This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊയ് ലോ, പൗലോ (1947 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊയ് ലോ, പൗലോ (1947 - )

Coelho, Paulo

ബ്രസീലിയന്‍ നോവലിസ്റ്റ്. 1947 ആഗ. 24-ന് ബ്രസീലിലെ റിയോ ഡി ജനീറോയ്ക്കടുത്തുള്ള ബോട്ടോ ഫാഗോയില്‍ പെദ്രോ ക്വെമിയ കൊയ്ലോ ദി സൂസയുടെയും ലിദിയ അരാരിപെ കൊയിലോയുടെയും മകനായി ജനിച്ചു.

റിയോ ഡി ജനീറോയിലെ ജസ്യൂട്ട് സ്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. കുട്ടിക്കാലത്ത് ഒരു സാഹിത്യകാരനാകണമെന്നുള്ള പൗലോയുടെ ആഗ്രഹത്തെ എന്‍ജിനീയറായിരുന്ന പിതാവും കുടുംബവും എതിര്‍ത്തിരുന്നു. പൗലോയുടെ വേറിട്ട ചിന്തകള്‍ മനോരോഗത്തിന്റെ ലക്ഷണമാണെന്നു ധരിച്ച മാതാപിതാക്കള്‍ ഇദ്ദേഹത്തെ പലവട്ടം ചികിത്സയ്ക്കു വിധേയനാക്കി. സ്കൂള്‍ പഠനാനന്തരം നാടകപ്രവര്‍ത്തനങ്ങളും പത്രപ്രവര്‍ത്തനങ്ങളുമായി കഴിഞ്ഞ പൗലോ കൊയ് ലോ മതപരമായ അനുഷ്ഠാനങ്ങളോട് വൈമനസ്യം കാട്ടിയിരുന്നു. 1968-ല്‍ ഗറില്ലാ, ഹിപ്പി പ്രസ്ഥാനങ്ങളോടും തുടര്‍ന്ന് ഇടതുപക്ഷ രാഷ്ട്രീയത്തോടും കൂടുതല്‍ അടുത്ത കൊയ് ലോ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രകടനങ്ങളിലും സജീവസാന്നിധ്യമായി. വ്യക്തിസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും പ്രചരിപ്പിക്കുന്ന ആള്‍ട്ടര്‍നേറ്റീവ് സൊസൈറ്റി എന്ന സംഘടനയില്‍ ചേര്‍ന്ന് കാര്‍ട്ടൂണുകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് 1973-ല്‍ ബ്രസീലിയന്‍ പട്ടാളം ഇദ്ദേഹത്തെ തടങ്കലിലാക്കി പീഡിപ്പിച്ചു. തീവ്ര ഇടതുപക്ഷ രാഷ്ട്രീയവും തടങ്കല്‍പീഡനവും എല്ലാം കൊയ്ലോയുടെ മാനസികനിലയെ മാറ്റിമറിച്ചു. തുടര്‍ന്ന് കത്തോലിക്കാ വിശ്വാസിയായിത്തീര്‍ന്ന കൊയ് ലോ, ഒരു എഴുത്തുകാരന് വേണ്ടത് അനുഭവമാണെന്ന് മനസ്സിലാക്കി, ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാനുള്ള ആവേശത്തോടെ സഞ്ചാരം തുടര്‍ന്നു. അന്‍പത്തിയഞ്ച് ദിവസം കൊണ്ട് എഴുന്നൂറു കിലോമീറ്ററോളം കാല്‍നടയായി യാത്രചെയ്തു. സാന്തിയാഗോ ഡിം കോം പോസ്റ്റെലായില്‍ തീര്‍ഥയാത്ര നടത്തിയ കൊയ് ലോ ഈ യാത്രയില്‍ നിന്നും നേടിയ അനുഭവങ്ങളാണ് ഡയറി ഒഫ് എ മാഗൂസ് (Diary of a Magus) എന്ന കൃതിയിലൂടെ പ്രസിദ്ധീകരിച്ചത്.

കൊയ് ലോ,പൗലോ

1988-ല്‍ പ്രസിദ്ധീകരിച്ച ദി ആല്‍ക്കെമിസ്റ്റ് എന്ന കൃതിക്കു വന്‍ പ്രചാരമാണ് ലഭിച്ചത്. ഇതിലെ കേന്ദ്രകഥാപാത്രമായ സാന്തിയാഗോയുടെ മരുഭൂമിയിലൂടെയുള്ള യാത്ര, ജീവിതത്തിന്റെ തന്നെ ദൃഷ്ടാന്തരൂപമാണ്. സ്വന്തം ആത്മാവിന്റെ നിധി കണ്ടെത്താനാലയുന്ന ഓരോ വ്യക്തിക്കും ആത്മജ്ഞാനത്തിന്റെ തിരിച്ചുപോക്കാണ് വേണ്ടതെന്നും കൊയ് ലോ ഈ നോവലിലൂടെ വെളിവാക്കുന്നു. ദശലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിക്കപ്പെട്ട ഈ നോവലിനെ ഒരു ആധുനിക ക്ലാസ്സിക് കൃതിയായി വിലയിരുത്തുന്നവരുമുണ്ട്.

ആഗ്രഹിക്കുന്നതെല്ലാം ലഭ്യമായ സുന്ദരിയായ വേറോണിക്കയുടെ കഥയാണ് 1998-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട വെറോണിക്ക ഡിസൈഡ്സ് റ്റു ഡൈ എന്ന നോവല്‍. വിസ്കോസ് എന്ന മലനിരയിലെ ചെറിയ ഗ്രാമത്തിലെത്തുന്ന അപരിചിതന്റെ അന്വേഷണ കഥയാണ് ദ് ഡെവിള്‍ ആന്‍ഡ് മിസ് പ്രൈമം. 1997-ല്‍ പ്രസിദ്ധീകരിച്ച മാനുവല്‍ ഒഫ് ദ് വോറിയര്‍ ഒഫ് ലൈറ്റിലൂടെ ജീവിതത്തിന്റെ അനിശ്ചിതത്വത്തിനിടയിലും, നമ്മുടെ ഉള്ളില്‍ കൂടിയിരിക്കുന്ന വെളിച്ചത്തിന്റെ പട്ടാളക്കാരനെ കണ്ടെത്താനാണ് കൊയ് ലോ ആവശ്യപ്പെടുന്നത്. ഇലവന്‍ മിനിറ്റ്സില്‍ (2003) ബ്രസീലിയന്‍   ഗ്രാമത്തില്‍ നിന്നുള്ള മറിയയുടെ കഥയാണ് പറയുന്നത്. ലൈംഗികതയുടെ പവിത്രതയും പ്രേമത്തിന്റെ പരിശുദ്ധിയും മനുഷ്യന്റെ ആന്തരികപ്രകാശത്തെ എങ്ങനെ ബാധിക്കുന്നുവെന്നാണ് ഈ നോവലിലൂടെ കൊയ്ലോ അപഗ്രഥിക്കുന്നത്. ബ്രിഡ (1990), ദ് ഫിഫ്ത്ത് മൗണ്ടന്‍ (1996), ദ് പില്‍ഗ്രിമേജ് (1988), സഹീര്‍ (2005), ദ് വിന്നര്‍ സ്റ്റാന്റ്സ് എലോണ്‍ (2008), ലൈക്ക് ദ് ഫ്ളോയിങ് റിവര്‍ (2006), മാനുസ്ക്രിപ്റ്റ് ഫൗണ്ട് ഇന്‍ അക്കാറാ (2012), അഡള്‍ട്ടറി (2014) തുടങ്ങിയവയാണ് കൊയ് ലോയുടെ ഇതര പ്രധാനകൃതികള്‍. ലോകത്തെ ഒട്ടനവധി രാജ്യാന്തര പുസ്തകമേളകളില്‍ മികച്ച കൃതിയ്ക്കും രചയിതാവിനുമുള്ള പുരസ്കാരങ്ങളും ബഹുമതികളും   നേടിയിട്ടുള്ള കൊയ് ലോ കൃതികള്‍ ഇതിനകം 80 ഭാഷകളിലായി 150 ദശലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട് (2012).

മാനസിക പിരിമുറുക്കത്തിലും യാന്ത്രികജീവിതത്തിലും പെട്ടുഴലുന്ന പുതിയ തലമുറയിലെ വായനക്കാരെ തന്റെ കൃതികളിലൂടെ വെളിച്ചത്തിന്റെ മാന്ത്രികലോകത്തേക്ക് കൊയ്ലോ കൂട്ടിക്കൊണ്ടുവന്നു. എഴുത്തിലൂടെ കിട്ടിയ പണത്തിന്റെ ഒരു വിഹിതം റിയോയിലെ ചേരികളില്‍ ഉപേക്ഷിക്കപ്പെട്ട കുട്ടികളേയും വൃദ്ധജനങ്ങളേയും പുനരധിവസിപ്പിക്കാനുള്ള യത്നങ്ങള്‍ക്കുവേണ്ടി ഇദ്ദേഹം വിനിയോഗിക്കുന്നു. 2007-ല്‍ ഐക്യരാഷ്ട്രസഭയുടെ സമാധാനദൂതനായി കൊയ് ലോയെ പ്രഖ്യാപിക്കുകയുണ്ടായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍