This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറിയാക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറിയാക്

Koryak

യൂണിയന്‍ ഒഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കിലെ ഒരു ജനവിഭാഗം. ഇവര്‍ പാലിയോ-സൈബീരിയന്‍ വര്‍ഗത്തില്‍പ്പെട്ടവരാണ്. കാംചാത്ക (Kam-chatka) മുനമ്പിന് വടക്കും സൈബീരിയയ്ക്ക് വടക്കു കിഴക്കും ഭാഗത്ത് റഷ്യയുടെ വിദൂരപൂര്‍വദേശത്തെ കൊറിയാക് നാഷണല്‍ ഡിസ്ട്രിക്റ്റിലാണ് ഇവര്‍ പാര്‍ക്കുന്നത്. പതിനേഴാം ശതകത്തിലാണ് ഈ ജനവര്‍ഗത്തിന് കൊറിയാക് എന്ന പേരുണ്ടായത്. കൊറിയാക് ഭാഷയിലെ റെയിന്‍ ഡിയര്‍ (rein deer) എന്നര്‍ഥം വരുന്ന കോര്‍ (kor) എന്ന ധാതുവില്‍ നിന്നാണ് ഈ പേര് രൂപംകൊണ്ടത്. ഇവരുടെ പുരാതനചരിത്രത്തെപ്പറ്റി വളരെ പരിമിതമായ അറിവു മാത്രമേ ലഭ്യമായിട്ടുള്ളൂ. ഇവരില്‍ ഭൂരിഭാഗവും മത്സ്യബന്ധനത്തിലും നായാട്ടിലും ഏര്‍പ്പെട്ടിരിക്കുന്നു. പാലിയോ-ഏഷ്യാറ്റിക് അഥവാ പാലിയോ-സൈബീരിയന്‍ വിഭാഗത്തില്‍പ്പെടുന്ന പുരാതനമായ ഭാഷയാണ് ഇവര്‍ സംസാരിക്കുന്നത്.

രണ്ടു പ്രധാന ഗ്രൂപ്പുകളായി ഇവര്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. ഒരു വിഭാഗത്തില്‍പ്പെട്ടവര്‍ റെയിന്‍ഡിയറുകളെ വളര്‍ത്തി ഉപജീവനം നയിച്ചുവരുന്നു. ഇവര്‍ അധികവും നിവസിക്കുന്നത് വടക്കു കിഴക്കേ സൈബീരിയയിലാണ്. നാടോടികളായ ഇവര്‍ മഞ്ഞുകാലമാകുമ്പോഴേക്കും വളര്‍ത്തുമൃഗങ്ങള്‍ക്കുവേണ്ടി പുതിയ മേച്ചില്‍സ്ഥലങ്ങള്‍ അന്വേഷിച്ച് അലഞ്ഞുതിരിയുകയും മൂന്നും നാലും തവണ മാറിമാറി താമസിക്കുകയും ചെയ്യാറുണ്ട്. ഭക്ഷണം, വസ്ത്രം, താമസസൗകര്യം എന്നീ അടിസ്ഥാനാവശ്യങ്ങള്‍ക്കുവേണ്ടി ഇക്കൂട്ടര്‍ റെയിന്‍ഡിയറെയാണ് ആശ്രയിക്കുന്നത്. മഞ്ഞില്‍ക്കൂടി യാത്ര ചെയ്യാനുള്ള 'തെന്നു വണ്ടി'കള്‍ വലിക്കാനും ഈ മൃഗങ്ങളെ ഉപയോഗിക്കുന്നു. മറ്റൊരു കൂട്ടര്‍ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരാണ്. താരതമ്യേന സ്ഥിരവാസികളായ ഇവര്‍ക്ക് എസ്കിമോകളുടേതിനു തുല്യമായ ജീവിതരീതിയാണുള്ളത്. മത്സ്യബന്ധനമാണ് ഇവരുടെ പ്രധാന തൊഴില്‍. യാറന്‍ഗ (yaranga)എന്ന പേരിലറിയപ്പെടുന്ന ടെന്റുകളിലും ഭൂമി ഭാഗികമായി കുഴിച്ചുണ്ടാക്കിയ ഗുഹാവസതി(pit houses)കളിലുമാണ് കൊറിയാക്കുകള്‍ താമസിക്കുന്നത്.

കൊറിയാക്

സങ്കീര്‍ണമായ മതവിശ്വാസമാണ് ഇവരുടേത്. ഇവര്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്നു; ദുര്‍ദേവതകളില്‍ വിശ്വസിക്കുന്നു. ഒരിനം പ്രേതാര്‍ച്ചനാമത(Shamanism)ത്തിന്റെ അനുയായികളാണിവര്‍.

പതിനേഴാം ശതകത്തില്‍ റഷ്യക്കാരുമായുണ്ടായ സമ്പര്‍ക്കത്തിലൂടെയാണ് പുറംലോകവുമായി ബന്ധം പുലര്‍ത്തുവാന്‍ ഇവര്‍ക്കു സാധിച്ചത്. കൊറിയാക്കുകളെപ്പറ്റിയുള്ള പരാമര്‍ശം 1630-40 കളിലെ റഷ്യന്‍ പ്രമാണരേഖകളില്‍ക്കാണാം. പ്രാരംഭകാലങ്ങളില്‍ റഷ്യക്കാര്‍ക്കെതിരായി രൂക്ഷമായ ചെറുത്തുനില്പ് ഇവര്‍ നടത്തുകയുണ്ടായി. എന്നാല്‍ 19-ാം ശതകത്തില്‍ റഷ്യക്കാരുമായി സമാധാനപരമായ വ്യാപാരബന്ധങ്ങളിലേര്‍പ്പെട്ടു. 19-ാം ശതകത്തിന്റെ അവസാനത്തിലും 20-ാം ശതകത്തിന്റെ ആരംഭത്തിലും അമേരിക്കക്കാരുമായും ഇവര്‍ വ്യാപാരബന്ധത്തിലേര്‍പ്പെട്ടു. 1922-23-ല്‍ കൊറിയാക് ഭൂവിഭാഗം റഷ്യയുടെ ഭാഗമായി മാറി.

20-ാം ശതകത്തോടുകൂടി തങ്ങളുടെ ജീവിതരീതിയില്‍ ത്വരിതപുരോഗതി കൈവരിക്കുവാന്‍ കൊറിയാക്കുകള്‍ക്കു സാധിച്ചു. എങ്കിലും, പരമ്പരാഗതമായ റെയിന്‍ ഡിയര്‍ വളര്‍ത്തല്‍, നായാട്ട്, മത്സ്യബന്ധനം എന്നീ തൊഴിലുകളില്‍ ഏര്‍പ്പെട്ടു കഴിയുന്ന കൊറിയാക്കുകള്‍ ഇപ്പോഴും നിരവധിയുണ്ട്. റെയിന്‍ ഡിയര്‍ വളര്‍ത്തലും മത്സ്യബന്ധനവും ഇന്ന് ആധുനികീകരിക്കപ്പെട്ടിട്ടുണ്ട്. ആധുനികകാലത്ത് റഷ്യന്‍ ഭാഷയും റഷ്യന്‍ സംസ്കാരവും കൊറിയാക്കുകളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തിയതായി കാണാം. വിദ്യാഭ്യാസപരമായും സാംസ്കാരികമായും കൊറിയാക്കുകള്‍ ഇപ്പോഴും പുരോഗതി പ്രാപിച്ചുകൊണ്ടിരിക്കുന്നു. സ്ഥിരമായ താമസസൗകര്യം ഇന്നിവര്‍ക്കുണ്ട്. ആരോഗ്യം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങിയ രംഗത്ത് എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് ഇവര്‍ക്ക് ലഭ്യമായിക്കഴിഞ്ഞിരിക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍