This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറോനാഡോ, ഫ്രാന്‍സിസ്കോ (1510 - 54)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറോനാഡോ, ഫ്രാന്‍സിസ്കോ (1510 - 54)

Francisco coronado

ഫ്രാന്‍സിസ്കോ കൊറോനാഡോ

സ്പെയിന്‍കാരനായ ഭൂമിശാസ്ത്ര പര്യവേക്ഷകന്‍. സ്പെയിനിലെ സലമാങ്കോവില്‍ 1510-ല്‍ ജനിച്ചു. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ, പ്രത്യേകിച്ച് കിഴക്കന്‍ അരിസോണ, റിയോഗ്രാന്‍ഡെ, കാന്‍സാസ് എന്നിവിടങ്ങളിലെ, ഭൂമിശാസ്ത്രപര്യവേക്ഷണങ്ങളും കണ്ടുപിടിത്തങ്ങളുമാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയത്. കൊറോനാഡോ ആദ്യം സാഹസികയാത്രകള്‍ക്കു പുറപ്പെട്ടത് നിധികള്‍ നിക്ഷിപ്തമായിട്ടുണ്ടെന്നു കേട്ടിരുന്ന സിബോല (Cibola)യിലെ സപ്തനഗരങ്ങള്‍ തേടിയായിരുന്നു.

1535-ലാണ് ഇദ്ദേഹം സ്പാനിഷ് വൈസ്രോയി ആയിരുന്ന അന്റോണിയോ ദ മെന്‍ഡോസയോടൊത്ത് ആദ്യമായി മെക്സിക്കോയിലേക്കു പോയതും അവിടത്തെ റെഡ് ഇന്ത്യന്‍ വര്‍ഗക്കാരുമായി ചങ്ങാത്തം സ്ഥാപിച്ചതും. സിബോലയിലെ ഏഴു സുവര്‍ണനഗരങ്ങളെക്കുറിച്ചറിഞ്ഞ മെന്‍ഡോസ 1550-ല്‍ വലിയ പര്യവേക്ഷക സംഘത്തെ വിപുലമായ സജ്ജീകരണങ്ങളോടുകൂടി അങ്ങോട്ടയച്ചു. ആ സംഘം വലുതും ചെറുതുമായ രണ്ട് ഉപസംഘങ്ങളായി തിരിഞ്ഞു. വലിയ സംഘത്തിന്റെ നായകനായിത്തീര്‍ന്ന കൊറോനാഡോ മെക്സിക്കോയുടെ പടിഞ്ഞാറന്‍ തീരത്തേക്കു പോയി. ചെറിയ സംഘം വടക്കോട്ടേക്കാണു പുറപ്പെട്ടത്. കുറേക്കാലം ചുറ്റിക്കറങ്ങിയെങ്കിലും യാതൊരുവിധ നിധിയും കണ്ടെത്താന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവസാനം രണ്ടു സംഘങ്ങളും 'റിയോഗ്രാന്‍ഡേ' എന്ന സ്ഥലത്തുവച്ച് ഒത്തുചേര്‍ന്നു. ആക്രമണത്തിനുവന്ന റെഡ് ഇന്ത്യന്‍ വംശജരെ അവര്‍ തുരത്തിവിട്ടു. 1541-ലെ വസന്തകാലത്ത് കൊറോനാഡോവിന്റെ നേതൃത്വത്തിലുള്ള സംഘം ടെക്സാസിലേക്കു പോയി. അവിടെനിന്ന് വീണ്ടും ക്വിവിറ (Quivira) എന്ന സമ്പത്സമൃദ്ധമായ പ്രദേശം അന്വേഷിച്ചു യാത്രതുടര്‍ന്ന കൊറോനാഡോവിനും 30 അനുയായികള്‍ക്കും നിരാശരായിത്തന്നെ മടങ്ങേണ്ടിവന്നു. എങ്കിലും ഭൂമിശാസ്ത്രപരമായി പ്രാധാന്യമര്‍ഹിക്കുന്ന പല കണ്ടെത്തലുകള്‍ക്കും ഇതു വഴിതെളിച്ചു. കൊറോനാഡോ തന്റെ മരണം(1554 സെപ്. 22)വരെ മെക്സിക്കോ സിറ്റിയിലെ നഗരസഭയില്‍ അംഗമായി പ്രവര്‍ത്തിച്ചു.

(ഡോ. സി.പി. ശിവദാസന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍