This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊയിലാണ്ടി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊയിലാണ്ടി

കോഴിക്കോടു ജില്ലയിലെ സമുദ്രതീരതാലൂക്കും മുനിസിപ്പാലിറ്റിയും അതിന്റെ ആസ്ഥാനവും. കൊയിലാണ്ടി താലൂക്കില്‍ 16 പഞ്ചായത്തുകളും 36 വില്ലേജുകളുമുണ്ട് (2013). നാഷണല്‍ ഹൈവേയില്‍ കോഴിക്കോട്ടു നിന്ന് 24 കി.മീ. വടക്കും വടകര നിന്ന് 23 കി.മീ. തെക്കുമായി സ്ഥിതിചെയ്യുന്നു. ഇവിടെ ഒരു റെയില്‍വേ സ്റ്റേഷനുമുണ്ട്. വിസ്തൃതി: 756.9 ച.കി.മീ. ജനസംഖ്യ: 68,970 (2001). തെക്ക് കോഴിക്കോട് താലൂക്കും കിഴക്ക് വയനാട് ജില്ലയും പടിഞ്ഞാറ് അറബിക്കടലുമാണ് അതിര്‍ത്തികള്‍.

പ്രാചീനകേരളചരിത്രത്തില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്ന പല സ്ഥലങ്ങളും ഈ താലൂക്കിലുണ്ട്. കൊയിലാണ്ടിക്കടുത്ത പന്തലായനിക്കൊല്ലമാണ് ഇവയില്‍ മുഖ്യം. ഇന്നത്തെ കൊയിലാണ്ടി ഒരിക്കല്‍ പന്തലായനിക്കൊല്ലത്തിന്റെ പ്രഭാവത്തില്‍ മുങ്ങിപ്പോയിരുന്ന സ്ഥലമാണ്. കോഴിക്കോട് തുറമുഖമെന്ന നിലയില്‍ വികസിക്കുന്നതിനുമുമ്പ് പന്തലായനിക്കൊല്ലം തുറമുഖനഗരമെന്ന നിലയില്‍ പ്രസിദ്ധിയാര്‍ജിച്ചിരുന്നു. ഇതിനടുത്ത കാപ്പാട് കടല്‍ത്തീരത്താണ് വാസ്കോ ദ ഗാമ ആദ്യമായി ഇന്ത്യയില്‍ കപ്പലിറങ്ങിയത് (1498). ചേരമാന്‍ പെരുമാള്‍ മക്കത്തേക്കു കപ്പല്‍ കയറിയത് പന്തലായനിക്കൊല്ലത്തുനിന്നായിരുന്നുവത്രെ. പ്രാചീന വിദേശസഞ്ചാരികളില്‍ പലരും പന്തലായനിക്കൊല്ലത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പ്ളിനി 'ചതലെ' എന്നും ഇബ്നു ബത്തൂത്ത 'ഫാന്‍ഡറിന' എന്നും പോര്‍ച്ചുഗീസുകാര്‍ 'പാന്‍ഡറിനി' എന്നും ഫ്രയര്‍ ഒഡൊറിക്ക് 'ഫ്ളാന്‍ഡറിന' എന്നും ഷെയ്ക്കു സെയ്നുദീന്‍ 'ഫുന്‍ഡ്രിയാ' എന്നും ഈ സ്ഥലത്തെക്കുറിച്ചു പരാമര്‍ശിച്ചുകാണുന്നു. വര്‍ഷകാലത്ത് ചൈനീസ് കപ്പലുകള്‍ ഇവിടെ നങ്കൂരമിട്ടു നില്ക്കാറുണ്ടായിരുന്നുവെന്ന് ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. പലതരം ഫലവൃക്ഷങ്ങള്‍ നിറഞ്ഞ തോട്ടങ്ങളും സമ്പത്സമൃദ്ധമായ അങ്ങാടികളുംകൊണ്ടു വിശാലവും മനോഹരവുമായ പട്ടണമാണ് പന്തലായനിക്കൊല്ലമെന്നും ഇബ്നു ബത്തൂത്ത പറയുന്നു. പന്തലായനിയുടെ ഭാഗമാണ് കൊല്ലം. അങ്ങനെയാവാം ഈ കടലോരപ്രദേശം പന്തലായനിക്കൊല്ലം എന്ന സംയുക്തനാമത്താല്‍ അറിയപ്പെട്ടത്. 'പന്തര്‍' പന്തല്‍ ആയതാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു. പന്തറിന് (ബന്ദര്‍ഗാഹ്=തുറമുഖം. ബന്ദര്‍ഗാഹിന്റെ സംക്ഷിപ്തരൂപമായ ബന്ദറിന്റെ രൂപാന്തരമാണ് പന്തര്‍) തുറമുഖം (harbour) എന്ന് ഗുണ്ടര്‍ട്ട് അര്‍ഥം നല്കുന്നു. വിശ്രമസ്ഥലം, ധാന്യപ്പുര അഥവാ പണ്ടകശാല എന്നീ അര്‍ഥങ്ങളാണ് 'പന്തലി'നുള്ളത്. അതിവിസ്തൃതമായ നെല്‍പ്പാടങ്ങളും അവയ്ക്കു ചുറ്റും ധാരാളം അയിനിപ്പിലാവുകളും ഇവിടെയുണ്ടായിരുന്നതിനാലാണ് 'പന്തലായനി' ദേശനാമമായതെന്ന് ചരിത്രഗവേഷകനായ ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍ പ്രസ്താവിച്ചിട്ടുണ്ട്.

കോടതി സമുച്ചയം-കൊയിലാണ്ടി

പയ്യനാട്ടു രാജാക്കന്മാരുടെയും കോലത്തിരിയുടെയും അധീനതയിലായിരുന്നു പന്തലായനിക്കൊല്ലം. സാമൂതിരി കുടുംബത്തിലെ ഒരു തമ്പുരാട്ടിയെ കോലത്തിരിയുടെ മകന്‍ അപഹരിച്ചു കൊണ്ടുപോയി വിവാഹം ചെയ്തതിനെത്തുടര്‍ന്ന് സാമൂതിരി കോലത്തിരിയുമായി വിരോധത്തിലായി. തുടര്‍ന്ന് കോലത്തിരിയുമായി യുദ്ധം ചെയ്ത് പന്തലായനിക്കൊല്ലം സാമൂതിരി സ്വന്തമാക്കി. കുഞ്ഞാലി മരയ്ക്കാര്‍മാരും പോര്‍ച്ചുഗീസുകാരുമായുള്ള നിരന്തരയുദ്ധങ്ങള്‍ ഈ പ്രദേശത്തെ നാശത്തിലേക്കു നയിച്ചു. അറേബ്യയും മലബാറും തമ്മിലുള്ള വാണിജ്യബന്ധത്തിന്റെ മുഖ്യകേന്ദ്രമായിരുന്ന ഇവിടം യുദ്ധങ്ങളുടെയും കൊള്ളകളുടെയും മറ്റും ഫലമായി അധഃപതിക്കാന്‍ തുടങ്ങി. 16-ാം നൂറ്റാണ്ടിന്റെ അവസാനം വരെ പന്തലായനിക്കൊല്ലം ഒരു തുറമുഖമെന്ന പ്രശസ്തി നിലനിര്‍ത്തിപ്പോന്നു. പയ്യനാട്ടു രാജാക്കന്മാരുടെ വകയായി പ്രസിദ്ധമായ ഒരു സുബ്രഹ്മണ്യസ്വാമിക്ഷേത്രം ഇവിടെ ഉണ്ടായിരുന്നതായി ഐതിഹ്യമുണ്ട്. സുബ്രഹ്മണ്യന് ആണ്ടി എന്നും പേരുണ്ടല്ലോ. ക്ഷേത്രദേശം എന്ന അര്‍ഥത്തില്‍ 'കോയില്‍ ആണ്ടി' കൊയിലാണ്ടിയായി എന്ന് ഒരഭിപ്രായമുണ്ട്. കോവില്‍ സ്ഥിതിചെയ്തിരുന്ന കണ്ടി (പ്രദേശം) ആദ്യം കോവില്‍ക്കണ്ടിയും പിന്നീട് കൊയിലാണ്ടിയുമായതാവാം. കോയില്‍ക്കണ്ടി എന്ന തറവാട്ടുപേരുകള്‍ ഈ പ്രദേശത്തുണ്ട്. പന്തലായനി വില്ലേജില്‍ കോവിക്കണ്ടി എന്നൊരു സ്ഥലം ഇപ്പോഴുമുണ്ട്. 'കോവില്‍ക്കണ്ടി' കോവല്‍ച്ചെടിയുടെ പേരില്‍ നിന്നുണ്ടായതാണെന്നാണ് കേസരി എ. ബാലകൃഷ്ണപിള്ളയുടെ അഭിപ്രായം. കോവല്‍ച്ചെടിയുടെ സംസ്കൃതപര്യായമായ 'തുണ്ഡികേരി' തൊണ്ടിയായതാണെന്നും അദ്ദേഹത്തിനഭിപ്രായമുണ്ട്. പന്തലായനിക്കു തൊണ്ടിയെന്നും പേരുണ്ടായിരുന്നുവത്രെ. പന്തലായനിക്കൊല്ലവും കൊയിലാണ്ടിയും ഇന്ന് പഴയ പ്രതാപങ്ങള്‍ അയവിറക്കിക്കഴിയുന്നു. പന്തലായനി ഇപ്പോള്‍ ഒരു വില്ലേജായി ചുരുങ്ങി; കൊല്ലം ആകട്ടെ വിയ്യൂര്‍ വില്ലേജിലെ ഒരു കരയായും.

പിഷാരികാവ് ക്ഷേത്രം

ഇസ്ലാം മതത്തിന്റെ ഇന്ത്യയിലെ ആദിമകേന്ദ്രങ്ങളിലൊന്നാണ് കൊയിലാണ്ടി. 7-ാം ശതകത്തില്‍ മാലിക് ഇബ്ന്‍ ദിനാര്‍ ഇവിടെ ഒരു മുസ്ലിംപള്ളി സ്ഥാപിക്കുകയുണ്ടായി. തന്റെ പുത്രനെ ഈ പള്ളിയുടെ ഖാസിയായി ഇദ്ദേഹം നിയമിച്ചു. മെക്കയിലെ വലിയ പള്ളിയുടെ മാതൃകയിലാണ് ഈ ദേവാലയം നിര്‍മിച്ചിട്ടുള്ളത്. 'റമളാന്‍' മാസത്തില്‍ മയ്യത്തുകുന്നിന്‍ (പള്ളി ശ്മശാനം) ഉത്സവം നടക്കുന്നു. ഈ മയ്യത്തുകുന്നില്‍ വച്ച് മുസ്ലിങ്ങളും പോര്‍ച്ചുഗീസുകാരുമായി നിരവധി തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1779-ല്‍ സയദ് അബ്ദുല്ലാ ബിന്‍ സയദ് അബ്ദുല്ലാ ഹാജി സ്ഥാപിച്ച ഒരു മുസ്ലിം പള്ളിയും ഇവിടെയുണ്ട്. പിഷാരിക്കാവാണ് ഇവിടത്തെ ഹിന്ദുക്കളുടെ പ്രധാന ആരാധനാകേന്ദ്രം. എല്ലാ വര്‍ഷവും നവരാത്രി ഇവിടെ വിപുലമായി ആഘോഷിക്കുന്നു. ഇവിടത്തെ കോതമംഗലം വിഷ്ണുക്ഷേത്രവും പ്രസിദ്ധമാണ്. മത്സ്യബന്ധനം തൊഴിലായിട്ടുള്ളവരും കുറവല്ല. കാപ്പാട്-തുവ്വപ്പാറ കടല്‍ത്തീരം ഒരു ടൂറിസ്റ്റ് കേന്ദ്രമായി വികസിച്ചുവരുന്നു.

കുഞ്ഞാലിമരയ്ക്കാര്‍ സ്മാരകം

കുഞ്ഞാലിമരയ്ക്കാര്‍മാരുടെ ജന്മസ്ഥലവും അവരുടെ ശക്തികേന്ദ്രവുമായിരുന്ന കോട്ടയ്ക്കല്‍ പയ്യോളി വില്ലേജിലാണ്. ക്വിറ്റിന്ത്യാ സമരകാലത്ത് ബോംബു കേസിലൂടെ വിപ്ളവം സൃഷ്ടിച്ച കീഴരിയൂര്‍ അര്‍ജുനന്‍കുന്ന് ഗുഹകളാല്‍ പ്രസിദ്ധമാണ്. കൂത്താളി തമ്പായിമാരുടെ നാട്ടുകോയ്മയിലിരുന്ന സ്ഥലമാണ് കൂത്താളി. ബാലുശ്ശേരി കോട്ടയും അവിടത്തെ വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രവും പ്രസിദ്ധമാണ്. കുറ്റ്യാടി ജലവൈദ്യുതപദ്ധതി, കുറ്റ്യാടി ജലസേചന പദ്ധതി എന്നിവ ഈ താലൂക്കിലാണ്. സി.കെ.ജി. മെമ്മോറിയല്‍ കോളജും പേരാമ്പ്രയിലുണ്ട്.

പയ്യോര്‍ മലനായന്മാരുടെ വാസസ്ഥലമായിരുന്ന പയ്യോളി എടംതുറയൂര്‍ വില്ലേജിലാണ്. ഈ വില്ലേജിലെ പാക്കനാപുരത്ത് ഗാന്ധിസദനമുണ്ട്.

തീരദേശത്തുനിന്നും ക്രമേണ ഉയര്‍ന്നുപോകുന്ന ഭൂപ്രകൃതിയാണ് ഈ താലൂക്കിനുള്ളത്. വയലും സമതലങ്ങളും മലമ്പ്രദേശങ്ങളും ഇടകലര്‍ന്നു കിടക്കുന്നു. ഉദ്ഭവഘട്ടത്തില്‍ കുറ്റ്യാടിപ്പുഴയെന്നും പിന്നീട് പ്രാദേശികപ്പേരുകളുമായി ചേര്‍ന്ന് കോരപ്പുഴ, അകലപ്പുഴ, കോട്ടയ്ക്കല്‍പ്പുഴ, നെല്ല്യാടിപ്പുഴ, മുത്താമ്പിപ്പുഴ, മഞ്ഞപ്പുഴ, പൂനൂര്‍പ്പുഴ, കണയങ്കോടുപുഴ, കടിയങ്ങാടുപുഴ എന്നീ പേരുകളാലും അറിയപ്പെടുന്ന നദി ഈ താലൂക്കിലെ വിവിധ വില്ലേജുകളിലൂടെ ഒഴുകുന്നു. കോട്ടക്കായലും കോരപ്പുഴക്കായലും ഈ താലൂക്കിന്റെ ഭാഗങ്ങളാണ്. ജനങ്ങളുടെ മുഖ്യതൊഴില്‍ മത്സ്യബന്ധനവും കയര്‍വ്യവസായവുമാണ്. പന്തലായനി, പേരാമ്പ്ര, ബാലുശ്ശേരി, കൂത്താളി തുടങ്ങിയ സ്ഥലങ്ങളില്‍ നെയ്ത്തു വ്യവസായമുണ്ട്. കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും കുറവല്ല.

കൊയിലാണ്ടിത്താലൂക്കില്‍പ്പെട്ട ചേമഞ്ചേരി, തിരുവണ്ടൂര്‍, കൊയിലാണ്ടി, വെള്ളറക്കാട്, തിക്കൊടി, പയ്യോളി, ഇരിങ്ങല്‍ എന്നിവിടങ്ങളില്‍ റെയില്‍വേ സ്റ്റേഷനുമുണ്ട്. സ്വാതന്ത്ര്യസമരകാലത്ത് തിരുവങ്ങൂര്‍ റെയില്‍വേ സ്റ്റേഷന്‍ നാട്ടുകാര്‍ അഗ്നിക്കിരയാക്കുകയുണ്ടായി. കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്റെ പഴയപേര് പന്തലായനി എന്നായിരുന്നു.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍