This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറോണോഗ്രാഫ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറോണോഗ്രാഫ്

Coronograph

കൊറോണോഗ്രാഫ്

സൗരകൊറോണയെ എല്ലായ്പോഴും ദൃശ്യമാക്കാനുള്ള പ്രത്യേകതരം ദൂരദര്‍ശിനി. സാധാരണ പൂര്‍ണസൂര്യഗ്രഹണവേളയില്‍ മാത്രമാണ് കൊറോണ നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകുന്നത്. അതുകൊണ്ടുതന്നെ ഇത്തരമൊരു ഉപകരണത്തിന്റെ പ്രസക്തി സൗരനിരീക്ഷണത്തില്‍ വളരെ വലുതാണ്. ഫ്രാന്‍സിലെ പിക്-ദു-മിദി നിരീക്ഷണാലയത്തില്‍ വച്ച് (Pic Du Midi observation) 1930-ല്‍ ബര്‍ണാഡ് ലിയോട്ട് (Bernad Lyot) ആണ് കൊറോണോഗ്രാഫ് കണ്ടുപിടിച്ച് ഉപയോഗിച്ചത്. സൂര്യന്റെ പ്രഭാമണ്ഡലത്തെ കൃത്യമായി മറച്ച് ഛായാഗ്രഹണം നടത്താന്‍ കഴിയുന്ന ഒരു സംവിധാനം ടെലിസ്കോപ്പില്‍ത്തന്നെ ഒരുക്കുകയാണ് ഇതിനായി ഇദ്ദേഹം ചെയ്തത്. കൊറോണയുടെ അന്തര്‍ഭാഗത്തിന്റെ സവിശേഷതകള്‍ ഫോട്ടോഗ്രാഫില്‍ പകര്‍ത്താന്‍ ഈ ദൂരദര്‍ശിനിയിലൂടെ ഇദ്ദേഹത്തിനു കഴിഞ്ഞു. കൂടുതല്‍ പ്രകാശരശ്മികളെ സ്വീകരിക്കുകയല്ല ഈ ഉപകരണത്തിന്റെ ലക്ഷ്യം; കൊറോണാവികിരണം ദൂരദര്‍ശിനിക്കുള്ളില്‍ ചിതറിപ്പോകാതെ സൂക്ഷിക്കുകയാണ്. അതിനായി ദര്‍പ്പണങ്ങള്‍ക്കു പകരം കാചങ്ങളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

വിവിധതരം കൊറോണോഗ്രാഫുകള്‍ ഇന്ന് പ്രചാരത്തിലുണ്ട്. റേഡിയോ ടെലിസ്കോപ്പുകള്‍ക്കനുയോജ്യമായ കൊറോണാഗ്രാഫുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ചുവരുന്നു.

ഭൗമാന്തരീക്ഷത്തിലൂടെ കൊറോണ ദൃശ്യമാക്കുകയെന്നത് ദുഷ്കരമാണ്. ചന്ദ്രനില്‍ നിന്നോ ഏതെങ്കിലും കൃത്രിമോപഗ്രഹത്തില്‍ നിന്നോ കൊറോണ എളുപ്പം ദര്‍ശിക്കാന്‍ കഴിയും. മനുഷ്യന്‍ കയറാതെ തന്നെ സഞ്ചരിച്ചിരുന്ന 'സോളാര്‍ ഒബ്സര്‍വേറ്ററി'യും (OSO- 7, 1971-74) സ്കൈലാബ് ശ്രേണി(1973-74)യും കൊറോണോഗ്രാഫ് വഴി മണിക്കൂറുതോറും കൊറോണയുടെ ചിത്രം എടുക്കുകയുണ്ടായി. കൊറോണയില്‍ നിന്നു പദാര്‍ഥങ്ങള്‍ ഗ്രഹാന്തരമേഖലയിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുന്നതായാണ് ഈ നിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍