‍ക്കുള്ള ചില ഉദാഹരണങ്ങള്‍: ഒരു ഡ്രൈവര്‍, തന്റെ കാര്‍ ഒരു ജനക്കൂട്ടത്തിനു നേരെ അതിവേഗത്തില്‍ ഓടിച്ചുകയറ്റുക, ഒരു തോക്കുധാരി ജനക്കൂട്ടത്തിന്റെ നേരെ വെടിവയ്ക്കുക, ആള്‍പ്പാര്‍പ്പുള്ള വീടിനു തീവയ്ക്കുക ഈവക കൃത്യങ്ങള്‍ ജനക്കൂട്ടത്തില്‍പ്പെട്ട ആര്‍ക്കെങ്കിലുമോ, വീടിനുള്ളിലുള്ളവരില്‍ ആര്‍ക്കെങ്കിലുമോ ജീവഹാനി വരുത്തുമെന്നുള്ളത് തീര്‍ച്ചയാണ്. ഒരു പ്രത്യേക വ്യക്തിയുടെ മരണം ലക്ഷ്യമാക്കിയിട്ടില്ലെങ്കിലും ജനക്കൂട്ടത്തിലോ വീട്ടിലോ ഉള്ള ഏതെങ്കിലും വ്യക്തിയുടെ മരണം സുനിശ്ചിതമാണെന്നറിഞ്ഞുകൊണ്ട് മറ്റുള്ളവരുടെ ജീവനെപ്പറ്റി യാതൊരു വീണ്ടുവിചാരവുമില്ലാതെ പെരുമാറുന്നവര്‍ക്കും കൊലപാതകക്കുറ്റത്തിനുള്ള ശിക്ഷ നല്കുന്നു. ഒരാള്‍ തന്റെ ഭാര്യയോടു പിണങ്ങി അവള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളുടെ മേല്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി അവളുടെ മരണത്തിനിടയാക്കിയതിനു സുപ്രീം കോടതി ആ ഭര്‍ത്താവിനെ കൊലപാതകക്കുറ്റത്തിനു ശിക്ഷിച്ചു (സ്റ്റേറ്റ് ഒഫ് മധ്യപ്രദേശ് അഭി രാമപ്രസാദ് 1968-II SJ 355) മറ്റൊരു കേസില്‍ സുദര്‍ശനകുമാര്‍ എന്ന യുവാവ്, തന്നെ വിവാഹം കഴിക്കുവാന്‍ വിസമ്മതിച്ച മായാദേവിയെന്ന സുന്ദരിയായ യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ച് അവളുടെ മുഖം വികൃതമാക്കുവാന്‍ ശ്രമിച്ചതിന്റെ ഫലമായി അവള്‍ മരണമടഞ്ഞു. ഈ കേസിലും സുപ്രീം കോടതി അയാളെ കൊലപാതകക്കുറ്റത്തിനുതന്നെ ശിക്ഷിച്ചു (സുദര്‍ശനകുമാര്‍ അഭി സ്റ്റേറ്റ് ഒഫ് ഡല്‍ഹി 19751-1-SCWR 259).

ശിക്ഷ. ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പനുസരിച്ച്, കൊലപാതകക്കുറ്റത്തിനു വധശിക്ഷയോ പ്രായശ്ചിത്തത്തോടുകൂടിയ ജീവപര്യന്തത്തടവോ നല്കാവുന്നതാണ്. 1973-ലെ ക്രിമിനല്‍ നടപടി നിയമം 354-ാം വകുപ്പ് 3-ാം ഉപവകുപ്പനുസരിച്ച്, കൊലപാതകക്കുറ്റത്തിനു സാധാരണഗതിയില്‍ ജീവപര്യന്തത്തടവു ശിക്ഷ മാത്രമേ നല്കാവൂ എന്നും ജഡ്ജി പ്രതിക്ക് മരണശിക്ഷയാണ് നല്കുന്നതെങ്കില്‍ അതിനുള്ള പ്രത്യേക കാരണം എടുത്തു പറയണമെന്നുണ്ട്. ഇതനുസരിച്ച് കുറ്റവാളി ദുര്‍ബലരും നിസ്സഹായരുമായ കുഞ്ഞുകുട്ടികളെയും വൃദ്ധജനങ്ങളെയും മറ്റും കാരണം കൂടാതെ അതിനീചവും ക്രൂരവുമായ വിധത്തില്‍ വധിച്ചുവെങ്കില്‍ ആ കാരണം എടുത്തു പറഞ്ഞു അയാള്‍ക്ക് വധശിക്ഷ നല്കാവുന്നതാണ്.

വധശിക്ഷ അപരിഷ്കൃതമായ നടപടിയാണെന്നും അതിനെ ശിക്ഷാനിയമസംഹിതയില്‍ നിന്നും പാടെ നിര്‍മാര്‍ജനം ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും മറ്റുമാണ് ഒരു കൂട്ടം നിയമപരിഷ്കരണവാദികള്‍ ശക്തിയായി അഭിപ്രായപ്പെടുന്നത്. ഇന്ത്യയിലെ സുപ്രീംകോടതിയിലെ ജഡ്ജിമാര്‍ക്കിടയില്‍ത്തന്നെ ഈ പ്രശ്നത്തെപ്പറ്റി തീവ്രമായ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ക്രിമിനല്‍ നടപടിക്രമത്തിലെ 354 (3)-ാം വകുപ്പിനെ ആധാരമാക്കി കൊലയാളിയുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിയെ പരിഗണിച്ചു മാത്രമേ ശിക്ഷ നല്‍കാവൂ എന്നും നിവൃത്തിയുണ്ടെങ്കില്‍ കൊലപാതകക്കുറ്റവാളിക്ക് വധശിക്ഷ നല്‍കരുതെന്നും അയാളെ നല്ല മനുഷ്യനാക്കിത്തീര്‍ക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മറ്റുമാണ് മറ്റൊരു കൂട്ടര്‍ വാദിക്കുന്നത്. കൊലയാളികള്‍ക്ക് വധശിക്ഷതന്നെ സാധാരണഗതിയില്‍ നിര്‍ഭയം നല്കേണ്ടതാണെന്നും എന്നാല്‍ മാത്രമേ സമൂഹത്തില്‍ ദുര്‍ജനങ്ങളെ കവര്‍ച്ച, കൊലപാതകം മുതലായ ഭയങ്കര അതിക്രമപ്രവൃത്തികളില്‍ നിന്നും പിന്തിരിപ്പിച്ച് രാജ്യത്ത് സ്ഥായിയായ നിയമസമാധാനം പുലര്‍ത്തുവാന്‍ സാധിക്കുകയുള്ളുവെന്നും സുപ്രീംകോടതി ജഡ്ജിമാരുള്‍പ്പെടെയുള്ള മറ്റൊരു കൂട്ടം നിയമജ്ഞര്‍ വാദിക്കുന്നു. ഏതായാലും വധശിക്ഷ പാടെ ഇല്ലാതാക്കണമോ വേണ്ടയോ എന്നുള്ള പ്രശ്നം ലോകത്തുള്ള എല്ലാ പരിഷ്കൃതരാജ്യങ്ങളിലും ഒരു വിവാദവിഷയമായി ഇന്നും അവശേഷിക്കുന്നു.

(പ്രൊഫ. പി.എസ്. അച്യുതന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍