This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊരണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊരണ്ടി

തറയില്‍ ഇട്ടിരിക്കാന്‍ ഉപയോഗിക്കുന്ന പലക, കുരണ്ടിയെന്നും നാല്ക്കാലിയെന്നും ഇതിന് പേരുകളുണ്ട്. ഇതിനെ ഇരിപ്പു പലക എന്നാണ് സാധാരണ പറയാറുള്ളത്. കൊരണ്ടി പണിയുന്നതിനു പ്രത്യേകമായി കണക്കോ അളവുകളോ ഇല്ല. ഒരു തുണ്ടുപലകയും പട്ടിയലും ആണിയും കിട്ടിയാല്‍ കൊരണ്ടിക്ക് അത്യാവശ്യം വേണ്ടുന്ന സാധനങ്ങളായി. തറയില്‍നിന്നും അല്പം പൊങ്ങിയിരിക്കുന്നതിനായി, പലകയുടെ അടിഭാഗത്ത് പട്ടിയല്‍ വച്ചു തറയ്ക്കുകയോ മരക്കട്ടകള്‍ വച്ചുപിടിപ്പിക്കുകയോ ചെയ്യുന്നു. ഒരാളിന് ഇരിക്കാനുള്ള ഇടം ഒരു കൊരണ്ടിക്കുണ്ടായിരിക്കണമെന്നേയുള്ളൂ. ആവശ്യാനുസരണം വിസ്തീര്‍ണം കൂട്ടിയോ കുറച്ചോ കൊരണ്ടി പണിയുന്നുണ്ട്.

കൊരണ്ടി

പഴയ കാലങ്ങളില്‍ സാധാരണക്കാരുടെ ഇടയില്‍ വളരെ പ്രാധാന്യമുള്ള ഒരുപകരണമായിരുന്നു കൊരണ്ടി. തറയിലിരുന്നുള്ള പ്രവൃത്തികള്‍ക്കെല്ലാം കൊരണ്ടി ഉപയോഗിച്ചിരുന്നു. അടുക്കള ജോലികള്‍ ചെയ്യുന്നിടത്തും ഉണ്ണാനിരിക്കുന്നിടത്തും കണിയാന്‍ കവടി നിരത്തുന്നിടത്തും കല്യാണപ്പന്തലില്‍ പുതുമണവാളനും മണവാട്ടിയും ഇരിക്കുന്നിടത്തും പൂജാസ്ഥാനങ്ങളിലും കൊരണ്ടിക്ക് സ്ഥാനം കൊടുത്തിരുന്നു.

ഏറ്റവും ഉപയോഗപ്രദവും വിലകുറഞ്ഞതുമായ ഈ ഉപകരണം ഇപ്പോഴും നാട്ടിന്‍പുറങ്ങളിലെ അടുക്കളകളില്‍ കാണാനുണ്ട്. ആവണിപ്പലക, നാല്ക്കാലിക്കൊരണ്ടി, പലകക്കൊരണ്ടി ഇവയെല്ലാം കൊരണ്ടിവര്‍ഗത്തില്‍പ്പെട്ടവയാണ്. ആമയുടെ ആകൃതിയിലുള്ള 'ആമപ്പലക'യും കൊരണ്ടിതന്നെയാണ്. ഹിന്ദുദേവാലയങ്ങളില്‍ അപരിഹാര്യമായ സാമഗ്രിയായി ഇതു ഗണിക്കപ്പെടുന്നു.

'കൊരണ്ടിമേലിരുന്നു കൊരണ്ടിതപ്പുക' (ഓര്‍മയില്ലാതെ പ്രവര്‍ത്തിക്കുക), 'കൊരണ്ടിയും കൊണ്ടാടിയാല്‍ ദൈവം' (പലരും പ്രശംസിച്ചാല്‍ നിസ്സാരനും വലിയവന്‍) എന്നിങ്ങനെ കൊരണ്ടിയില്‍ നിന്നുണ്ടായ ചില ശൈലികളും പ്രചാരത്തിലുണ്ട്.

കൊരണ്ടിയെന്ന പേരില്‍ ഒരിനം ചെടിയുമുണ്ട്. കരിമ്പനയുടെ കായും കൊരണ്ടിയാണ്.

(കൊല്ലങ്കോട് ബാബുരാജ്; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B0%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍