This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊയ് രാല, ബി.പി (1915 - 82)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊയ് രാല, ബി.പി (1915 - 82)

Koirala, B.P

ബി.പി കൊയ് രാല

നേപ്പാളിലെ രാഷ്ട്രീയ നേതാവ്. ജനാധിപത്യരീതിയിലുള്ള തിരഞ്ഞെടുപ്പില്‍ക്കൂടി നേപ്പാളിലെ പ്രധാനമന്ത്രിയായിത്തീര്‍ന്ന ബിശ്വേശ്വര്‍ പ്രസാദ് കൊയ് രാല 1915 സെപ്തംബറില്‍ നേപ്പാളിലെ ബിരാത്നഗറില്‍ ജനിച്ചു. ബനാറസ്, കല്‍ക്കത്ത എന്നീ സര്‍വകലാശാലകളില്‍ നിന്നും വിദ്യാഭ്യാസം നേടിയ ഇദ്ദേഹം 'ക്വിറ്റ് ഇന്ത്യാ' പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാക്കളായ ജയപ്രകാശ് നാരായണ്‍, റാംമനോഹര്‍ ലോഹ്യ, അശോക് മേത്ത എന്നിവരുമായി ഗാഢസമ്പര്‍ക്കം പുലര്‍ത്തുവാന്‍ അവസരം ലഭിച്ച കൊയ് രാല ഇന്ത്യന്‍ ദേശീയ മുന്നേറ്റത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുകയും നേപ്പാളിലെ റാണാഭരണകൂടത്തിന്റെ ദുര്‍ഭരണത്തിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയുംചെയ്തു. ഇദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ചുവടുപിടിച്ച് നേപ്പാളി നാഷണല്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. 1947 മാ. 4-ന് ബിരാത്നഗര്‍ പണിമുടക്കിനോടനുബന്ധിച്ച് ഇദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു. ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭം നയിച്ചതിന് 1948-ല്‍ ഉണ്ടായ അറസ്റ്റിനെത്തുടര്‍ന്ന് ഇദ്ദേഹം 27 ദിവസം ജയിലില്‍ നിരാഹാരവ്രതം അനുഷ്ഠിക്കുകയുണ്ടായി. 1950-ല്‍ നേപ്പാളി ഡെമോക്രാറ്റിക് കോണ്‍ഗ്രസ്സും നാഷണല്‍ കോണ്‍ഗ്രസ്സും ലയിച്ചതിന്റെ ഫലമായി നേപ്പാളി കോണ്‍ഗ്രസ് എന്ന പുതിയ സംഘടന രൂപംകൊണ്ടു. 1950 സെപ്തംബറില്‍ ഈ സംഘടന റാണാമാര്‍ക്കെതിരായ കലാപം സംഘടിപ്പിക്കുകയും രാജാവിനെയും ജനങ്ങളെയും ഭൂപ്രഭുക്കന്മാരായ റാണാമാരില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിതമായി. 1951-ലെ നേപ്പാളി മന്ത്രിസഭയില്‍ ഇദ്ദേഹം ആഭ്യന്തരമന്ത്രിയായി. 1952-ല്‍ ഈ മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു. 1959-ലെ ചരിത്രപ്രധാനമായ തിരഞ്ഞെടുപ്പില്‍ നേപ്പാളി നാഷണല്‍ കോണ്‍ഗ്രസ്സിന് വമ്പിച്ച ഭൂരിപക്ഷം ലഭിച്ചതിനെത്തുടര്‍ന്ന് കൊയ് രാല പ്രധാനമന്ത്രിയായുള്ള മന്ത്രിസഭ മേയ് 29-ന് അധികാരമേറ്റെടുത്തു. മഹേന്ദ്രരാജാവിന്റെ വിളംബരമനുസരിച്ച് 1960 ഡി. 15-ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ പിരിച്ചുവിടപ്പെട്ടതിനെത്തുടര്‍ന്ന് 1968 വരെ കൊയ് രാല ജയിലിലടയ്ക്കപ്പെട്ടു. 1968-ല്‍ ചികിത്സാര്‍ഥം ജയില്‍ മോചിതനായ ഇദ്ദേഹം ഇന്ത്യയില്‍ രാഷ്ട്രീയാഭയം തേടുകയും 1968 മുതല്‍ 76 വരെ ഇന്ത്യയില്‍ കഴിഞ്ഞുകൂടുകയും ചെയ്തു. 1976-ല്‍ നേപ്പാളില്‍ തിരിച്ചെത്തിയ കൊയ് രാലയെ, ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന് കുറ്റമാരോപിച്ച് അറസ്റ്റു ചെയ്തു. രഹസ്യവിചാരണയ്ക്കുശേഷം നേപ്പാള്‍ വിട്ടുപോകാന്‍ ഇദ്ദേഹത്തെ അനുവദിച്ചുവെങ്കിലും രാജ്യദ്രോഹക്കുറ്റം ചുമത്തി 1978-ല്‍ വീണ്ടും അറസ്റ്റു ചെയ്തു. ഏറെ താമസിയാതെ ജയില്‍ മോചിതനായ കൊയ് രാല തത്കാലം പൊതുരംഗത്തേക്കു മടങ്ങിവന്നെങ്കിലും 1979 ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെ വീട്ടുതടങ്കലിലായിരുന്നു. 1980-ല്‍ ബഹുകക്ഷി സംവിധാനത്തിനുവേണ്ടി പ്രചാരണം നടത്തിയെങ്കിലും അതിനോടനുബന്ധിച്ചു നടന്ന അഭിപ്രായ വോട്ടെടുപ്പില്‍ കൊയ് രാലയുടെ നിര്‍ദേശം നിരസിക്കപ്പെട്ടു. 1982 ജൂല. 21-ന് നേപ്പാളിലെ കാഠ്മണ്ടുവില്‍ 67-ാമത്തെ വയസ്സില്‍ കൊയ് രാല അന്തരിച്ചു.

(ആര്‍. കൊച്ചുകൃഷ്ണന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍