This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊരട്ടിക്കൈമള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊരട്ടിക്കൈമള്‍

കൊച്ചിരാജ്യത്തെ പ്രഭുകുടുംബാംഗങ്ങളില്‍ പ്രമുഖന്‍. ആലങ്ങാടിന്റെയും ആനാടിന്റെയും ഇടയ്ക്കുള്ള പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൊരട്ടിസ്വരൂപത്തിലെ സ്ഥിരം സേനാനായകസ്ഥാനം വഹിച്ചിരുന്ന കുടുംബത്തിലെ അംഗമായ ഇദ്ദേഹം ചെമ്പകശ്ശേരി രാജാവിനോടും മറ്റ് ഇടപ്രഭുക്കന്മാരോടും ചേര്‍ന്ന് തിരുവിതാംകൂറിലെ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ രാജാവിനെതിരായി പടപൊരുതി. 1754-ല്‍ തിരുവിതാംകൂറിനു കീഴടങ്ങി. ബന്ദിയായി കുടമാളൂര്‍ താമസിച്ചിരുന്ന ചെമ്പകശ്ശേരി രാജാവ് അവിടെനിന്ന് ഒളിച്ചോടി കൊച്ചിയിലെത്തി തെക്കുംകൂര്‍, വടക്കുംകൂര്‍ രാജാക്കന്മാരുമായി കൂടിയാലോചന നടത്തി. ഇവര്‍ മൂന്നുപേരും കൂടി കൊച്ചിയിലെ ഇടപ്രഭുക്കളായ പാലിയത്തച്ചനെയും കൊരട്ടിക്കൈമളെയും കോടശ്ശേരിക്കൈമളെയും കണ്ട് തങ്ങളുടെ അധികാരം പുനഃസ്ഥാപിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചു. ഇവരെല്ലാവരുംകൂടി കൊച്ചിത്തമ്പുരാന്റെ അടുക്കല്‍ നിവേദനം നടത്തി. മാവേലിക്കരവച്ച് ഡച്ചുകാരുമായുണ്ടാക്കിയ ഉടമ്പടിക്കെതിരായി അവരെ സഹായിക്കണമെന്നും അപേക്ഷിച്ചു. തീരെ സൗമ്യപ്രകൃതനായിരുന്ന കൊച്ചിത്തമ്പുരാന്‍ അവര്‍ക്കനുകൂലമായ നില കൈക്കൊണ്ടു. അപ്രകാരം തിരുവിതാംകൂറുമായി യുദ്ധം തുടങ്ങുവാനുള്ള അനുവാദം അവര്‍ നേടി. കായംകുളം, അമ്പലപ്പുഴ, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍ മുതലായ ദേശങ്ങളിലെ അസംതൃപ്തരായ പ്രമാണികള്‍ ഗൂഢമായി പള്ളുരുത്തി, ഉണ്ടിക്കടവ് മുതലായ സ്ഥലങ്ങളില്‍ എത്താന്‍ സൂചന നല്കിയിരുന്നു. കൊരട്ടിക്കൈമളുടെയും മറ്റ് ഇടപ്രഭുക്കന്മാരുടെയും കീഴിലുണ്ടായിരുന്ന ഒരു വലിയ സൈന്യത്തെ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ടെന്നും യുദ്ധസാമഗ്രികള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഉള്ള വിവരം ഡച്ചുഗവര്‍ണര്‍ രഹസ്യമായി തിരുവിതാംകൂറിനെ അറിയിച്ചു. തിരുവിതാംകൂര്‍ രാജാവ് ഉടനെതന്നെ രാമയ്യന്റെയും രാമവര്‍മ രാജകുമാരന്റെയും കീഴില്‍ സൈന്യസന്നാഹം നടത്തുകയും സമരയാത്ര തുടങ്ങുകയും ചെയ്തു. മാവേലിക്കരയില്‍ എത്തിയപ്പോള്‍ രാജാവിന് അസുഖം ബാധിക്കയാല്‍ രാജകുമാരന്‍, ദളവ, ഡിലനായി എന്നിവരോടുകൂടി യാത്ര തുടര്‍ന്നു. അവര്‍ പുറക്കാട്ടെത്തി ശത്രുക്കളെ നിശ്ശേഷം പരാജിതരാക്കി. പാലിയത്തച്ചന്‍, കൊരട്ടിക്കൈമള്‍ മുതലായ ഇടപ്രഭുക്കന്മാരെയെല്ലാം ബന്ധനസ്ഥരാക്കി തിരുവനന്തപുരത്തേക്കയച്ചു. രാമയ്യന്‍ അവിടെനിന്നു ആനന്ദേശ്വരത്തേക്കു നീങ്ങി. മാര്‍ഗമധ്യേ കണ്ട കൊച്ചിയിലെ ഉദ്യോഗസ്ഥന്മാരെയെല്ലാം ബന്ധനസ്ഥരാക്കി. ഇത്രയുമായപ്പോള്‍ കൊച്ചിത്തമ്പുരാന്‍ പരിഭ്രാന്തനായി തെറ്റിനു മാപ്പുചോദിച്ചുകൊണ്ടും തുടര്‍ന്ന് ആക്രമിക്കരുതെന്നപേക്ഷിച്ചുകൊണ്ടും തിരുവനന്തപുരത്തേക്ക് ഒരു സന്ദേശമയച്ചു. ആക്രമണം നിര്‍ത്തി തിരിച്ചുപോരാന്‍ രാജാവ് രാമയ്യനു നിര്‍ദേശം നല്കി. അതോടുകൂടി ബന്ധനസ്ഥരായിരുന്നവരെ വിട്ടപ്പോള്‍ കൊരട്ടിക്കൈമളും മോചിതനായി.

(വി.ആര്‍. പരമേശ്വരന്‍ പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍