This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമ്പുപ്രാണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമ്പുപ്രാണി

ഷട്പദവിഭാഗത്തിലെ കോളിയോപ്ടെറ (Coleoptera) ഗോത്രത്തിലെ വണ്ടുകളുടെ പൊതുനാമം. കലമാന്‍ വണ്ടുകള്‍ (Stag beetles) എന്ന പേരിലും ഇവ അറിയപ്പെടുന്നു. കാഴ്ചയില്‍ കലമാനിന്റെ കൊമ്പുകള്‍ പോലെ തോന്നിക്കുന്ന കൊമ്പുപ്രാണികള്‍, യഥാര്‍ഥത്തില്‍ മറ്റു കൊമ്പന്‍ വണ്ടുകളെ അപേക്ഷിച്ച് നിരുപദ്രവ ജീവികളും ശാന്തസ്വഭാവികളും ആണ്.

കൊമ്പന്‍പ്രാണികള്‍ മുഖ്യമായി നാലു കുടുംബങ്ങളിലുളളവയാണ്: (i) സെറാംബിസിഡേ (Cerambycidae) കുടുംബത്തില്‍പ്പെട്ട നീണ്ട കൊമ്പുകളോടുകൂടിയ കൊമ്പന്‍ പ്രാണികള്‍; ഈ കുടുംബത്തില്‍പ്പെട്ടവ താരതമ്യേന ചെറിയ പ്രാണികളായിരിക്കും; ശരീരദൈര്‍ഘ്യം നാല് മില്ലിമീറ്റര്‍ മുതല്‍ 16 മില്ലിമീറ്റര്‍ വരെ വരും; ലോകത്തിന്റെ എല്ലാ ഭാഗത്തും ഇവ കാണപ്പെടുന്നു. (ii) ക്രൈസോമെലിഡേ (Chrysomelidae) കുടുംബത്തില്‍പ്പെട്ട പത്രികാ വണ്ടുകള്‍ (Leaf Beetles); (iii) ബ്രൂക്കിഡേ (Bruchidae) കുടുംബത്തില്‍പ്പെട്ട കൊമ്പന്‍ പ്രാണികള്‍; (iv) ലുക്കാനിഡേ (Lucanidae) കുടുംബത്തില്‍പ്പെട്ട കൂറ്റന്‍ കൊമ്പന്‍ പ്രാണികള്‍.

കൊമ്പുപ്രാണി

ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമായി ഏതാണ്ട് 900-ലേറെ ജാതി കൊമ്പുപ്രാണികളുണ്ടെന്നു രേഖപ്പെടുത്തിയിരിക്കുന്നു. ഏറ്റവും വലിയ കൊമ്പുപ്രാണിയുടെ ശരീരദൈര്‍ഘ്യം ഏഴു മുതല്‍ പത്തു വരെ സെ.മീ. വരും. ഏതാനും ചില അപവാദങ്ങളൊഴികെ എല്ലാ ആണ്‍കൊമ്പന്‍ പ്രാണികളുടെയും ഉത്തരഹനുക്കള്‍ (mandibles) നീണ്ട ചവണകള്‍ പോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഇവയുടെ കുന്തമുനപോലുള്ള കൊമ്പുകള്‍ക്ക് കലമാനിന്റെ കൊമ്പുകളോട് അടുത്ത രൂപസാദൃശ്യമുണ്ട്.

ചിലപ്പോള്‍ കൊമ്പുപ്രാണികള്‍ തമ്മില്‍ കൊമ്പുകള്‍ ഉപയോഗിച്ച് ദ്വന്ദ്വയുദ്ധത്തില്‍ ഏര്‍പ്പെടാറുണ്ട്. ഈദൃശയുദ്ധം മിക്കപ്പോഴും ആണുങ്ങള്‍ തമ്മിലായിരിക്കും. എതിരാളിയുടെ കടുപ്പമേറിയ മുന്‍ചിറകുകളില്‍ കൊമ്പുപയോഗിച്ച് തുളയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടു കൂടിയാണ് ഇവ പരസ്പരം പോരാട്ടം നടത്തുന്നത്. നിരവധി ശാഖകളോടുകൂടിയ കൊമ്പുകൊണ്ടുള്ള പോരാട്ടത്തില്‍ ഏതെങ്കിലും ഒന്നു വിജയിക്കുന്നു. അതേ സമയം യുദ്ധത്തില്‍ പരാജയപ്പെടുന്ന കൊമ്പുപ്രാണിയെ അപരന്‍ കൊലപ്പെടുത്തുകയുമില്ല. ഈ പോരാട്ടത്തില്‍ കൊമ്പുപ്രാണികള്‍ അവയുടെ കൊമ്പുകളെ കേടുപാടുകളില്‍ നിന്നു സംരക്ഷിച്ചു സൂക്ഷിക്കുന്നതിലും പ്രത്യേകം ശ്രദ്ധപതിപ്പിക്കുന്നതായി കാണാം.

കൊമ്പുപ്രാണികളുടെ പ്രിയങ്കരമായ ഭക്ഷണം സസ്യദ്രാവകവും പഴച്ചാറും ആണ്. സന്ധ്യാസമയങ്ങളിലാണ് ഇവ കൂടുതല്‍ സക്രിയമായി കാണപ്പെടുന്നത്. അനേകജാതി കൊമ്പുപ്രാണികളില്‍ ബഹുഭൂരിപക്ഷവും ഉഷ്ണമേഖലാഭൂപ്രദേശങ്ങളിലാണ് ഉള്ളത്. ചില കൊമ്പുപ്രാണികള്‍ക്ക് കണ്ണഞ്ചിപ്പിക്കുന്ന വര്‍ണഭംഗിയുമുണ്ട്. ചീഞ്ഞളിയുന്ന തടിക്കഷണങ്ങള്‍ക്കുള്ളില്‍ പെണ്‍പ്രാണികള്‍ അണ്ഡം നിക്ഷേപിക്കുന്നു. പ്രത്യുത്പാദനപരമായ ഈ പ്രക്രിയയില്‍ ആണ്‍കൊമ്പുപ്രാണികള്‍ പെണ്‍പ്രാണികളെ സഹായിക്കുന്നു. മറ്റു വണ്ടുകളെ അപേക്ഷിച്ച് കൊമ്പുപ്രാണികളുടെ പരിവര്‍ധനദശ നിരവധി വര്‍ഷങ്ങളോളം നീണ്ടുനില്ക്കുന്നു. മുട്ട വിരിഞ്ഞു പുറത്തുവരുന്ന ലാര്‍വകള്‍ നിരവധി വര്‍ഷങ്ങള്‍ക്കുശേഷമാണ് പ്രൗഢാവസ്ഥ പ്രാപിക്കുന്നത്.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍