This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറണ്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറണ്ടം

Corundum

അമൂല്യരത്നങ്ങളും മുന്തിയയിനം അപഘര്‍ഷക(abrasive)ങ്ങളും ഉള്‍പ്പെടെ നിരവധി രൂപഭേദങ്ങളില്‍ പ്രകൃത്യാതന്നെ സാമാന്യമായ തോതില്‍ ലഭ്യമാകുന്ന ഒരു ധാതു (Al2O3). മാണിക്യം എന്നും പ്രസ്തുത രത്നം ഉരച്ചെടുക്കാനുതകുന്ന കല്ല് എന്നും അര്‍ഥമുള്ള 'കുരുവിന്ദം' എന്ന സംസ്കൃതപദത്തില്‍നിന്നു നിഷ്പന്നമായ പേരാണ് കൊറണ്ടം. കായാന്തരിത (metamorphosed) ങ്ങളായ ബോക്സൈറ്റും മറ്റ് അലുമിനിയം ധാതുക്കളുമാണ് കൊറണ്ടത്തിന്റെ മുഖ്യമായ ഉറവിടം. ഇത് സയനൈറ്റ് പോലെ സിലികാംശം നന്നേ കുറവായിട്ടുള്ള ആഗ്നേയ ശിലകള്‍ക്കിടയില്‍നിന്നും, ഇവയില്‍നിന്ന് വാര്‍ന്നുപോയി നിക്ഷേപിക്കപ്പെടുകമൂലം അവസാദശിലകളിലെ പ്ലേസര്‍ നിക്ഷേപങ്ങളില്‍നിന്നും ലഭ്യമാകുന്നതും അപൂര്‍വമല്ല. നന്നേ വിരളമായി കായാന്തരിത ചുണ്ണാമ്പുകല്‍ സിരകളിലും കൊറണ്ടം കണ്ടെത്തിയിട്ടുണ്ട്. നൈസര്‍ഗിക രൂപത്തില്‍ നിയതാകൃതിയില്ലാത്ത തരികളോ സംപുഞ്ജങ്ങളോ ആയും സമാന്തര ഷഡ്ഭുജീയ (orthorhombus) പരലുകളായും കാണപ്പെടുന്നു. പരല്‍ രൂപത്തിലാകുമ്പോള്‍ പ്രിസാ (prism)കാരമായോ ഷഡ്ഭുജീയ(hexagonal)പിരമിഡുകളായോ വര്‍ത്തിക്കുന്നു.

ചുവന്ന നിറത്തിലുള്ള കൊറണ്ടം

ധൂസരം (grey), നീലം, പച്ച എന്നീ നിറങ്ങളിലും ചുവപ്പു മുതല്‍ പാടലംവരെയും മഞ്ഞ മുതല്‍ തവിട്ടുവരെയുമുള്ള വര്‍ണഭേദങ്ങളിലും ലഭ്യമാകുന്ന കൊറണ്ടത്തിന് വര്‍ണരഹിതമായ ഒരു വകഭേദവും ഉണ്ട്. ഇരുണ്ട നിറമുള്ള എമറി (emery)യും കൊറണ്ടത്തിന്റെ രൂപാന്തരങ്ങളിലൊന്നായി വ്യവഹരിക്കപ്പെടുന്നു. സുതാര്യങ്ങള്‍ മുതല്‍ അര്‍ധതാര്യങ്ങള്‍വരെയുള്ള രൂപാന്തരങ്ങള്‍ വജ്രദ്യുതി (adamantive) മുതല്‍ കാചദ്യുതി (vitrous lustre) വരെ പ്രകടമാക്കുന്നു.

നന്നേ കടുപ്പംകൂടിയ ഒരു പദാര്‍ഥമാണ് കൊറണ്ടം. മോ(Moh) സ്കെയില്‍ അനുസരിച്ച് ഈ ധാതുവിന്റെ കാഠിന്യം ഒന്‍പത് ആണ്. ഇക്കാരണത്താല്‍ ഇത് വ്യാവസായികപ്രാധാന്യമുള്ള അപഘര്‍ഷകമായി തീര്‍ന്നിരിക്കുന്നു. ഈ നിലയില്‍ വജ്രത്തിനു തൊട്ടുപിന്നിലുള്ള സ്ഥാനമാണ് കൊറണ്ടത്തിനുള്ളത്. ആപേക്ഷികഘനത്വം നാല്. ശുഭ്രവര്‍ണത്തിലുള്ള ചൂര്‍ണാഭ (streak) ഈ ധാതുവിന്റെ സവിശേഷതയാണ്. ശംഖാഭ(conchoidal)മായ വിഭഞ്ജനം (fracture) സാധാരണമാണ്.

ഭാരതത്തില്‍ പല സംസ്ഥാനങ്ങളിലും കൊറണ്ടം കണ്ടെത്തിയിട്ടുണ്ട്. മുന്തിയ നിക്ഷേപങ്ങള്‍ അസമിലെ ഖാസിജെയിന്‍ഷ്യാ കുന്നുകളിലാണുള്ളത്. ജമ്മു-കാശ്മീരിലെ കിസ്ത്വാര്‍; മധ്യപ്രദേശിലെ സീധി, റീവാ; തമിഴ്നാട്ടിലെ കോയമ്പത്തൂര്‍, സേലം; മഹാരാഷ്ട്രയിലെ ഭണ്ഡാര; കര്‍ണാടകയിലെ കാഡൂര്‍, കോളാര്‍, തുംകൂര്‍, ദക്ഷിണകാനറ, മൈസൂര്‍ എന്നീ ജില്ലകളിലൊക്കെത്തന്നെ ഖനനസാധ്യമായ തോതില്‍ കൊറണ്ടം അവസ്ഥിതമായിട്ടുണ്ട്. കൊറണ്ടത്തിന്റെ ഈ ഭേദവും മുന്തിയയിനം രത്നവുമായ മാണിക്യം (Ruby) കര്‍ണാടകത്തിലെ കാഡൂര്‍ ജില്ലയിലും തമിഴ്നാട്ടിലെ സേലം ജില്ലയിലുമാണുള്ളത്. കിസ്ത് വാര്‍ (ജമ്മു-കാശ്മീര്‍) ജില്ലയിലെ പ്രസിദ്ധമായ സൂമ്ജാംഖനി മറ്റൊരിനം രത്നമായ ഇന്ദ്രനീല(Saphire)ത്തിന്റെ ഉത്പാദനത്തിന് പ്രാക്കാലം മുതല്ക്കേ പ്രസിദ്ധമാണ്. കൊറണ്ടത്തിന്റെ രത്നക്കല്ലിനങ്ങള്‍ പഞ്ചാബിന്റെ കാംഗ്രാജില്ലയില്‍ കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ സിങ്ഭൂം, ആന്ധ്രപ്രദേശിലെ അനന്തപ്പൂര്‍, ഹൈദരാബാദ് എന്നീ ജില്ലകളില്‍ കൊറണ്ടത്തിന്റെ മറ്റിനങ്ങള്‍ക്ക് ഖനനസാധ്യതയുണ്ട്.

തവിട്ടു നിറത്തിലുള്ള കൊറണ്ടം

ആഗോളതലത്തില്‍ കൊറണ്ടത്തിന്റെ മുന്തിയ നിക്ഷേപങ്ങളുള്ളത് ബ്രസീല്‍, മലഗസി റിപ്പബ്ലിക്, ദക്ഷിണാഫ്രിക്ക, കാനഡ, യു.എസ്. എന്നീ രാജ്യങ്ങളിലാണ്; കാനഡയില്‍ ഒണ്ടാറിയോ പ്രവശ്യയിലും യു.എസ്സില്‍ കാലിഫോര്‍ണിയാ സ്റ്റേറ്റിലുമാണ് ഈ ധാതു സഞ്ചിതമായിട്ടുള്ളത്. കൊറണ്ടത്തിന്റെ അമൂല്യ രൂപഭേദങ്ങളായ മാണിക്യം, ഇന്ദ്രനീലം എന്നീ രത്നങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാകുന്നത് ശ്രീലങ്ക, മ്യാന്മര്‍, തായ് ലാന്‍ഡ് എന്നീ രാജ്യങ്ങളിലാണ്. മറ്റൊരു വകഭേദമായ എമറിയുടെ കനത്ത നിക്ഷേപങ്ങള്‍ ഗ്രീസ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലാണുള്ളത്; യു.എസ്സിലെ ന്യൂയോര്‍ക്ക്, മാസച്യുസെറ്റ്സ് എന്നീ സ്റ്റേറ്റുകളിലും സമ്പന്നനിക്ഷേപങ്ങളുണ്ട്. ഇന്ത്യയില്‍ എമറി കണ്ടെത്തിയിട്ടില്ല. എന്നാല്‍ ഗുണനിലവാരത്തില്‍ എമറിയോടു കിടനില്ക്കുന്ന മറ്റൊരിനം കൊറണ്ടം ആന്ധ്രപ്രദേശിലെ മഹ്ബൂബ് നഗറില്‍നിന്ന് ലഭ്യമായിട്ടുണ്ട്.

കൊറണ്ടത്തിന്റെ വജ്രാഭയുള്ളതും സുതാര്യവുമായ ഇനങ്ങളാണ് രത്നക്കല്ലുകളായി വ്യവഹരിക്കപ്പെടുന്നത്. ഇവയില്‍ കടുംചുവപ്പു(ശോണിത) നിറത്തിലുള്ള മാണിക്യം അതിപ്രാചീനകാലം മുതല്‍ക്കേ രത്നം എന്ന നിലയില്‍ പ്രാധാന്യം നേടിയിരുന്നു. ആരടുക്കുകളിലൂടെ വര്‍ണവൈവിധ്യം നിദര്‍ശിപ്പിക്കുന്ന ഒരിനവും മാണിക്യത്തിലുണ്ട്. കൊറണ്ടത്തിന്റെ സുതാര്യവും നീലനിറത്തിലുള്ളതുമായ ഇനമാണ് ഇന്ദ്രനീലം(Saphire). വാണിജ്യരംഗത്ത് കൊറണ്ടത്തിന്റെ ഇനഭേദങ്ങളായ രത്നങ്ങളില്‍ മാണിക്യം ഒഴികെയുള്ള എല്ലാറ്റിനെയും ഇന്ദ്രനീലം എന്നു പറഞ്ഞുവരുന്നു; ഓരോന്നിനോടും അതതിന്റെ നിറം ദ്യോതിപ്പിക്കുന്ന വിശേഷണം ചേര്‍ത്ത് പച്ച ഇന്ദ്രനീലം, മഞ്ഞ ഇന്ദ്രനീലം, പാടലേന്ദ്രനീലം, വര്‍ണരഹിതേന്ദ്രനീലം എന്നിങ്ങനെയാണ് വ്യവഹാരം. 'നവരത്ന'ങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് മാണിക്യവും ഇന്ദ്രനീലവും (നോ. നവരത്നങ്ങള്‍). ഈ രത്നങ്ങള്‍ക്കുള്ളില്‍ അതിസൂക്ഷ്മങ്ങളും പരസ്പരസമാന്തരങ്ങളുമായ വര്‍ണതന്തുക്കള്‍ ഉണ്ടായിരിക്കുകമൂലം ഇവയ്ക്ക് പട്ടിന്റെ തിളക്കം സിദ്ധിക്കുന്നു. കുംഭകാകൃതി(encabochon)യില്‍ ഉരച്ചെടുക്കുമ്പോള്‍ മേല്പറഞ്ഞ തന്തുക്കള്‍ നക്ഷത്രാകൃതിപൂണ്ട് സവിശേഷമായ ദ്യുതിയുണ്ടാക്കുന്നു. മാണിക്യത്തിന്റെയും ഇന്ദ്രനീലത്തിന്റെയും മുന്തിയ ഇനങ്ങള്‍ ഇപ്രകാരമുള്ളവയാണ്. ഈ രത്നങ്ങള്‍ക്കുള്ളിലുള്ള അതിസൂക്ഷ്മങ്ങളായ സുഷിരങ്ങള്‍ക്ക് ജ്യാമിതീയമായ ആകൃതിവിശേഷങ്ങളാണുള്ളത്. വ്യാജനിര്‍മിത രത്നങ്ങളില്‍നിന്ന് യഥാര്‍ഥ മാണിക്യത്തെയും ഇന്ദ്രനീലത്തെയും വേര്‍തിരിച്ചറിയുന്നത് ഈ സവിശേഷതയെ അടിസ്ഥാനമാക്കിയാണ്.

(എന്‍.ജെ.കെ. നായര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B1%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍