This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊയെനിക്തിസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊയെനിക്തിസ്

ഓസ്റ്റിക്തിസ് എന്നറിയപ്പെടുന്ന അസ്ഥിമത്സ്യങ്ങളുടെ രണ്ട് ഉപവിഭാഗങ്ങളില്‍ ഒന്ന്. ശ്വാസകോശമത്സ്യങ്ങള്‍ എന്നും ഇവ അറിയപ്പെടുന്നു. ശ്വാസകോശശ്വസനവുമായി ബന്ധപ്പെട്ട ആന്തരികനാസാരന്ധ്രം ഈദൃശമത്സ്യങ്ങള്‍ക്ക് മാത്രമുള്ള ഒരു സവിശേഷതയാണ്. തവളയെപ്പോലുള്ള ഉഭയജന്തുക്കള്‍ ഈ വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളില്‍നിന്ന് പരിണമിച്ചിട്ടുള്ളതാണെന്നും കരുതുന്നു. മത്സ്യങ്ങളുടെ സുവര്‍ണചരിത്രഘട്ടമെന്ന് പുരാജീവിവിജ്ഞാനീയമായി കരുതപ്പെടുന്ന ഡെവോണിയന്‍ യുഗത്തില്‍ ആവിര്‍ഭവിച്ച ഈ വിഭാഗത്തില്‍പ്പെട്ട ചില പ്രാചീന മത്സ്യങ്ങള്‍ ക്രിട്ടേഷ്യസ് ഘട്ടത്തില്‍ അന്യം നിന്നുപോയെന്നായിരുന്നു എന്നാണ് മുമ്പ് കരുതിപ്പോന്നിരുന്നത്. എന്നാല്‍ അവയില്‍ ചിലത് നാമമാത്രമായ വ്യതിയാനങ്ങളോടുകൂടി ഇന്നും ജീവിച്ചിരിക്കുന്നതായി സമീപകാലത്ത് കണ്ടെത്തി.

കൊയെനിക്തിസ് വിഭാഗത്തില്‍പ്പെട്ട മത്സ്യങ്ങളെ ക്രോസോപ്ടെറിജി, ഡിപ്നോയി എന്നീ രണ്ടു ഗോത്രങ്ങളായി വിഭജിച്ചിരിക്കുന്നു.

ക്രോസോപ്ടെറിജി ഗോത്രത്തില്‍പ്പെട്ട പ്രാചീന മത്സ്യങ്ങള്‍ ഡെവോണിയന്‍ കാലഘട്ടങ്ങളില്‍ സുലഭമായി കാണപ്പെട്ടിരുന്നു. ഉഭയജന്തുക്കളുടെയും അതുകൊണ്ടുതന്നെ കരയിലെ എല്ലാ കശേരുകികളുടെയും പൂര്‍വികരെന്ന പരിണാമപ്രാധാന്യവും ഈ ഗോത്രത്തില്‍പ്പെട്ട മത്സ്യങ്ങള്‍ക്കുണ്ട്. അതിപ്രാചീന ക്രോസോപ്ടെറിജി മത്സ്യങ്ങള്‍ മാംസഭുക്കുകളും ശുദ്ധജലനിവാസികളുമായിരുന്നു. കുളങ്ങളിലും തോടുകളിലും ജീവിച്ചിരുന്ന ഇത്തരം മത്സ്യങ്ങള്‍ക്ക് വരള്‍ച്ചക്കാലത്ത് ശ്വാസകോശമുപയോഗിച്ച് ശ്വസിക്കാന്‍ കഴിയുമായിരുന്നു. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് മാംസളച്ചിറകുകള്‍ ആണുണ്ടായിരുന്നത്. തന്മൂലം ഒരു ജലാശയത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ഇഴഞ്ഞുനീങ്ങാന്‍ ഇവയ്ക്കു സാധിച്ചിരുന്നു. കാലക്രമേണ ക്രോസോപ്ടെറിജിയിലെ ഒരു ശാഖയായ സീലകാന്തിനി സമുദ്രജീവിതത്തിലേക്കു നയിക്കപ്പെട്ടു.

ലാറ്റിമേറിയ ചാലുമനൈ

ക്രോസോപ്ടെറിജി ഗോത്രത്തില്‍പ്പെട്ട മത്സ്യങ്ങളെ രണ്ടു ഗ്രൂപ്പുകളിലായി തരംതിരിച്ചിരിക്കുന്നു; ഓസ്റ്റിയോലെപ്പിഡുകളും സീലകാന്തുകളും. ഓസ്റ്റിയോലെപ്പിഡുകള്‍ ഡെവോണിയന്‍ യുഗത്തിലും കാര്‍ബോണിഫെറസ് യുഗത്തിലും ജീവിച്ചിരുന്നു. എന്നാല്‍ സീലകാന്തുകളാകട്ടെ കാര്‍ബോണിഫെറസ് യുഗം മുതല്‍ മീസോസോയിക് യുഗത്തിന്റെ അവസാനം വരെ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. അതിനുശേഷം അവയുടെ ഫോസിലുകള്‍ കാണപ്പെട്ടിട്ടില്ല. താരതമ്യേന കൂടുതല്‍ പ്രാചീനമായിരുന്ന ഓസ്റ്റിയോലെപ്പിഡുകളെക്കാള്‍ വിശേഷവത്കൃതമായിരുന്ന ഒരു ഗ്രൂപ്പായിരുന്നു സീലകാന്തുകള്‍. ആദ്യകാല ഉഭയജന്തുക്കളോട് ഓസ്റ്റിയോലെപ്പിഡുകള്‍ക്ക് കൂടുതല്‍ രൂപസാദൃശ്യമുണ്ടായിരുന്നു.

ക്രോസോപ്ടെറിജി ഗോത്രത്തില്‍പ്പെട്ട മത്സ്യങ്ങള്‍ അന്യം നിന്നുപോയിരുന്നുവെന്നു വിശ്വസിക്കപ്പെട്ടിരുന്നു. എന്നാല്‍ യാദൃച്ഛികമായി 1938 ഡി. 22-ന് ദക്ഷിണാഫ്രിക്കന്‍ കടലില്‍ ഏതാണ്ട് 73 മീ. ആഴത്തില്‍നിന്ന് 1.5 മീ. നീളവും ഉദ്ദേശം 65 കിലോ ഗ്രാം തൂക്കവുമുള്ള ഒരു സീലകാന്ത് മത്സ്യത്തെ പിടിച്ചെടുക്കുകയുണ്ടായി. നീലനിറമുള്ള ഈ മത്സ്യത്തിന്റെ ശല്ക്കങ്ങള്‍ വൃത്താകൃതിയുള്ളതും ചിറകുകള്‍ ദളാകാരങ്ങളുമാണ്. ബ്രിട്ടീഷ് മത്സ്യശാസ്ത്രവിദഗ്ധനായിരുന്ന ജെ.എല്‍.ബി. സ്മിത്ത് ഈ മത്സ്യത്തിന്റെ ജന്തുശാസ്ത്രസ്ഥാനം നിര്‍ണയിക്കുകയും അതിനു ലാറ്റിമേറിയ ചാലുമനൈ എന്നു നാമകരണം ചെയ്യുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ കടലിലെ അതേസ്ഥാനത്തുനിന്ന് വീണ്ടും 1952-ല്‍ മറ്റൊരു സീലകാന്ത് മത്സ്യത്തെയും പിടിച്ചെടുക്കുകയുണ്ടായി. പ്രൊഫ. ജെ.എല്‍. സ്മിത്ത് ഈ സീലകാന്ത് മത്സ്യത്തിന് മലേനിയ അല്‍ജൗനിയ എന്ന് നാമകരണം ചെയ്തു. ഉദ്ദേശം അഞ്ചുകോടി വര്‍ഷങ്ങള്‍ക്കുമുമ്പ് വംശനാശം സംഭവിച്ചുവെന്നു കരുതപ്പെട്ടിരുന്ന സീലകാന്ത് മത്സ്യങ്ങള്‍ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് ഈ കണ്ടുപിടിത്തം തെളിയിച്ചിരിക്കുന്നു. മഡഗാസ്കറിന് സമീപമുള്ള സമുദ്രഭാഗങ്ങളില്‍ നിന്ന് ഇതുപോലുള്ള ഒരു ഡസനിലേറെ സീലകാന്ത് മത്സ്യങ്ങളെ പിന്നീട് പിടിച്ചതായി ജന്തുശാസ്ത്രരേഖകളില്‍ കാണുന്നു.

ഒരു പക്ഷേ റിപ്പിഡിസ്റ്റിയന്‍ വംശത്തില്‍പ്പെട്ട അതിപ്രാചീന മത്സ്യങ്ങളില്‍നിന്ന് ആവിര്‍ഭവിച്ചതായിരിക്കാം സീലകാന്ത് മത്സ്യങ്ങള്‍. മസ്തിഷ്കപേടകം, ചിറകുകള്‍, ആമാശയം മുതലായ ഘടനകളില്‍ അവ തമ്മില്‍ അടുത്ത സാദൃശ്യങ്ങള്‍ കാണപ്പെടുന്നു. ഫ്രഞ്ച് ജന്തുശാസ്ത്രജ്ഞന്മാര്‍ ഇപ്പോള്‍ സീലകാന്ത് മത്സ്യങ്ങളെക്കുറിച്ചുള്ള വിശദമായ ശാസ്ത്രീയപഠനങ്ങളില്‍ വ്യാപൃതരാണ്. ഇവയെക്കുറിച്ചുള്ള കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല.

മൂന്നു ഗണങ്ങളില്‍പ്പെട്ട ഏതാനും ചില ശുദ്ധജലമത്സ്യങ്ങളാണ് ഡിപ്നോയി എന്ന ഗോത്രത്തിലുള്‍പ്പെടുന്ന ശ്വാസകോശമത്സ്യങ്ങള്‍. ആഫ്രിക്ക, ആസ്റ്റ്രേലിയ, ദക്ഷിണ അമേരിക്ക എന്നിവിടങ്ങളിലാണ് ഈദൃശമത്സ്യങ്ങള്‍ ഇന്ന് കാണപ്പെടുന്നത്. ആസ്റ്റ്രേലിയയിലെ ചില കുളങ്ങളിലും നദികളിലും മാത്രം കാണപ്പെടുന്ന ഒരു ഗണത്തില്‍പ്പെട്ട ശ്വാസകോശമത്സ്യമാണ് എപ്പിസെറാട്ടോഡസ്. അതുപോലെതന്നെ ആഫ്രിക്കയിലെ ചതുപ്പുനിലപ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരിനമാണ് പ്രോട്ടോപ്ടീറസ് എന്ന ഗണത്തില്‍പ്പെട്ട ശ്വാസകോശമത്സ്യങ്ങള്‍. കൂടാതെ ദക്ഷിണ അമേരിക്കയിലെ ചതുപ്പുനിലങ്ങളില്‍ ജീവിച്ചിരുന്നവ ലെപ്പിഡോസൈറന്‍ എന്ന ഗണത്തില്‍പ്പെട്ട ശ്വാസകോശമത്സ്യങ്ങള്‍ ആണ്. ഡെവോണിയന്‍ യുഗത്തില്‍ ഈ മത്സ്യങ്ങള്‍ ലോകത്തിന്റെ നാനാഭാഗങ്ങളിലും വമ്പിച്ച സംഖ്യയില്‍ കാണപ്പെട്ടിരുന്നു. എന്നാല്‍ കാലക്രമേണ ചില ഭാഗങ്ങളിലായിമാത്രം ഇവ പരിമിതപ്പെടുകയാണുണ്ടായത്.

ഓസ്റ്റിയോലെപ്പിഡ്

ആധുനിക ഡിപ്നോയി മത്സ്യങ്ങളുടെ ശല്ക്കങ്ങള്‍ സൈക്ലോയിഡ് മാതൃകയിലും വാല്‍ച്ചിറക് ഡിഫിസെര്‍ക്കള്‍ മാതൃകയിലും ഉള്ളതാണ്. ഇവയുടെ പ്രാക്കശേരുദണ്ഡം വിഭജിക്കപ്പെടാതെ അവശേഷിക്കുന്നതായി കാണാം. കപാലത്തിന്റെ പൃഷ്ഠഭാഗത്ത് ഏതാനും ചില അസ്ഥിഫലകങ്ങള്‍ മാത്രമേയുള്ളൂ. ഹനുബന്ധം ഓട്ടോസ്റ്റെലിക് മാതൃകയിലുള്ളതാണ്. പല്ലുകള്‍ സംയോജിച്ച് വലിയ ഫലകങ്ങളായി പരിണമിച്ചിരിക്കുന്നു. കുടലില്‍ വളരെ വികസിച്ച സര്‍പ്പിളകവാടം കാണപ്പെടുന്നു.

ഇന്ന് ജീവിച്ചിരിക്കുന്ന മത്സ്യസ്പീഷീസുകളില്‍ വച്ച് ഏറ്റവും പ്രാചീനമെന്നു കരുതപ്പെടുന്നത് എപ്പിസെറാട്ടോഡസ് എന്നറിയപ്പെടുന്ന ആസ്റ്റ്രേലിയന്‍ ശ്വാസകോശമത്സ്യമാണ്. അന്തരീക്ഷവായു ശ്വസിക്കുന്നതിനുവേണ്ടി ഈ മത്സ്യത്തിന് ജലോപരിതലത്തിലേക്ക് ഉയര്‍ന്നുപൊങ്ങാന്‍ കഴിയുമെങ്കിലും ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ശ്വാസകോശമത്സ്യങ്ങളെപ്പോലെ പൂര്‍ണമായും ജലരഹിതമായ അവസ്ഥയില്‍ ജീവിക്കാന്‍ ഇവയ്ക്കു കഴിയുകയില്ല. വരള്‍ച്ചക്കാലത്ത് ചെളിയില്‍ പുതഞ്ഞ് അതിലുണ്ടാക്കുന്ന സുഷിരങ്ങളിലൂടെ അന്തരീക്ഷവായു ശ്വസിച്ചു ജീവിക്കാന്‍ ആഫ്രിക്കയിലെയും ദക്ഷിണ അമേരിക്കയിലെയും ശ്വാസകോശമത്സ്യങ്ങള്‍ക്കു സാധിക്കുന്നു.

ആദ്യകാലത്തെ ഫോസില്‍-ശ്വാസകോശമത്സ്യങ്ങള്‍ തികച്ചും ശുദ്ധജലജീവികളായിരുന്നു. അവയ്ക്ക് പ്രത്യേകമായി പൃഷ്ഠപത്രവും വാല്‍ച്ചിറകും ഉണ്ടായിരുന്നു. എന്നാല്‍ ഈ ചിറകുകള്‍ പില്ക്കാലത്ത് സംയോജിപ്പിച്ച് തുടര്‍ച്ചയായ ഒരൊറ്റച്ചിറകായി രൂപാന്തരപ്പെടുകയുണ്ടായി.

ഡിപ്നോയി മത്സ്യങ്ങളുടെ ശാരീരികഘടനകളില്‍ പലതും ഉഭയജന്തുക്കളുടെ സവിശേഷതകളോട് സാദൃശ്യമുള്ളതാണെന്നു കാണാം. അതേസമയം അവയ്ക്ക് പ്രാകൃതവും വിശേഷവത്കൃതവുമായ ചില സവിശേഷതകളുണ്ട്. മുമ്പു സൂചിപ്പിച്ചതുപോലെ കുടലിലുള്ള സര്‍പ്പിളകവാടം, കോണത്തിലെ വാല്‍വുകള്‍, അവിഭക്തമായ പ്രാക്കശേരുദണ്ഡം മുതലായവ ചില പ്രാകൃത സ്വഭാവങ്ങളാണ്. എന്നാല്‍ ശ്വാസകോശം, ആന്തരിക നാസാരന്ധ്രങ്ങള്‍, പള്‍മനറി ആര്‍ട്ടറികള്‍, പള്‍മനറി വെയിനുകള്‍, പൂര്‍വോദര വെയിന്‍, പോസ്റ്റ് കേവല്‍ വെയിന്‍, പരസ്പരബന്ധമായ പൂര്‍വമസ്തിഷ്കദളങ്ങള്‍ മുതലായവ മറ്റു മത്സ്യങ്ങളില്‍ കാണപ്പെടാത്തതും ഉഭയജന്തുക്കളില്‍ കാണപ്പെടുന്നതുമായ പ്രത്യേകതകളാണ്. 'ഡിപ്നോയി മത്സ്യങ്ങള്‍ ഉഭയജന്തുക്കളുടെ അമ്മാവന്മാരാണ്' എന്നാണ് പ്രസിദ്ധ ജന്തുശാസ്ത്രജ്ഞനായിരുന്ന എ. എസ്. റോമറിന്റെ അഭിപ്രായം.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍