This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമ്പന്‍ചെല്ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമ്പന്‍ചെല്ലി

Hornbeetle

ഷഡ്പദവിഭാഗത്തിലെ കോളിയോപ്റ്റീറ (Coleoptera) ഗോത്രത്തില്‍പ്പെട്ട കൂറ്റന്‍ വണ്ടുകളില്‍ ഒരിനം. കാണ്ടാമൃഗവണ്ട് (Rhinoceros beettle) എന്നും ഇതിനു പേരുണ്ട്. കാഴ്ചയില്‍ കാണ്ടാമൃഗത്തിന്റെ വെടിയുണ്ട തറയ്ക്കാത്ത പരുക്കന്‍ ചര്‍മത്തെ അനുസ്മരിപ്പിക്കുന്ന ബാഹ്യകവചമാണ് കൊമ്പന്‍ചെല്ലിക്കുള്ളത്. അതുകൊണ്ടാണ് സാധാരണയായി ഇതിനെ കാണ്ടാമൃഗ വണ്ടെന്നു വിളിക്കുന്നത് ശാ.നാ.: ഒറിക്ടസ് റൈനോസെറസ് (Oryctes rhinoceros).

ദക്ഷിണേന്ത്യയിലെ തെങ്ങിനെ നാശോന്മുഖമായി ബാധിക്കുന്ന ഒരു പ്രാധാന കീട(Pest)മാണിത്. ഇത് കേരളത്തിലെ കേരക്കൃഷിക്കാര്‍ക്ക് വമ്പിച്ച സാമ്പത്തിക നഷ്ടം ഉണ്ടാക്കിത്തീര്‍ക്കുന്നു. ബലിഷ്ഠമായ ശരീരഘടനയോടുകൂടിയ കൊമ്പന്‍ചെല്ലിയുടെ ശരാശരി ശരീര ദൈര്‍ഘ്യം നാല് സെ.മീ. വരും. ആണ്‍കൊമ്പന്‍ ചെല്ലിക്ക് പെണ്ണിനെക്കാള്‍ കൂടുതല്‍ വലുപ്പമുണ്ടായിരിക്കും.

കൊമ്പന്‍ ചെല്ലിയുടെ ശിരസ്സിന്റെ മുകളില്‍ മുമ്പോട്ടു തള്ളി നില്‍ക്കുന്ന ഒരു കൊമ്പുണ്ട്. കാണ്ടാമൃഗത്തിന്റെ കൊമ്പുപോലുള്ള ഒരു സവിശേഷതയാണിത്. ആണിന്റെ കൊമ്പിന് പെണ്ണിന്റേതിനെക്കാള്‍ ദൈര്‍ഘ്യമുണ്ടായിരിക്കും.

കൊമ്പന്‍ചെല്ലി

മറ്റു വണ്ടുകളെ അപേക്ഷിച്ച് കൊമ്പന്‍ചെല്ലിയുടെ വദനഭാഗങ്ങള്‍ (mouth parts) ബലിഷ്ഠങ്ങളാണ്. മാന്‍ഡിബിള്‍ കൂടുതല്‍ മൂര്‍ച്ചയേറിയതും കടുപ്പമുള്ളതുമാണ്. മൃദുലമായ കേരഫലങ്ങളെ തുരന്നു ഭക്ഷിക്കാനുതകുന്ന ഒരു വദനഘടനയാണിതിനുള്ളത്.

മറ്റു ഷട്പദങ്ങളെപ്പോലെ കൊമ്പന്‍ ചെല്ലിയുടെ ശരീരത്തിനു മൂന്നു മുഖ്യഭാഗങ്ങളുണ്ട്; ശിരസ്സ്, ഉരസ്സ്, ഉദരം. നിരവധി ശരീരഖണ്ഡങ്ങള്‍ (segments) സംയോജിച്ചാണു ശിരസ്സു രൂപംകൊണ്ടിട്ടുള്ളത്. അതേസമയം ഉരസ്സിലെ മൂന്ന് ശരീരഖണ്ഡങ്ങള്‍ സംയോജിക്കാതെ സ്വതന്ത്രമായി കാണപ്പെടുന്നു. ഇവയില്‍ ഒന്നാമത്തെ ഖണ്ഡം മറ്റും രണ്ടു ഖണ്ഡങ്ങളെക്കാളും വലുതാണ്. അതുപോലെ തന്നെ മാതൃകാപരമായ ഷഡ്പദങ്ങള്‍ക്കുള്ളതുപോലെ രണ്ടു ജോടി ചിറകുകള്‍ കൊമ്പന്‍ചെല്ലിക്കുമുണ്ട്. എന്നാല്‍ ഇതിന്റെ ഒന്നാമത്തെ ജോടിച്ചിറക് പറക്കാന്‍ വേണ്ടിയുള്ളതല്ല. ഏറ്റവും കടുപ്പമേറിയ രണ്ടു തോടുകളെപ്പോലെയാണ് ഈ ജോടി കാണപ്പെടുന്നത്. ഇതിന്റെ നിറം കറുപ്പോ തവിട്ടോ ആയിരിക്കും. നേരെമറിച്ച്, കൊമ്പന്‍ചെല്ലിയുടെ രണ്ടാമത്തെ ജോടിച്ചിറക് മൃദുലവും കൂടുതല്‍ വലുപ്പമുള്ളതും ആയിരിക്കും. പറക്കുന്നതിനുവേണ്ടി ഈ ചിറകുകളാണ് ഉപകരിക്കുന്നത്. വിശ്രമാവസ്ഥയില്‍ ഈ ചിറകുകള്‍ ഒന്നാം ജോടിച്ചിറകുകള്‍ക്കുള്ളില്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നു.

കൊമ്പന്‍ചെല്ലിയുടെ മൂന്നു ജോടി കാലുകള്‍ താരതമ്യേന ബലിഷ്ഠവും കൂടുതല്‍ വലുപ്പമുള്ളതുമാണ്. വേഗത്തില്‍ ഓടുന്നതിനും ചാണകക്കൂമ്പാരങ്ങളില്‍ തുരന്നുകയറി അണ്ഡം നിക്ഷേപിക്കുന്നതിനും ബലിഷ്ഠങ്ങളായ ഈ കാലുകള്‍ സഹായകമാണ്.

പെണ്‍കൊമ്പന്‍ചെല്ലി സാധാരണയായി ചാണകക്കൂമ്പാരങ്ങളിലാണ് മുട്ടയിടുന്നത്. ഈ മുട്ടകള്‍ വിരിഞ്ഞ് വലിയ പുഴുക്കള്‍ (Grubs) പ്രത്യക്ഷപ്പെടുന്നു. ചാണകത്തിലുള്ള ജൈവപദാര്‍ഥങ്ങളാണ് ഇവയുടെ ഭക്ഷണം. പ്രസ്തുത പുഴുക്കള്‍ക്ക് ഉദ്ദേശം 10 സെന്റിമീറ്ററോളം നീളമുണ്ടായിരിക്കും. ഇവ കൊമ്പന്‍ചെല്ലിയുടെ ലാര്‍വകളാണ്. ഇവയ്ക്കു മറ്റു ഷഡ്പദ ലാര്‍വകളില്‍ നിന്ന് മൗലികമായ ശാരീരിക രൂപവ്യത്യാസങ്ങളുണ്ടെന്നു കാണാം. ഇവയുടെ ഉരോഭാഗത്തു മാത്രമേ കാലുകളുണ്ടായിരിക്കുകയുള്ളൂ.

പൂര്‍ണവളര്‍ച്ചയെത്തിയ ലാര്‍വകള്‍ സമാധിദശയിലേക്കു കടക്കുന്നു. ഏതാണ്ട് ഒരു മാസത്തിനുള്ളില്‍ സമാധിദശ തരണം ചെയ്ത് ചെറിയ കൊമ്പന്‍ചെല്ലികള്‍ പുറത്തുവരുന്നു. ചാണകത്തിന്റെയും മണ്‍ കൂമ്പാരങ്ങളുടെയും ശീതോഷ്ണാവസ്ഥകള്‍ക്കനുസൃതമായി സമാധിദശയുടെ ദൈര്‍ഘ്യം ഏറിയും കുറഞ്ഞും ഇരിക്കും.

മറ്റു കീടങ്ങളെ എളുപ്പത്തില്‍ നശിപ്പിക്കാവുന്നതുപോലെ കൊമ്പന്‍ചെല്ലിയെ നശിപ്പിക്കാന്‍ കഴിയുന്നില്ല. ഇവയുടെ ലാര്‍വകളെ ഭക്ഷിച്ചുനശിപ്പിക്കുന്നതില്‍ കാക്കകള്‍ ഒരു വലിയ പങ്കു വഹിക്കുന്നു. അതുപോലെ മറ്റ് ചില പക്ഷികളും ഈ ലാര്‍വകളെ നശിപ്പിക്കുന്നുണ്ട്.

തെക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഒരു കൊമ്പന്‍ചെല്ലിയാണ് ഡിലോബോഡെറസ് അബഡെറസ് എന്നറിയപ്പെടുന്ന വണ്ട്. കൊക്കോവൃക്ഷങ്ങളില്‍ ആശാരിവണ്ടുകളെപ്പോലെ ഇത് തുളച്ച് തുരങ്കങ്ങള്‍ (ടണലുകള്‍) ഉണ്ടാക്കുന്നു. ഈ തുരങ്കങ്ങളിലാണ് ഇവ അണ്ഡം നിക്ഷേപിക്കുന്നത്. മുട്ടകള്‍ നിക്ഷേപിക്കുന്നതിനു മുമ്പായി വിരിഞ്ഞുപുറത്തിറങ്ങുന്ന പുഴുക്കള്‍ക്കുവേണ്ടി മുന്‍കൂട്ടി ആഹാരം ശേഖരിച്ചുവയ്ക്കാനും ഇവ മറക്കാറില്ല

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍