This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറിയ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഉള്ളടക്കം

കൊറിയ

Korea

ഏഷ്യാവന്‍കരയുടെ ഉത്തരപൂര്‍വതീരത്തുള്ള ഒരു ഉപദ്വീപ്. ഭരണപരമായി ഒന്നായിക്കിടന്നിരുന്ന കൊറിയ ആഭ്യന്തരയുദ്ധത്തെത്തുടര്‍ന്ന് 1945-ല്‍ കമ്യൂണിസ്റ്റ് ആധിപത്യത്തിലുള്ള ഉത്തരകൊറിയ (ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഒഫ് കൊറിയ), കമ്യൂണിസ്റ്റ് വിരുദ്ധ ദക്ഷിണകൊറിയ (റിപ്പബ്ലിക് ഒഫ് കൊറിയ) എന്നിങ്ങനെ രണ്ടു രാജ്യങ്ങളായിത്തീര്‍ന്നു. 38° അക്ഷാംശരേഖയ്ക്ക് തൊട്ടുതാഴെ ഹാല്‍നദിയുടെ തീരത്തായി സ്ഥിതിചെയ്യുന്ന സോള്‍ (Seoul) നഗരമാണ് കൊറിയാ റിപ്പബ്ലിക്കിന്റെ തലസ്ഥാനം. ഉത്തര കൊറിയയുടേത് പ്യൂങ്യാങ്.

ഭൂമിശാസ്ത്രം

അതിരുകള്‍

വന്‍കരഭാഗത്ത് കൊറിയയുടെ അതിര്‍ത്തി ഒട്ടുമുക്കാലും പങ്കിടുന്നത് കമ്യൂണിസ്റ്റ് ചൈനയിലെ മഞ്ചൂറിയാ പ്രവിശ്യയാണ്. ഉത്തരപൂര്‍വഭാഗത്തെ 18 കി.മീ. ദൂരം മാത്രം സോവിയറ്റ് അധീനതയിലുള്ള സൈബീരിയയോടു തൊട്ടുകിടക്കുന്നു. വന്‍കരഭാഗത്തെ അതിര്‍ത്തി ഏറിയദൂരവും നിര്‍ണയിക്കുന്നത് യാലു, തുമാന്‍ എന്നീ നദികളാണ്. ഇവയില്‍ യാലു അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ പടിഞ്ഞാറോട്ടൊഴുകി മഞ്ഞക്കടലില്‍ പതിക്കുന്നു; തുമാന്‍ അതിര്‍ത്തിയിലൂടെ ആദ്യം വടക്കു കിഴക്കായും പിന്നെ തെക്കു കിഴക്കായും നീങ്ങി ജപ്പാന്‍ കടലില്‍ ലയിക്കുന്നു. കൊറിയാ ഉപദ്വീപിന്റെ പടിഞ്ഞാറ് മഞ്ഞക്കടലും കിഴക്ക് ജപ്പാന്‍ കടലുമാണ്. തെക്കുഭാഗം കൊറിയാ ജലസന്ധിയിലൂടെ ജപ്പാന്‍ ദ്വീപസമൂഹത്തില്‍നിന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു; ഹോണ്‍ഷുദ്വീപും ഉപദ്വീപും തമ്മിലുള്ള അകലം കേവലം 195 കി.മീ. മാത്രമാണ്.

കൊറിയയുടെ കിഴക്കരികുതൊട്ട് തെക്കുപടിഞ്ഞാറേ മൂല വരെയുള്ള ഏറ്റവും കൂടിയ നീളം 965 കി. മീ. ആണ്. ഏറ്റവും ഇടുങ്ങിയ ഭാഗം ഉത്തരകൊറിയയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്; 170 കി.മീ. ആണ് ഈ ഭാഗത്തെ വീതി. കൊറിയാ ഉപദ്വീപിന്റെ 8610 കി.മീ. നീളമുള്ള കടലോരത്തിന് നന്നേ അടുത്തും അകലെയുമായി മൂവായിരത്തിലധികം ദ്വീപുകളുണ്ട്. കൊറിയയുടെ ഭാഗമായി വ്യവഹരിക്കപ്പെട്ടുപോരുന്ന ഇവയില്‍ ഏറിയകൂറും തീരെ വലുപ്പം കുറഞ്ഞവയും വിജനങ്ങളുമാണ്. ഉപദ്വീപിന്റെ തെക്കു പടിഞ്ഞാറായി കിഴക്കന്‍ ചൈനക്കടലില്‍ സ്ഥിതിചെയ്യുന്ന ചെജുവാണ് ഏറ്റവും വലിയ ദ്വീപ്. ജപ്പാന്‍ കടലിലെ ഉലൂങ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ഉപദ്വീപും ദ്വീപുകളും ഉള്‍പ്പെടെ കൊറിയയുടെ മൊത്തം ഭൂവിസ്തൃതി 2,20,558 ച.കി.മീ. ആണ് 38ബ്ബ അക്ഷാംശരേഖയെ അതിര്‍ത്തിയാക്കി നിര്‍ണയിച്ചുകൊണ്ടാണ് ഉപദ്വീപിനെ ഉത്തര-ദക്ഷിണ കൊറിയകളായി വിഭജിച്ചത്. എന്നാല്‍ ഈ രണ്ടുരാജ്യങ്ങളും തമ്മില്‍ തുടര്‍ന്നും ഉണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തി പാലിക്കപ്പെടാത്ത സാഹചര്യങ്ങളുണ്ടായി. 38° അക്ഷാംശരേഖയുടെ ഇരുപാര്‍ശ്വങ്ങളിലും ക്രമാനുസൃതമല്ലാതെ ഏറിക്കിടക്കുന്ന ഒരു യുദ്ധവിരാമരേഖ നിലവില്‍ വരികയും ചെയ്തിട്ടുണ്ട്. ഈ രേഖ ഉള്‍ക്കൊള്ളുന്ന 1,262 ച.കി.മീ. സ്ഥലം നിസ്സൈനീകൃത (Demilitarised) മേഖലയായി നിലനിര്‍ത്തിക്കൊണ്ട് ശേഷംഭാഗങ്ങളെ ഉത്തരകൊറിയയും ദക്ഷിണകൊറിയയും താന്താങ്ങളുടെ അധീനതയില്‍ സംരക്ഷിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. ഉത്തരകൊറിയയുടെ വിസ്തീര്‍ണം 1,20,538 ച.കി.മീറ്ററും, കൊറിയാ റിപ്പബ്ലിക്കിന്റെത് 98,758 ച.കി.മീറ്ററുമാണ്; ജനസംഖ്യ: 7,40,00,000.

ഭൂപ്രകൃതി

പൊതുവേ സങ്കീര്‍ണമായ ഭൂപ്രകൃതിയാണുള്ളത്. ഉപദ്വീപിന്റെ അഞ്ചിലൊന്നോളം വരുന്ന തീരസമതലങ്ങളെയും നദീതടങ്ങളെയും ഒഴിവാക്കിയാല്‍ ശേഷം ഭാഗങ്ങള്‍ വിശിഷ്യാ, ഉത്തരമധ്യമേഖലകള്‍ ആകെത്തന്നെ മലമ്പ്രദേശങ്ങളും നിമ്നോന്നതങ്ങളായ ഉന്നതതടങ്ങളുമാണ്. ഉപദ്വീപിലെ ഏറ്റവും ഉയരംകൂടിയ ഭാഗം ഉത്തരകൊറിയയിലെ പെക്ടു കൊടുമുടി (2,744 മീ.) ആണ്; ദക്ഷിണകൊറിയയിലെ ഏറ്റവും ഉയര്‍ന്ന ഭാഗം ഹല്ലാ കൊടുമുടി(1950 മീ.)യും. ക്വാല്‍മോ (2,541 മീ.), മ്യൂയാങ് (1909 മീ.), പിറോ (1645മീ.) എന്നിവയാണ് മറ്റു പ്രധാന ഗിരിശൃംഗങ്ങള്‍. ഇവയില്‍ മ്യൂയാങ് ചരിത്രപരമായും ഐതിഹ്യപരമായും പ്രാധാന്യം നേടിയിട്ടുള്ളതാണ്. വളഞ്ഞു പിരിഞ്ഞ ചുരങ്ങളും കുത്തനെയുള്ള ഇറക്കങ്ങളും പാറക്കെട്ടുകളും നിറഞ്ഞ് സങ്കീര്‍ണമെങ്കിലും അത്യന്തം പ്രകൃതിസുന്ദരമാണ് പിറോ.

പെക്ടു കൊടുമുടിയുടെ സാനുക്കളില്‍നിന്നു പിരിഞ്ഞ് ഉപദ്വീപിന്റെ പൂര്‍വതീരത്തിനു സമാന്തരമായി തെക്കുകിഴക്കേമൂലയിലുള്ള പൂസാന്‍ നഗരത്തിന്റെ പരിസരത്തോളം നീണ്ടുകിടക്കുന്ന പ്രധാനമലനിരയാണ് തീബെക്. 38° അക്ഷാംശരേഖയ്ക്കു തൊട്ടു തെക്കുവച്ച് ഈ നിരയില്‍ നിന്നു വേര്‍പിരിഞ്ഞ് തെക്കു പടിഞ്ഞാറായി നീളുന്ന മലനിരയാണ് സോബിക്.

അപവാഹം

പീറോ കൊടുമുടി
ചുങ്ജിന്‍ നദി
കൊറിയന്‍ ഫിന്‍

അന്താരാഷ്ട്രാതിര്‍ത്തിയായ തുമാന്‍ ഒഴികെ മറ്റു പ്രധാന നദികളൊക്കെ ഉപദ്വീപിന്റെ പടിഞ്ഞാറേ പകുതിയിലാണ് കാണപ്പെടുന്നത്. പെക്ടു പര്‍വതത്തിന്റെ കിഴക്കന്‍ ചരിവുകളില്‍ ഉദ്ഭവിച്ച് വളഞ്ഞുപുളഞ്ഞൊഴുകി മഞ്ചൂറിയാ അതിര്‍ത്തിയിലെത്തി, അതിലൂടെ വടക്കു കിഴക്കുദിശയിലും തുടര്‍ന്ന് സോവിയറ്റ് അതിര്‍ത്തിയിലൂടെ തെക്ക് കിഴക്കോട്ടും ഒഴുകി ജപ്പാന്‍ കടലില്‍ വീഴുന്ന തുമാന്‍ നദിയുടെ മൊത്തം നീളം 520 കി.മീ. ആണ്. പെക്ടുവിന്റെ പടിഞ്ഞാറേ ചരിവില്‍ ഉദ്ഭവിച്ച് കൊറിയയുടെ വടക്കേ അതിര്‍ത്തിയിലെത്തി അതിലൂടെ തെക്കു പടിഞ്ഞാറുദിശയില്‍ അധികം വളവും തിരിവുമില്ലാതെ ഒഴുകി മഞ്ഞക്കടലില്‍ പതിക്കുന്ന യാലു (790 കി.മീ.) തുമാനെ അപേക്ഷിച്ച് തുലോം വലുതും പ്രാധാന്യം അര്‍ഹിക്കുന്നതുമാണ്. ഈ നദിയുടെ പതനസ്ഥാനത്തുനിന്നും ഏറെ ഉള്ളിലോളം സുഗമമായ ഗതാഗതം സാധ്യമാണ്. ചോങ്ചോണ്‍ (198 കി.മീ.), തീഡോങ് (438 കി.മീ.) എന്നീ നദികളും പ്രധാനപ്പെട്ടവയാണ്. ഈ നദീവ്യൂഹങ്ങളെ സംയോജിപ്പിച്ചാണ് ഉപദ്വീപിലെ മികച്ച കാര്‍ഷികമേഖലയായ ഉത്തരകൊറിയാ സമതലത്തിലെ ജലസേചനം കാര്യക്ഷമമാക്കിയിരിക്കുന്നത്. ഇവയ്ക്കു തെക്കായി പടിഞ്ഞാറോട്ടൊഴുകുന്ന ഇമ്ജിന്‍ (254 കി.മീ.) യുദ്ധവിരാമരേഖ നിര്‍ണയിക്കുന്നതില്‍ വലുതായ പങ്കുവഹിക്കുന്നു. ഇതിനും തെക്കുള്ള ഹാന്‍ താരതമ്യേന വീതികൂടി ഒഴുക്കുകുറഞ്ഞ നദിയാണ്. കൊറിയാ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സോള്‍ ഈ നദീമുഖത്തിനു സമീപത്താണ്. ഉപദ്വീപിന്റെ തെക്കു പടിഞ്ഞാറു ഭാഗത്തുള്ള സമതലപ്രദേശത്തിലെ ജലലഭ്യത നിര്‍ണയിക്കുന്ന നദികളാണ് കും (401 കി.മീ.), യാങ്സാന്‍ (116 കി.മീ.) എന്നിവ. കൊറിയാ റിപ്പബ്ലിക്കിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി സ്വാധീനിക്കുന്ന കാര്‍ഷികമേഖല ഈ നദീതടങ്ങളിലാണ്. 525 കി.മീ. നീളമുള്ള നാക്ടോങ് ആണ് ഈ മേഖലയിലൂടെ ഒഴുകുന്ന മറ്റൊരു നദി. മൊത്തം ഗതിമാര്‍ഗത്തില്‍ മൂന്നില്‍ രണ്ടു ഭാഗവും സഞ്ചാരയോഗ്യമായുള്ള നാക്ടോങ് ദക്ഷിണ പശ്ചിമസമതലത്തിന്റെ ജീവനാഡിയായി വിശേഷിപ്പിക്കപ്പെടുന്നു.

പൈന്‍ കാടുകള്‍

പൊതുവേ പാറക്കെട്ടുകള്‍ നിറഞ്ഞ് സങ്കീര്‍ണവും ഏറെക്കുറെ ഋജുവുമായ ഒരു കടലോരമാണ് കൊറിയാ ഉപദ്വീപിനുള്ളത്. എന്നിരിക്കിലും കിഴക്കന്‍തീരത്ത് അനേകം നൈസര്‍ഗിക തുറമുഖങ്ങളുണ്ട്. ഇവയില്‍ മിക്കവയും 38° അക്ഷാംശത്തിന് വടക്കായാണ് സ്ഥിതിചെയ്യുന്നത്. ഉത്തരകൊറിയയിലെ ഒന്നാംകിട തുറമുഖങ്ങളായ ഊങ്ഗി, സൂങ്ജിന്‍, വൂണ്‍സാല്‍, ചൂങ്ജിന്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. കൊറിയാ റിപ്പബ്ലിക്കിന് കിഴക്കന്‍തീരത്തുള്ള പ്രകൃതിദത്തമായ ഏക തുറമുഖം പൊഹാങ് ആണ്. ഉടവുകളും ഉള്‍വളവും നിറഞ്ഞ തെക്കേ തീരത്തും തുറമുഖസൗകര്യങ്ങള്‍ ധാരാളമായുണ്ട്. ഈ ഭാഗത്ത് വളര്‍ച്ച പ്രാപിച്ചിട്ടുള്ള നൈസര്‍ഗിക തുറമുഖങ്ങളില്‍ പ്രസിദ്ധവിപണനകേന്ദ്രമായ പൂസാന്‍, നാവികസേനാസങ്കേതമായ ചീനായ്, വാണിജ്യകേന്ദ്രമായിരുന്ന മസാന്‍ എന്നിവ ഉള്‍പ്പെടുന്നു. പടിഞ്ഞാറേ തീരത്തെ പ്രധാന തുറമുഖമാണ് ഇഞ്ചോണ്‍. സോള്‍ നഗരത്തിന്റെ തുറമുഖമായ ഇഞ്ചോണ്‍ ഉഗ്രമായ വേലാതരംഗ (10 മീ.)ങ്ങളുടെ ശല്യമുണ്ടെങ്കില്‍പ്പോലും അത്യധികം തിരക്കുള്ള ഒന്നാണ്.

കാലാവസ്ഥ

വന്‍കര മാതൃകയെ അനുസ്മരിപ്പിക്കുന്ന കൊടുംതണുപ്പ് അനുഭവപ്പെടുന്ന ശൈത്യകാലവും മണ്‍സൂണ്‍ വര്‍ഷം ലഭിക്കുന്ന ഗ്രീഷ്മകാലവുമാണ് കൊറിയയിലെ കാലാവസ്ഥയുടെ സവിശേഷതകള്‍. ഉപദ്വീപിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ആറുമാസക്കാലത്തോളം അതിശൈത്യമാണ്. ജനുവരിയില്‍ താപനില 18°C വരെ താഴുന്നതാണ്. ജനുവരിയിലെ ശരാശരി താപനില പ്യൂങ്യാങ്-8°C, സോള്‍-5°C, പൂസാന്‍-2°C, ചെജൂ +4°c എന്നിങ്ങനെയാണ്. ഗ്രീഷ്മകാലത്ത് താപനില പൊതുവേ 22°C-26°C ആയി ഉയരുന്നു. ഇക്കാലത്തുപോലും ഉപദ്വീപിന്റെ വടക്കു കിഴക്കരുകില്‍ തണുത്ത കാലാവസ്ഥ അനുഭവപ്പെടുന്നു.

വര്‍ഷപാതം താരതമ്യേന കുറവാണ്. വടക്ക് തുമാന്‍ നദീതടത്തില്‍ വാര്‍ഷികവര്‍ഷപാതം 50 സെ.മീ. ആയിരിക്കുമ്പോള്‍, ഉപദ്വീപില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സോമ്ജിന്‍ നദീമുഖപ്രദേശത്തെ ശരാശരിത്തോത് 150 സെ.മീ. ആണ്. ഉപദ്വീപിന്റെ മിക്ക ഭാഗങ്ങളിലും വര്‍ഷപാതം ശരാശരി 40 സെന്റിമീറ്ററില്‍ താഴെയാണ്. ജൂണ്‍ അന്ത്യപാദം മുതല്‍ ആഗസ്റ്റ് ആദ്യപകുതിവരെയാണ് വര്‍ഷകാലം. വേനല്‍ക്കാലങ്ങളില്‍ കൊറിയന്‍ ഉപദ്വീപില്‍ 'ടൈഫ്യൂണ്‍സ്' എന്ന ചുഴലിക്കാറ്റ് വീശുക പതിവാണ്.

ജീവജാലങ്ങള്‍

സോമ്ജിന്‍ നദി

ഉപദ്വീപിലെ കാലാവസ്ഥ സമൃദ്ധമായ സസ്യവളര്‍ച്ചയ്ക്ക് പ്രോത്സാഹകമാണെങ്കിലും നൈസര്‍ഗിക പ്രകൃതി ഒട്ടുമുക്കാലും തുടച്ചുമാറ്റപ്പെട്ട സ്ഥിതിയാണ് നിലവില്‍. പ്രകൃത്യായുള്ള വനങ്ങള്‍ ഉന്നതതടങ്ങളിലും പര്‍വത സാനുക്കളിലും ഒറ്റപ്പെട്ട നിലയില്‍ ശോഷിച്ചുകാണുന്നു. ഉപദ്വീപിന്റെ വടക്കന്‍ ഭാഗങ്ങളില്‍ സ് പ്രൂസ്, ഫിര്‍, ലാര്‍ച്ച്, പൈന്‍വര്‍ഗങ്ങള്‍ തുടങ്ങിയ സൂചികാഗ്ര വൃക്ഷങ്ങളാണ് ധാരാളമായുള്ളത്. വടക്കു കിഴക്കും വടക്കു പടിഞ്ഞാറും ഓരങ്ങളിലേക്കു നീങ്ങുന്തോറും ചെസ്നട്ട്, ഓക് തുടങ്ങി ഇലകൊഴിക്കുന്നയിനം മരങ്ങള്‍ കണ്ടുവരുന്നു. ഉപദ്വീപിന്റെ മധ്യഭാഗങ്ങളില്‍ കടുപ്പമേറിയ തടിയിനങ്ങളും സൂചികാഗ്രവൃക്ഷങ്ങളും ഇടകലര്‍ന്നു കാണുന്നു. തെക്കന്‍ തീരത്തേക്കു കടക്കുമ്പോള്‍ പൊതുവേ പത്രപാതിയിനങ്ങള്‍ക്കാണ് പ്രാമാണ്യം. മുളങ്കൂട്ടങ്ങളും പൈന്‍വര്‍ഗത്തില്‍പ്പെട്ട വൃക്ഷങ്ങളും ഇവിടെ സമൃദ്ധമാണ്. മൊത്തം മൂവായിരത്തോളമിനം സസ്യങ്ങളാണ് കൊറിയാ ഉപദ്വീപില്‍ കണ്ടെത്തിയിട്ടുള്ളത്; ഇവയില്‍ അഞ്ഞൂറോളം തദ്ദേശീയങ്ങള്‍ മാത്രമായ സവിശേഷ സസ്യങ്ങളാണ്.

ഉപദ്വീപിലെ ജന്തുജാലം വന്‍കരഭാഗത്തെ അയല്‍മേഖലകളായ മഞ്ചൂറിയ, സൈബീരിയ എന്നിവിടങ്ങളിലേതില്‍ നിന്ന് വിഭിന്നങ്ങളല്ല. കടുവ, പുലിവര്‍ഗങ്ങള്‍, കരടി, ചെന്നായ് തുടങ്ങിയ ജന്തുക്കള്‍ മലമ്പ്രദേശങ്ങളില്‍ ഇപ്പോഴും നിവസിക്കുന്നു. വടക്കന്‍മേഖലകളിലാണ് വന്യമൃഗങ്ങള്‍ കൂടുതലായുള്ളത്. കശേരുകി (vertribrate) വര്‍ഗത്തില്‍പ്പെട്ട 1100 ഇനം ജന്തുക്കള്‍ ഉപദ്വീപില്‍ പ്രകൃത്യാ ഉണ്ടായിരുന്നതായി ജന്തുശാസ്ത്രജ്ഞന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഇക്കൂട്ടത്തില്‍ വിശേഷയിനം പക്ഷികള്‍, മത്സ്യങ്ങള്‍, ഉഭയജീവികള്‍ എന്നിവയും ഉള്‍പ്പെടുന്നു.

മണ്ണിനങ്ങള്‍

ആഗ്നേയശിലകളും അവയുടെ കായാന്തരിത വിഭാഗങ്ങളും പൊടിഞ്ഞടര്‍ന്ന് ഉരുത്തിരിഞ്ഞിട്ടുള്ള മണ്ണിനങ്ങളാണ് പൊതുവേയുള്ളത്. ഇക്കാരണത്താല്‍ മണല്‍പ്പുറങ്ങള്‍ സാര്‍വത്രികമാണ്. സസ്യാവരണം പാടേ തുടച്ചുമാറ്റപ്പെട്ട സാഹചര്യത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോകുന്നത് കൃഷിഭൂമിയുടെ ശാപമായി മാറിയിരിക്കുന്നു. ചരിവുതലങ്ങളിലാണ് ഇതിന്റെ ദുഷ്ഫലങ്ങള്‍ കൂടുതല്‍ അനുഭവപ്പെടുന്നത്. നദീതടങ്ങളില്‍ ജലോഢ നിക്ഷേപങ്ങളിലൂടെ നന്നേ കുറഞ്ഞ കനത്തില്‍ എക്കല്‍മണ്ണും അടങ്ങിയിട്ടുണ്ട്. ഫലപുഷ്ടമായ ഈയിനം മണ്ണിലാണ് ഉപദ്വീപിലെ വിളനിലങ്ങളെ പ്രദാനം ചെയ്തിരിക്കുന്നത്. ഇമ്മാതിരി മേഖലകളില്‍പ്പോലും ജൈവവളത്തിന്റെ അഭാവം രൂക്ഷമായ വിളനാശങ്ങള്‍ക്കു വഴിയൊരുക്കുന്നു.

ജലസമ്പത്ത്

നിമ്നോന്നതമായ ഭൂപ്രകൃതിയും ജലസമൃദ്ധമായ നദികളുംമൂലം കൊറിയയ്ക്ക് വൈദ്യുതോത്പാദനരംഗത്തെ സംബന്ധിച്ചിടത്തോളം അനുഗൃഹീതമായ സ്ഥാനമാണുള്ളത്. ഉത്തര കൊറിയയിലാകട്ടെ നൈസര്‍ഗികസൗകര്യങ്ങള്‍ ധാരാളമായുണ്ട്. ദക്ഷിണകൊറിയയില്‍ താരതമ്യേന വിരളമാണെന്നുതന്നെ പറയാം. കീമാ ഉന്നതതട(ഉത്തരകൊറിയ)ത്തില്‍ യാലു നദിയിലെ വെള്ളച്ചാട്ടങ്ങളില്‍ നിന്നാണ് ഉപദ്വീപില്‍ മൊത്തം ഉത്പാദിപ്പിക്കാവുന്ന ജലവൈദ്യുതിയുടെ 85 ശതമാനവും ലഭ്യമാവുന്നത്. കൊറിയാ റിപ്പബ്ലിക്കിലെ പ്രധാന വൈദ്യുതപദ്ധതികള്‍ മരുപ്രവണങ്ങളായ ഹാന്‍, സോമ്ജിന്‍ എന്നീ നദികളെയാണ് ആശ്രയിക്കുന്നത്. പശ്ചിമതീരത്തെ ശക്തമായ വേലാതരംഗങ്ങളെ വൈദ്യുതോര്‍ജമാക്കി മാറ്റുവാനുള്ള സമാരംഭത്തില്‍ കാര്യമായ വിജയം നേടാനായിട്ടില്ല.

ജനങ്ങളും സംസ്കാരവും

ഒരു ബുദ്ധസങ്കേതം

ഉപദ്വീപിലെ തദ്ദേശീയരായ ജനങ്ങളില്‍ ഭൂരിഭാഗവും മംഗോള്‍ വര്‍ഗത്തിലെ തുംഗൂസിക് വിഭാഗത്തില്‍പ്പെട്ടവരാണ്. മധ്യേഷ്യയില്‍ നിന്ന് അതിശൈത്യം ഭയന്ന് നാനാദിശകളിലേക്കും പ്രവഹിച്ച ജനതതികളില്‍ ഒരു വിഭാഗം ഇന്നേക്ക് 10,000 മുതല്‍ 5,000 വരെ ആണ്ടുകള്‍ മുമ്പുള്ള ഏതോ കാലയളവില്‍ ഉപദ്വീപിനെ അധിവസിച്ചതോടെയാണ് കൊറിയയില്‍ ജനവാസം ആരംഭിച്ചതെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു. ഇക്കാലത്തിനും മുമ്പ് പ്രോട്ടോ-കാക്കസോയ്ഡ് വര്‍ഗത്തില്‍പ്പെട്ട ഒരു ജനസഞ്ചയം ഉപദ്വീപിന്റെ ദക്ഷിണഭാഗങ്ങളില്‍ കുടിയേറിപ്പാര്‍ത്തിരുന്നു എന്നതിനും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. തുംഗൂസിക് വംശജരില്‍ ഭൂരിഭാഗവും വര്‍ഗസങ്കരത്തിന് അടിമപ്പെടാതെ തനതായ സംസ്കാരവും ആചാരമര്യാദകളും പുലര്‍ത്തിപ്പോരുന്നു. ഇക്കൂട്ടര്‍ തങ്ങളുടെ ഗോത്രങ്ങള്‍ വിട്ട് ഏതെങ്കിലും വിധത്തില്‍ വേഴ്ച പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ ആയത് ഇതര മംഗോളിയന്‍ ഗോത്രങ്ങളുമായി മാത്രമായിരുന്നു. ന്യൂനപക്ഷവര്‍ഗങ്ങളില്‍ ചീനര്‍, ജപ്പാന്‍കാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അള്‍ട്ടായി ഗോത്രത്തില്‍പ്പെട്ടതാണ് കൊറിയന്‍ ഭാഷ. നോ. കൊറിയന്‍ ഭാഷയും സാഹിത്യവും

സോള്‍ നഗരം-രാത്രികാഴ്ച

കൊറിയക്കാരില്‍ ഭൂരിപക്ഷവും ബുദ്ധമതാനുയായികളോ കണ്‍ഫ്യൂഷ്യസിന്റെ അനുയായികളോ ആണ്. ദക്ഷിണകൊറിയയിലാണ് മതസ്വാധീനത പ്രകടമായുള്ളത്. ഇവിടെപ്പോലും മതാനുഷ്ഠാനം, വിവാഹം, ജനനമരണങ്ങള്‍ തുടങ്ങിയ പ്രത്യേകാവസരങ്ങളിലേതു മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഷാമനിസത്തില്‍ വിശ്വസിക്കുന്ന നല്ലൊരു സംഖ്യ ജനങ്ങളും കൊറിയാ ഉപദ്വീപിലുണ്ട്. ഗ്രാമാന്തരങ്ങളിലാണ് ഈ മതത്തിന് അനുയായികളുള്ളത്. ദക്ഷിണകൊറിയയില്‍ ക്രിസ്തുമതത്തിനും സാമാന്യമായ തോതില്‍ പ്രാതിനിധ്യമുണ്ട്. കൊറിയാ റിപ്പബ്ലിക്കില്‍ 32 ലക്ഷം പ്രൊട്ടസ്റ്റന്റുകളും 7.5 ലക്ഷം റോമന്‍ കത്തോലിക്കരും ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. പ്രൊട്ടസ്റ്റന്റുകള്‍ക്കിടയില്‍ പ്രിസ്ബിറ്റേറിയന്‍, മെഥോഡിസ്റ്റ് എന്നീ സഭകള്‍ക്കാണ് പ്രാമുഖ്യമുള്ളത്. 19-ാം ശതകത്തില്‍ പ്രചാരം നേടിയ 'ചൊണ്ടോഗ്യോ' എന്ന നാസ്തികമതത്തില്‍ വിശ്വസിക്കുന്നവരും കൊറിയയില്‍ ഉണ്ട്.

1910 മുതല്‍ 60 വരെയുള്ള കാലഘട്ടത്തില്‍ വര്‍ഷങ്ങളോളം തുടര്‍ന്ന ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിലും ഉപദ്വീപിലെ ജനസംഖ്യ ഒന്നിനിരട്ടിയായി വര്‍ധിക്കുകയുണ്ടായി. 1963-68 കാലത്ത് ഉത്തര-ദക്ഷിണകൊറിയകളില്‍ ഓരോന്നിലും ജനവര്‍ധനവിന്റെ തോത് 2.5 ശതമാനമായിരുന്നു. കൊറിയാ റിപ്പബ്ലിക്കില്‍ വ്യാപകമായ ജനനനിയന്ത്രണം പ്രാവര്‍ത്തികമാക്കിയിട്ടും ജനസാന്ദ്രത ച.കി.മീറ്ററിന് 397 എന്ന തോതില്‍ തുടരുന്നു. ആഗോളതലത്തില്‍ നോക്കുമ്പോള്‍ത്തന്നെ സാന്ദ്രമായ ഒരു അവസ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. വിസ്തൃതിയില്‍ ദക്ഷിണ കൊറിയയുടെ ഇരട്ടിയോളം വരുന്ന ഉത്തരകൊറിയയിലെ ജനസാന്ദ്രതയുടെ നിരക്ക് ച.കി.മീറ്ററിന് 198.3 ആണ്. രണ്ടുരാജ്യങ്ങളിലും ഗണ്യമായ ഒരു വിഭാഗം 20 വയസ്സിനുതാഴെ പ്രായമുള്ളവരാണ്.

ലോകത്തിലെ ജനത്തിരക്കേറിയ നഗരങ്ങളിലൊന്നാണ് കൊറിയാ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സോള്‍. ജനസംഖ്യ: 50,004,441 (2012). തലസ്ഥാനനഗരം കൂടാതെ ഒരു ലക്ഷത്തിലേറെ ജനസംഖ്യയുള്ള 16 നഗരങ്ങളാണ് ദക്ഷിണ കൊറിയയിലുള്ളത്. പൂസാന്‍, തെഗു, ഇഞ്ചോണ്‍, ക്വാങ്ജു, തീജോണ്‍ എന്നിവയാണ് ഇക്കൂട്ടത്തില്‍ പ്രമുഖങ്ങള്‍. ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യൂങ്യാങ് ലോകത്തെ രണ്ടാമത്തെ മെട്രോപൊളിറ്റന്‍ പ്രദേശമാണ്. ജനസംഖ്യ: 3.5 ദശലക്ഷം. സിനുയ്ജൂ, ചോങ്ജിന്‍, കീസോങ്, ചിനാംപേ, വൂണ്‍സാന്‍, ഹുങ്താം തുടങ്ങിയ ഇതര നഗരങ്ങളൊന്നും തന്നെ പറയത്തക്ക പ്രാധാന്യം അര്‍ഹിക്കുന്നവയല്ല.

കൊറിയന്‍ പരമ്പരാഗത കുടിലുകള്‍

കൊറിയയിലെ ജനങ്ങള്‍ക്കിടയില്‍ ഒരുതരം ചാതുര്‍വര്‍ണ്യവ്യവസ്ഥ പരമ്പരയാ നിലവിലുണ്ടായിരുന്നു. മതപരവും മേധാപരവുമായ ആധിപത്യം കൈയടക്കിയിരുന്ന 'യാങ്ബിന്‍' വിഭാഗം; മധ്യമപദവിയിലുള്ള 'ചുങ്ഗിന്‍'; കൃഷി, വാണിജ്യം, മത്സ്യബന്ധനം, കരകൗശലം തുടങ്ങിയ വൃത്തികളിലേര്‍പ്പെട്ടിരുന്ന 'സങ്മീന്‍' എന്ന സാധാരണക്കാര്‍; അധമപ്രവൃത്തികള്‍ക്കായി നിയോഗിക്കപ്പെട്ടിരുന്ന അടിയാന്മാരായ 'ചൂന്‍മീന്‍' എന്നിങ്ങനെയായിരുന്നു വര്‍ണവ്യവസ്ഥ. 1894-ല്‍ ഈ വൈജാത്യം നിയമംമൂലം ഉന്മൂലനം ചെയ്യപ്പെട്ടിട്ടും സാമൂഹികതലത്തില്‍ വര്‍ണവ്യവസ്ഥ ഇപ്പോഴും പ്രകടമായ തോതില്‍ തുടര്‍ന്നുപോരുന്നു. ദക്ഷിണ കൊറിയയിലാണ് ഈ ദുഃസ്ഥിതി പ്രകടമായി നിലവിലുള്ളത്.

ഇംഗ്ലീഷിലെ L, U എന്നീ അക്ഷരങ്ങളുടെ മാതൃകയില്‍ നിര്‍മിക്കപ്പെടുന്ന മൂന്നോ നാലോ മുറികള്‍ ഉള്‍ക്കൊള്ളുന്നവയാണ് കൊറിയയിലെ പരമ്പരാഗത ഭവനങ്ങള്‍. കളിമണ്ണും ചെളിയും കുഴച്ചു പരുവപ്പെടുത്തി നിര്‍മിക്കുന്ന ഭിത്തികളും പുല്ലുമേഞ്ഞതോ ഓടിട്ടതോ ആയ മേല്‍ക്കൂരയുമാണ് ഇമ്മാതിരി വീടുകള്‍ക്കുണ്ടായിരിക്കുക. ജനല്‍പ്പാളികള്‍ വെളിച്ചം കടത്തുന്ന കടലാസുകളോ കണ്ണാടിയോ ഉപയോഗിച്ചു മൂടപ്പെട്ടിരിക്കും. ചുവരുകളുടെ ഉള്‍ഭാഗം വര്‍ണക്കടലാസുകള്‍കൊണ്ട് മോടി പിടിപ്പിക്കുന്ന സമ്പ്രദായം സാധാരണമായിരുന്നു. ഓരോ വീട്ടിലെയും പ്രധാന അറയില്‍ ശൈത്യകാലത്ത് തണുപ്പിനെ അകറ്റിനിര്‍ത്താനുതകുന്ന ഒണ്ടോള്‍ സംവിധാനം ഉണ്ടായിരിക്കും. അടിച്ചൊതുക്കിയ തറയുടെ അടിയിലായി സംരക്ഷിക്കപ്പെട്ടിട്ടുള്ള ഓവുകളിലൂടെ, അറയുടെ ഒരു ഭാഗത്തുള്ള തീക്കുണ്ഡത്തിലെ ചൂട് സമന്വയിപ്പിച്ച് അറയൊട്ടാകെ തപിപ്പിക്കുകയും അതിലൂടെ ശൈത്യബാധ അകറ്റിനിര്‍ത്തുകയും ചെയ്യുന്ന സമ്പ്രദായമാണിത്. തണുപ്പുകാലത്ത് കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ഊണും ഉറക്കവുമുള്‍പ്പെടെ ദിനചര്യകള്‍ ഒണ്ടോള്‍ മുറിയില്‍ത്തന്നെ നിര്‍വഹിക്കപ്പെടുന്നു. വൈദ്യുതീവിതരണം സാര്‍വത്രികമായതോടെ ഈ സംവിധാനത്തിന് മാറ്റമുണ്ടായിട്ടുണ്ട്. നഗരങ്ങളില്‍ പാശ്ചാത്യമാതൃകയിലുള്ള ഭവനനിര്‍മാണശൈലി പരക്കെ സ്വീകരിക്കപ്പെട്ടുവരുന്നു. ഉത്തരകൊറിയയില്‍ സോഷ്യലിസ്റ്റ് വ്യവസ്ഥിതി നടപ്പിലാക്കിയതിനെത്തുടര്‍ന്ന് പല നിലകളായി പടുത്തുയര്‍ത്തുന്ന കൂട്ടുഭവനസമ്പ്രദായത്തിനാണ് പ്രചാരം നല്കിവരുന്നത്. ആധുനിക സജ്ജീകരണങ്ങള്‍ക്ക് ആക്കം വര്‍ധിച്ചതോടെ പരമ്പരാഗതശൈലി ഏറെക്കുറെ അവഗണിക്കപ്പെട്ട നിലയിലാണ്.

അടുത്തകാലം വരെ ശൈശവവിവാഹം അഭിജാതലക്ഷണമായി കരുതപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രായപൂര്‍ത്തിയായശേഷം മാത്രം വിവാഹം നടക്കുന്ന രീതി നിലവില്‍ വന്നിരിക്കുന്നു. മുതിര്‍ന്നവര്‍ ഇടപെട്ട് സമുദായാചാരപ്രകാരം വിവാഹം നടത്തിക്കൊടുക്കുന്ന രീതിക്കാണ് പ്രചാരമുള്ളത്. ഒരേ ഗോത്രത്തില്‍പ്പെട്ട സ്ത്രീപുരുഷന്മാര്‍ തമ്മിലുള്ള ദാമ്പത്യം അഭികാമ്യമല്ല. ദക്ഷിണകൊറിയയില്‍ അന്തര്‍ഗോത്രവിവാഹം നിയമംമൂലം വിലക്കപ്പെട്ടിരിക്കുന്നു. പെണ്‍മക്കളെ ഇളംപ്രായത്തില്‍ വിവാഹം കഴിപ്പിക്കുന്നത് അന്തസ്സായി കരുതുന്ന പ്രവണത ഇന്നും വ്യാപകമായി നിലനില്‍ക്കുന്നു.

പരമ്പരാഗതവേഷമണിഞ്ഞ കൊറിയന്‍ സ്ത്രീ പുരുഷന്മാര്‍

കൊറിയന്‍ ജനതയുടെ മുഖ്യഭക്ഷണം ചോറാണ്. ചോറ് പ്രത്യേകോപദംശങ്ങള്‍ കലര്‍ത്തി ഭക്ഷിക്കുന്ന പതിവാണ് പൊതുവേ ഉള്ളത്. മുള്ളങ്കിയും കാബേജും ചേര്‍ത്തുണ്ടാക്കുന്ന കിംചി എന്ന കൂട്ടിന് വളരെ പ്രചാരമുണ്ട്. കാലികളുടെയും പന്നിയുടെയും ഇറച്ചി, മത്സ്യം എന്നിവയാണ് പ്രധാന മാംസാഹാരങ്ങള്‍.

ശുഭ്രവസ്ത്രങ്ങളില്‍ അമിതമായ പ്രിയമുള്ളവരാണ് കൊറിയക്കാര്‍; സ്ത്രീകളും പുരുഷന്മാരും ഒന്നുപോലെ വെള്ളനിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. ഇടുപ്പുതൊട്ട് പാദംവരെ മൂടിക്കിടക്കുന്ന അയഞ്ഞ പാവാട(കീമ)യും ഇറക്കം കുറഞ്ഞ കുപ്പായ(ചൊഗോരി)വുമാണ് കൊറിയന്‍ വനിതകളുടെ സാധാരാണ വേഷം. പുരുഷന്മാര്‍ അയഞ്ഞ കാല്‍സരായികളും ഉടുപ്പുകളും ധരിക്കുന്നു. കുപ്പായക്കൈയില്‍ പല നിറത്തിലുള്ള പട്ടകള്‍ തുന്നിപ്പിടിപ്പിച്ചാണ് വിശേഷവസ്ത്രങ്ങള്‍ ഉണ്ടാക്കുന്നത്. ഉത്സവദിവസങ്ങളില്‍ കുട്ടികളും സ്ത്രീകളും ഈ രീതിയിലുള്ള വിശേഷവസ്ത്രങ്ങള്‍ അണിയുന്നു. റബ്ബര്‍ കൊണ്ടുള്ള പാദരക്ഷകള്‍ എല്ലാവര്‍ക്കും ഉണ്ടായിരിക്കും. അടുത്ത കാലത്തായി പാശ്ചാത്യ മാതൃകയിലുള്ള വേഷവിധാനങ്ങളില്‍ പ്രിയം ഏറിക്കാണുന്നു.

വിനോദപ്രിയരായ കൊറിയക്കാര്‍ തനതായ കായിക പരിപോഷണവിദ്യകള്‍ വശമാക്കിയിരുന്നു. അമ്പെയ്ത്ത്, ഗുസ്തി, പട്ടംപറത്തല്‍ തുടങ്ങിയവ ദേശീയ വിനോദങ്ങളായിരുന്നു. ബേസ്ബാള്‍, ജിംനാസ്റ്റിക്സ്, ജൂഡോ, ബോക്സിങ് തുടങ്ങിയവയോട് കൊറിയയിലെ യുവജനങ്ങള്‍ക്ക് വമ്പിച്ച ആഭിമുഖ്യമാണുള്ളത്. ആര്‍ഭാടത്തോടെ കൊണ്ടാടപ്പെടുന്ന നിരവധി ദേശീയോത്സവങ്ങളും കൊറിയക്കാര്‍ക്കുണ്ട്.

സമ്പദ്ഘടന

അവിഭക്താവസ്ഥയില്‍ പ്രകൃതിവിഭവങ്ങളുടെ കാര്യത്തില്‍ സമ്പന്നവും ഏറെക്കുറെ സ്വയം പര്യാപ്തവുമായ ഒരു സ്ഥിതിയാണ് കൊറിയയ്ക്കുണ്ടായിരുന്നത്. എന്നാല്‍ വടക്കും തെക്കുമായുള്ള ചേരിതിരിവ് സമ്പദ്ഘടനയില്‍ വലുതായ ആഘാതം സൃഷ്ടിച്ചു. ഉപദ്വീപിലെ ധാതു-ഊര്‍ജസമ്പത്തിന്റെയും നൈസര്‍ഗികവനങ്ങളുടെയും ഭൂരിഭാഗവും ഉത്തര കൊറിയന്‍ പ്രദേശങ്ങളിലാണ് അവസ്ഥിതമായിരിക്കുന്നത്; ഫലഭൂയിഷ്ഠമായ കൃഷിനിലങ്ങളില്‍ ഏറിയപങ്കും ദക്ഷിണ കൊറിയയ്ക്കു ലഭിച്ചു.

ദക്ഷിണ കൊറിയ

പ്രതീശീര്‍ഷവരുമാനത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ നിലവില്‍ (2012) 14-ാം സ്ഥാനമാണ് ദക്ഷിണകൊറിയയുടേത്. 1960-കള്‍ മുതല്‍ 1990-കള്‍ വരെ ലോകത്ത് അതിവേഗം വളരുന്ന സമ്പദ്ഘടനയായിരുന്നു ദക്ഷിണകൊറിയയുടേത്. അന്താരാഷ്ട്ര വ്യാപാരത്തില്‍ അധിഷ്ഠിതമാണ് രാജ്യത്തെ സമ്പദ്ഘടന. 2010-ല്‍ കയറ്റുമതി രംഗത്തെ ലോകത്തെ മികച്ച രാജ്യങ്ങളില്‍ 6-ാം സ്ഥാനം ദക്ഷിണ കൊറിയയ്ക്കായിരുന്നു. ഇറക്കുമതിയില്‍ 10-ാം സ്ഥാനവും.

2010-ല്‍ രാജ്യം അഞ്ചാമത് ജി-20 ഉച്ചകോടിക്ക് ആതിഥേയത്വമരുളി. തുടര്‍ന്ന് പ്രതിശീര്‍ഷവരുമാനത്തില്‍ രാജ്യം നാലു ശതമാനം വളര്‍ച്ച സമ്പാദിച്ചു. 1,60,000 പുതിയ തൊഴിലവസരങ്ങള്‍ ഇതുമൂലം സൃഷ്ടിക്കപ്പെട്ടു. 2010-ല്‍ ആഗോളസാമ്പത്തിക പ്രതിസന്ധിയില്‍ അടിതെറ്റാതിരുന്ന അപൂര്‍വം രാജ്യങ്ങളില്‍ ഒന്നായി ദക്ഷിണ കൊറിയ മാറി. ഇതേവര്‍ഷം രാജ്യത്തെ സമ്പദ്ഘടന 6.2 ശതമാനം വളര്‍ച്ച കൈവരിച്ചു. സാമ്പത്തികരംഗം അഭിവൃദ്ധിപ്പെടുത്തുവാന്‍ മനഃപൂര്‍വമായ യത്നത്തിലേര്‍പ്പെട്ടിട്ടുള്ള രാജ്യമാണ് കൊറിയാ റിപ്പബ്ലിക്. കാര്‍ഷികാദായത്തിന് റിപ്പബ്ലിക്കിന്റെ സമ്പദ്ഘടനയില്‍ ഗണ്യമായ പങ്കാണുള്ളതെങ്കിലും കൃഷിയെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്നവരുടെ സംഖ്യയില്‍ സാരമായ കുറവുവരുത്തുവാന്‍ മറ്റു രംഗങ്ങളിലെ പുരോഗതിയിലൂടെ സാധ്യമായിരിക്കുന്നു. 1960-ല്‍ രാജ്യത്തെ മൊത്തം തൊഴിലാളികളില്‍ 50 ശതമാനത്തോളവും കാര്‍ഷികവൃത്തിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. കര്‍ഷകത്തൊഴിലാളികള്‍ക്കു തന്നെയാണ് ഇപ്പോഴും സംഖ്യാബലം കൂടുതലുള്ളത്. റിപ്പബ്ലിക്കിലെ പ്രവൃത്തിയെടുക്കുന്നവരില്‍ 14 ശതമാനം വ്യവസായങ്ങളിലും 10 ശതമാനം വാണിജ്യഗതാഗത രംഗങ്ങളിലും 13 ശതമാനം ഇതരസേവനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു.

കൊറിയയിലെ ഒരു ഗോതമ്പുപാടം

മുഖ്യവിള ഭക്ഷ്യധാന്യങ്ങളാണ്. നെല്ല്, ബാര്‍ലി, ചേന, ഉരുളക്കിഴങ്ങ്, കായ്കറികള്‍ തുടങ്ങിയവയാണ് പ്രധാന കാര്‍ഷികോത്പന്നങ്ങള്‍. മൊത്തം കൃഷിനിലങ്ങളില്‍ പകുതിയോളവും നെല്‍പ്പാടങ്ങളാണ്. പരുത്തി, ഹെംപ് (ചണം), മള്‍ബറി, കടുക്, പഴവര്‍ഗങ്ങള്‍ എന്നിവയും സാമാന്യമായ തോതില്‍ കൃഷിചെയ്യപ്പെടുന്നു. ആഭ്യന്തരയുദ്ധകാലത്ത് ദക്ഷിണ കൊറിയയിലെ വളര്‍ത്തുമൃഗങ്ങളില്‍ 90 ശതമാനവും ചത്തൊടുങ്ങി. 1960-ലെ കണക്കനുസരിച്ച് പത്തു ലക്ഷത്തിലേറെ ഉഴവുകാലികളും 15 ലക്ഷം പന്നികളും 250 ലക്ഷം കോഴികളും ഈ രാജ്യത്തുണ്ടായിരുന്നു.

സ്വകാര്യ-ഉടമയിലുള്ള തുണ്ടുഭൂമികളായി കിടന്നിരുന്ന കൃഷിയിടങ്ങള്‍, കാര്‍ഷികപുരോഗതിക്ക് വലുതായ പ്രതിബന്ധം സൃഷ്ടിച്ചുവെങ്കിലും നിര്‍ബന്ധിതമായ കടുംകൃഷിസമ്പ്രദായത്തിലൂടെയും കാര്‍ഷികവികസന വായ്പകളിലൂടെയും ജലസേചന പ്രവൃത്തിയിലൂടെയും സര്‍വതോന്മുഖമായ വിളവര്‍ധനവ് നേടുന്നതില്‍ കൊറിയാ റിപ്പബ്ലിക് വിജയിച്ചിരിക്കുന്നു. ചിറ നികത്തിയും ജലസേചന-നിര്‍ഗമന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചും കൃഷിനിലങ്ങളുടെ വ്യാപ്തി ഗണ്യമായി വികസിപ്പിച്ചിട്ടുണ്ട്.

തുറമുഖം-ഇഞ്ചോണ്‍
ജലഗതാഗത ടെര്‍മിനല്‍-ബുസാന്‍

കന്നുകാലികളുടെ വിനാശംമൂലം മാംസം ലഭിക്കുന്നതിലേര്‍പ്പെട്ട ദുര്‍ഭിക്ഷത, മത്സ്യബന്ധനവികസനത്തിന് പ്രോത്സാഹകമായി. മീന്‍പിടിത്തം ഒട്ടുമുക്കാലും യന്ത്രവത്കൃത ബോട്ടുകളുപയോഗിച്ചാണ് നടത്തുന്നത്. മത്സ്യസംഭരണത്തിനും സംസ്കരണത്തിനുമുള്ള ആധുനികസൗകര്യങ്ങളും മതിയായ തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ദേശീയോപഭോഗം കഴിഞ്ഞ് സാമാന്യമായ തോതില്‍ മത്സ്യോത്പന്നങ്ങള്‍ കയറ്റിയയ്ക്കാനും സാധിക്കുന്നുണ്ട്.

ഖനിജവസ്തുക്കളില്‍ മുന്തിയസ്ഥാനം ആന്‍ഥ്രസൈറ്റ് ഇനത്തില്‍പ്പെട്ട കല്‍ക്കരിക്കാണ്. ധാതുക്കളില്‍ നിന്നുള്ള ആദായത്തിന്റെ 70 ശതമാനം ഇതില്‍നിന്നാണ് ലഭിക്കുന്നത്. വന്‍തോതിലുള്ള ആഭ്യന്തരോപഭോഗം നിമിത്തം വളരെ കുറച്ചുമാത്രമേ കയറ്റുമതി ചെയ്യപ്പെടുന്നുള്ളൂ. ജലവൈദ്യുതിയുടെ ദൗര്‍ലഭ്യംമൂലം താപവൈദ്യുതി വന്‍തോതില്‍ ഉത്പാദിപ്പിക്കേണ്ടി വരുന്നതുകൊണ്ടാണ് കല്‍ക്കരി കൂടുതലായി വേണ്ടിവരുന്നത്. നാകം, വെള്ളി, ചെമ്പ്, കറുത്തീയം, ടങ്സ്റ്റണ്‍ എന്നീ ധാതുക്കളും സാമാന്യമായ തോതില്‍ ലഭിച്ചുവരുന്നു.

പ്ലൈവുഡ്, സമുദ്രോത്പന്നങ്ങള്‍, ധാതുദ്രവ്യങ്ങള്‍ തുടങ്ങിയവയാണ് പ്രധാന കയറ്റുമതിയിനങ്ങള്‍. ഭക്ഷ്യധാന്യങ്ങളുള്‍പ്പെടെയുള്ള ഉപഭോഗവസ്തുക്കള്‍, യന്ത്രങ്ങള്‍, ഔഷധങ്ങള്‍, വാഹനങ്ങള്‍, പെട്രോളിയം വസ്തുക്കള്‍ തുടങ്ങിയവ വന്‍തോതില്‍ ഇറക്കുമതി ചെയ്യപ്പെടുന്നു. വിദേശവ്യാപാരത്തില്‍ ഏറിയപങ്കും യു.എസ്സുമായാണ്; ജപ്പാന്‍, യു.കെ. എന്നീ രാജ്യങ്ങളുമായും വ്യാപാരബന്ധമുണ്ട്. കയറ്റുമതിയുടെ പതിന്മടങ്ങുവരുന്ന ഇറക്കുമതി മുഖ്യമായും വിദേശവായ്പകളിലൂടെയാണ് നിവര്‍ത്തിക്കുന്നത്.

റോബോട്ട് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിച്ചുവരുന്ന ഫാക്ടറി

പ്രധാന ഗതാഗതമാധ്യമമായ റെയില്‍വേ ഗവണ്‍മെന്റുടമയിലാണ്. കൊറിയ എക്സ്പ്രസ് കോര്‍പറേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല. മൊത്തം 4,000 കി.മീ. അതിവേഗപാതയാണുള്ളത് (2012). 2020-ഓടെ 6,160 കി.മീ. ആയി ഇത് ദീര്‍ഘിപ്പിക്കാനുള്ള ശ്രമത്തിലാണ് കോര്‍പറേഷന്‍. തലസ്ഥാനമായ സോളില്‍നിന്ന് നേരിട്ടും തീജോണ്‍, തെഗു എന്നീ നഗരങ്ങള്‍ വഴിയായും പൂസാനിലേക്കു പോകുന്ന വടക്കു-തെക്കായുള്ള രണ്ടു റെയില്‍പ്പാതകള്‍ക്കൊപ്പം പ്രാധാന്യമുള്ള മൂന്നാമത്തെ പാത തീജോണ്‍ നഗരത്തെ അതിനു തെക്കു പടിഞ്ഞാറുള്ള മോക്പോയുമായി ബന്ധിപ്പിക്കുന്നതാണ്.

ആണവനിലയം-ദക്ഷിണ കൊറിയ

വിദേശവ്യാപാരം ലാക്കാക്കി കച്ചവടക്കപ്പലുകളുടെ എണ്ണവും കേവുഭാരവും വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പൂസാന്‍, ഇഞ്ചോണ്‍, ഉള്‍സാല്‍ എന്നീ തുറമുഖങ്ങളുടെ സമഗ്രമായ വികസനവും പൂര്‍ത്തിയായിക്കഴിഞ്ഞു. സോളിനോടു തൊട്ടുള്ള ഇന്‍കിയോം അന്താരാഷ്ട്രവിമാനത്താവളം അത്യാധുനിക സൗകര്യങ്ങളുള്ളതാണ്. സ്വകാര്യ ഉടമയിലുള്ള കൊറിയന്‍ എയര്‍ലൈന്‍സ് മുഖാന്തരം ആന്തരികവും അന്താരാഷ്ട്രവുമായ അനേകം സര്‍വീസുകള്‍ നടത്തിവരുന്നു. 2007-ല്‍ 30 ദശലക്ഷം യാത്രാക്കാര്‍ വിമാനയാത്ര നടത്തിയതായി കണക്കാക്കുന്നു. നിലവില്‍ (2012) ഏഴ് ആഭ്യന്തര വിമാനത്താവളങ്ങളും അനേകം ഹെലിപ്പാഡുകളും ദക്ഷിണകൊറിയയിലുണ്ട്.

വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ വികസിച്ചിട്ടുണ്ട്. ടെലിഫോണ്‍, ടെലിഗ്രാഫ്, റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങി എല്ലാ മാധ്യമങ്ങളും പ്രസിദ്ധമാണ്.

ആണവരംഗം. ഏഷ്യയിലെ രണ്ടാമത്തേതും ആഗോളതലത്തില്‍ അഞ്ചാമത്തെതുമായ വലിയ ആണവോര്‍ജ ഉത്പാദകരാണ് ദക്ഷിണകൊറിയ. രാജ്യത്തെ ഊര്‍ജ ഉപഭോഗത്തിന്റെ 45 ശതമാനവും ആണവോര്‍ജമാണ്. അറബ് രാജ്യങ്ങള്‍, ജ്വോര്‍ദാന്‍, അര്‍ജന്റീന, തുര്‍ക്കി തുടങ്ങിയ രാഷ്ട്രങ്ങളുമായി ആണവോര്‍ജ സഹകരണരംഗത്ത് ദക്ഷിണകൊറിയ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ ആണവനിലയങ്ങള്‍ സ്ഥാപിക്കുന്നതിന് ദക്ഷിണകൊറിയ വലിയ പങ്കുവഹിക്കുന്നു. അതേസമയം അമേരിക്കയുടെ വലിയ സമ്മര്‍ദത്തെത്തുടര്‍ന്ന് യുറേനിയം സമ്പുഷ്ടീകരണം ഇവിടെ അനുവദിക്കപ്പെട്ടിട്ടില്ല. ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ളതില്‍ കവിഞ്ഞുള്ള ആണവ ഉത്പാദനത്തെയും ആണവമേഖല ആകെത്തന്നെയും അന്താരാഷ്ട്ര സമിതികളുടെ നിരീക്ഷണത്തിലാണ്.

ഉത്തര കൊറിയ

തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കുന്ന സമ്പദ്ഘടനയാണ് ഉത്തരകൊറിയയുടേത്. വ്യവസായങ്ങളുടെ ആധുനീകരണം നടപ്പാക്കാത്തതും സൈനികശേഷി വര്‍ധിപ്പിച്ചതും കൂട്ടുകൃഷിയില്‍ അമിതവിശ്വാസമര്‍പ്പിച്ചതും ആണവായുധ വികസനത്തിന് വന്‍തുക മുടക്കിയതുമെല്ലാം ഇതിന് കാരണമായിട്ടുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളാണ് ഉപഭോഗസാമഗ്രികള്‍ മിക്കതും നിര്‍മിക്കുന്നത്. യന്ത്രനിര്‍മാണം, ആയുധനിര്‍മാണം, രാസപദാര്‍ഥങ്ങളുടെ ഉത്പാദനം, തുണിത്തരങ്ങളുടെ ഉത്പാദനം, ഭക്ഷ്യസംസ്കരണം മുതലായവയാണ് രാജ്യത്തെ പ്രധാന വ്യവസായങ്ങള്‍. ഉത്തരകൊറിയയുടെ പ്രധാന ഇറക്കുമതി രാജ്യങ്ങളാണ് ചൈന, ദക്ഷിണകൊറിയ, റഷ്യ, തായ് ലാന്‍ഡ് മുതലായവ. പ്രധാന ഇറക്കുമതി സാധനങ്ങളാണ് പെട്രോളിയം, കല്‍ക്കരി, യന്ത്രസാമഗ്രികള്‍, തുണിത്തരങ്ങള്‍, ധാന്യങ്ങള്‍ മുതലായവ. ഈ രാജ്യത്തിന്റെ പ്രധാന കയറ്റുമതി രാജ്യങ്ങളാണ് ചൈന, ദക്ഷിണകൊറിയ, തായ് ലാന്‍ഡ്, ജപ്പാന്‍ മുതലായവ. ഉത്തരകൊറിയയില്‍നിന്നും കയറ്റുമതി ചെയ്യുന്ന സാധനങ്ങളാണ് ധാതുക്കള്‍, ലോഹസാധനങ്ങള്‍, ആയുധങ്ങള്‍, കാര്‍ഷികോത്പന്നങ്ങള്‍, മത്സ്യം മുതലായവ.

നെല്ല്, ഉരുളക്കിഴങ്ങ്, ചോളം, കാബേജ്, ആപ്പിള്‍, സോയാബീന്‍, പയര്‍ വര്‍ഗങ്ങള്‍, മധുരക്കിഴങ്ങ്, മറ്റ് പച്ചക്കറികള്‍ എന്നിവ ഉത്തരകൊറിയയില്‍ കൃഷി ചെയ്തു വരുന്നു. പന്നി, കോഴി, മുയല്‍, കുതിര, ചെമ്മരിയാട്, ആട് മുതലായവയും ഇവിടെ വളര്‍ത്തുന്നുണ്ട്. മത്സ്യബന്ധനവും ഈ രാജ്യത്തിന്റെ ഒരു പ്രധാന വരുമാനമാര്‍ഗമാണ്. മത്സ്യബന്ധനത്തിലൂടെ ലഭ്യമാകുന്ന മത്സ്യമാണ് പ്രധാനമായും ആഭ്യന്തര ഉപയോഗത്തിനും കയറ്റുമതിക്കുമായി ഉപയോഗിക്കുന്നത്. ശുദ്ധജലാശയങ്ങളില്‍നിന്നും സമുദ്രങ്ങളില്‍നിന്നും പ്രതിവര്‍ഷം 2,00,000-ത്തോളം ടണ്‍ മത്സ്യബന്ധനം ഈ രാജ്യത്ത് നടക്കുന്നുണ്ട്. ഇവ കൂടാതെ മത്സ്യക്കൃഷിയിലൂടെ 63,700 ടണ്‍ മത്സ്യവും പ്രതിവര്‍ഷം ഉത്തര കൊറിയയില്‍ ഉത്പാദിപ്പിക്കുന്നു.

മെട്രോ റെയില്‍വെ സ്റ്റേഷന്‍-ഉത്തരകൊറിയ

കല്‍ക്കരിയില്‍നിന്നും ജലവൈദ്യുതിയില്‍നിന്നുമുള്ള ഊര്‍ജമാണ് പ്രധാനമായും ഉത്തരകൊറിയയില്‍ ഉപയോഗിക്കുന്നത്. ജലവൈദ്യുതി നിലയങ്ങളില്‍നിന്നും 69 ശതമാനം വൈദ്യുതിയും കല്‍ക്കരി താപനിലയങ്ങളില്‍ നിന്നും 31 ശതമാനം വൈദ്യുതിയുമാണ് ഈ രാജ്യത്ത് ഉത്പാദിപ്പിക്കുന്നത്. ഉത്തരകൊറിയയിലെ പ്രാഥമിക ഊര്‍ജ ഉപഭോഗത്തിനായി ഉപയോഗിക്കുന്ന പെട്രോളിയം ഉത്പന്നങ്ങള്‍ ഏകദേശം 6 ശതമാനം മാത്രമാണ്. പടിഞ്ഞാറന്‍ കൊറിയന്‍ ഉള്‍ക്കടലില്‍ പെട്രോളിയത്തിന്റെ ശേഖരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തിലുള്ള ഇവയുടെ ഖനനം ചെലവേറിയതിനാല്‍ ഈ പദ്ധതികള്‍ നടപ്പിലാക്കപ്പെട്ടിട്ടില്ല. ചൈനയുടെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന റ്റുമാന്‍ നദീതീരത്തെ റ്റാക്കോണ്‍-നാജിന്‍ (Tachon- Nagin) പ്രദേശങ്ങളിലും പെട്രോളിയത്തിന്റെയും പ്രകൃതിവാതകത്തിന്റെയും നിക്ഷേപങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉത്തരകൊറിയയിലെ ആണവോര്‍ജ ഉത്പാദനം അന്താരാഷ്ട്ര രാഷ്ട്രീയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഉത്തരകൊറിയയുടെ ആണവ പദ്ധതികള്‍ക്കെതിരെ അമേരിക്കയും മറ്റ് പല രാജ്യങ്ങളും അതിശക്തമായ നിലപാടാണ് എടുത്തിട്ടുള്ളത്.

റെയില്‍വേയാണ് ഈ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാര്‍ഗം. എല്ലാ പ്രധാന നഗരങ്ങളെയും തമ്മില്‍ യോജിപ്പിച്ചുകൊണ്ടുള്ള റെയില്‍ ഗതാഗത മാര്‍ഗത്തിലൂടെ ഏകദേശം 70 ശതമാനം സാധനങ്ങളും 80 ശതമാനം യാത്രക്കാരും സഞ്ചരിക്കുന്നു. റോഡ് ഗതാഗതത്തിലൂടെ സാധനങ്ങളുടെ കൈമാറ്റം വെറും 12 ശതമാനവും ജലഗതാഗതത്തിലൂടെ 2 ശതമാനവുമാണ്. വ്യോമഗതാഗതം ഉത്തരകൊറിയയില്‍ താരതമ്യേന കുറച്ച് മാത്രമാണുള്ളത്. ഏകദേശം 2250 കി.മീ. നീളമുള്ള ഉള്‍നാടന്‍ ജലഗതാഗതവും ഈ രാജ്യത്തിലുണ്ട്. അംനോക്, റ്റുമാന്‍, റ്റേഡോങ് എന്നീ നദികളിലാണ് ജലഗതാഗതസൗകര്യങ്ങളുള്ളത്. ഏകദേശം 154 കി.മീ. നീളമുള്ള പൈപ്പ്ലൈന്‍ ഗതാഗതവും ഉത്തരകൊറിയയിലുണ്ട്.

(എന്‍.ജെ.കെ. നായര്‍)

ചരിത്രം

ഏകദേശം 30,000 വര്‍ഷങ്ങള്‍ക്കു മുമ്പായിരിക്കണം ഇന്നത്തെ കൊറിയക്കാരുടെ പൂര്‍വികര്‍ കൊറിയയില്‍ കുടിയേറിപ്പാര്‍ത്തതെന്നു വിശ്വസിക്കപ്പെടുന്നു. എവിടെ നിന്നാണിവര്‍ കൊറിയയില്‍ വന്നുചേര്‍ന്നതെന്നതിനെക്കുറിച്ച് ആധികാരികമായ രേഖകളൊന്നും ലഭ്യമല്ല. എന്നാല്‍ കൊറിയയില്‍ വളരെ പ്രചാരത്തിലുള്ള ഒരു ഐതിഹ്യം ആദ്യകാലചരിത്രത്തിലേക്ക് വെളിച്ചം വീശാന്‍ സഹായകമാണ്. ഇതനുസരിച്ച് വായുരൂപത്തില്‍ സ്വര്‍ഗത്തില്‍നിന്നും ഭൂമിയില്‍ വന്നിറങ്ങിയ ഒരു ദേവന് മനുഷ്യസ്ത്രീയിലുണ്ടായ പുത്രന്‍ തദ്ഗുണനാണ് കാടന്മാരായിരുന്ന കൊറിയയിലെ മനുഷ്യരെ പരിഷ്കാരം അഭ്യസിപ്പിച്ചതും രാജവംശം സ്ഥാപിച്ചതും. തദ്ഗുണന്റേതാണെന്നു കരുതപ്പെടുന്ന ബലിപീഠവും ശവകുടീരവും ഇന്നും കൊറിയയിലുണ്ട്. ഇദ്ദേഹത്തിന്റെ വംശം ബി.സി. 2333 മുതല്‍ ബി.സി. 1122 വരെ ഭരിച്ചതായാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ കൊറിയയുടെ യഥാര്‍ഥ ചരിത്രം ആരംഭിക്കുന്നത് ബി.സി. 1122-ല്‍ ആണെന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം. ചൈനയിലെ ഷാങ് രാജവംശത്തിന്റെ കീഴില്‍ ഒരുയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന കിജാ ബി.സി. 1122-ല്‍ കുറേ അനുയായികളോടുകൂടി കൊറിയയില്‍ വരികയും ഒരു രാജവംശം സ്ഥാപിക്കുകയും ചെയ്തതായി ചൈനീസ് ചരിത്രരേഖകള്‍ പറയുന്നു. സൂര്യന്‍ ഉദിക്കുന്ന കിഴക്കുദിക്കിനെ ലക്ഷ്യമാക്കിയായിരുന്നു കിജാവിന്റെ യാത്ര. ഇദ്ദേഹമായിരുന്നു 'പ്രഭാതശാന്തിയുടെ നാട്' എന്നര്‍ഥം വരുന്ന 'ചോസന്‍' എന്ന പേര് കൊറിയാ രാജ്യത്തിനു നല്കിയത്. ലോകത്തിന്റെ കിഴക്കേ അറ്റത്തെത്തി എന്ന വിശ്വാസത്തിലാണ് ഈ പേര് ഇദ്ദേഹം കൊറിയയ്ക്കു നല്കിയതെന്ന് അനുമാനിക്കപ്പെടുന്നു. ചൈനയില്‍ നിലവിലുണ്ടായിരുന്ന കലകളും പട്ടുനിര്‍മാണവും കിജാ പുതിയ രാജ്യത്തില്‍ നടപ്പിലാക്കി. ഏകദേശം ആയിരം വര്‍ഷങ്ങളോളം കിജായുടെ പിന്‍ഗാമികള്‍ ഇവിടം ഭരിച്ചു. ഈ കാലഘട്ടത്തില്‍ ചൈനയില്‍നിന്നും വളരെയധികം ആളുകള്‍ കൊറിയയില്‍ വരികയും അവിടെ പാര്‍പ്പുറപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു.

വലിയൊരു സംഘം ജനങ്ങള്‍ ചൈനയില്‍നിന്നും കൊറിയയില്‍ കുടിയേറിപ്പാര്‍ത്തത്, അശോകന്റെ സമകാലികന്‍ ആയിരുന്ന ഷിഹ്വാങ്തീ ചൈനയില്‍ ചക്രവര്‍ത്തിയായിരുന്ന കാലത്താണ് ഷിഹ് വാങ്തീയുടെ മര്‍ദനഭരണം സഹിക്കാനാവാതെ വന്നപ്പോഴാണ് അവര്‍ അങ്ങനെ ചെയ്തത്. ചൈനയില്‍നിന്നും വന്ന ഈ വലിയ സംഘം കിജാവിന്റെ നേതൃത്വത്തില്‍ ആദ്യം വന്നവരെ ആട്ടിയോടിക്കുകയും കൊറിയയില്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. അവര്‍ ഒന്നായിരുന്ന കൊറിയയെ അനേകം സംസ്ഥാനങ്ങളായി വിഭജിക്കുകയും അത് കൊറിയയില്‍ അരാജകത്വത്തിന്റെ വിത്തുകള്‍ വിതറുന്നതിന് കാരണമായിത്തീരുകയും ചെയ്തു. സംസ്ഥാനങ്ങള്‍ തമ്മില്‍ പലപ്പോഴും കലഹിക്കുകയും യുദ്ധങ്ങള്‍ സാധാരണ സംഭവങ്ങളായി മാറുകയും ചെയ്തു. ഒരു ഘട്ടത്തില്‍ ഒരു സംസ്ഥാനം ചൈനയുടെ സഹായം അഭ്യര്‍ഥിച്ചപ്പോള്‍ സഹായിക്കുന്നതിനുവേണ്ടി പോയ ചൈന പിന്നെ കൊറിയ വിട്ടുപോകാന്‍ തയ്യാറായില്ല. ഒടുവില്‍ ചോസന്റെ ഒരു ഭാഗം ചൈനയോടു ചേര്‍ക്കപ്പെട്ടു. ശേഷിച്ച ഭാഗങ്ങളും വളരെക്കാലം ചൈനയിലെ ചക്രവര്‍ത്തിമാരുടെ ആധിപത്യത്തിന്‍ കീഴിലായിരുന്നു.

ആരുടെ മുമ്പിലും തോല്‍വി സമ്മതിക്കുന്ന പ്രകൃതക്കാരല്ലായിരുന്നു കൊറിയക്കാര്‍. ക്രമേണ അവര്‍ ശക്തിയാര്‍ജിക്കുകയും ലോലാങ് എന്ന പ്രദേശമൊഴികെയുള്ള എല്ലാ സ്ഥലങ്ങളും ചൈനക്കാരില്‍നിന്നും പിടിച്ചെടുക്കുകയും ചെയ്തു. ലോലാങ് ചൈനക്കാരുടെ ആധിപത്യത്തിന്‍ കീഴില്‍ത്തന്നെ തുടര്‍ന്നു. നൂറാമാണ്ട് വ്യത്യസ്ത താത്പര്യങ്ങള്‍ വച്ചുപുലര്‍ത്തിയിരുന്ന ചില കൊറിയന്‍വര്‍ഗക്കാര്‍ ഒന്നിച്ചു ചേരുകയും കോശുര്യോ എന്ന പേരില്‍ ഒരു രാജ്യം കൊറിയയുടെ ഒരു ഭാഗത്തായി സ്ഥാപിക്കുകയും ചെയ്തു. ഇരുനൂറ് ആയപ്പോഴേക്കും മറ്റു രണ്ടു വര്‍ഗങ്ങളുടെ നേതൃത്വത്തില്‍ രണ്ടു രാജ്യങ്ങള്‍കൂടി കൊറിയയില്‍ സ്ഥാപിക്കപ്പെട്ടു. തെക്കുപടിഞ്ഞാറന്‍ കൊറിയയിലെ പീക്ചിയും തെക്കുകിഴക്കന്‍ കൊറിയയിലെ സില്ലായും. 313-ല്‍ കോശുര്യോ രാജ്യം ചൈനക്കാരില്‍നിന്നും ലോലാങ് പിടിച്ചെടുത്തു. അതോടുകൂടി കൊറിയയുടെ പകുതിയോളം പ്രദേശങ്ങള്‍ കോശുര്യോ രാജ്യത്തിന്റെ നിയന്ത്രണത്തിന്‍ കീഴിലായി. ഈ കാലഘട്ടത്തില്‍ കൊറിയക്കാര്‍ ചൈനക്കാരില്‍നിന്നും ബുദ്ധമതത്തെപ്പറ്റി മനസ്സിലാക്കുകയും ക്രമേണ കോശുര്യോവിലും പീക്ചിയിലും സില്ലായിലും അത് പ്രധാനപ്പെട്ട മതമായി മാറുകയും ചെയ്തു.

660-ല്‍ സില്ലാ രാജ്യം പീക്ചിയെയും കോശുര്യോവിനെയും ആക്രമിച്ചു കീഴടക്കുകയും കൊറിയയില്‍ പൂര്‍ണമായ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. സില്ലാരാജ്യത്തിന്റെ നേതൃത്വത്തിലുള്ള ഭരണം കൊറിയയെ സംബന്ധിച്ചിടത്തോളം വളര്‍ച്ചയുടെ കാലമായിരുന്നു. കൊറിയന്‍ കലകളും വിദ്യാഭ്യാസവും പുരോഗതി പ്രാപിച്ചു. സില്ലായുടെ ഭരണാധികാരികള്‍ ചൈനയുമായി വളരെ അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നത് കൊറിയയുടെ സാമ്പത്തിക സാംസ്കാരിക പുരോഗതിക്കു കാരണമായി. കണ്‍ഫ്യൂഷ്യന്‍ തത്ത്വചിന്ത ഈ കാലഘട്ടത്തില്‍ സില്ലായില്‍ പ്രചരിക്കുകയും അത് കൊറിയക്കാരുടെ ചിന്താഗതിയിലും പെരുമാറ്റത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. സില്ലായുടെ നേതൃത്വത്തില്‍ കൊറിയയില്‍ ആരംഭിച്ച ഈ സുവര്‍ണകാലം പൂര്‍ണത പ്രാപിക്കുന്നതിനു മുമ്പായി, ആ രാജ്യം ആഭ്യന്തരകലഹത്തിന്റെ പിടിയിലമര്‍ന്നു. അതിനവസാനം വന്നത് 936 ആയതോടെയാണ്. വാങ്ഗണ്‍ എന്ന ഒരു ജനറല്‍ ആഭ്യന്തരകലഹംമൂലം ഭിന്നിച്ചുനിന്ന സില്ലായെ ഒരുമിച്ചു ചേര്‍ക്കുകയും പുതിയ രാജ്യത്തിന് 'കൊറിയോ' എന്ന പേരു നല്കുകയും ചെയ്തു. കൊറിയ എന്ന പേര് 'കൊറിയോ' എന്ന പേരില്‍ നിന്നുമാണ് ഉദ്ഭവിച്ചത്. ഏകീകൃതവും സ്വതന്ത്രവുമായ ഒരു കൊറിയ സ്ഥാപിച്ചതാണ് വാങ്ഗണിന്റെ ഏറ്റവും വലിയ സംഭാവന.

കൊറിയോയിലെ ഗവണ്‍മെന്റ് അവിടത്തെ ജനങ്ങളെ വിദ്യാഭ്യാസമുള്ളവരാക്കിത്തീര്‍ക്കുന്നതിലേക്കായി വളരെയധികം സ്കൂളുകള്‍ ആരംഭിച്ചു. കൂടാതെ ഒരു പുതിയ വിദ്യാഭ്യാസസമ്പ്രദായം അവര്‍ ആവിഷ്കരിക്കുകയും അത് ജനങ്ങളെ പ്രബുദ്ധരാക്കി മാറ്റുകയും ചെയ്തു. കൂടുതല്‍ ആളുകള്‍ക്ക് വായിക്കുന്നതിനും പഠിക്കുന്നതിനും പുസ്തകങ്ങള്‍ എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി അവര്‍ അച്ചടിവിദ്യയെ പ്രോത്സാഹിപ്പിച്ചു. 1234-ല്‍ ആണ് കൊറിയക്കാര്‍ ആധുനികരീതിയിലുള്ള അച്ചടിവിദ്യ കണ്ടുപിടിക്കുകയും ഉപയോഗത്തില്‍ കൊണ്ടുവരികയും ചെയ്തത്.

പതിമൂന്നാം ശതകത്തിന്റെ ആരംഭം മുതല്‍ കൊറിയോയെ മംഗോളിയന്‍ വര്‍ഗക്കാര്‍ ഇടവിട്ട് ആക്രമിച്ചുപോന്നു. 1259-ല്‍ മംഗോളിയര്‍ കൊറിയോയെ പൂര്‍ണമായി അവരുടെ ഭരണത്തിന്‍കീഴില്‍ കൊണ്ടുവന്നു. സാമൂഹിക-സാംസ്കാരിക-സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങളൊന്നും തന്നെ മംഗോളിയരുടെ ഭരണത്തിന്‍കീഴില്‍ കൊറിയോയിലുണ്ടായില്ല. 1368-ല്‍ കൊറിയോയ്ക്ക് മംഗോളിയരില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ചു. അതോടെ രണ്ടു വിഭാഗങ്ങള്‍ അധികാരത്തിനുവേണ്ടി യുദ്ധം ചെയ്യുകയും അത് 1388 വരെ തുടരുകയും ചെയ്തു. 1388-ല്‍ യീസൊങ്കീ എന്ന ഒരു പട്ടാള ഉദ്യോഗസ്ഥന്‍ ഒരു വിഭാഗത്തെ വിജയത്തിലെത്തിക്കുകയും 1392-ല്‍ കൊറിയോയിലെ രാജാവായിത്തീരുകയുമുണ്ടായി.

കൊറിയയുടെ ചരിത്രകാലം മുതല്‍ യീസൊങ്കീ രാജാവാകുന്നതുവരെയുള്ള കൊറിയയുടെ സാംസ്കാരിക ചരിത്രം പരിശോധിച്ചാല്‍, ആ രാജ്യം ചൈനയോടു വളരെയധികം കടപ്പെട്ടിരിക്കുന്നതായി മനസ്സിലാക്കാന്‍ കഴിയും. എഴുത്തുവിദ്യ അവര്‍ അഭ്യസിച്ചത് ചൈനയില്‍നിന്നാണ്. ചൈനയുടെ ചിത്രലിപികളാണ് എഴുത്തിനായി കൊറിയ ഉപയോഗിച്ചിരുന്നത്. ബുദ്ധമതവും ഇന്ത്യയിലെ കലകളും കൊറിയയില്‍ എത്തിച്ചേര്‍ന്നതും ചൈനയില്‍ക്കൂടിയാണ്. കണ്‍ഫ്യൂഷ്യസിന്റെ തത്ത്വശാസ്ത്രവും ഈ കാലഘട്ടത്തില്‍ ചൈനയില്‍നിന്നും കൊറിയയില്‍ പ്രചരിക്കുകയുണ്ടായി.

നവയുഗം-യീ രാജവംശം

1392-ല്‍ കൊറിയയില്‍ ഒരു നവയുഗമാരംഭിച്ചു. യീ സൊങ്കീ സ്ഥാപിച്ച യീ രാജവംശമാണ് അതിന് നേതൃത്വം നല്കിയത്. ഈ രാജവംശത്തിന്റെ നേതൃത്വത്തിലുള്ള ഭരണം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംവരെ തുടര്‍ന്നു. 'ചോസന്‍' എന്ന പഴയ പേര് കൊറിയയ്ക്ക് യീ സൊങ്കീ വീണ്ടും നല്കി. 1940 വരെ കൊറിയക്കാര്‍ അവരുടെ രാജ്യത്തെ ഈ പേരുപയോഗിച്ചു വിളിച്ചു. യീ സൊങ്കീ അധികാരമേറ്റതോടെ ബുദ്ധമതത്തിന് ഗവണ്‍മെന്റ് നല്കിപ്പോന്ന പ്രോത്സാഹനം പിന്‍വലിക്കുകയും അത് കൊറിയയില്‍ ബുദ്ധമതത്തിന്റെ അധഃപതനത്തിനു കാരണമാവുകയും ചെയ്തു. കൊറിയയുടെ സാംസ്കാരിക നവോത്ഥാനം ആരംഭിച്ചതും യീ രാജവംശഭരണത്തിന്റെ ആദ്യനൂറ്റാണ്ടുകളിലാണ്. ചൈനയുടെ സ്വാധീനവലയത്തില്‍നിന്നു മോചനം ലഭിക്കുന്നതിനുവേണ്ടി ഇരുപത്തിയാറു ലിപികളുള്ള ഒരു അക്ഷരമാല അവര്‍ നടപ്പാക്കി. ഈ അക്ഷരങ്ങളുടെ ഉച്ചാരണലാളിത്യം കാരണം ഏതു കൊറിയക്കാരനും ഒരു മാസത്തില്‍ ചുരുങ്ങിയ കാലയളവിനുള്ളില്‍ അയാളുടെ ഭാഷ പഠിക്കാന്‍ കഴിയുമായിരുന്നു. ഉന്നത നിലവാരമുള്ള ഗണിതശാസ്ത്രസംബന്ധമായ ഉപകരണങ്ങള്‍ അവരുടെ കാലത്ത് കൊറിയയില്‍ ഉപയോഗത്തില്‍ വന്നു. സമ്പൂര്‍ണമെന്ന് അവകാശപ്പെടാവുന്ന ഒരു സാഹിത്യസമുച്ചയം പ്രസിദ്ധീകരിക്കപ്പെട്ടതും അവരുടെ കാലത്തുതന്നെ. ഇത്തരത്തില്‍ നോക്കുമ്പോള്‍ കൊറിയയുടെ ചരിത്രത്തിലെ സുവര്‍ണകാലമായിരുന്നു ഇത്.

പതിനാറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അധികാരത്തിനു വേണ്ടി ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാരും ഭൂവുടമകളും ചേര്‍ന്ന് യീ ഗവണ്‍മെന്റിനെതിരായി നടത്തിയ ലഹള കൊറിയയെ കുറെയേറെ തളര്‍ത്തി. ഈ അവസ്ഥയില്‍നിന്ന് കരകയറുന്നതിനു മുമ്പായി, 1592-ല്‍ ജപ്പാന്റെ ചക്രവര്‍ത്തിയായിരുന്ന ഹിദെയോഷി മൂന്നുലക്ഷം ഭടന്മാരോടുകൂടി കൊറിയയെ ആക്രമിച്ചു. കൊറിയക്കാരെ പൂര്‍ണമായും നശിപ്പിക്കുന്നതിന് ശക്തിയുള്ള ഒരു തരം തോക്കുകള്‍ ജപ്പാന്‍കാര്‍ക്കുണ്ടായിരുന്നുവെങ്കിലും, അവര്‍ക്ക് കൊറിയക്കാരെ അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ല. വലിയൊരു യുദ്ധത്തിനുശേഷം ജപ്പാന്‍കാരെ കൊറിയക്കാര്‍ ആട്ടിയോടിച്ചു. ജപ്പാനുമായുള്ള ശത്രുത വര്‍ധിക്കുന്നതിനും അത് തുടര്‍ന്ന് നിലനില്‍ക്കുന്നതിനും ഈ യുദ്ധം കാരണമായി. 1627-ല്‍ ചൈനയിലെ മഞ്ചുരാജവംശം കൊറിയയെ കീഴടക്കി. എന്നാല്‍ താമസിയാതെ അവര്‍ കൊറിയയെ വിട്ടൊഴിഞ്ഞു പോവുകയും യീ രാജവംശത്തില്‍പ്പെട്ടവര്‍ രാജാക്കന്മാരായി തുടരുകയും ചെയ്തു.

ചൈനക്കാര്‍ക്കല്ലാതെ മറ്റു രാജ്യക്കാര്‍ക്കും 16-ാം നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ 18-ാം നൂറ്റാണ്ടിന്റെ അവസാനം വരെ കൊറിയയില്‍ പ്രവേശനമില്ലായിരുന്നു. മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി ഒറ്റപ്പെട്ടുനില്‍ക്കുകയെന്ന ഒരു രാഷ്ട്രീയനയമായിരുന്നു ആ കാലഘട്ടത്തില്‍ കൊറിയ ഭരിച്ചിരുന്ന രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നത്. ഈ നയത്തിന് 19-ാം ശതകത്തിന്റെ ആരംഭത്തില്‍ പ്രകടമായ മാറ്റമുണ്ടായി. വളരെയധികം കത്തോലിക്കാമിഷനറിമാര്‍ ഈ സമയത്ത് കൊറിയയില്‍ പ്രവേശിക്കുകയും ഒട്ടേറെ കൊറിയക്കാരെ ക്രിസ്ത്യാനികളാക്കി മാറ്റുകയും ചെയ്തു. നിലനില്ക്കുന്ന ആചാരങ്ങള്‍ക്കും വിശ്വാസസംഹിതകള്‍ക്കും ഈ മതപരിവര്‍ത്തനം എതിരാണെന്നു വ്യാഖ്യാനിച്ച കൊറിയന്‍ ഗവണ്‍മെന്റ് മിഷനറിമാരെ പീഡിപ്പിക്കുകയും ക്രിസ്ത്യാനികളായിത്തീര്‍ന്ന നിരവധി കൊറിയക്കാരെ കൊല്ലുകയുമുണ്ടായി. ഈ സംഭവം യൂറോപ്യന്‍ രാജ്യങ്ങളെയും അമേരിക്കയെയും കൊറിയയുടെ ശത്രുക്കളാക്കി മാറ്റി.

ഇംജിന്‍ നദിയിലെ ഒരു ഫെറി സ്ര‍സീസ്(1889)

1870 ആയപ്പോഴേക്കും യൂറോപ്പില്‍ ദേശീയതയ്ക്കും സ്വാതന്ത്ര്യചിന്തയ്ക്കും വളരെ പ്രചാരം ലഭിച്ചുകഴിഞ്ഞിരുന്നു. അതിന്റെ ഫലമായി ശക്തമായ പുതിയ രാജ്യങ്ങള്‍ യൂറോപ്പില്‍ ഉദയം ചെയ്തപ്പോള്‍ ഏഷ്യയിലും ചില രാജ്യങ്ങള്‍ ഉണര്‍ന്നെഴുന്നേല്ക്കാതിരുന്നില്ല. അവയില്‍ മുമ്പില്‍ നിന്നത് ജപ്പാന്‍ ആണ്. 1876-ല്‍ ജപ്പാന്‍ തന്റെ ശക്തി കൊറിയയുടെ മേല്‍ പ്രയോഗിക്കുകയും കുറേ തുറമുഖങ്ങള്‍ കച്ചവടത്തിനായി തുറന്നുകൊടുപ്പിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് അമേരിക്കയും റഷ്യയും ചില യൂറോപ്യന്‍ രാജ്യങ്ങളും കൊറിയയുമായി വ്യാപാര ഉടമ്പടികള്‍ ഉണ്ടാക്കി. 1894-95-ല്‍ ജപ്പാന്‍ ചൈനയെ യുദ്ധത്തില്‍ തോല്പിച്ച് ഏഷ്യയിലെ ഏറ്റവും വലിയ ശക്തിയായി മാറി. അതോടെ ചരിത്രാരംഭം മുതല്‍ ചൈനയ്ക്ക് കൊറിയയുടെ മേല്‍ ഉണ്ടായിരുന്ന സ്വാധീനത ഇല്ലാതാവുകയും ജപ്പാന്റെ സ്വാധീനത ഒരു നിര്‍ണായക ഘടകമായി മാറുകയും ചെയ്തു.

ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കുന്നതിനായുള്ള അടിസ്ഥാനം എന്ന നിലയിലാണ് കൊറിയയെ ജപ്പാന്‍ വീക്ഷിച്ചത്. അതുകൊണ്ട് വേറെ ഏതെങ്കിലും രാജ്യം കൊറിയയില്‍ പ്രവേശിക്കുന്നത് ജപ്പാന് ഇഷ്ടമായിരുന്നില്ല. 1904-ല്‍ റഷ്യ ദക്ഷിണകൊറിയയിലെ മാസനില്‍ നാവികത്താവളമുണ്ടാക്കിയത് ജപ്പാനെ പ്രകോപിപ്പിക്കുകയും ഇത് റഷ്യ-ജപ്പാന്‍ യുദ്ധത്തിന് കാരണമാവുകയും ചെയ്തു. ഈ യുദ്ധത്തില്‍ റഷ്യയ്ക്കുണ്ടായ പരാജയം, ജപ്പാനെ കൊറിയയിലും ഏഷ്യാഭൂഖണ്ഡത്തിലും ഏറ്റവും ശക്തമായ രാജ്യമാക്കി മാറ്റി. അതുകൊണ്ടുതന്നെ 1905-ല്‍ കൊറിയ ജപ്പാന്റെ ഒരു സംരക്ഷിതപ്രദേശമായി മാറിയപ്പോള്‍ ഒരു രാജ്യവും അത് എതിര്‍ക്കാനുണ്ടായിരുന്നില്ല. അതോടെ കൊറിയയുടെ വിദേശനയം നിയന്ത്രിക്കുന്ന ചുമതല ജപ്പാന്‍ ഏറ്റെടുക്കുകയും ഒരു റെസിഡന്റ് ജനറലിനെ സോളില്‍ നിയന്ത്രിക്കുകയും ചെയ്തു. ജപ്പാന്‍ കൊറിയയുടെ മേലുള്ള തന്റെ അധികാരം 1907-ല്‍ കുറേക്കൂടി ഉറപ്പിച്ചു. രാഷ്ട്രത്തെ വിദേശാധിപത്യത്തില്‍ നിന്നു രക്ഷികക്കുന്നതിലേക്കുവേണ്ടി അമേരിക്കയെയും ഹെയ്ഗ് സമാധാന കോണ്‍ഫറന്‍സിനെയും സമീപിച്ച കൊറിയന്‍ ചക്രവര്‍ത്തിയെ ജപ്പാന്‍ സ്ഥാനഭ്രഷ്ടനാക്കുകയും കഴിവില്ലാത്ത അദ്ദേഹത്തിന്റെ പുത്രനെ തത്സ്ഥാനത്തു കൊണ്ടുവരികയും ചെയ്തു. 1910-ല്‍ ഒരു ഉടമ്പടി കൊറിയയുടെ മേല്‍ അടിച്ചേല്പിക്കുകയും അതനുസരിച്ച് കൊറിയ ജപ്പാന്റെ ഒരു കോളനിയായി മാറുകയുമുണ്ടായി.

ജപ്പാന്‍ ഭരണം

(1910-45)

മുപ്പത്തിയഞ്ചു വര്‍ഷക്കാലം ജപ്പാന്‍കാര്‍ കൊറിയയില്‍ ഭരണം നടത്തി. ഈ കാലഘട്ടത്തില്‍ കൊറിയയിലെ ജനങ്ങളുടെ സാമൂഹിക സാംസ്കാരിക സാമ്പത്തിക നിലവാരം കാര്യമായി മെച്ചപ്പെടുകയും വളരെയധികം മാറ്റങ്ങള്‍ വിവിധരംഗങ്ങളില്‍ ഉണ്ടാവുകയും ചെയ്തു. ഇത് കൊറിയക്കാരെ പ്രബുദ്ധരാക്കുന്നതിന് വളരെയധികം സഹായിച്ചു. ജപ്പാന്‍കാര്‍ കൊറിയയ്ക്ക് നല്കിയ സംഭാവനകളില്‍ ഏറ്റവും മുമ്പില്‍ നില്ക്കുന്നത് വലിയ വ്യവസായ യൂണിറ്റുകള്‍, റെയില്‍ ഗതാഗതം, വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ തുടങ്ങിയവ സ്ഥാപിച്ചതാണ്. ഇവ ആധുനിക കൊറിയയ്ക്ക് അടിസ്ഥാനമിട്ടു. തിളങ്ങുന്ന ഈ വശത്തിന് കറുത്ത മറ്റൊരു വശമുണ്ട്. കൊറിയക്കാരെക്കൊണ്ട് ബലാത്കാരമായി ജോലിചെയ്യിച്ചിട്ടാണ് വളരെയധികം പുതിയ റോഡുകള്‍ ജപ്പാന്‍കാര്‍ കൊറിയയില്‍ നിര്‍മിച്ചത്. കൊറിയക്കാരുടെ ഭൂമി ഉള്‍പ്പെടെയുള്ള സ്വത്തുക്കള്‍ ജപ്പാന്‍കാര്‍ അവരുടെ അധീനതയിലാക്കുകയും ജപ്പാനില്‍ നിന്നുള്ള ജനങ്ങള്‍ കൊറിയയില്‍ താമസിക്കുന്നതിനുവേണ്ട പ്രോത്സാഹനം നല്കുകയും ചെയ്തു. എന്നാല്‍ നല്ല സ്ഥിതിയില്‍ കഴിഞ്ഞുപോന്ന ജപ്പാന്‍കാര്‍ കൊറിയയില്‍വന്നു ജീവിക്കാന്‍ സന്നദ്ധരായില്ല. ഉയര്‍ന്ന നികുതിയും ഉയര്‍ന്ന ജീവിതനിലവാരവും ജപ്പാന്‍കാര്‍ കൊറിയക്കാര്‍ക്ക് നല്കിയത് അവരെ സാമ്പത്തികപ്രതിസന്ധിയില്‍ കൊണ്ടുചെന്നെത്തിച്ചു. ഇതുകാരണം കൊറിയയില്‍ നിന്ന് പത്തുലക്ഷത്തോളം ജനങ്ങള്‍ ജീവിതമാര്‍ഗമന്വേഷിച്ച് സൈബീരിയ, മഞ്ചൂറിയ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോവുകയുണ്ടായി. സ്വന്തം രാജ്യത്തില്‍ തുടര്‍ന്നു ജീവിച്ച കൊറിയക്കാരില്‍ നല്ലൊരു വിഭാഗത്തിന് ഭൃത്യവേല ചെയ്തു ജീവിക്കേണ്ടിവന്നു. ഇത്തരത്തിലുള്ള വളരെയധികം കഷ്ടതകള്‍ക്ക് കൊറിയക്കാര്‍ പാത്രീഭൂതരായെങ്കിലും ജപ്പാന്‍കാര്‍ നല്കിയ സംഭാവനകള്‍ ദോഷങ്ങളെ പിന്നിലാക്കുന്നവയായിരുന്നുവെന്നു പറയാം.

1919 മാര്‍ച്ചില്‍ പഗോഡ പാര്‍ക്കില്‍ നടന്ന സ്വാതന്ത്ര്യപ്രഖ്യാപനം ആലേഖനം ചെയ്ത ചുവര്‍ചിത്രം

ഈ കാലഘട്ടത്തിലാണ് രാഷ്ട്രീയ പ്രബുദ്ധത കൊറിയക്കാര്‍ നേടിയത്. 1919 മാ. 1-ന് കൊറിയന്‍ ജനതയുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിസംഘം ഒരു സ്വാതന്ത്ര്യപ്രഖ്യാപനം എഴുതി തയ്യാറാക്കി ജപ്പാന്‍ അധികാരികള്‍ക്ക് സമര്‍പ്പിച്ചു. ജപ്പാന്‍ അധികാരികള്‍ ഇതില്‍ ക്ഷുഭിതരാകുകയും അനേകം കൊറിയക്കാരെ കൊല്ലുകയുമുണ്ടായി. ഇക്കൂട്ടത്തില്‍ വളരെയധികം നേതാക്കന്മാരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വധിക്കപ്പെട്ട നേതാക്കന്മാരുടെ സ്ഥാനം ഏറ്റെടുക്കുന്നതിനായി പുതിയ നേതാക്കന്മാര്‍ രംഗത്തുവന്നു. ആ സമയത്ത് അമേരിക്കയിലായിരുന്ന സിങ്മാന്‍ റീയുടെ നേതൃത്വത്തില്‍ ഒരു താത്കാലിക ഗവണ്‍മെന്റ് രൂപവത്കരിക്കുകയും ഈ ഗവണ്‍മെന്റിന് ചൈനയുടെ സഹായം ലഭിക്കുകയും ചെയ്തു. എന്നാല്‍ ഈ ഗവണ്‍മെന്റിന് ആരും അംഗീകാരം നല്കാന്‍ തയ്യാറായില്ല. കൊറിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പ്രക്ഷോഭണത്തില്‍ സൈബീരിയയിലും മഞ്ചൂറിയയിലും താമസിച്ചിരുന്ന കൊറിയക്കാരും പങ്കുചേര്‍ന്നു. ഒരു സ്വതന്ത്ര കൊറിയ എന്നതായിരുന്നു അവരുടെ ലക്ഷ്യം. രണ്ടാംലോകയുദ്ധത്തില്‍ ചൈനയുടെ ഭാഗത്തുചേര്‍ന്നുകൊണ്ട് കൊറിയക്കാര്‍ ജപ്പാനെതിരായി യുദ്ധം ചെയ്തു. ഇത് അമേരിക്കയുടെയും ഇംഗ്ലണ്ടിന്റെയും പല യൂറോപ്യന്‍ രാജ്യങ്ങളുടെയും മനഃസാക്ഷിയെ കൊറിയന്‍ സ്വാതന്ത്ര്യമുന്നേറ്റത്തിലേക്ക് തിരിച്ചുവിടുന്നതിന് കാരണമാക്കി. 1943 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റൂസ്വെല്‍റ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലും ചൈനയുടെ ഭരണാധിപനായിരുന്ന ചിയാങ് കൈഷേക്കും ചേര്‍ന്നു നടത്തിയ കെയ്റോ പ്രഖ്യാപനത്തില്‍, കൊറിയയ്ക്ക് കാലക്രമത്തില്‍ സ്വാതന്ത്ര്യം നല്കുന്നതാണെന്ന് വാഗ്ദാനം ചെയ്യുകയുണ്ടായി. തുടര്‍ന്ന് 1945-ല്‍ നടന്ന മോസ്കോ കോണ്‍ഫറന്‍സില്‍ വച്ച് റഷ്യയും ഈ തത്ത്വം അംഗീകരിച്ചു.

വിഭജനം

1945 സെപ്തംബറിലുണ്ടായ ജപ്പാന്റെ പതനത്തെത്തുടര്‍ന്ന് അമേരിക്കന്‍ സൈന്യവും റഷ്യന്‍ സൈന്യവും ചേര്‍ന്ന് കൊറിയ കൈവശപ്പെടുത്തി. കൊറിയയുടെ ദക്ഷിണഭാഗം അമേരിക്കയും വടക്കന്‍ഭാഗം റഷ്യയുമാണ് കീഴടക്കിയത്. ഇത് കൊറിയ രണ്ടായിത്തീരുന്നതിന് കാരണമായി. മുപ്പത്തിയെട്ടാം സമാന്തരരേഖയ്ക്ക് വടക്കുള്ള ഭാഗം റഷ്യയുടെയും തെക്കുള്ള ഭാഗം അമേരിക്കയുടെയും അധീനതയിലായിത്തീര്‍ന്നു. ഇങ്ങനെ വിഭജിക്കപ്പെട്ട പ്രദേശങ്ങള്‍ യഥാക്രമം ദക്ഷിണകൊറിയയും ഉത്തരകൊറിയയുമായി മാറി. ഓരോ പ്രത്യേക ഗവണ്‍മെന്റ് ഈ രണ്ടു കൊറിയകളിലും അതോടെ സൃഷ്ടിക്കപ്പെട്ടു. അതിനുശേഷം ഏകദേശം രണ്ടു വര്‍ഷക്കാലം അമേരിക്കയും ഇംഗ്ലണ്ടും റഷ്യയും ഇരു കൊറിയന്‍ ഗവണ്‍മെന്റുകളെയും ചേര്‍ത്ത് ഒരു ഐക്യകൊറിയ സൃഷ്ടിക്കുന്ന കാര്യത്തെപ്പറ്റി ചര്‍ച്ച ചെയ്തുവെങ്കിലും വിജയിച്ചില്ല. അതുകൊണ്ട് 1947-ല്‍ ആ പ്രശ്നം ഐക്യരാഷ്ട്രസമിതിക്കു വിട്ടുകൊടുത്തു.

രണ്ടു കൊറിയകള്‍ക്കുംകൂടി ഒരു ഗവണ്‍മെന്റുണ്ടാക്കുന്നതിനുവേണ്ടി ഒരു തിരഞ്ഞെടുപ്പു നടത്താന്‍ ഐക്യരാഷ്ട്രസമിതി 1948-ല്‍ തീരുമാനിച്ചെങ്കിലും അവരുടെ പ്രതിനിധികള്‍ തിരഞ്ഞെടുപ്പു നടത്തുന്നതിലേക്കായി ഉത്തരകൊറിയയില്‍ കടക്കുന്നതിനെ റഷ്യ തടഞ്ഞു. ദക്ഷിണകൊറിയയില്‍ ഐക്യരാഷ്ട്രസമിതി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ നാഷണല്‍ അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പു നടത്തുകയും 1948 ആഗ. 15-ന് കൊറിയന്‍ റിപ്പബ്ലിക് രൂപവത്കൃതമാവുകയും ചെയ്തു. നാഷണല്‍ അസംബ്ലിയുടെ ആദ്യത്തെ ജോലിയായിരുന്നു ഒരു ഭരണഘടന എഴുതിയുണ്ടാക്കുകയെന്നത്. ‌അവര്‍ അംഗീകരിച്ച ഭരണഘടനയനുസരിച്ച് സിങ്മാന്‍ റീയെ നാഷണല്‍ അസംബ്ലി റിപ്പബ്ലിക്കന്‍ കൊറിയയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു.

1948 സെപ്. 9-ന് ഉത്തരകൊറിയയില്‍ ഒരു ജനകീയ റിപ്പബ്ലിക് സ്ഥാപിച്ചതായി അവിടത്തെ കമ്യൂണിസ്റ്റ് വിഭാഗത്തില്‍പ്പെട്ടവര്‍ പ്രഖ്യാപിക്കുകയുണ്ടായി. ഈ ഗവണ്‍മെന്റ് അവകാശവാദം പുറപ്പെടുവിച്ചത് കൊറിയ മുഴുവന്‍ അവരുടെ അധികാരപരിധിയില്‍പ്പെടുമെന്നാണ്. റിപ്പബ്ലിക്കന്‍ കൊറിയയും ഇത്തരം അവകാശവാദം പുറപ്പെടുവിക്കുന്നതില്‍ പിന്നിലായിരുന്നില്ല. 1948 അവസാനത്തില്‍ റഷ്യന്‍ സൈന്യവും 1949 ജൂണ്‍ മാസത്തോടെ അമേരിക്കന്‍ സൈന്യവും കൊറിയയില്‍ നിന്ന് പിന്‍വാങ്ങി. 1950 ജൂണ്‍ 25-ന് ഉത്തരകൊറിയന്‍ സൈന്യം മുപ്പത്തിയെട്ടാം സമാന്തരരേഖ കടന്ന് ദക്ഷിണകൊറിയയില്‍ പ്രവേശിക്കുകയും അതോടെ പ്രസിദ്ധമായിത്തീര്‍ന്ന കൊറിയന്‍ യുദ്ധം ആരംഭിക്കുകയും ചെയ്തു. 1953-ല്‍ ഈ യുദ്ധം അവസാനിച്ചതോടെ ഉത്തരകൊറിയയും ദക്ഷിണകൊറിയയും അംഗീകൃത യാഥാര്‍ഥ്യങ്ങളായി. അതോടെ ഒരു ഐക്യകൊറിയ എന്ന സ്വപ്നം തത്കാലത്തേക്ക് തകര്‍ന്നടിയുകയും ചെയ്തു.

ദക്ഷിണ കൊറിയ

1948-ല്‍ ഒരു റിപ്പബ്ലിക്കായിത്തീര്‍ന്ന ദക്ഷിണകൊറിയയുടെ ഭരണഘടനയനുസരിച്ച്, ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന നേതാക്കന്മാരാണ് അവരെ ഭരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഒരു പ്രസിഡന്റാണ് രാഷ്ട്രത്തലവനും ഭരണത്തലവനും. ദക്ഷിണകൊറിയയിലെ ദേശീയ അസംബ്ലിയില്‍ ഇരുന്നൂറ് അംഗങ്ങളില്‍ അധികമുണ്ട്. സോള്‍ ആണ് ഈ രാജ്യത്തിന്റെ തലസ്ഥാനം. ഭരണസൗകര്യത്തിനായി ഈ രാജ്യത്തെ ഒമ്പതു പ്രവിശ്യകളായാണ് വിഭജിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയാണ് ഇവിടത്തെ ഏറ്റവും ശക്തമായ പാര്‍ട്ടി. ദേശീയ അസംബ്ലിയിലെ ഭൂരിഭാഗം അംഗങ്ങളും ഈ പാര്‍ട്ടിയില്‍പ്പെട്ടവരായതുകൊണ്ട് അവരാണ് മിക്കവാറും എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയും നിയന്ത്രിക്കുന്നത്. ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് അവിടത്തെ മുഖ്യ പ്രതിപക്ഷപാര്‍ട്ടി. വളരെ ശക്തമായ ഒരു സൈന്യമാണ് ദക്ഷിണകൊറിയയ്ക്കുള്ളത്. 1950-60കാലഘട്ടത്തിലാണ്, 54,000-ത്തില്‍പ്പരം വരുന്ന ഈ സൈന്യത്തെ ദക്ഷിണകൊറിയ തയ്യാറാക്കിയത്. ഉത്തരകൊറിയയുടെ ആക്രമണത്തെ ഭയന്നായിരുന്നു അത്. ഇരുപതിനായിരത്തില്‍പ്പരം വരുന്ന ഒരു നാവികപ്പടയും മുപ്പതിനായിരത്തില്‍പ്പരം വരുന്ന ഒരു വ്യോമസേനയും കൂടി ഇവര്‍ക്കുണ്ട്.

കൊറിയ രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍, ഒരു തകര്‍ന്ന സാമ്പത്തിക വ്യവസ്ഥിതിയായിരുന്നു ദക്ഷിണകൊറിയയില്‍ നിലനിന്നത്. വൈദ്യുതി ഉത്പാദനകേന്ദ്രങ്ങളും വ്യവസായകേന്ദ്രങ്ങളും അവിടെ വളരെക്കുറവായിരുന്നു. കൊറിയന്‍ യുദ്ധം അവരുടെ സാമ്പത്തിക സ്ഥിതിയെ കുറേക്കൂടി വഷളാക്കി. ദക്ഷിണകൊറിയയുടെ ആദ്യത്തെ പ്രസിഡന്റായിരുന്ന സിങ്മാന്‍ റീയുടെ ഭരണകൂടത്തിന്, ഈ സാമ്പത്തികത്തകര്‍ച്ചയില്‍നിന്നും രാജ്യത്തെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഇത് 1961-ല്‍ ദക്ഷിണകൊറിയന്‍ ഗവണ്‍മെന്റിന്റെ പതനത്തിനും ഒരു പട്ടാളഗവണ്‍മെന്റിന്റെ സ്ഥാപനത്തിനും കാരണമായി. ജനറല്‍ തെയോണ്‍ ചാങ് ആയിരുന്നു പുതിയ പ്രസിഡന്റ്. എന്നാല്‍ വളരെത്താമസിയാതെ ജനറല്‍ യുങ്ഹീപാര്‍ക്ക് അയാളില്‍ നിന്നും അധികാരം പിടിച്ചെടുക്കുകയും തിരെഞ്ഞെടുപ്പു നടത്തുകയും അദ്ദേഹം തിരഞ്ഞെടുപ്പില്‍ വിജയിച്ച് പ്രസിഡന്റായിത്തീരുകയും ചെയ്തു. ഇദ്ദേഹത്തിന്റെ ഭരണകാലത്ത് ദക്ഷിണകൊറിയയുടെ സാമ്പത്തികനില വളരെ മെച്ചപ്പെട്ടു. ഇദ്ദേഹത്തിന്റെ ഗവണ്‍മെന്റ് പുതിയ വന്‍കിട വ്യവസായങ്ങള്‍ തുടങ്ങുന്നതിലും വിദേശവ്യാപാരം മെച്ചപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പാര്‍ക്കിന്റെ സാമ്പത്തിക പരിഷ്കാരങ്ങള്‍ ദക്ഷിണകൊറിയയുടെ സാമ്പത്തികസാമൂഹിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്നതിനു കാരണമായി.

ബുദ്ധപ്രതിമ-ദക്ഷിണകൊറിയ

വിദ്യാഭ്യാസപരമായി ദക്ഷിണകൊറിയ ഏഷ്യയിലെ രാജ്യങ്ങളില്‍ വച്ച് വളരെ മുമ്പില്‍ നില്ക്കുന്ന രാജ്യമാണ്. എഴുത്തും വായനയും അവിടത്തെ മിക്കവാറും എല്ലാ ആളുകള്‍ക്കുമറിയാം. ദക്ഷിണ കൊറിയയിലെ എല്ലാ കുട്ടികളും നിര്‍ബന്ധമായി പ്രൈമറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയിരിക്കണമെന്നാണ് നിയമം. എഴുത്തും വായനയും അറിഞ്ഞുകൂടാത്ത പ്രായമായവര്‍ക്കുവേണ്ടി ഗവണ്‍മെന്റ് പ്രത്യേകക്ലാസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ദക്ഷിണകൊറിയയിലെ ജനതയ്ക്ക് പരിപൂര്‍ണമതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്. പുരാതനകാലം മുതല്‍ക്കേ ചൈനയിലെ തത്ത്വചിന്തകനായിരുന്ന കണ്‍ഫ്യൂഷ്യസിന്റെ ആശയങ്ങള്‍ക്ക് പ്രാബല്യമുണ്ടായിരുന്നു. ദക്ഷിണകൊറിയയിലെ ജനങ്ങള്‍ പല മതങ്ങളിലാണ് വിശ്വസിക്കുന്നതെങ്കിലും, അവര്‍ അറിഞ്ഞോ അറിയാതെയോ കണ്‍ഫ്യൂഷ്യസിന്റെ തത്ത്വചിന്തകള്‍ക്ക് ഇന്നും പ്രാധാന്യം നല്കിപ്പോരുന്നുണ്ട്. ബുദ്ധമതമാണ് ദക്ഷിണകൊറിയയിലെ പ്രധാന മതം. പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനികളും കത്തോലിക്കാ ക്രിസ്ത്യാനികളും അവിടെ എണ്ണത്തില്‍ കുറവല്ല.

ചൈനീസ് കലകളുടെ സ്വാധീനതകൊണ്ടാണ് കൊറിയയിലെ കലാരൂപങ്ങള്‍ വളര്‍ച്ച പ്രാപിച്ചത്. ദക്ഷിണകൊറിയയിലെ കലാകാരന്മാര്‍ക്ക് അവരുടെ ഉത്തരകൊറിയയിലെ സഹോദരന്മാര്‍ക്കുള്ളതിനെക്കാള്‍ വളരെ കൂടുതല്‍ സ്വാതന്ത്യ്രമുണ്ട്. പ്രാചീനകലാരൂപങ്ങളിലെ ആശയങ്ങള്‍, കൊറിയന്‍ യുദ്ധം, സാമ്പത്തിക- സാമൂഹികരംഗങ്ങളിലെ വിപ്ലവകരമായ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ദക്ഷിണകൊറിയന്‍ കലാകാരന്മാരുടെ കലാരൂപങ്ങളിലെ പ്രതിപാദ്യവിഷയങ്ങളാണ്. പടിഞ്ഞാറിന്റെ സ്വാധീനതയാലാണ് ഈ പ്രകടമായ മാറ്റങ്ങള്‍ കൊറിയന്‍ കലാരംഗത്തുണ്ടായത്.

രണ്ടാം ലോകയുദ്ധത്തിനുശേഷം ദക്ഷിണകൊറിയയിലെ ജനങ്ങളുടെ ജീവിതരീതിയില്‍ പ്രകടമായ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ദക്ഷിണകൊറിയയില്‍ പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആചാരങ്ങള്‍ക്ക് പ്രത്യേകസ്ഥാനമുണ്ട്. ജോലിയന്വേഷിച്ചും മറ്റും ദക്ഷിണകൊറിയന്‍ യുവാക്കള്‍ പട്ടണങ്ങളില്‍ എത്തുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തതോടെ പഴയ അഭേദ്യമായ കുടുംബബന്ധങ്ങള്‍ക്ക് മാറ്റം വരുകയും പട്ടണസംസ്കാരവുമായി അവര്‍ അലിഞ്ഞുചേരുകയും ചെയ്തു. ഗവണ്‍മെന്റിന് മാറ്റങ്ങള്‍ അടിച്ചേല്പിക്കാന്‍ താത്പര്യമില്ലാത്തതുകൊണ്ട് പഴയ ആചാരങ്ങള്‍ക്ക് ദക്ഷിണകൊറിയയില്‍ ഉത്തരകൊറിയയിലേതിനെക്കാള്‍ സ്ഥാനമുണ്ട്.

ഉത്തരകൊറിയ

ശീതയുദ്ധത്തിന്റെ തുടക്കത്തില്‍ അതിന്റെ പ്രത്യയശാസ്ത്ര ന്യായങ്ങളുടെ പശ്ചാത്തലത്തില്‍ വിഭജിതമായ കൊറിയന്‍ മുനമ്പിന്റെ വടക്കേ ഖണ്ഡമാണ് ഉത്തര കൊറിയ എന്നറിയപ്പെടുന്ന കൊറിയന്‍ ജനകീയ ജനാധിപത്യ റിപ്പബ്ലിക്ക് (DPRK). കമ്യൂണിസ്റ്റ് അനുകൂല കൊറിയന്‍ നേതാവായിരുന്ന കിം ഇല്‍-സുങ്ങിന്റെ നേതൃത്വത്തില്‍ 1948 സെപ്. 9-നാണ് ഉത്തര കൊറിയ ഒരു രാജ്യം എന്ന നിലയില്‍ ഔദ്യോഗികമായി നിലവില്‍ വന്നത്. ഇതേവര്‍ഷംതന്നെ രാജ്യത്ത് ഭരണഘടനയും നിലവില്‍വന്നു. ഈ ഭരണഘടന 1972,1992, 1998, 2009 എന്നീ വര്‍ഷങ്ങളില്‍ പുനരവലോകനം ചെയ്യപ്പെടുകയും ചെയ്തു. ഈ ഭരണഘടനപ്രകാരം ഉത്തര കൊറിയയുടെ പാര്‍ലമെന്റായ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടെ പ്രസിഡന്റാണ് ഭരണത്തലവന്‍. ഏകപാര്‍ട്ടി സംവിധാനം നിലനില്ക്കുന്ന ഉത്തര കൊറിയയില്‍ കൊറിയന്‍ വര്‍ക്കേഴ്സ് പാര്‍ട്ടി മാത്രമേ പ്രവര്‍ത്തിക്കുന്നുള്ളൂ. രാജ്യത്തിന്റെ ആരംഭഘട്ടം മുതല്‍ പാര്‍ട്ടിയുടെയും ഭരണകൂടത്തിന്റെയും തലവനായിരുന്നു കിം ഇല്‍-സുങ്. അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനും ഉത്തര കൊറിയന്‍ നേതാവുമായ കിം ജോങ്-ഇല്‍ അധികാരമേറ്റു.

കിം ഇല്‍ സൂങ്, കിങ് ജോങ് ഇല്‍ എന്നിവരുടെ പ്രതിമകല്‍-പ്യൂങ് യാങ്

ഉത്തരകൊറിയയുടെ യഥാര്‍ഥ രാഷ്ട്രീയാധികാരം കൊറിയന്‍ തൊഴിലാളിപ്പാര്‍ട്ടി എന്നറിയപ്പെടുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയിലാണ് നിക്ഷിപ്തമായിരിക്കുന്നത്. അത് രാജ്യത്തിനാവശ്യമായ നിയമനിര്‍മാണം നടത്തുകയും തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സ്ഥാനാര്‍ഥികളെ നിശ്ചയിക്കുകയും ചെയ്യുന്നു. ഔദ്യോഗികനിയമനങ്ങളെല്ലാംതന്നെ നടത്തുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരത്തോടെയാണ്. ഭരണഘടനയില്‍ പത്രസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമെല്ലാം അനുവദിച്ചിട്ടുണ്ടെങ്കിലും രാജ്യതാത്പര്യങ്ങള്‍ക്കുവേണ്ടി അവയെ നിയന്ത്രിക്കുന്നതിനുള്ള അവകാശം പാര്‍ട്ടിയില്‍ നിക്ഷിപ്തമാണ്. സെന്‍ട്രല്‍ പീപ്പിള്‍സ് കമ്മിറ്റിയാണ് ഉത്തരകൊറിയയിലെ ഏറ്റവും ശക്തമായ 'ഗവണ്‍മെന്റ് ബോഡി'. ഈ കമ്മിറ്റിയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് സുപ്രീം പീപ്പിള്‍സ് അസംബ്ലി എന്നറിയപ്പെടുന്ന ഉത്തരകൊറിയയിലെ അസംബ്ലി ആണ്. ജനങ്ങള്‍ നാലു വര്‍ഷത്തേക്ക് തിരഞ്ഞെടുക്കുന്ന ഈ അസംബ്ലിയില്‍ അഞ്ഞൂറ് അംഗങ്ങളോളമുണ്ട്. ഭരണഘടനയനുസരിച്ച് ഏറ്റവും കൂടുതല്‍ അധികാരമുള്ളത് അസംബ്ലിക്കാണെങ്കിലും, പ്രായോഗികമായി ഇതിന് വളരെക്കുറച്ച് അധികാരങ്ങളേയുള്ളൂ. വര്‍ഷത്തിലൊരിക്കല്‍ മാത്രം അസംബ്ലി കൂടുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആജ്ഞാനുസരണം മാത്രം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഒരു സൈന്യവും ആയുധശേഖരവും ഉത്തരകൊറിയയ്ക്കുണ്ട്. 1930 കാലഘട്ടങ്ങളില്‍ ജപ്പാനെതിരായി സമരം നയിച്ച കിം ഇല്‍ സൂങ് ആണ് രണ്ടാം ലോകയുദ്ധത്തിന്റെ അവസാനത്തില്‍ ഉത്തരകൊറിയയിലെ പ്രധാന ഗവണ്‍മെന്റ് നേതാവായിത്തീര്‍ന്നത്. ഇദ്ദേഹം 1948-ല്‍ മുഖ്യഗവണ്‍മെന്റ് നേതാവായും 1949-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചെയര്‍മാനായും തീര്‍ന്നു. അന്നുമുതല്‍ ഇദ്ദേഹം ഉത്തരകൊറിയയുടെ നേതാവായി തുടരുന്നു. പ്യൂങ്യാങ് ആണ് ഉത്തരകൊറിയയുടെ തലസ്ഥാനം.

ദക്ഷിണ കൊറിയ അമേരിക്കന്‍ പിന്തുണയുള്ള രാജ്യമായി സ്വയം അടയാളപ്പെടുത്തിയപ്പോള്‍ ഉത്തര കൊറിയ സോവിയറ്റ് പക്ഷപാതിത്വം പ്രകടമാക്കി. ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ വിഭജനമായിരുന്നതിനാല്‍ ഇതു തികച്ചും സ്വാഭാവികമായിരുന്നു താനും.

ശീതയുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടായ ആദ്യ ദുരന്തങ്ങളിലൊന്ന് കൊറിയയുടെ വിഭജനം വിഭജനാനന്തരം ഏറെ വൈകാതെ 1950-ല്‍ ഇരുകൊറിയകളും തമ്മില്‍ യുദ്ധത്തിലേര്‍പ്പെട്ടു. പ്രായേണ അസംഘടിതമായിരുന്ന ദക്ഷിണ കൊറിയന്‍ സൈന്യത്തിന് അമേരിക്കയുടെയും ഇതര പാശ്ചാത്യശക്തികളുടെയും സഹായം ലഭിച്ചപ്പോള്‍ ഉത്തര കൊറിയയ്ക്ക് സോവിയറ്റ് യൂണിയന്റെയും ചൈനയുടെയും പിന്തുണയുണ്ടായിരുന്നു. വന്‍ശക്തികള്‍ തങ്ങളുടേതല്ലാത്ത ഭൂപരിധിയില്‍ ചെറുരാജ്യങ്ങളെ മുന്‍നിര്‍ത്തി യുദ്ധത്തിലേര്‍പ്പെടുന്ന ശീതയുദ്ധ പ്രവണതയുടെ പ്രഥമ ഉദാഹരണമായിരുന്നു കൊറിയന്‍ യുദ്ധം.

കൊറിയന്‍ യുദ്ധം

(1950-53)

സോള്‍ ആക്രമിച്ചു മുന്നേറുന്ന ഉത്തര കൊറിയന്‍ സൈന്യത്ത പ്രതിരോധിക്കുന്ന അമേരിക്കന്‍ സൈനികന്‍

1950 ജൂണ്‍ 25-ന് ഉത്തരകൊറിയന്‍ സൈന്യം മുപ്പത്തിയെട്ടാം സമാന്തരരേഖ ലംഘിച്ച് ദക്ഷിണകൊറിയയിലേക്കു കടന്നതോടെയാണ് കൊറിയന്‍ യുദ്ധം ആരംഭിച്ചത്. ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ള വളരെയധികം രക്തച്ചൊരിച്ചിലുണ്ടാക്കിയ യുദ്ധങ്ങളില്‍ ഒന്നായ ഇതില്‍ കമ്യൂണിസത്തിന്റെ വളര്‍ച്ചയെ ചെറുക്കുന്നതിലേക്കായി പാശ്ചാത്യശക്തികള്‍ ഒന്നിച്ചണിനിരന്നു.

അടിയന്തിരമായി ഐക്യരാഷ്ട്രസംഘടന വിളച്ചുകൂട്ടിയ രക്ഷാസമിതിയുടെ യോഗം ഉത്തരകൊറിയയുടെ പ്രകോപനം കൂടാതെയുള്ള ഈ ആക്രമണത്തെ അപലപിച്ചു. അന്താരാഷ്ട്രസമാധാനത്തിനുനേരെയുള്ള ഒരു വെല്ലുവിളിയായി അവര്‍ അതിനെ ചിത്രീകരിക്കുകയും ഉത്തരകൊറിയന്‍ സൈന്യങ്ങളെ മുപ്പത്തിയെട്ടാം സമാന്തരരേഖയിലേക്ക് പിന്‍വലിക്കാന്‍ ഉത്തരകൊറിയയോടും അവരെ സഹായിക്കുന്ന കമ്യൂണിസ്റ്റ് രാജ്യങ്ങളോടും ആവശ്യപ്പെടുന്ന പ്രമേയം പാസാക്കുകയും ചെയ്തു. ഐക്യരാഷ്ട്രസംഘടനയുടെ ഈ നീക്കത്തിന് കമ്യൂണിസ്റ്റിതര രാഷ്ട്രങ്ങളുടെ പിന്തുണ ലഭിച്ചു. ദേശീയചൈനയ്ക്ക് രക്ഷാസമിതിയില്‍ അംഗത്വം നല്കിയതിനെ പ്രതിഷേധിച്ച് ആ സമിതിയുടെ നടപടികളെ ബഹിഷ്കരിച്ചിരുന്ന റഷ്യയ്ക്ക് വീറ്റോ ഉപയോഗിച്ച് പ്രമേയത്തെ തടയാന്‍ കഴിഞ്ഞില്ല. ഉത്തരകൊറിയ യുദ്ധം തുടര്‍ന്നപ്പോള്‍ ഐക്യരാഷ്ട്രസംഘടന ആ രാജ്യത്തിനെതിരായി സൈനിക നടപടികളെടുക്കുന്നതിന് എല്ലാ അംഗരാഷ്ട്രങ്ങളോടും സഹായം നല്കുവാന്‍ ആവശ്യപ്പെടുകയും ദക്ഷിണകൊറിയയെ സഹായിക്കുന്നതിനായി പതിനാറുരാഷ്ട്രങ്ങള്‍ ഉടനടി പട്ടാളത്തെ അയച്ചുകൊടുക്കുകയും ചെയ്തു. പട്ടാളക്കാരില്‍ അധികവും അമേരിക്ക അയച്ചുകൊടുത്തവരായിരുന്നു. ഇംഗ്ലണ്ട് തുടങ്ങിയ ഏതാനും കോമണ്‍വെല്‍ത്ത് രാജ്യങ്ങളും ഉത്തരകൊറിയയ്ക്കെതിരായി യുദ്ധത്തില്‍ പങ്കെടുത്തു. ജപ്പാനിലെ സൈനികഗവര്‍ണര്‍ ആയിരുന്ന ജനറല്‍ ഡഗ്ലസ് മക് ആര്‍തര്‍ ആയിരുന്നു ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തില്‍ ദക്ഷിണകൊറിയയെ സഹായിക്കുന്നതിനായെത്തിയ സൈന്യത്തിന്റെ കമാന്‍ഡര്‍ ആയി നിയമിക്കപ്പെട്ടത്.

ഒന്നാംഘട്ടം

എട്ടു ഡിവിഷനുകളുള്ള ഒരു വന്‍പടയുമായാണ് ഉത്തരകൊറിയക്കാര്‍ ദക്ഷിണകൊറിയയ്ക്കെതിരായി ആക്രമണം തുടങ്ങിയത്. നല്ല വെടിക്കോപ്പുകളും ടാങ്കുകളും റഷ്യയില്‍ നിര്‍മിച്ച ജെറ്റ് വിമാനങ്ങളും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ വളരെ ദുര്‍ബലമായിരുന്നു ദക്ഷിണകൊറിയയുടെ സൈന്യം. അവര്‍ക്ക് വളരെക്കുറച്ചു തോക്കുകളും വിമാനങ്ങളുമേ ഉണ്ടായിരുന്നുള്ളൂ. ടാങ്കുകളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ശത്രുവിനെ ചെറുത്തുനില്ക്കുന്നതിനുള്ള കഴിവ് ദക്ഷിണകൊറിയയ്ക്കില്ലായിരുന്നു. യുദ്ധം ആരംഭിച്ചുകഴിഞ്ഞപ്പോള്‍ ഉത്തരകൊറിയയുടെ അറുപതിനായിരം ഭടന്മാര്‍ മുപ്പത്തിയെട്ടാം സമാന്തരരേഖകടന്ന് ദക്ഷിണകൊറിയയിലേക്കു കുതിക്കുകയും 1950 ജൂണ്‍ 30-ന് തലസ്ഥാനമായ സോള്‍ പിടിച്ചെടുക്കുകയും ചെയ്തു. അമേരിക്കന്‍ ഭടന്മാര്‍ ആ ദിവസംതന്നെ കൊറിയയില്‍ എത്തിയതോടെ യുദ്ധത്തിന്റെ ഗതിമാറി. അതോടെ ഉത്തരകൊറിയന്‍ വ്യോമസേന അപ്രത്യക്ഷമാവുകയും വടക്കന്‍ തുറമുഖങ്ങളില്‍ ഉപരോധമേര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഐക്യരാഷ്ട്രസംഘടനയുടെ സൈന്യങ്ങള്‍ ദക്ഷിണകൊറിയയിലെ പൂസാനില്‍ നിന്ന് പതിന്മടങ്ങ് അംഗസംഖ്യയുള്ള ശത്രുക്കളുമായി പൊരുതി പിന്മാറുകയായിരുന്നു. ആ സമയത്താണ് അമേരിക്കന്‍പട പൂസാനിലെത്തിയതും ഉത്തരകൊറിയന്‍ സൈന്യത്തിന് വമ്പിച്ച തിരിച്ചടി നല്കിയതും. ഉത്തരകൊറിയന്‍ സൈന്യത്തിന് വമ്പിച്ച നാശനഷ്ടങ്ങള്‍ പൂസാനില്‍വച്ചുണ്ടായി. അമ്പത്തിയെണ്ണായിരത്തില്‍പ്പരം ആളുകളും കുറേയേറെ ആയുധങ്ങളും അവര്‍ക്കവിടെവച്ച് നഷ്ടമായി. കമ്യൂണിസ്റ്റ് പടയ്ക്ക് പൂസാനില്‍വച്ച് സംഭവിച്ച തോല്‍വിയാണ് യുദ്ധത്തിന്റെ ഗതി ദക്ഷിണകൊറിയയ്ക്കനുകൂലമായി മാറിയത്.

രണ്ടാംഘട്ടം

1950 സെപ്. 15-ന് ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലുള്ള സൈന്യത്തിന്റെ കമാന്‍ഡറായിരുന്ന മക് ആര്‍തര്‍ പൂസാനു വടക്കുള്ള ഇഞ്ചോണില്‍ അമേരിക്കയുടെ പത്താംപടയെ ഇറക്കി. കൊറിയയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഇഞ്ചോണ്‍ കമ്യൂണിസ്റ്റ് അധീനതയിലുള്ള സ്ഥലമായിരുന്നു. പൂസാനിലെ ഐക്യരാഷ്ട്രസൈന്യങ്ങളുമായി പൊരുതുന്ന കമ്യൂണിസ്റ്റ് ഭടന്മാരെ പിന്നില്‍ നിന്നാക്രമിക്കുന്നതിനും ദക്ഷിണകൊറിയന്‍ തലസ്ഥാനമായ സോള്‍ തിരികെ പിടിക്കുന്നതിനും വേണ്ടിയാണ് മക് ആര്‍തര്‍ ഇഞ്ചോണില്‍ പട്ടാളമിറക്കിയത്. ഉത്തരകൊറിയക്കാരെ അമ്പരപ്പിക്കുന്ന ഒരു നടപടിയായിരുന്നു ഇത്. 1950 സെപ്. 26-ന് സോളിനെ അമേരിക്കന്‍ സൈനികര്‍ തിരികെ പിടിച്ചെടുത്തു. 28-ന് ഉത്തരകൊറിയയോട് കീഴടങ്ങാന്‍ മക് ആര്‍തര്‍ ആവശ്യപ്പെട്ടുവെങ്കിലും തയ്യാറായില്ല. വളരെത്താമസിയാതെ ഉത്തരകൊറിയയുടെ ആറു ഡിവിഷന്‍ പട്ടാളം ഐക്യരാഷ്ട്രസൈന്യത്തിന്റെ വലയില്‍ക്കുടുങ്ങി. ഒക്ടോബര്‍ ആരംഭിച്ചതോടെ മക് ആര്‍തറുടെ സൈന്യം മുപ്പത്തിയെട്ടാം സമാന്തരരേഖ കടന്ന് ഉത്തരകൊറിയയില്‍ പ്രത്യാക്രമണമാരംഭിക്കുകയും 19-ന് ഉത്തരകൊറിയയുടെ തലസ്ഥാനമായ പ്യുങ്യാങ് പിടിച്ചെടുക്കുകയും ചെയ്തു.

മൂന്നാം ഘട്ടം

കൊറിയന്‍ യുദ്ധം തുടര്‍ന്നുപോകുന്ന പക്ഷം കമ്യൂണിസ്റ്റ് ചൈന ഇടപെടുമെന്ന് വിദേശകാര്യമന്ത്രി ചൗ-എന്‍-ലായ് ആവര്‍ത്തിച്ചു പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍ ഈ പ്രഖ്യാപനമുണ്ടാകുന്നതിനു വളരെ മുമ്പുതന്നെ 'സന്നദ്ധഭടന്മാരെ'ന്ന പേരില്‍ ആയിരക്കണക്കിന് ചൈനക്കാര്‍ ഉത്തരകൊറിയന്‍ സൈന്യത്തെ സഹായിക്കുന്നതിനായി എത്തിക്കഴിഞ്ഞിരുന്നു. മഞ്ചൂറിയയിലെ വിമാനത്താവളത്തില്‍ നിന്നും പറന്നുവന്ന് ഐക്യരാഷ്ട്രസൈന്യഘടകങ്ങളെ ആക്രമിച്ചിരുന്ന മിഗ് വിമാനങ്ങളെ നയിച്ചിരുന്നത് അവരായിരുന്നു. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യൂങ്യാങ് പിടിച്ചെടുത്തത് ചൈനക്കാരെ ശുഷ്കാന്തിയോടെ രംഗത്തിറങ്ങാന്‍ പ്രേരിപ്പിച്ചു. 1950 നവംബര്‍ അവസാനത്തോടെ ചൈനീസ് ഭടന്മാരുടെ സഹായത്തോടെ ഉത്തര കൊറിയക്കാര്‍ തലസ്ഥാനനഗരിയായ പ്യൂങ്യാങ് തിരികെ പിടിക്കുകയും അമേരിക്കയുടെ പത്താം കപ്പല്‍പ്പടയെ വൊണ്‍സാനില്‍നിന്ന് ആട്ടിപ്പായിക്കുകയും ചെയ്തു. ഐക്യരാഷ്ട്രസൈന്യങ്ങള്‍ മുപ്പത്തിയെട്ടാം സമാന്തരരേഖയിലേക്ക് പിന്മാറിയതോടെ കമ്യൂണിസ്റ്റുകാര്‍ പ്രത്യാക്രമണമാരംഭിച്ചു. 1951 ജനു. 4-ന് ദക്ഷിണകൊറിയയുടെ തലസ്ഥാനമായ സോള്‍ വീണ്ടും കമ്യൂണിസ്റ്റുകാര്‍ക്കധീനമായി.

നാലാംഘട്ടം

ഐക്യരാഷ്ട്രസംഘടനയുടെ നേതൃത്വത്തിലുള്ള സൈന്യം അതിവേഗം ധീരമായി മുന്നേറുകയും 1951 മാ. 14-ന് സോള്‍ ഉത്തരകൊറിയ-ചൈനാ സൈന്യത്തിന്റെ കൈയില്‍ നിന്നും തിരികെ പിടിച്ചെടുക്കുകയും ചെയ്തു. ഏ. 11-ന് ജനറല്‍ ഡഗ്ളസ് മക് ആര്‍തറെ കമാന്‍ഡര്‍ സ്ഥാനത്തുനിന്നു നീക്കംചെയ്തു. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ട്രൂമാനെ ധിക്കരിച്ച് യുദ്ധം തന്റെ ഇഷ്ടംപോലെ നടത്തിക്കൊണ്ടുപോയി എന്നതായിരുന്നു മക് ആര്‍തറിന്റെ പേരിലുള്ള ആരോപണം. സുപ്രസിദ്ധമായ എട്ടാംപടയുടെ തലവനായിരുന്ന മാത്യു റിഡ്ജ് വേയെ ആണ് അമേരിക്കന്‍ പ്രസിഡന്റ് മക് ആര്‍തറിന്റെ സ്ഥാനത്ത് നിയമിച്ചത്. പതുക്കെ മുന്നേറുക-പിടിച്ചെടുക്കപ്പെട്ട സ്ഥലങ്ങളില്‍ ശത്രുക്കള്‍ അവശേഷിക്കരുത്-ഇതായിരുന്നു റിഡ്ജ് വേയുടെ തത്ത്വം. 1951 മേയ് അവസാനത്തോടെ റിഡ്ജ് വേയുടെ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്രസൈന്യങ്ങള്‍ കമ്യൂണിസ്റ്റ് സൈന്യങ്ങളെ മുപ്പത്തിയെട്ടാം സമാന്തരരേഖയ്ക്കപ്പുറത്തേക്കോടിച്ചു. കമ്യൂണിസ്റ്റുകാര്‍ വെടിനിര്‍ത്തലിന് തയ്യാറാണെന്ന് 1951 ജൂണില്‍ സോവിയറ്റ് പ്രതിനിധിയായ ജേക്കബ് മാലിക്ക് ഐക്യരാഷ്ട്രസഭയില്‍ പ്രസ്താവിക്കുകയും ഇതേത്തുടര്‍ന്ന് ജൂല. 10-ന് കെയ്സോങ്ങില്‍ സംഭാഷണങ്ങള്‍ ആരംഭിക്കുകയും ചെയ്തു.

ഉത്തരകൊറിയന്‍ സൈന്യം കൂട്ടക്കൊല ചെയ്ത രാ‍ഷ്ട്രീയത്തടവുകാരുടെ മൃതദേഹങ്ങള്‍(1950)

രണ്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ് പിന്നീട് ഒത്തുതീര്‍പ്പുണ്ടായത്. ഇക്കാലത്ത് ഇടയ്ക്കിടെ സംഘട്ടനങ്ങളുണ്ടായിക്കൊണ്ടിരുന്നു. 1952 മേയ്മാസത്തില്‍ റിഡ്ജ് വേയെ ഐക്യരാഷ്ട്രസൈന്യങ്ങളുടെ മേധാവി എന്ന സ്ഥാനത്തുനിന്നും മാറ്റി പകരം ജനറല്‍ മാര്‍ക്ക് ക്ലാര്‍ക്കിനെ നിയമിച്ചു. 1953 ജനുവരിയില്‍ ഡ് വൈറ്റ് ഡി. ഐസന്‍ഹോവര്‍ അമേരിക്കയുടെ പ്രസിഡന്റായി. ആ വര്‍ഷം മാ. 5-ന് റഷ്യന്‍ നേതാവായ സ്റ്റാലിന്‍ അന്തരിക്കുകയും ചെയ്തു. അതോടെ റഷ്യന്‍ നേതാക്കന്മാരുടെയിടയില്‍ കൊറിയന്‍ പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന അഭിപ്രായം പൊന്തിവന്നു. നിര്‍ത്തിവച്ചിരുന്ന സമാധാനസംഭാഷണങ്ങള്‍ വീണ്ടും ആരംഭിക്കണമെന്നും കമ്യൂണിസ്റ്റുകള്‍ അഭിപ്രായപ്പെട്ടു. അതനുസരിച്ച് 1953 ഏ. 26-ന് സമാധാനസംഭാഷണങ്ങള്‍ വീണ്ടും ആരംഭിച്ചു.

കെയ്സോങ്ങിലും അതിനുശേഷം പാന്‍മുഞ്ചോണിലും നടന്ന സംഭാഷണങ്ങളുടെ ഫലമായി 1953 ജൂല. 27-ന് ഒരു വെടി നിര്‍ത്തല്‍ കരാറില്‍ ഇരുകക്ഷികളും ഒപ്പുവച്ചു. അടുത്തവര്‍ഷം നടന്ന ജനീവാസമ്മേളനത്തില്‍ കൊറിയന്‍ പ്രശ്നം പൂര്‍ണമായി ചര്‍ച്ചചെയ്തുവെങ്കിലും തൃപ്തികരമായ ഒരു തീരുമാനത്തിലെത്തിച്ചേരാന്‍ സാധിച്ചില്ല. അതുകൊണ്ട് സ്ഥിരമായ ഒരു സമാധാന ഉടമ്പടി കൊറിയന്‍ യുദ്ധത്തിന്റെ പേരില്‍ അതുവരെ ഉണ്ടായില്ല.

രണ്ടാം ലോകയുദ്ധത്തിനു ശേഷമുണ്ടായ സംഘട്ടനങ്ങളില്‍ ഐക്യരാഷ്ട്രസംഘടനയുടെ അംഗരാജ്യങ്ങളിലെ അരലക്ഷത്തോളംപേര്‍ക്ക് അപായം സംഭവിച്ചിട്ടുണ്ട്. പരിക്കു പറ്റിയവരുടെ എണ്ണം അതില്‍ ഇരട്ടി വരും. ആയിരത്തിലധികം ബ്രിട്ടീഷ് ഭടന്മാര്‍ മരിച്ചു. കൊറിയയുടെ ആള്‍നാശം എത്രയെന്ന് കണക്കാക്കപ്പെട്ടിട്ടില്ല. ചൈനക്കാരായ രണ്ടരലക്ഷത്തിലേറെപ്പേര്‍ക്ക് അത്യാഹിതം സംഭവിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസൈന്യം തടവുകാരായി പിടിച്ചവരില്‍ 75,000 പേരെ വിട്ടയച്ചു. 22,000 പേര്‍ തിരിച്ച് കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ പോകാന്‍ കൂട്ടാക്കിയില്ല. കമ്യൂണിസ്റ്റുകാര്‍ മൊത്തം 12,500 തടവുകാരെ തിരികെ വിട്ടുകൊടുത്തു.

ചരിത്രത്തില്‍ ആദ്യമായി ഐക്യരാഷ്ട്രസംഘടന അവരുടെ ഉത്തരവു ലംഘിച്ചതിന്റെ പേരില്‍, ഒരു രാജ്യത്തിനെതിരായി രംഗത്തിറങ്ങിയത് കൊറിയയിലാണ്.

ഉത്തരകൊറിയന്‍-ദക്ഷിണകൊറിയന്‍ ബന്ധം

1953 ജൂല. 27-നാണ് യുദ്ധം തീര്‍ന്നത്. ഇരുരാജ്യങ്ങളും ചേര്‍ന്ന് 38-ാം സമാന്തരരേഖ അതിര്‍ത്തിയായി അംഗീകരിച്ചുകൊണ്ടായിരുന്നു ഈ യുദ്ധവിരാമം. യുദ്ധാനന്തരം ഉത്തരകൊറിയയില്‍ കിം ഇല്‍ സുങ് ശക്തമായ നേതൃത്വം കൈയാളുകയും ദക്ഷിണ കൊറിയയുടെ കമ്യൂണിസ്റ്റു വിരുദ്ധത കൂടുതല്‍ ശക്തമായി അമേരിക്കന്‍ പക്ഷത്ത് അണിനിരക്കുകയും ചെയ്തു. അതേസമയം ദക്ഷിണകൊറിയ രാഷ്ട്രീയാനിശ്ചിതത്വത്തിലേക്കു പതിച്ചു. 1960-ല്‍ നടന്ന ഒരു വിദ്യാര്‍ഥിപ്രക്ഷോഭം (ഏപ്രില്‍ വിപ്ലവം) സിങ്മാന്‍ റീയുടെ ഏകാധിപത്യ ഭരണത്തിനു അന്ത്യം കുറിച്ചു. തുടര്‍ന്ന് യോ പോസുങ്ങിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ ദക്ഷിണകൊറിയയില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം പ്രഖ്യാപിച്ചുവെങ്കിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി അനുദിനം വഷളായി. 1961 മെയ് 16-ന് മേജര്‍ ജനറല്‍ പാര്‍ക്ക് ചുങ് ഹീ പട്ടാള അട്ടിമറിയിലൂടെ ദക്ഷിണകൊറിയന്‍ ഭരണം പിടിച്ചെടുത്തു. 1963, 1967 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയം നേടി ചുങ് ഹീ തന്റെ പ്രസിഡന്റ് പദവി നിലനിര്‍ത്തി. എഴുപതുകളിലുണ്ടായ ജനകീയ മുന്നേറ്റങ്ങളെ ഇദ്ദേഹം നിഷ്കരുണം അടിച്ചമര്‍ത്തി. 1979-ല്‍ ഹീ വധിക്കപ്പെടുമ്പോള്‍ രാഷ്ട്രം ഒരു പരിധിവരെ സാമ്പത്തിക ഭദ്രത കൈവരിച്ചിരുന്നു. ഹീയുടെ വധത്തോടെ കൂടുതല്‍ ശക്തമായ വിദ്യാര്‍ഥികളുടെയും തൊഴിലാളികളുടെയും സമരങ്ങള്‍ മേജര്‍ ജനറല്‍ ചുന്‍ ദു-ഹ്വാന് അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുക്കാന്‍ പശ്ചാത്തലമൊരുക്കി. 1979 ഡി. 12-ന് അധികാരം കൈവശമാക്കിയ ദു-ഹ്വാന് ഏഴുവര്‍ഷത്തിനുശേഷം ജനകീയ സമരങ്ങളെ തുടര്‍ന്ന് തിരഞ്ഞെടുപ്പു പ്രഖ്യാപിക്കേണ്ടിവന്നു. തിരഞ്ഞെടുപ്പില്‍ ദു-ഹ്വാന്റെ വലംകൈയായിരുന്നു റോ തേവൂ ദു ഹ്വാനെ പരാജയപ്പെടുത്തി. 1992-ല്‍ പ്രസിഡന്റായി അധികാരത്തിലെത്തിയ കിം-യാങ്-സാം ആണ് പൊതുജനങ്ങളില്‍ നിന്നും തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ആദ്യ ദക്ഷിണകൊറിയന്‍ നേതാവ്.

നാഷണല്‍ അസംബ്ലി

ശീതയുദ്ധത്തില്‍ സോവിയറ്റ്ചേരിക്കൊപ്പം നിലയുറപ്പിച്ച ഉത്തര കൊറിയ തങ്ങളുടെ സാമ്പത്തിക-രാഷ്ട്രീയ ഘടനകളെ തദനുസരണം ക്രമീകരക്കുകയുണ്ടായി. ദക്ഷിണ കൊറിയയാകട്ടെ അമേരിക്കന്‍ പിന്തുണയോടുകൂടി ഉദാര ജനാധിപത്യത്തിന്റെ പാതയിലൂടെ മുന്നോട്ടുള്ള പ്രയാണം തുടര്‍ന്നു. ശീതയുദ്ധത്തിന്റെ അന്ത്യവും സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയും ഉത്തര കൊറിയയെ വല്ലാതെ ബാധിച്ചു; സ്വാഭാവികമായി ലഭിച്ചുവന്നിരുന്ന പിന്തുണ നഷ്ടപ്പെട്ട ഉത്തര കൊറിയ ലോകരാഷ്ട്രീയ രംഗത്ത് ഏറെക്കുറെ ഒറ്റപ്പെട്ടു എന്നാണ് വിദഗ്ധാഭിപ്രായം. ചൈനയൊഴികെ മറ്റു രാജ്യങ്ങളുമായൊന്നും ഉത്തര കൊറിയയ്ക്ക് അത്ര സൗഹൃദപരമായ ബന്ധങ്ങളില്ല.

1997-ല്‍ ദക്ഷിണകൊറിയ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടു. കിം ദേ ജുങ് ആയിരുന്നു ഇക്കാലത്ത് പ്രസിഡന്റ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നു കരകയറിയ ഇദ്ദേഹം ഉത്തരകൊറിയയുമായി പരസ്പര സഹകരണത്തിനുള്ള സാധ്യതകള്‍ തുറന്നിടുകയും ഉത്തരകൊറിയ സന്ദര്‍ശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തില്‍ ഇരു കൊറിയകളും സമാധാനപരമായ പുനരേകീകരണത്തിനു ശ്രമിക്കുമെന്ന് പ്രതിജ്ഞചെയ്യുന്ന ഒരു സംയുക്ത പ്രസ്താവനയില്‍ ഇരുകൊറിയകളുടെയും നേതാക്കള്‍ 2000 ജൂണ്‍ 15-ന് ഒപ്പുവച്ചു. അതിനു പിന്നാലെ 2007 ഒ. 4-ാം തീയതി പുറത്തുവന്ന മറ്റൊരു സംയുക്ത പ്രഖ്യാപനത്തില്‍ പതിവായി ഉന്നതതല സമ്മേളനങ്ങള്‍ നടത്തുവാനും അതിര്‍ത്തിയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിന് അറുതി വരുത്തുവാനും പരസ്പരാക്രമണത്തിന് മുതിരുകയില്ലെന്ന് ഉറപ്പുവരുത്താനും ശ്രമിക്കുമെന്ന് ഇരു കൊറിയകളുടെയും നേതാക്കള്‍ വ്യക്തമാക്കി. ഏഷ്യയില്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ ദശാബ്ദങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതാവസ്ഥ പരിഹരിക്കുന്നതിനും സമാധാനത്തിനും ജനാധിപത്യവാഴ്ചയ്ക്കും നേതൃത്വം നല്‍കിയ കിം-ദേ ജുങ്ങിന് 2000-ത്തില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചു.

കൊറിയന്‍ പഗോഡ

സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ സോഷ്യലിസ്റ്റ് ഭരണകൂടങ്ങളുടെയും തകര്‍ച്ചയ്ക്കുശേഷം അവശേഷിക്കുന്ന ചുരുക്കം സാമ്പ്രദായിക കമ്യൂണിസ്റ്റ് രാജ്യങ്ങളിലൊന്നാണ് വടക്കന്‍ കൊറിയ. ശീതയുദ്ധാനന്തര ലോക രാഷ്ട്രീയത്തില്‍ അമേരിക്കന്‍ സുരക്ഷാ വിദഗ്ധര്‍ കണ്ടെടുത്ത പുതിയ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഏറെ മുന്നിലാണ് ഉത്തര കൊറിയയുടെ സ്ഥാനം. 21-ാം ശതകത്തിന്റെ തുടക്കത്തില്‍ത്തന്നെ ഉത്തര കൊറിയയെ 'തിന്മയുടെ അച്ചുതണ്ടി'ന്റെ ഭാഗമായി അമേരിക്ക വിശേഷിപ്പിച്ചിരുന്നു. പാശ്ചാത്യാനുകൂലമായ ആണവ നിര്‍വ്യാപന കരാറിന്റെ സാംഗത്യത്തെത്തന്നെ ചോദ്യം ചെയ്തുകൊണ്ട് ഉത്തര കൊറിയ തുടര്‍ന്നുവരുന്ന ആയുധനിര്‍മാണത്തിനു കൂടി സാധ്യതയുള്ള ആണവ പരിപാടിയാണ് ഇത്തരത്തിലുള്ള കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഉത്തരകൊറിയയെ പാത്രീഭൂതമാക്കിയത്.

അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളുമായി നയതന്ത്ര ബന്ധങ്ങളൊന്നുമില്ലാത്ത ഉത്തര കൊറിയ അവര്‍ ചാര്‍ത്തിക്കൊടുത്ത വിശേഷണങ്ങളും, മുഴക്കുന്ന സുരക്ഷാ ഭീഷണികളും അത്ര പ്രശ്നമല്ല എന്ന നിലയിലാണ് മുന്നോട്ട് നീങ്ങുന്നത്. ഈ പശ്ചാത്തലത്തില്‍ കൊറിയന്‍ മുനമ്പില്‍ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുമെന്ന് സംയുക്ത പ്രഖ്യാപനം നടത്തുമ്പോഴും ഇരു കൊറിയകളും തമ്മിലുള്ള സംഘര്‍ഷത്തിന് കാര്യമായി അയവുണ്ടായിട്ടില്ല; അനതിവിദൂര ഭാവിയില്‍ ഉണ്ടാകാനുള്ള സാധ്യതകളും വിരളമാണ്.

(ഡോ. ആര്‍.എന്‍. യേശുദാസ്; ഡോ. മാത്യു ജോസഫ്)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B1%E0%B4%BF%E0%B4%AF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍