This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറോണ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറോണ

Corona

പൂര്‍ണസൂര്യഗ്രഹണ സമയത്ത് മറയ്ക്കപ്പെട്ട സൂര്യബിംബത്തിനു ചുറ്റും ദൃശ്യമാകുന്ന വെളുത്ത പരിവേഷം. സൂര്യാന്തരീക്ഷത്തിന്റെ ഭാഗമാണിത്. സാധാരണ സമയങ്ങളില്‍ പ്രഭാമണ്ഡലത്തിന്റെ ഉജ്ജ്വലശോഭമൂലം അദൃശ്യമായിരിക്കുന്ന കൊറോണ പൂര്‍ണ സൂര്യഗ്രഹണസമയത്ത് മാത്രമേ ദൃശ്യമാകാറുള്ളൂ. ഇതിനു മിക്കവാറും ചന്ദ്രന്റെ പകുതിയോളം ശോഭയേ ഉള്ളൂ; ആന്തരകൊറോണ സൂര്യവ്യാസാര്‍ധത്തിന്റെ ഇരട്ടിയോളം ദൂരം വരെ ദൃശ്യമാണ്. ബാഹ്യ കൊറോണ തുടര്‍ന്നും ബഹുദൂരം അകലേക്ക് വ്യാപിച്ചുകിടക്കുന്നു. ദൃശ്യപ്രകാശം, എക്സ്-റേ, റേഡിയോ തരംഗങ്ങള്‍ തുടങ്ങിയ വിദ്യുത്കാന്തിക വര്‍ണരാജിയുടെ എല്ലാ ആവൃത്തികളിലും കൊറോണയെ നിരീക്ഷിക്കാവുന്നതാണ്. ഒരു ദശലക്ഷത്തിലേറെ കി.മീ. ദൂരം വരെ നേരിയ പ്രകാശത്തിന്റെ ചാലുകളായി കൊറോണ ദൃശ്യമാകുന്നു. കൊറോണ എപ്പോഴും ഒരേ രൂപത്തിലല്ല കാണപ്പെടുന്നത്. ചിലപ്പോള്‍ ശിഖരങ്ങളോടുകൂടിയും ദൃശ്യമാകും. താപനിലയിലും ഏറ്റക്കുറച്ചിലുകളുണ്ടാകാറുണ്ട്.

കൊറോണ

ഭൗമാന്തരീക്ഷത്തിന്റെ കോടിയിലൊരംശത്തിലും കുറവാണ് കൊറോണയുടെ സാന്ദ്രത. ഏറ്റവും അടിഭാഗത്ത് ഏകദേശം ഘന സെന്റീമീറ്ററില്‍ 108 ആറ്റങ്ങള്‍ വരും. അതായത് കൊറോണ മിക്കവാറും വാക്വം (Vacuum) തന്നെയാണ്. അതുകൊണ്ട് വാതകരൂപത്തിലുള്ള പ്ലാസ്മകളെക്കുറിച്ചു പഠനം നടത്തുന്നതിനുള്ള ഒരു പരീക്ഷണശാലയായി കൊറോണയെ പ്രയോജനപ്പെടുത്തുന്നു.

സൂര്യന്റെ മധ്യരേഖാപ്രദേശത്ത് മനോഹരമായ പ്രകാശധാരകളും (streamers) ധ്രുവപ്രദേശത്ത് തൂവല്‍ദൃശ്യങ്ങളും (plumes) കൊറോണയുടെ ചിത്രങ്ങളില്‍ കാണാവുന്നതാണ്. കൊറോണയുടെ ആകൃതി സ്ഥിരമല്ല. സൂര്യന്റെ കാന്തികമണ്ഡലമാണ് കൊറോണയുടെ ഘടന നിലനിര്‍ത്തുന്നത്. കൊറോണയുടെ ശ്രദ്ധേയമായ ഭാഗങ്ങള്‍ ഇവയാണ്. ‌

ജെറ്റുകള്‍. ബള്‍ബുരൂപത്തിലുള്ള ശോഭയോടുകൂടിയ അടിഭാഗവും നീണ്ട ഉടലും വാലുമുള്ള പ്രകാശരൂപങ്ങളാണിവ. വാലറ്റത്തുനിന്ന് ശബ്ദാതിവേഗത്തില്‍ പദാര്‍ഥം പുറത്തേക്ക് പ്രവഹിച്ചുകൊണ്ടിരിക്കും (നോ.സൗരവാതം). അടിഭാഗത്തിന് ആര്‍ച്ച് രൂപമാണുള്ളതെന്ന് സൂക്ഷ്മപരിശോധനയില്‍ കാണാം. ഒരു ലക്ഷം കി.മീ. വരെ ഉയരമുളളവയാണ് ഈ ആര്‍ച്ചുകള്‍. ഓരോ ആര്‍ച്ചും ഏതാനും ആഴ്ച നിലനില്‍ക്കും.

പ്രൊമിനന്‍സുകള്‍. സൗരധ്രുവങ്ങളോടു ചേര്‍ന്നാണ് ഇവ കാണപ്പെടുന്നത്. കാന്തികബലരേഖകളുടെ ദിശയില്‍ പ്രകാശ നാരുകള്‍ കൊണ്ടു തീര്‍ത്തതുപോലുള്ള മനോഹര ദൃശ്യങ്ങളാണിവ. ഇവയുടെ രൂപം ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മാറി വരും.

സൂര്യന്റെ പ്രഭാമണ്ഡല(Photosphere)ത്തിലും അതിനുപുറത്തെ വര്‍ണമണ്ഡലത്തിലും(Chromosphere) ഉള്ളതിലും വളരെ ഉയര്‍ന്ന താപനിലയാണ് കൊറോണയില്‍ ഉള്ളത്. ദശലക്ഷം ഡിഗ്രിയോളം വരുമിത്. ഇത്രയും ഉയര്‍ന്ന താപനിലയില്‍ വാതകങ്ങള്‍ അയണീകൃതമായിത്തീരുന്നു. ഹൈഡ്രജനും ഹീലിയവും മുഴുവന്‍ ഇലക്ട്രോണുകളും നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കും. ഓക്സിജനും ഇരുമ്പിനുമെല്ലാം നിരവധി ഇലക്ട്രോണുകള്‍ നഷ്ടമാകുന്നു. താപനില വളരെ ഉയര്‍ന്നതെങ്കിലും, സാന്ദ്രതകുറവായതിനാല്‍ കൊറോണയില്‍ നിന്നുള്ള ഊര്‍ജനഷ്ടം നിസ്സാരമാണ്. ഉദാ: ഏറ്റവുമധികം വികിരണം നടക്കുന്ന എക്സ്-റേ പോലും വര്‍ണമണ്ഡലം വികിരണം ചെയ്യുന്നതിന്റെ ആയിരത്തിലൊന്നേവരൂ കൊറോണാ വികിരണം.

പ്രഭാമണ്ഡലത്തെക്കാളും വര്‍ണമണ്ഡലത്തെക്കാളും ഉയര്‍ന്ന താപനില ഏറ്റവും പുറത്തുള്ള കൊറോണയ്ക്ക് എങ്ങനെ കൈവരുന്നു എന്നത് ശാസ്ത്രലോകത്തെ അദ്ഭുതപ്പെടുത്തുന്ന ഒരു വസ്തുതയാണ്. സൗരാന്തര്‍ഭാഗത്തുനിന്ന് കാന്തിക-ദ്രവഗതിക (Magneto hydrodynamics)പ്രതിഭാസം വഴി നടക്കുന്ന താപ സംപ്രേഷണമാണ് ഇതിനു കാരണം എന്നതാണ് ഒരു വിശദീകരണം. ഏറെ പഠനങ്ങള്‍ ഇനിയും ആവശ്യമുള്ള ഒരു മേഖലയാണ് സൗരകൊറോണ. നോ: കൊറോണോഗ്രാഫ്

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B1%E0%B5%8B%E0%B4%A3" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍