This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറഗര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊറഗര്‍

കേരള-കര്‍ണാടക അതിര്‍ത്തിഗ്രാമങ്ങളില്‍ നിവസിക്കുന്ന ഒരു ആദിവാസിവിഭാഗം. കാസര്‍കോട് താലൂക്കിലെ 79 വില്ലേജുകളില്‍ 34-ലും കൊറഗര്‍ പാര്‍ക്കുന്നതായി കാണുന്നുണ്ട്. 2001-ലെ സെന്‍സസ് പ്രകാരം ഇന്ത്യയിലാകെ 16,071 കൊറഗര്‍ ഉള്ളതായി കണക്കാക്കിയിരിക്കുന്നു. സൂര്യനെക്കുറിക്കുന്ന 'കൊറ' ശബ്ദത്തില്‍നിന്നും സൂര്യാരാധകരായ ഇവര്‍ക്ക് ഈ പേരുലഭിച്ചു എന്നു വിശ്വസിക്കപ്പെടുന്നു. 'മലയിലെ ആളുകള്‍' എന്നര്‍ഥമുള്ള തുളുവിലെ 'കൊറുവര്‍' പദം 'കൊറഗര്‍' ആയി രൂപാന്തരപ്പെട്ടുവെന്നും അഭിപ്രായമുണ്ട്. തുളുഭാഷയുടെ അപരിഷ്കൃതരൂപമാണ് ഇവരുടെ സംസാരഭാഷ.

കൊറഗരുടെ ഉദ്ഭവത്തെക്കുറിച്ച് പല കഥകളും പ്രചാരത്തിലുണ്ട്. ശൂദ്രന് ബ്രാഹ്മണസ്ത്രീയില്‍ ജനിച്ചതുമൂലം സമൂഹത്താല്‍ ബഹിഷ്കൃതരാക്കപ്പെട്ട സന്താനങ്ങളുടെ പരമ്പരയാണ് കൊറഗര്‍ എന്നതാണ് ഒരു കഥ. ചണ്ഡാലരുടെ രാജാവായിരുന്ന ഹുബൂഷികന്‍ കദംബരാജകുമാരിയും ലോകാദിത്യന്റെ മകളുമായ കനകാവതിയെ വിവാഹം ചെയ്യാനാഗ്രഹിച്ചു വേണ്ടുന്ന സന്നാഹങ്ങളോടെ എത്തി. അപ്പോള്‍ ലോകാദിത്യന്റെ പടയാളികള്‍ ഹുബൂഷികനെയും അനുചരരെയും വെട്ടിക്കൊന്നു. ശേഷിച്ചവര്‍ പ്രാണരക്ഷാര്‍ഥം കാട്ടില്‍ അഭയം പ്രാപിച്ചു. അവരുടെ പിന്മുറക്കാരാണ് കൊറഗര്‍ എന്നതാണ് മറ്റൊരു കഥ. ഒരു കാലത്ത് കൊറഗര്‍ വളരെ ശക്തിപ്രാപിച്ചിരുന്ന ഒരു വിഭാഗമായിരുന്നെന്നും അന്നത്തെ അവരുടെ പ്രമാണിയായിരുന്ന ഹുബൂഷികന്‍ തുളുനാട് ആക്രമിച്ച് അവിടത്തെ ഭരണകര്‍ത്താവായിരുന്ന മയൂരവര്‍മനെയും പരാജയപ്പെടുത്തി മുന്നേറുമ്പോള്‍ ഗോകര്‍ണത്തെ, മയൂരവര്‍മന്റെ മകനായ ലോകാദിത്യന്‍ ഹുബൂഷികനെ തോല്പിച്ചോടിക്കുകയും കൊറഗരെ കീഴടക്കി ബ്രാഹ്മണമേധാവിത്വം സ്ഥാപിക്കുകയും ഇവരെ നീചരും നികൃഷ്ടരുമാക്കി ഒറ്റപ്പെടുത്തുകയും ചെയ്തുവത്രെ.

തലമുറകളായി സാമൂഹികവിവേചനം അനുഭവിച്ചുവരുന്നവരാണ് കൊറഗര്‍. സാമൂഹികവും സാമ്പത്തികവുമായ ചൂഷണത്തിന് എന്നും ഇവര്‍ വിധേയരായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തും പൊതുസ്ഥലങ്ങള്‍ പലതും ഇവര്‍ക്കു നിരോധിക്കപ്പെട്ടിരുന്നു. പൊതുവീഥിയില്‍ തുപ്പല്‍ വീഴാതിരിക്കാന്‍ കഴുത്തില്‍ ഒരു മണ്‍പാത്രം കെട്ടിനടക്കാന്‍പോലും ഇവര്‍ നിര്‍ബദ്ധരായിരുന്നു. ഉടഞ്ഞ മണ്‍പാത്രത്തിലേ ഭക്ഷണം പാകം ചെയ്യാവൂ എന്നും ആഹാരമായാലും വസ്ത്രമായാലും പുതിയതൊന്നും ഉപയോഗിക്കാന്‍ പാടില്ലെന്നുമായിരുന്നു നിയമം. മേല്‍ജാതിക്കാര്‍ ഇവരെ അടിമകളെപ്പോലെ കരുതി പണിയെടുപ്പിക്കുകയും ക്രയവിക്രയം നടത്തുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ സ്ഥിതിക്കു മാറ്റം വന്നിട്ടുണ്ട്.

കൊറഗര്‍ രണ്ടു വിഭാഗക്കാരുണ്ട്; ചപ്പു കൊറഗരും കുണ്ടുകൊറഗരും. 'ചപ്പു' എന്നാല്‍ 'ഉണങ്ങിയ ഇല' എന്നും 'കുണ്ടു' എന്നാല്‍ 'തുണി' എന്നുമാണ് അര്‍ഥം. ഇലകൊണ്ടു നാണം മറച്ച് കാട്ടില്‍ കഴിയുന്നവരാണ് ചപ്പു കൊറഗര്‍; വസ്ത്രം ധരിച്ച് സമതലങ്ങളില്‍ കഴിയുന്നവര്‍ കുണ്ടുകൊറഗരും. ചപ്പുകൊറഗരെ അപേക്ഷിച്ച് തങ്ങള്‍ ഉയര്‍ന്നവരെന്ന് കുണ്ടുകൊറഗര്‍ വിശ്വസിക്കുന്നു.

കടുംകറുപ്പുനിറവും ചുരുണ്ട തലമുടിയുമാണ് ഇവരുടെ പ്രത്യേകതകള്‍. മുന്‍കാലങ്ങളില്‍ പുരുഷന്മാര്‍ തലമുടി നീട്ടിവളര്‍ത്തി കുടുമ കെട്ടിയിരുന്നു. കമുകിന്‍പാള കുത്തിയുണ്ടാക്കിയ തൊപ്പികള്‍ സ്ത്രീകളും പുരുഷന്മാരും ധരിച്ചിരുന്നു. വെള്ളി, പിച്ചള, പ്ലാസ്റ്റിക്, ഗ്ലാസ്, അലുമിനിയം എന്നിവ കൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ കാതിലും കൈകളിലും അണിയാറുണ്ട്; അപൂര്‍വമായി സ്വര്‍ണാഭരണങ്ങളും. ഇവരില്‍ ചില വിഭാഗക്കാര്‍ മൃഗങ്ങളുടെ എല്ലുകള്‍ കൊണ്ടുണ്ടാക്കിയ മാല ധരിക്കുന്നു. നിറമുള്ള മുണ്ടും പുറമേ ഒരു ടൗവലുമായിരുന്നു മുമ്പ് ഇവരുടെ വേഷം. ഉത്സവാഘോഷങ്ങള്‍ക്കു പോകുമ്പോള്‍ പുരുഷന്മാര്‍ ഉടുപ്പ് ഉപയോഗിച്ചിരുന്നു. സ്ത്രീകള്‍ മുണ്ടും ബ്ലൗസും അണിയുന്നു. ഇപ്പോള്‍ കുമാരിമാരും യുവതികളും സാരി ഉടുക്കാറുണ്ട്.

കുട്ടയുണ്ടാക്കലും കല്ലുകീറലുമാണ് കൊറഗരുടെ പ്രധാന തൊഴില്‍. തോട്ടിവേലയിലും മുതല പിടുത്തത്തിലും ഏര്‍പ്പെടുന്നവരുമുണ്ട്. ഭിക്ഷാടനം തൊഴിലാക്കിയവരും അപൂര്‍വമല്ല. വനത്തില്‍നിന്ന് വിറകു ശേഖരിക്കുന്ന ജോലിയില്‍ ഇവര്‍ സമര്‍ഥരാണ്. എന്നാല്‍ കൃഷിപ്പണിയില്‍ തീരെ തത്പരരല്ല.

കൂട്ടമായി താമസിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് കൊറഗര്‍. മുളയും ഇലയും പുല്ലും ഓലയും ഉപയോഗിച്ച് ദീര്‍ഘചതുരാകൃതിയില്‍ ഉയരം കുറച്ചു നിര്‍മിക്കുന്ന ചെറിയ കുടിലു-കൊപ്പു-കളാണ് ഇവരുടെ വീടുകള്‍. കെട്ടിവയ്ക്കാത്ത ഓടുകള്‍ താഴെവീണ് അപകടങ്ങള്‍ ഉണ്ടാകുമെന്ന് ഭയന്ന് ഓടിട്ട വീട്ടില്‍ താമസിക്കുവാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല.

മരുമക്കത്തായത്തില്‍നിന്നും മക്കത്തായത്തിലേക്കു മാറിക്കൊണ്ടിരിക്കുന്ന ഒരു സമൂഹമാണ് കൊറഗരുടേത്. ഏകഭാര്യാത്വത്തിലും ഏക ഭര്‍ത്തൃത്വത്തിലും ഇവര്‍ വിശ്വസിച്ചിരുന്നു.

വിവാഹം നിശ്ചയിച്ചു കഴിഞ്ഞാല്‍, വിവാഹദിവസത്തിന് ഒരു മാസം മുമ്പേ വരന്‍ വധുവിനുള്ള വിവാഹവസ്ത്രം നല്കണം. ഇതുകൂടാതെ വധുവിന്റെ വിലയായി പണമോ സാധനങ്ങളോ കൊടുക്കണം. വധുവിന്റെ വീട്ടില്‍വച്ചാണ് വിവാഹം. കല്ലുകൊണ്ടുണ്ടാക്കിയ മാല വരന്‍ വധുവിനെ അണിയിക്കുന്നതാണ് പ്രധാന ചടങ്ങ്. വിളമ്പിയ ചോറിന് മുമ്പില്‍ ഇരിക്കുന്ന വധൂവരന്മാരുടെ തലയില്‍ അരിവിതറി, ക്ഷണിക്കപ്പെട്ടവര്‍ അനുഗ്രഹിക്കുന്നു. വധു ഗര്‍ഭിണിയാകുമ്പോള്‍ അവളുടെ വീട്ടില്‍ പ്രത്യേകമുണ്ടാക്കിയ ചെറിയ കുടിലില്‍ താമസിച്ചു പ്രസവിക്കുന്നു. ആദ്യത്തേത് ആണ്‍കുട്ടി ആണെങ്കില്‍ മുത്തച്ഛന്റെയും പെണ്‍കുട്ടി ആണെങ്കില്‍ മുത്തശ്ശിയുടെയും പേരിടുന്നു. ജനിക്കുന്ന ആഴ്ചയുടെ പേര് കുട്ടിക്കു നല്കുന്ന പതിവുമുണ്ട്. വിവാഹമോചനവും പുനര്‍വിവാഹവും അനുവദനീയമാണ്.

കൊറഗര്‍ മൃഗങ്ങളെയും വൃക്ഷങ്ങളെയും പൂര്‍വികരെയും ആരാധിക്കുന്നു. കൊറത്തി, പഞ്ചുരുളി, വിലചാണ്ടി, കൊറഗചാനിയ, കല്ലുരുട്ടി, രാഹുഗുളിക, ചാമുണ്ണി എന്നിവരാണ് ഇവരുടെ ആരാധ്യദേവതകള്‍. ആദ്യത്തെ നാലെണ്ണം ദുര്‍ദേവതകളാണ്. ദേവതമാരുടെ അപ്രീതിയാണ് രോഗത്തിന് കാരണമെന്നായിരുന്നു ഇവരുടെ വിശ്വാസം. കാഞ്ഞിരമരത്തിന്റെ ചുവട്ടിലാണ് ദേവതകളെ പ്രതിഷ്ഠിച്ചു പൂജിക്കുന്നത്. ആദികാലങ്ങളില്‍ ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ ഒത്തുചേര്‍ന്ന് ദേവതാരാധനകള്‍ നടത്തിയിരുന്നു. ഇപ്പോള്‍ എല്ലാ സ്ഥലവാസികളും ചേര്‍ന്നാണ് പൂജയും ആഘോഷവും നടത്തുന്നത്. ഹിന്ദുക്കളുടെ വിശേഷദിവസങ്ങളായ വിഷു, ഗോകുലാഷ്ടമി തുടങ്ങിയവ കൊറഗരും ഇപ്പോള്‍ ആഘോഷിക്കുന്നുണ്ട്.

അനേകം അന്ധവിശ്വാസങ്ങള്‍ ഇവരുടെയിടയില്‍ നിലവിലിരിക്കുന്നു. നാലുകാലുള്ള ഒന്നിനെയും എടുക്കുകയോ നയിക്കുകയോ ചെയ്യരുത് എന്നതാണ് അവയിലൊന്ന്. കാലി മേയ്ക്കാനും നാലുകാലുള്ള കസേരയോ മേശയോ ഉപയോഗിക്കാനും ഇവര്‍ ഇഷ്ടപ്പെടുന്നില്ല. വിളമ്പുന്ന ഭക്ഷണത്തില്‍നിന്നും എന്തെങ്കിലും തറയില്‍ വീഴുന്നത് ആപത്തിന്റെ സൂചനയായി ഇവര്‍ കണക്കാക്കുന്നു.

ശവം ദഹിപ്പിക്കുകയാണ് പതിവ്. മരിച്ചത് പുരുഷനാണെങ്കില്‍ അനന്തരവനാണ് ക്രിയകള്‍ ചെയ്യേണ്ടത്; സ്ത്രീ ആണെങ്കില്‍ മക്കളും. പതിനൊന്നു ദിവസം പുല ആചരിക്കും. ശവദാഹത്തിനും പന്ത്രണ്ടാം ദിവസമുള്ള കര്‍മങ്ങള്‍ക്കും 'ഗുരികാര' എന്ന കൊറഗ പ്രമാണിയായിരിക്കും നേതൃത്വം നല്കുക.

ആധുനികകാലത്ത് കുട്ടനെയ്ത്തും ശുചീകരണത്തൊഴിലും മറ്റും ചെയ്തു നിത്യവൃത്തി കഴിയുന്ന കൊറഗര്‍, ദിവസവരുമാനത്തിന്റെ പകുതിയോളം മദ്യത്തിനായി ചിലവിടുന്നു. പട്ടികവര്‍ഗത്തില്‍പ്പെട്ട ഈ സമൂഹത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുവാന്‍ 1980-കള്‍ മുതല്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടുവരുന്നുവെങ്കിലും അവയൊന്നും ഫലവത്തായി കാണുന്നില്ല. ഇന്നും കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ ഏറ്റവും പരിതാപകരമായ ജീവിതം നയിക്കുന്ന സമൂഹമായി കൊറഗര്‍ ശേഷിക്കുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B1%E0%B4%97%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍