This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊയ്ന

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊയ്ന

Quinine

സിങ്കോണ മരത്തില്‍നിന്നും ലഭിക്കുന്ന ക്ഷാരഗുണമുള്ള ഒരു വസ്തു (ആല്‍ക്കലോയ്ഡ്). മലമ്പനിരോഗത്തിന്റെ ചികിത്സയ്ക്ക് സിദ്ധൗഷധമായി ഒരു കാലത്ത് അതിവിപുലമായ തോതില്‍ ഉപയോഗിച്ചിരുന്നു. അമേരിക്കയിലുണ്ടായതും പിന്നീട് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ സുലഭമായിത്തീര്‍ന്നതുമായ സിങ്കോണവൃക്ഷത്തിന്റെ പട്ടയില്‍ നിന്നാണ് കൊയ്ന ലഭിക്കുന്നത്.

സിങ്കോണ മരപ്പട്ട ഉള്‍ച്ചിത്രം:സിങ്കോണ പൂവ്

പതിനേഴാം ശതകത്തില്‍ സിങ്കോണിലെ പ്രഭ്വിയാണ് 'പനിമര'മെന്നറിയപ്പെട്ടിരുന്ന ഈ വൃക്ഷത്തിന്റെ പട്ട യൂറോപ്പില്‍ എത്തിച്ചത്. പെറുവിലെ വൈസ്രോയിയുടെ ഭാര്യ കൗണ്‍ടസ്സ് ഒഫ് സിങ്കോണ്‍, സിങ്കോണ മരപ്പട്ടയില്‍ നിന്നുണ്ടാക്കിയ ഔഷധംകൊണ്ട് മലമ്പനിയില്‍ നിന്ന് രക്ഷപ്പെട്ടത്രെ. ഇക്കാരണത്താല്‍ സിങ്കോണപ്പട്ടയുടെ ഔഷധമൂല്യത്തില്‍ അവര്‍ക്ക് വിശ്വാസമുണ്ടാകുകയും സ്പെയിനിലുള്ള ബന്ധുക്കള്‍ക്ക് ഈ മരപ്പട്ട എത്തിച്ചുകൊടുക്കുകയും അവിടെനിന്നും ഇറ്റലി, ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നിവിടങ്ങളിലേക്ക് ഈ വൃക്ഷം വ്യാപിപ്പിക്കുകയും ചെയ്തു. സിങ്കോണപ്പട്ടയില്‍ നിന്ന് 1810-ല്‍ ഗൊമെസ് എന്ന പോര്‍ച്ചുഗീസ് ശാസ്ത്രജ്ഞന്‍ ആല്‍ക്കലോയ്ഡ് മിശ്രിതപരലുകളുണ്ടാക്കി. അതോടെ ഇത് പ്രചുരപ്രചാരം നേടി. ശുദ്ധമായ കൊയ്ന ആദ്യമായി വേര്‍തിരിച്ചത് 1820-ല്‍ പെല്ലറ്റിയറും കവന്‍ടുവുമാണ്. ഇവര്‍ ഇതു കൂടാതെ മുപ്പതോളം ആല്‍ക്കലോയ്ഡുകള്‍ സിങ്കോണവര്‍ഗത്തിലുള്ള മരങ്ങളില്‍നിന്നു കണ്ടുപിടിക്കുകയുണ്ടായി. ഡച്ചുകാര്‍ ഈസ്റ്റിന്‍ഡീസില്‍ സിങ്കോണക്കൃഷി വ്യാപകമാക്കുകയും ക്രമേണ ഈ രാജ്യം കൊയ്ന ഉത്പാദനത്തില്‍ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു. ഇന്ത്യയില്‍ ആദ്യമായി സിങ്കോണമരം വച്ചുപിടിപ്പിച്ചത് 1860-ല്‍ ആയിരുന്നു. നീലഗിരിയില്‍ ഇംഗ്ലീഷുകാരാണ് ഇതിന്റെ കൃഷിക്ക് തുടക്കമിട്ടത്.

ജന്തുശരീരത്തില്‍ കൊയ്നയുടെ പ്രവര്‍ത്തനം വളരെ സങ്കീര്‍ണമാണ്. കൊയ്നയുടെ അമിതമായ ഉപയോഗം 'സിങ്കോണിസ'ത്തിന് കാരണമാകുന്നു. ഓക്കാനം, തലവേദന, ചെവി, കണ്ണ്, ഹൃദയം, കിഡ്നി എന്നിവയ്ക്കുണ്ടാകുന്ന അസ്വാസ്ഥ്യങ്ങള്‍; രക്തചംക്രമണത്തിനും ശ്വാസോച്ഛ്വാസത്തിനും നേരിടുന്ന ക്രമക്കേടുകള്‍ എന്നിവയാണ് സിങ്കോണിസത്തിന്റെ ലക്ഷണങ്ങള്‍. കൊയ്ന അലര്‍ജിയുള്ളവര്‍ക്ക് തൊലി പൊട്ടല്‍, ആസ്ത്മ, നീര്‍വീക്കം എന്നിവ സാധാരണമായി ഉണ്ടാകാറുണ്ട്.

സിങ്കോണപ്പട്ടയില്‍നിന്നു ലഭിക്കുന്ന ക്വിനിഡീന്‍ എന്ന മറ്റൊരു ഔഷധം ക്രമമല്ലാത്ത സ്പന്ദനം അനുഭവപ്പെടുന്നതുപോലുള്ള ചിലതരം ഹൃദ്രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്നുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%AF%E0%B5%8D%E0%B4%A8" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍