This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറിയോലിസ്, ഗാസ്പാര്‍ഡ് ഗുസ്തേവ് ദ (1792 - 1843)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറിയോലിസ്, ഗാസ്പാര്‍ഡ് ഗുസ്തേവ് ദ (1792 - 1843)

Coriolis, Gaspard Gustave De

ഗാസ്പാര്‍ഡ് ഗുസ്തേവ് ദ കൊറിയോലിസ്

ഫ്രഞ്ച് ഭൗതികശാസ്ത്രജ്ഞന്‍. 1792 മേയ് 21-ന് പാരിസില്‍ ന്യായാധിപന്മാരുടെ ഒരു കുടുംബത്തില്‍ ജനിച്ചു. ലൂയി XVI-ന്റെ വിശ്വസ്തനായ ഒരു ഉദ്യോഗസ്ഥനായിരുന്നു പിതാവ്. നാന്‍സിയില്‍ അഭയംപ്രാപിച്ചിരുന്ന പിതാവിന്റെ ക്ലേശകരമായ ചുറ്റുപാടിലാണ് ഗാസ്പാര്‍ഡ് ഗുസ്തേവ് ദ കൊറിയോലിസ് (Gaspard Gustave De Coriolis) ജനിച്ചത്. 1808-ല്‍ നെപ്പോളിയാനിക് എക്കോള്‍ പോളിടെക്നിക്കില്‍ ഇദ്ദേഹം ചേര്‍ന്നു. ഏറെക്കാലം മൊയ്തെ-എ-മൊസെലിലും (Meurthet-Moselle) വോസ്ഗെ മലകളിലും (Vosges mountains) എന്‍ജിനീയര്‍ എന്ന നിലയ്ക്കു സേവനമനുഷ്ഠിച്ചതിനുശേഷം പിതാവിന്റെ മരണാനന്തരം എക്കോള്‍ പോളിടെക്നിക്കില്‍ അനാലിസിസ്സില്‍ ട്യൂട്ടര്‍ ആയി 1818-ല്‍ ജോലി സ്വീകരിച്ച് ശാസ്ത്രാധ്യാപനത്തില്‍ മുഴുകി. പ്രസിദ്ധ ഗണിതശാസ്ത്രജ്ഞനായിരുന്ന കോഷിയുടെ രാഷ്ട്രീയവും മതപരവുമായ അഭിപ്രായങ്ങള്‍ ഇദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇദ്ദേഹം 1829 മുതല്‍ 38 വരെ പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും മെക്കാനിക്സ് വിഭാഗത്തിന്റെ തലവനായും പ്രയുക്ത യാന്ത്രികത്തിന്റെ അധ്യാപകനായും മറ്റും സേവനം അനുഷ്ഠിച്ചു.

കൊറിയോലിസിന്റെ പ്രഥമഗ്രന്ഥം (Du Calcul de l' effer des machines) 1829-ല്‍ പ്രാകാശിതമായി. ലസാര്‍ കര്‍നോവിന്റെ ഗ്രന്ഥങ്ങളില്‍നിന്നു പ്രചോദനം നേടിയാണ് ഇതു രചിക്കപ്പെട്ടത്. യാന്ത്രിക തത്ത്വങ്ങള്‍ ആവിഷ്കരിക്കുന്നത് യാന്ത്രികശക്തി ചുരുങ്ങിയ തോതില്‍ മാത്രം ഉപയോഗിക്കുകയെന്ന അടിസ്ഥാനത്തിലായിരിക്കണമെന്നതാണ് ഇദ്ദേഹത്തിന്റെ അഭിപ്രായം. ഡയനാമോഡ് (1000 കി.ഗ്രാം-മീറ്റര്‍) 'പ്രവൃത്തി'യുടെ ഏകകമായി ഇദ്ദേഹം നിര്‍ദേശിച്ചു. ഫോഴ്സ് വൈവ് (Force vive-Kinetic energy) എന്ന സംജ്ഞ mV2-ന്റെ അര്‍ധഭാഗത്തിന് ഉപയോഗിച്ചു എന്നതാണ് കൊറിയോലിസിന്റെ മറ്റൊരു സുപ്രധാന നേട്ടം. 1831 ജൂണ്‍ 6-ന് ഇദ്ദേഹം അക്കാദമിക്ക് ഒരു 'മെംവാര്‍' സമര്‍പ്പിച്ചു. ആപേക്ഷികത്വരണത്തിന് (relative acceleration) പൂരകമായ ഒരു സംജ്ഞ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു. ആപേക്ഷികചലനത്തില്‍ പ്രവൃത്തിയുടെ സംക്രമണം (transmission of work) എപ്രകാരമായിരിക്കും എന്നതിനെക്കുറിച്ചായിരുന്നു ഇദ്ദേഹത്തിന്റെ ഗവേഷണം. 1833-ല്‍ കുറേക്കൂടി വിപുലമായ പഠനരേഖകള്‍ ഇദ്ദേഹം അക്കാദമിക്ക് സമര്‍പ്പിച്ചു. ഘര്‍ഷണമുള്ളപ്പോള്‍ സംഘട്ടനം എപ്രകാരം വ്യത്യാസപ്പെടുമെന്നു കണ്ടെത്താന്‍ സാംഖ്യികമാര്‍ഗങ്ങള്‍ ഇദ്ദേഹം നിര്‍ദേശിക്കുകയുണ്ടായി.

1843 സെപ്. 17-ന് പാരിസില്‍ കൊറിയോലിസ് നിര്യാതനായി. നോ. കൊറിയോലിസ് ബലം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍