This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറിയന്‍ ഭാഷയും സാഹിത്യവും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറിയന്‍ ഭാഷയും സാഹിത്യവും

Korean Language and Literature

കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ സംസാരിക്കുന്ന ഭാഷയും ആ ഭാഷയില്‍ രചിച്ചിട്ടുള്ള സാഹിത്യകൃതികളും അവയുടെ ചരിത്രവും.

ഭാഷ. ആല്‍റ്റൈക് (Altaic) ഭാഷാകുടുംബത്തില്‍പ്പെട്ടതാണ് കൊറിയന്‍ എന്നാണ് പല ഭാഷാഭിജ്ഞരുടെയും അഭിപ്രായം. ഇതേ കുടുംബത്തില്‍പ്പെട്ട മംഗോളിയന്‍, ടര്‍ക്കിഷ് എന്നീ ഭാഷകളെപ്പോലെ കൊറിയനും പ്രകൃതിപ്രത്യയങ്ങള്‍ വലിയ രൂപഭേദമില്ലാതെ ചേര്‍ത്തെഴുതിപ്പോകുന്ന ഒരു യോഗാത്മക (Agglutinative) ഭാഷയാണ്. ജാപ്പനീസ് ഭാഷയോട് ഇതിന് ബന്ധമുണ്ടെന്ന് മറ്റു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ഈ ഭാഷയുടെ ആദ്യഘട്ടത്തെക്കുറിച്ച് രേഖകളൊന്നുമില്ലാത്തതിനാല്‍ ഇതിന്റെ ജൈവബന്ധ(Genetic Relationship)ത്തെപ്പറ്റി വ്യക്തമായി വിവരിക്കുക എളുപ്പമല്ല.

രാഷ്ട്രീയമായും സാംസ്കാരികമായും വളരെക്കാലത്തോളം ചൈനയുടെ സ്വാധീനതാവലയത്തിലായിരുന്നു പണ്ടത്തെ കൊറിയ. ഈ സ്വാധീനത കൊറിയന്‍ ഭാഷയിലും പ്രകടമായിക്കാണാം. പ്രാചീന കൊറിയന്‍ സാഹിത്യകൃതികള്‍ ചൈനീസ് ലിപിയിലാണ് എഴുതിയിരുന്നത്.

1446-ല്‍ സെജോങ് രാജാവിന്റെ ഭരണകാലത്താണ് ഹങ്ഗുല്‍ (Hangul-Onmun, in sino Korean) എന്ന കൊറിയന്‍ അക്ഷരമാലയുടെ ആവിര്‍ഭാവം. ഇത് ഒരൊറ്റ ദിവസംകൊണ്ട് വിദേശിക്ക് സ്വായത്തമാക്കാന്‍ സാധിക്കുന്ന തരത്തില്‍ ലളിതമായിരുന്നു. മുമ്പ് ഹ്യാങ്ചല്‍(hyangchal), ഇദു (idu) എന്നീ രണ്ടു രീതികളില്‍ എഴുതിയിരുന്നു. സില്ലാ(Silla) പ്രദേശത്തു പ്രചാരത്തില്‍വന്ന ഇദു ലിപിയില്‍ എഴുതപ്പെട്ട 25 കവിതകള്‍ പില്ക്കാലത്ത് ലഭിച്ചിട്ടുണ്ട്. ഈ കവിതകള്‍ 600-900 ഇടയ്ക്ക് രചിക്കപ്പെട്ടവയാണ്. നാലോ എട്ടോ പത്തോ പദസമൂഹങ്ങള്‍കൊണ്ട് രചിതങ്ങളായ ഇവ സമൂഹത്തിലെ എല്ലാ തരക്കാരുടെയും വികാരങ്ങളെ ലളിതമായി ആവിഷ്കരിക്കുന്നു. ഹങ്ഗുല്‍ ലിപി പ്രചരിച്ചതോടെ ഇദു ലിപി ഉപയോഗിക്കാതെയായി. ചൈനീസില്‍നിന്ന് സ്വരങ്ങളോ അക്ഷരങ്ങളോ കടംവാങ്ങിയാണ് ഇത് എഴുതിയിരുന്നത്. 1933-ല്‍ മാനകീകരിച്ച് (Standardize) ഈ അക്ഷരമാലയില്‍ 19 വ്യഞ്ജനങ്ങളും 10 സ്വരങ്ങളും (simple vowels), 11 സംയുക്ത സ്വരങ്ങളും (compound vowels) ഉണ്ട്. ചൈനീസ്, ജാപ്പനീസ് എന്നിവയെപ്പോലെ മുകളില്‍നിന്ന് താഴോട്ടു പരമ്പരയാ എഴുതിവന്നിരുന്ന കൊറിയന്‍ ലിപി രണ്ടാം ലോകയുദ്ധത്തിനുശേഷം വിലങ്ങനെ എഴുതുന്ന സമ്പ്രദായത്തിലേക്കു മാറി. ഇത് ഭാഷാപരമായ പുരോഗതിക്ക് വളരെയേറെ സഹായകമായി. കൊറിയന്‍ നാമങ്ങള്‍ ലിംഗമോ വിഭക്തിയോ വചനമോ സൂചിപ്പിക്കുന്നില്ല. ലിംഗം സൂചിപ്പിക്കാന്‍, നാമങ്ങള്‍ക്കുമുമ്പ് ചില സൂചിത ചിഹ്നങ്ങള്‍ ചേര്‍ക്കുകയാണ് പതിവ്. ഒന്നിലധികം പേരെ സൂചിപ്പിക്കേണ്ട അവസരത്തില്‍, ബഹുത്വം (plurality) കാണിക്കാനായി ചില പ്രത്യയങ്ങള്‍ വാക്കുകളോടു ചേര്‍ക്കുന്നു. അനുപ്രയോഗങ്ങളാ(post positions)ണ് വിഭക്തി നിര്‍ണയിക്കുന്ന പ്രധാനഘടകങ്ങള്‍.

വാക്യങ്ങളുടെ ഘടന ആഖ്യ, കര്‍മം, ആഖ്യാതം എന്ന ക്രമത്തിലാണ്. നാമവിശേഷങ്ങള്‍ നാമങ്ങള്‍ക്കു മുമ്പും ക്രിയാവിശേഷങ്ങള്‍ ക്രിയകള്‍ക്കു മുമ്പും വരുന്നു.

ശ്രോതാവിനോടു വക്താവിനുള്ള ബഹുമാനത്തിന്റെ ഏറ്റക്കുറച്ചിലനുസരിച്ച് ക്രിയയുടെ രൂപത്തിന് വ്യത്യാസം വരുന്നു. ഉദാഹരണത്തിന് കൊറിയനില്‍ 'പോകൂ' എന്ന അര്‍ഥത്തില്‍ 'കര' എന്നു പറയുകയാണെങ്കില്‍, ശ്രോതാവ് വക്താവിനെക്കാള്‍ സ്ഥാനം കുറഞ്ഞവനാണെന്നു മനസ്സിലാക്കാം. 'കഗേ' എന്നാണ് പറയുന്നതെങ്കില്‍, ശ്രോതാവ് വക്താവിനെക്കാള്‍ സ്ഥാനംകൊണ്ട് എളിയവനാണെങ്കിലും പ്രായംകൊണ്ട് മുതിര്‍ന്നവനെന്നര്‍ഥം. 'കസേയോ' എന്നു പറഞ്ഞാല്‍ ശ്രോതാവ് വക്താവിനെക്കാള്‍, ഉന്നതനാണെന്നും 'കവോ' എന്നോ 'കാസിയോ' എന്നോ പറഞ്ഞാല്‍ വക്താവും ശ്രോതാവും തുല്യപദവിയിലുള്ളവരാണെന്നും അനുമാനിക്കാം.

കൊറിയന്‍ പദങ്ങളുടെ വലിയൊരു ശതമാനം ചൈനീസ്ഭാഷയില്‍ നിന്ന് സ്വീകരിക്കപ്പെട്ടതാണ്. ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ ഫലമായി വിപുലമായ ഒരു പദസമ്പത്ത് ഈ ഭാഷയ്ക്ക് ആവശ്യമായിത്തീര്‍ന്നിട്ടുണ്ട്. ഇംഗ്ലീഷ്, ലാറ്റിന്‍ എന്നീ ഭാഷകളില്‍നിന്ന് ലിപ്യന്തരണം(transliteration) ചെയ്തും, വിവര്‍ത്തനം ചെയ്തും ഈ ആവശ്യം നിവര്‍ത്തിക്കയാണ് കൊറിയക്കാര്‍ പലപ്പോഴും ചെയ്യുന്നത്. ശാസ്ത്രവിഷയങ്ങള്‍ക്കാവശ്യമായ സാങ്കേതികപദാവലികള്‍ നിര്‍മിക്കുന്ന കാര്യത്തില്‍ കൊറിയന്‍ ഗവണ്‍മെന്റുകള്‍ തീവ്രമായ ശ്രമങ്ങള്‍ നടത്തിവരുന്നു.

സാഹിത്യം. കൊറിയന്‍ ഭാഷയിലെ ഏറ്റവും പ്രാചീനകൃതികള്‍ എന്നു വിശേഷിപ്പിക്കാവുന്നത് വാഗ്രൂപത്തില്‍ പ്രചരിച്ചിരുന്ന ഇതിഹാസങ്ങളും പഴയ കഥകളുമാണ്. ചൈനീസ് എഴുത്തുസമ്പ്രദായത്തിന്റെ ആവിര്‍ഭാവത്തോടുകൂടി മാത്രമാണ് ഈ കഥകള്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങിയത്. കൊറിയന്‍ ഭാഷ എഴുതാന്‍ ഹന്‍മുന്‍(hunmun) എന്ന ചൈനീസ് ലിപി സമ്പ്രദായം കൊട്ടാരങ്ങളില്‍ സ്വീകരിച്ചതോടുകൂടി 'തികച്ചും അഭിജാതമായ സാഹിത്യകൃതികള്‍' എന്നു വിശേഷിപ്പിക്കാവുന്ന രചനകള്‍ നിലവില്‍വന്നു.

കൊറിയന്‍ ലിപി മാതൃക

ചൈനീസ് ലിപിയില്‍ ഈ ഭാഷ രേഖപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഉത്തമോദാഹരണങ്ങളാണ് എട്ടാം നൂറ്റാണ്ടില്‍ പുറത്തിറങ്ങിയ ഹയാങ്ഗാ(hyangga) കവിതകള്‍. സില്ലാ രാജവംശക്കാലത്തെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ (668-935) തെളിവുകളും കൂടിയാണവ. ഈ കൃതികള്‍ എഴുതിയിരുന്നവര്‍ ബുദ്ധമത പുരോഹിതന്മാരും യുവനേതാക്കളുമായിരുന്നു. അക്കാലത്തെ ഉന്നതന്മാരായിരുന്നു ഈ സാഹിത്യസംരംഭങ്ങളിലേര്‍പ്പെട്ടിരുന്നവര്‍ എന്നര്‍ഥം. ഹയാങ്ഗാ കവിതകളില്‍ ബുദ്ധമതത്തിന്റെ സ്വാധീനത വ്യക്തമായിക്കാണാം. ആറുമുതല്‍ പന്ത്രണ്ടുവരെ വരികളുണ്ടായിരുന്ന ഈ കവിതകളിലെ പ്രധാനപ്രതിപാദ്യ വിഷയം സ്നേഹമായിരുന്നു. കൊര്‍യൊ വംശക്കാരുടെ (935-1392) ഭരണകാലത്ത് മറ്റൊരുതരം കവിതാരൂപവും പ്രചരിച്ചിരുന്നു. സൊഗ്യോ (Sogyo) എന്നുപേരുള്ള ഈ ഗാനങ്ങള്‍ പ്രഭുക്കന്മാരെയും രാജാക്കന്മാരെയും രസിപ്പിക്കാന്‍ വേണ്ടിയാണ് രചിച്ചിരുന്നത്. 'സൊഗ്യോ' എന്നാല്‍ 'ജനപ്രീതി നേടിയ ഗാനങ്ങള്‍' എന്നാണ് അര്‍ഥം.

ഹങ്ഗുല്‍ (hangul) എന്ന കൊറിയന്‍ ലിപിയുടെ ആവിര്‍ഭാവം 1446-ലാണ്. അതുവരെ നിലവിലുണ്ടായിരുന്ന ഹന്‍മുന്‍ എന്ന ചൈനീസ് എഴുത്തുസമ്പ്രദായത്തിന്റെ ആധിപത്യത്തിനെതിരായ ഒരു വെല്ലുവിളിയായിരുന്നു കൊറിയക്കാരുടെ തനതായ ഈ ലിപിസമ്പ്രദായം. എങ്കിലും തലമുറകളായി കൊറിയയില്‍ നിലനിന്നുപോന്ന ചൈനീസ് സാംസ്കാരിക സ്വാധീനത ഹങ്ഗുലിന്റെ പ്രചാരണത്തിന് വിലങ്ങുതടിയായി.

കൊറിയന്‍ സാംസ്കാരിക പാരമ്പര്യത്തിന്റെ പ്രതീകങ്ങളാണ് കൊര്‍യൊ വംശത്തിന്റെ അവസാനകാലങ്ങളില്‍ നിലവില്‍ വന്ന സിജോ (sijo) കവിതാരൂപം. തലമുറകളോളം ഇത്തരം കവിതകള്‍ പ്രചാരത്തിലുണ്ടായിരുന്നു. ഇരുപതാം ശതകത്തിന്റെ ഉത്തരാര്‍ധത്തിലും സിജോ കവിതാരൂപങ്ങള്‍ രചിക്കപ്പെട്ടിരുന്നു. ഈ കവിതകളില്‍ സാധാരണയായി മൂന്നു വരികളേ ഉണ്ടാകാറുള്ളൂ. പതിനാലു മുതല്‍ പതിനാറുവരെ അക്ഷരങ്ങള്‍ ഉണ്ടായിരിക്കും. അക്ഷരങ്ങളുടെ ആകെയുള്ള സംഖ്യ നാല്പത്തഞ്ചില്‍ അധികമാകാറില്ല. കണ്‍ഫ്യൂഷ്യസിന്റെ നീതിസാരങ്ങളാണ് ഇവയുടെ പ്രതിപാദനവിഷയമെങ്കിലും പ്രേമത്തെയും പ്രകൃതിയെയും പരാമര്‍ശിക്കുന്ന കവിതകളും കുറവല്ല. ഈ കവിതകളുടെ രചയിതാക്കള്‍ സമൂഹത്തിലെ ഉന്നതരായിരുന്നു. മറ്റൊരു തരത്തിലുള്ള പദ്യരൂപമാണ് സസോള്‍ സിജോ (sasol sijo). ലൗകിക വിഷയങ്ങളായിരുന്നു ഇവയുടെ പ്രതിപാദ്യം.

ഏകദേശം ഇതേകാലത്ത് ഉയിര്‍ക്കൊണ്ട വേറൊരു കവിതാരൂപമാണ് കസ(Kasa). ഇവയെ ഗദ്യകവിതകള്‍ എന്നു പറയാം. മറ്റു കവിതാരൂപങ്ങളെക്കാള്‍ വലുതാണ് കസ. കിം സി സുപ് (Kim-Si-Sup, 143593) എഴുതിയ കുമൊ സിന്‍ഹ്വ (Kumo Sinhwa) ആണ് ആദ്യത്തെ കഥാസാഹിത്യകൃതി. 1690-ന്റെയും 1718-ന്റെയും ഇടയ്ക്ക് ഹോക്യുന്‍ (Hokyun) ഹങ്ഗുല്‍ ലിപിയില്‍ എഴുതിയ മറ്റൊരു കൃതി കൊറിയന്‍ കഥാസാഹിത്യചരിത്രത്തിലെ നാഴികക്കല്ലാണ്. കിം മന്‍ ജുങ് (Kim Man Jung) എന്ന പ്രമുഖ സാഹിത്യകാരന്റെ സംഭാവനകളായ കു ഉന്‍മോങ് (1689), സസ്സിനം ജോങ്ഗി (1690) എന്നീ കൃതികളും പ്രാധാന്യമര്‍ഹിക്കുന്നു.

യിക്വങ്സു
യി ഇന്‍ ജിക്

കൊറിയന്‍ കഥാസാഹിത്യകൃതികളുടെ ഒരു പ്രധാനസവിശേഷത അവയുടെ ഫലിതസ്വഭാവമാണ്. ജീവിതത്തില്‍ നേരിടേണ്ടിവരുന്ന ദുഃഖങ്ങള്‍ക്ക് സസന്തോഷം കീഴടങ്ങി ജീവിത യാഥാര്‍ഥ്യങ്ങളില്‍ തമാശ കണ്ടെത്തുകയാണ് അവയിലെ കഥാപാത്രങ്ങള്‍ ചെയ്യുന്നത്.

പതിനെട്ടാം ശതകത്തോടുകൂടി കൊറിയന്‍ സാഹിത്യത്തിന്റെ സ്വഭാവത്തിന് മാറ്റങ്ങള്‍ വന്നു. റിയലിസത്തിന്റെ സ്വാധീനത ഇവിടത്തെ കൃതികളിലും പ്രത്യക്ഷമായി. അക്കാലത്ത് റിയലിസ്റ്റിക് എഴുത്തുകാരുടെ പ്രതിനിധിയായിരുന്നു പക്ചിവോണ്‍ (Pakchi-won, 17371805).

ഇരുപതാം ശതകത്തിന്റെ ആദിഘട്ടങ്ങളില്‍ പുറത്തിറങ്ങിയ ആധുനിക കൊറിയന്‍ സാഹിത്യകൃതികളില്‍ പാശ്ചാത്യ സ്വാധീനത വ്യക്തമായി കാണാം. കവിതാശാഖയില്‍ ഈ ആധുനിക പ്രവണതയ്ക്കു തുടക്കം കുറിച്ചത് കൊറിയന്‍ പണ്ഡിതനായ ചോ നാം സോന്‍ (Choe Nam Sone, 1908) ആണ്. ഈ കാലഘട്ടത്തിലെ കൊറിയന്‍ കവിതകളുടെ എടുത്തു പറയത്തക്ക സവിശേഷതകളാണ് ലാളിത്യം, പ്രകൃതിയുമായുള്ള താദാത്മ്യം പ്രാപിക്കല്‍, തത്ത്വചിന്തകളുടെ ആവിഷ്കരണത്തിനു പ്രകൃതിപ്രതിരൂപങ്ങളുടെ സ്വീകാരം എന്നിവ. ചോ നാം സോന്‍ ഇത്തരം കവിതകളുടെ ഒരു സമാഹാരം (Sichyer schip) പുറത്തിറക്കുകയുണ്ടായി (1927). കഥാസാഹിത്യത്തില്‍ നൂതനപ്രവണതയ്ക്ക് ആദ്യമായി പ്രചാരം കൊടുത്തത് യിക്വാങ്സു (Yiwangsu) എന്ന പ്രസിദ്ധ കഥാകൃത്താണ്. എന്നാല്‍ ഈ കൃതികളുടെ ആവിര്‍ഭാവത്തിനു മുമ്പുതന്നെ 'ആധുനിക നോവല്‍' എന്ന പേരില്‍ ചില കൃതികള്‍ പുറത്തിറങ്ങിയിരുന്നു. അവയിലൊന്നാണ് യി ഇന്‍ ജികിന്റെ (Yi-In-Jik) കൃതി. ഡബ്ല്യു.ഇ.സ്കില്ലെന്റ് ടിയേഴ്സ് ഒഫ് ബ്ലഡ് (Tears of Blood) എന്ന പേരില്‍ അത് പില്ക്കാലത്ത് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

നാല്പതു കൊല്ലക്കാലം സാഹിത്യസപര്യ നടത്തിയ എഴുത്തുകാരനാണ് ആധുനിക കൊറിയന്‍ നോവല്‍ പ്രസ്ഥാനത്തിന് അടിത്തറ പാകിയ യിക്വാങ്സു. അദ്ദേഹത്തിന്റെ കൃതികളില്‍ ടോള്‍സ്റ്റോയി കൃതികളുടെ സ്വാധീനത വ്യക്തമായിക്കാണാം.

കൊറിയയിലെ സാഹിത്യപ്രവര്‍ത്തനം അടിച്ചമര്‍ത്താന്‍ ജാപ്പനീസ് ഭരണം ശ്രമിച്ചുവെങ്കിലും അധികൃതരുടെ അറിവോടുകൂടിയല്ലാതെ പല പത്രമാസികകളും കൃതികളും വെളിച്ചം കണ്ടു. 1919-ല്‍ വിഫലമായ കൊറിയന്‍ സ്വാതന്ത്യ്രസമരത്തിനുശേഷം വളരെയധികം കൃതികള്‍ പുറത്തുവന്നു.

ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിമൂന്നുമുതല്‍ സോഷ്യലിസ്റ്റ് ചിന്താഗതിയുടെ സ്വാധീനത കൊറിയന്‍ സാഹിത്യത്തില്‍ കണ്ടുതുടങ്ങി. അധ്വാനിക്കുന്ന ജനവിഭാഗത്തെക്കുറിച്ച് ധാരാളം കൃതികള്‍ പുറത്തിറങ്ങിയിരുന്ന ഒരു കാലഘട്ടമാണിത്. സോഷ്യലിസത്തിന്റെ സന്ദേശങ്ങളടങ്ങിയ ഇത്തരം കൃതികള്‍ക്ക് 10 കൊല്ലത്തോളം പ്രചാരമുണ്ടായിരുന്നു.

1930-കളില്‍ സൌന്ദര്യാരാധനയായിരുന്നു സാഹിത്യകാരന്മാരുടെ പ്രിയപ്പെട്ട വിഷയം. ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാനം ഉറപ്പിച്ചവരായിരുന്നു ഗദ്യകൃതികളെഴുതിയിരുന്ന യി തായെ ജൂന്‍ (Yi Tae-Jun), കവിയായ കിംയോങ്നങ് എന്നിവര്‍. അക്കാലത്തെ കൊറിയന്‍ എഴുത്തുകാരുടെ യുവതലമുറയില്‍ അവിസ്മരണീയനായിരുന്നു നോ ചോന്‍ മ്യോങ് (No Chon-Myong). ആ ദശാബ്ദത്തിന്റെ അവസാനമാണ് ജപ്പാനും ചൈനയും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. തത്ഫലമായി സാഹിത്യപ്രവര്‍ത്തനങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടു.

കൊറിയന്‍ സ്വാതന്ത്ര്യലബ്ധിക്കുശേഷം ഉണ്ടായ കൃതികളില്‍ യുദ്ധത്തിന്റെ ഭീകരതയില്‍ നിന്നുളവാകുന്ന ചിന്താഗതികള്‍ വ്യക്തമായി പ്രതിഫലിക്കുന്നു. യുദ്ധത്തിനുശേഷം പുറത്തുവന്ന കൃതികളില്‍ പാശ്ചാത്യവും പൗരസ്ത്യവുമായ സ്വാധീനത ഒരേസമയം പ്രകടമാണ്. അറുപതുകളുടെ തുടക്കം മുതല്‍ പൗരസ്ത്യ ചിന്താഗതികളുടെ നവോത്ഥാനം സംഭവിച്ചുകൊണ്ടിരിക്കുന്നു. എങ്കിലും പ്രസിദ്ധരായ ലോകസാഹിത്യകാരന്മാരുടെ നിരയില്‍ ആധുനിക കൊറിയന്‍ സാഹിത്യകാരന്മാര്‍ ഇല്ലെന്നുതന്നെ പറയാം.

(ഉഷാ നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍