This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമ്പന്‍സ്രാവ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമ്പന്‍സ്രാവ്

തരുണാസ്ഥിമത്സ്യവിഭാഗത്തിലെ സെലാച്ചി (Selachi) ഗോത്രത്തില്‍ ഉള്‍പ്പെടുന്ന ഒരിനം സ്രാവ്. പ്രിസ്റ്റിസ് പെക്റ്റിനേറ്റസ് (Pristis pectinatus), പ്രിസ്റ്റിസ് പ്രിസ്റ്റിസ് എന്നീ രണ്ടു മുഖ്യജാതികളില്‍പ്പെട്ട കൊമ്പന്‍ സ്രാവുകളുണ്ട്. പ്രീസ്റ്റോഫോറിഡേ (Pristophoridae) എന്ന കുടുംബത്തില്‍പ്പെട്ട ഈ കൊമ്പന്‍സ്രാവുകള്‍ക്ക് സാധാരണ സ്രാവുകളെപ്പോലെ വലിച്ചുനീട്ടിയ ഒരു ശരീരഘടനയാണുള്ളത്. ഇതിന്റെ വദനഭാഗം ഒരു അറപ്പുവാളുപോലെ രൂപാന്തരപ്പെട്ടിരിക്കുന്നു. ഈ പ്രത്യേകതകൊണ്ടാണ് ഇതിനെ കൊമ്പന്‍സ്രാവ് എന്നു വിളിക്കുന്നത്.

കൊമ്പന്‍സ്രാവിന്റെ കൊമ്പിന്റെ ഇരുവശത്തായി കൂര്‍ത്തുമൂര്‍ത്ത കഠാരപോലെയുള്ള പല്ലുകള്‍ കാണപ്പെടുന്നു. ധാന്യം മെതിക്കാനുപകരിക്കുന്ന ഒരു ഉപകരണത്തെയാണ് ഈ കൊമ്പ് അനുസ്മരിപ്പിക്കുന്നത്. ചെറിയ മത്സ്യങ്ങളെ വെട്ടിവീഴ്ത്തി ഭക്ഷിക്കാനുപകരിക്കുന്ന ഒരവയവമാണ് ഇതിന്റെ കൊമ്പ്. വായുടെ പുറമേ പല്ലുകള്‍ കാണപ്പെടുന്ന ഒരു ജന്തുകൂടിയാണ് കൊമ്പന്‍സ്രാവ്. ഇതിന്റെ ശിരോഭാഗം അല്പം പരന്നതാണ്. കൊമ്പന്‍സ്രാവിന് ഒരു ജോടി പൃഷ്ഠപത്രങ്ങള്‍ (dorsal fins) ഉണ്ട്. എന്നാല്‍ പ്രസ്തുത മീന്‍ചിറകുകളില്‍ കണ്ടകങ്ങള്‍ (Spines) കാണുന്നില്ല. കൊമ്പന്‍ സ്രാവിന് പായുപത്രം (anal fin) ഇല്ലെന്നുള്ളത് ഒരു സവിശേഷതയാണ്. അതേ സമയം മറ്റു സ്രാവുകളെപ്പോലെ ഇവയ്ക്കും ക്ലോമരന്ധ്രങ്ങള്‍ (spiracles) ഉണ്ട്. ഇതിന്റെ തലയുടെ പാര്‍ശ്വങ്ങളിലായി ഭുജപത്രങ്ങള്‍ക്കു (Pectoral fins) മുന്നില്‍ അഞ്ചോ ആറോ ശകുലന്ധ്രങ്ങള്‍ (gill slits) കാണപ്പെടുന്നു.

കൊമ്പന്‍സ്രാവ്

ദക്ഷിണാഫ്രിക്ക, ആസ്റ്റ്രേലിയ, ജപ്പാന്‍, കൊറിയ എന്നീ രാജ്യങ്ങളിലെ സമുദ്രഭാഗങ്ങളില്‍ കൊമ്പന്‍സ്രാവുകള്‍ സുലഭമായി കണ്ടുവരുന്നു. കൊമ്പന്‍സ്രാവുകള്‍ക്കും കൊമ്പന്‍ തിരണ്ടികള്‍ക്കും (Sawfish rays) തമ്മില്‍ മൗലികമായ ചില വ്യത്യാസങ്ങളുണ്ട്. ഇവ രണ്ടും വ്യത്യസ്ത ജീവികളാണ്. ഉദാഹരണമായി പ്രിസ്റ്റിസ് പെക്റ്റിനേറ്റസ് എന്ന കൊമ്പന്‍സ്രാവിന്റെ പരമാവധി ശരീരദൈര്‍ഘ്യം ഏതാണ്ട് 6 മീറ്ററോളം ആണ്. പ്രിസ്റ്റിസ് പ്രിസ്റ്റിസ്സിന്റെ പരമാവധി ശരീര ദൈര്‍ഘ്യം 2 ½ മീറ്ററോളം വരും. അതേ സമയം കൊമ്പന്‍ തിരണ്ടികളുടെ പരമാവധി ശരീരദൈര്‍ഘ്യം 1 ½ മീറ്ററില്‍ കൂടുതലായിരിക്കയില്ല. കൊമ്പന്‍ തിരണ്ടികള്‍ താരതമ്യേന കൂടുതല്‍ ആഴക്കടലുകളിലാണ് കാണപ്പെടുന്നത്. അതേസമയം കൊമ്പന്‍സ്രാവുകള്‍ താരതമ്യേന കൂടുതല്‍ ആഴംകുറഞ്ഞ അടിത്തട്ടുകളില്‍ ജീവിക്കുന്നു. ഇര തേടുന്ന കാര്യത്തില്‍ കൊമ്പന്‍ സ്രാവുകളും കൊമ്പന്‍തിരണ്ടികളും സദൃശരാണ്. സമുദ്രത്തിന്റെ അടിത്തട്ടില്‍ ജീവിക്കുന്ന ഇവ അവയുടെ കൊമ്പുകളുടെ സഹായത്താല്‍ ഇരതേടല്‍ നടത്തുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ കാണപ്പെടുന്ന കക്കകളെയും മറ്റു ജന്തുക്കളെയും ആണ് ഇവ ഇരയാക്കുന്നത്.

കൊമ്പന്‍തിരണ്ടികളില്‍ ശകുലരന്ധ്രങ്ങള്‍ ശരീരത്തിന്റെ അടിഭാഗത്തായാണ് കാണുന്നത്. മാത്രവുമല്ല, കൊമ്പന്‍സ്രാവുകളെ അപേക്ഷിച്ച് കൊമ്പന്‍തിരണ്ടികളുടെ കൊമ്പിലുള്ള പല്ലുകള്‍ ചെറിയവയുമാണ്.

കൊമ്പന്‍സ്രാവുകളും കൊമ്പന്‍തിരണ്ടികളും ഏറ്റവും കൂടുതല്‍ സുലഭമായി കാണപ്പെടുന്നത് ഉഷ്ണമേഖലാസമുദ്രഭാഗങ്ങളിലാണ്. ഇവയുടെ ജീവിതരീതി, പരിസ്ഥിതിശാസ്ത്രം, ഭ്രൂണവിജ്ഞാനീയം എന്നിവയെക്കുറിച്ച് വിശദമായ ഗവേഷണപഠനങ്ങള്‍ ഇനിയും നടക്കേണ്ടതായിട്ടാണിരിക്കുന്നത്.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍