This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമ്പന്‍ ചൊറിത്തവള

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമ്പന്‍ ചൊറിത്തവള

Asian Common Toad

ദക്ഷിണപൂര്‍വ്വേഷ്യയില്‍ സുലഭമായി കാണപ്പെടുന്ന ഒരിനം തവള. ശാ.നാ.: ബ്യൂഫോ മെലനോസ്റ്റിക്റ്റസ് (Bufo melanostictus). ഹിമാലയപര്‍വതനിരകളില്‍ ഏതാണ്ട് മൂവായിരം മീ. ഉയരത്തില്‍വരെ ജീവിക്കാന്‍ കഴിയുന്ന കൊമ്പന്‍ ചൊറിത്തവള വടക്കേ ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്നു. ബര്‍മ, തായ്ലന്‍ഡ്, ദക്ഷിണചൈന, ഇന്തോനേഷ്യന്‍ ദ്വീപുകള്‍, ദക്ഷിണേന്ത്യ എന്നിവിടങ്ങളിലെല്ലാം കൊമ്പന്‍ ചൊറിത്തവളയെ കാണാന്‍ കഴിയും.

കൊമ്പന്‍ ചൊറിത്തവളയുടെ ശരീരത്താകമാനം അരിമ്പാറകള്‍ പോലെയുള്ള കറുത്ത കടുപ്പമുള്ള നിരവധി മുഴകള്‍ കാണപ്പെടുന്നു. ശിരസ്സിന്റെ മുകള്‍ ഭാഗത്തുള്ള അരിമ്പാറ മുഴകള്‍ താരതമ്യേന വലുതും ചെറിയ കൊമ്പുകളെപ്പോലെ തോന്നിക്കുന്നവയുമാണ്. പെണ്‍ കൊമ്പന്‍ ചൊറിത്തവളകളേക്കാള്‍ ചെറിയ ശരീരഘടനയുള്ളവയാണ് ആണ്‍ ചൊറിത്തവളകള്‍. ബോര്‍ണിയോയില്‍ കാണപ്പെടുന്ന കൊമ്പന്‍ ചൊറിത്തവളകളില്‍ പെണ്ണിന്റെ ശരീരദൈര്‍ഘ്യം 78 മില്ലിമീറ്ററും ആണിന്റേത് 68 മില്ലിമീറ്ററും ആണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഏറ്റവും വലിയ കൊമ്പന്‍ ചൊറിത്തവള തായ്ലന്‍ഡിലാണ് കാണപ്പെടുന്നത്. പെണ്ണിന്റെ ശരീരദൈര്‍ഘ്യം 115 മില്ലിമീറ്റര്‍ ആണു താനും.

കൊമ്പന്‍ ചൊറിത്തവള

ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന കൊമ്പന്‍ ചൊറിത്തവളയ്ക്ക് എടുത്തുപറയാവുന്ന ഒട്ടേറെ ശരീരഘടനാവ്യത്യാസങ്ങളുണ്ട്. ഈ വ്യത്യാസങ്ങള്‍ അവയുടെ സവിശേഷ ജീവിത പരിതഃസ്ഥികള്‍ക്കനുസരണമായി പരിണമിച്ചവയാണ്.

സാധാരണ തവളകള്‍ (Frogs) ജലത്തിലും കരയിലും ജീവിക്കുന്നു. കരയില്‍ത്തന്നെ കൂടുതല്‍ ജലസാമീപ്യമുള്ള ചുറ്റുപാടുകളിലാണ് സാധാരണ തവളകള്‍ കാണപ്പെടുന്നത്. നേരെ മറിച്ച് ചൊറിത്തവളകളാകട്ടെ (Toads) കൂടുതല്‍ സ്ഥലപ്രിയരായ ഉഭയജീവികളാണ്. സാധാരണ തവളകളുടെ തൊലി മൃദുവും വഴുവഴുപ്പുമുള്ളതുമാണ്. എന്നാല്‍ ചൊറിത്തവളകളുടേത് പരുപരുത്തതാണ്. എന്നു തന്നെയുമല്ല, അവയുടെ തൊലിപ്പുറമേ കാണപ്പെടുന്ന അരിമ്പാറകള്‍ പോലുള്ള ഗ്രന്ഥികളില്‍ നിന്ന് ഒരു വിഷദ്രാവകം പുറപ്പെടുവിക്കുന്നതായും കാണാം. ദക്ഷിണേന്ത്യയില്‍ കാണപ്പെടുന്ന കൊമ്പന്‍ ചൊറിത്തവളയുടെ ശിരസ്സിന്റെ ഇരുപാര്‍ശ്വങ്ങളിലായി ഒരു ജോടി പരോറ്റിഡ് ഗ്രന്ഥികള്‍ വികസിച്ചിരിക്കുന്നു. പ്രസ്തുത ഗ്രന്ഥികളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന വിഷദ്രാവകം മനുഷ്യനിലും മറ്റു ജന്തുക്കളിലും എരിച്ചിലോടുകൂടിയ ചൊറിച്ചില്‍ ഉളവാക്കുന്നു. അതുകൊണ്ടാണ് ഇവയെ ചൊറിത്തവളകള്‍ എന്നു സാധാരണയായി വിളിക്കുന്നത്.

കൊമ്പന്‍ ചൊറിത്തവളകള്‍ക്ക് പല്ലില്ലെന്നുള്ളത് മറ്റൊരു സവിശേഷതയാണ്. അതുപോലെ തന്നെ മുന്‍കാലുകളിലെയും പിന്‍കാലുകളിലെയും വിരലുകളുടെ അഗ്രങ്ങള്‍ അള്ളിപ്പിടിക്കാനുപകരിക്കുന്ന ചെറിയ അവയവമായി പരിണമിച്ചിരിക്കുന്നു. തവളകളെ അപേക്ഷിച്ച് ചൊറിത്തവളകളുടെ മോന്ത (snout) പരന്നതും കുറുകിയതുമാണ്. നാക്കിന്റെ രൂപഘടനയിലും വ്യത്യാസമുണ്ട്.

ചൊറിത്തവളകളുടെ അസ്ഥിവ്യൂഹത്തിലും മൗലികമായ വ്യത്യാസങ്ങളുണ്ടെന്നു കാണാം. ഒമ്പതാം കശേരുകയുടെ തിര്യക്കൂടങ്ങള്‍ (Transverse processes) ചൊറിത്തവളകളില്‍ താരതമ്യേന കൂടുതല്‍ വീര്‍ത്തിരിക്കുന്നു. ഇതിന്റെ തലയോട് താരതമ്യേന കൂടുതല്‍ വിസ്തൃതവും ചില അസ്ഥികള്‍ തിട്ടകളോടുകൂടിയതും ആണ്. അതുപോലെതന്നെ ഇതിന്റെ ഭുജാസ്ഥി ചക്രത്തിലെ അധിചഞ്ചുകങ്ങള്‍ (epicoracoids) പരസ്പരം കവിഞ്ഞുകിടക്കുന്നവയാകുന്നു. ഇതിന്റെ ഉരശ്ശീര്‍ഷം (omosternum)വളരെയേറെ ലോപിച്ചതാണ്.

ചൊറിത്തവളകളുടെ ശ്വാസോച്ഛ്വാസവ്യൂഹത്തിലും ചില പ്രത്യേകതകളുണ്ട്. ത്വക്കിലേക്കുള്ള ശ്വാസനാളികള്‍ ചൊറിത്തവളകളില്‍ കാണപ്പെടുന്നില്ല. ചുരുക്കത്തില്‍ കൊമ്പന്‍ ചൊറിത്തവളകള്‍ക്ക് ത്വക്കിലൂടെയുള്ള ശ്വസനം നഷ്ടപ്പെട്ടിരിക്കുന്നുവെന്നു പറയാം.

ചൊറിത്തവളകളുടെ പ്രത്യുത്പാദനപരമായ രൂപാന്തരണ പ്രക്രിയയിലും സാരമായ വ്യത്യാസങ്ങളുണ്ട്. തവളകളെപ്പോലെ വിസ്തൃതമായ ജലാശയങ്ങളിലല്ല ഇവ അണ്ഡനിക്ഷേപം നടത്തുന്നത്. ജലം കെട്ടിക്കിടക്കുന്ന ചെറിയ വിടവുകളിലാണ് സാധാരണയായി ഇവ അണ്ഡം നിക്ഷേപിക്കുന്നത്.

കൊമ്പന്‍ ചൊറിത്തവളകളുടെ പരോട്ടിഡ് ഗ്രന്ഥികളില്‍ നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ദ്രാവകത്തിന്റെ രാസഘടന, അതിന്റെ പ്രത്യേകതകള്‍, ഭ്രൂണവിജ്ഞാനീയപരമായ ഇവയുടെ സവിശേഷതകള്‍, ഇവയുടെ ജീവശാസ്ത്രം, പരിതഃസ്ഥിതിശാസ്ത്രം എന്നിവയെക്കുറിച്ച് വിശദമായ ഗവേഷണപഠനങ്ങള്‍ ഇന്നുവരെ നടന്നിട്ടില്ല.

കൊമ്പന്‍ ചൊറിത്തവളകള്‍ കേരളത്തില്‍ ഉടനീളം കാണപ്പെടുന്നുണ്ട്. നമ്മുടെ കുളിമുറികളിലും അതുപോലെ തന്നെ ജലസാമീപ്യമുള്ള വിടവുകളിലും ഇവ താവളമടിച്ച് ജീവിക്കുന്നതായി കാണാം.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍