This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊര്‍ണേലിയൂസ്, പീറ്റര്‍ ഫൊണ്‍ (1783 - 1867)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊര്‍ണേലിയൂസ്, പീറ്റര്‍ ഫൊണ്‍ (1783 - 1867)

Cornelius, Peter Von

പീറ്റര്‍ ഫൊണ്‍ കൊര്‍ണേലിയൂസ്

ജര്‍മന്‍ ചിത്രകാരന്‍. 1783 സെപ്. 23-ന് ജര്‍മനിയിലെ ഡൂസല്‍ഡോര്‍ഫില്‍ ജനിച്ചു. പിതാവ് പട്ടണത്തിലെ ആര്‍ട്ട് ഗാലറിയില്‍ ഡയറക്ടറായിരുന്നതിനാല്‍ ബാല്യകാലത്തുതന്നെ ചിത്രകലയില്‍ ഇദ്ദേഹത്തിനു താത്പര്യം ഉണ്ടായി. ചെറുപ്പകാലത്ത് മധ്യയുഗങ്ങളിലെ റൊമാന്റിസിസത്താല്‍ ആകൃഷ്ടനായി. ഗൊയ്ഥേയുടെ ഫൗസ്റ്റിനുവേണ്ടി ശ്രദ്ധേയമായ പല ചിത്രരചനകളും നടത്തി. 1811-ല്‍ ഗൊയ്ഥേയുടെ ഉപദേശാനുസരണം ഉപരിപഠനത്തിനായി റോമിലേക്കു പോയി. അവിടെ ജോവന്‍ ഓവര്‍ബക്കിന്റെ സഹപ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു. നസറിനുകള്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഇവര്‍ മെച്ചപ്പെട്ട ചിത്രങ്ങളുടെ രചനയ്ക്ക് കൂട്ടായ പ്രവര്‍ത്തനം അനിവാര്യമാണെന്ന് വിശ്വസിച്ചു. ജോവന്‍ ഓവര്‍ബക്കിനോടൊപ്പം കൊര്‍ണേലിയൂസ് നസറിന്‍ പ്രസ്ഥാനത്തിനു നേതൃത്വം നല്കി; അധ്യാപനം, സവിശേഷവ്യക്തിത്വം, സംഘടനാശേഷി എന്നിവയിലൂടെ യുവതലമുറയെ സ്വാധീനിച്ചു. ഈ കാലഘട്ടത്തില്‍ ഇദ്ദേഹം രചിച്ച 'ദ വൈസ് ആന്‍ഡ് ഫൂളിഷ് വെര്‍ജിന്‍സ്' എന്ന ചിത്രം റാഫേലിനോടുള്ള ആദരവ് പ്രകടമാക്കുന്നു.

ഇദ്ദേഹം ഫ്രെസ്കോ ചിത്രകലയുടെ പുരാതനസങ്കേതം പുനരുജ്ജീവിപ്പിക്കാന്‍ 1814-ല്‍ ഒരു ശ്രമം നടത്തി. റോമിലെ കാസാബര്‍ത്തോള്‍ഡിയുടെ ചുമരുകളില്‍ കൊര്‍ണേലിയൂസും കൂട്ടരും ജോസഫിന്റെ കഥ വിവരിക്കുന്ന ഒരു ഫ്രെസ്കോ ചിത്രം രചിച്ചു. സമകാലികരുടെ പ്രത്യേക പ്രശംസ നേടിയ ഒരു രചനയാണിത്. 1819-ല്‍ ഇദ്ദേഹം ജര്‍മനിയിലേക്കു തിരിച്ചുവന്നു മ്യൂണിച്ചില്‍ വാസമുറപ്പിച്ചു. ബവേറിയയിലെ രാജാവായ ലുഡ്വിഗ് ഒന്നാമന്റെ പ്രോത്സാഹനത്തോടെ മതപരവും മതേതരവുമായ പല രചനകളും നടത്തി. 1841-ല്‍ ലണ്ടനിലെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ഫ്രെസ്കോ ചിത്രരചനകള്‍ക്കു വേണ്ട ഉപദേശം നല്കുവാനായി അവിടേക്കു പോയി. അവസാനകാലം ബര്‍ലിനിലെ പ്രഷ്യന്‍ കോര്‍ട്ടിലാണ് ചെലവഴിച്ചത്. ഇക്കാലത്തെ സങ്കുചിതവീക്ഷണം ഇദ്ദേഹത്തിന്റെ കലാപരമായ കഴിവുകളെ പ്രതികൂലമായി ബാധിച്ചു. 1867 മാ. 6-ന് ബര്‍ലിനില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍