This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമ്പന്‍കക്ക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമ്പന്‍കക്ക

Giant clam

മൊളസ്കാ ജന്തുഫൈലത്തില്‍പ്പെട്ട പെലിസിപ്പോഡായിലെ ട്രൈഡാക്നിഡേ കുടുംബത്തിലുള്‍പ്പെടുത്തിയിരിക്കുന്ന വിവിധയിനം കക്കകളുടെ പൊതുനാമം. ശുദ്ധജലാശയങ്ങളിലും കടലിലും കാണപ്പെടുന്ന ഇരട്ടത്തോടുള്ള പലതരം കക്കകള്‍ ഈ വിഭാഗത്തില്‍പ്പെട്ടയാണ്.

കൊമ്പന്‍കക്ക ഇന്ത്യാസമുദ്രത്തിലും ശാന്തസമുദ്രത്തിലും സുലഭമായി കാണപ്പെടുന്നു. മുഖ്യമായി മൂന്നു ജാതി കൊമ്പന്‍ കക്കകളുണ്ട്: (i) ട്രൈഡാക്നാ ക്രോസിയ (Tridacna Crocea); (ii) ട്രൈഡാക്നാ ജൈജാസ് (Tridacna gigas); (iii) ഹിപ്പോപ്പസ് ഹിപ്പോപ്പസ് (Hippopus hippopus) ഉദ്ദേശം 200 കിലോഗ്രാം. വരെ ഭാരമുള്ള പടുകൂറ്റന്‍ കൊമ്പന്‍കക്കകളുമുണ്ട്. ഇപ്രകാരമുള്ള കക്കകളില്‍ ഭൂരിപക്ഷവും കടലോരങ്ങളിലെ പവിഴപ്പുറ്റുനിരകളില്‍ നിവസിക്കുന്നതായി കാണാം. 1930-കളുടെ തുടക്കത്തില്‍ ഉദ്ദേശം ഏഴ് കിലോഗ്രാം ഭാരം വരുന്ന ഒരു പവിഴം (pearl) കൊമ്പന്‍ കക്കയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ കണ്ടെത്തിയിട്ടുണ്ട്. ആസ്റ്റ്രേലിയയുടെ വടക്കുകിഴക്കന്‍ തീരത്തുള്ള പവിഴപ്പുറ്റുമേഖലയില്‍ കൊമ്പന്‍കക്ക വിനോദസഞ്ചാരികള്‍ക്ക് ഒരു പേടിസ്വപ്നമായി വിഹരിക്കുന്നു.

കൊമ്പന്‍കക്ക

കൊമ്പന്‍കക്കയുടെ രൂപഘടനയ്ക്കും മറ്റു കക്കകളെ അപേക്ഷിച്ച് വിചിത്രമായ പല പ്രത്യേകതകളുമുണ്ടെന്നു കാണാം. മറ്റ് ഇരട്ടത്തോടുള്ള കക്കളെപ്പോലെ, കൊമ്പന്‍കക്കയും കടലിന്റെ അടിത്തട്ടില്‍ പറ്റിപ്പതിഞ്ഞിരിക്കുന്നു. ഇതിന്റെ പാദവും (foot)ശകുലങ്ങളും (gills) താരതമ്യേന കൂടുതല്‍ ലോപിച്ചിരിക്കുന്നു. ഇതിന്റെ പ്രത്യേക ജീവിതസാഹചര്യത്തിന് യോജിച്ച അനുവര്‍ത്തകസ്വഭാവങ്ങളാണിവ. കൊമ്പന്‍കക്കകള്‍ ഇരതേടുന്നതിനോ ഇണതേടുന്നതിനോ വേണ്ടി സഞ്ചരിക്കാറില്ല. ഒരു സ്ഥലത്തുതന്നെ ഇവ സ്ഥിരമായി ജീവിക്കുന്നു. ഇവയുടെ തോടുകളുടെ അതിയായ ഭാരം നിമിത്തം ഇവയ്ക്ക് മറ്റു കക്കകളെപ്പോലെ മന്ദഗതിയില്‍ ഇഴഞ്ഞു നീങ്ങാന്‍ പോലും കഴിയുകയില്ല. കൊമ്പന്‍കക്കയുടെ തോടിനു ഏതാണ്ട് ഒരു മീറ്ററിലേറെ നീളമുണ്ടായിരിക്കും.

കൊമ്പന്‍കക്കകളുടെ തോടുകള്‍ പണ്ടുകാലത്ത് 'വാഷ്ബേസിനു'കളായി ഉപയോഗപ്പെടുത്തിയിരുന്നു. ട്രൈഡാക്നാ ക്രോസിയ എന്ന കൊമ്പന്‍കക്കയ്ക്ക് പവിഴപ്പുറ്റുകളില്‍ തുരന്നുകയറി സുരക്ഷിതമായി ജീവിക്കാന്‍ കഴിയും. സമുദ്രത്തിലെ സൂക്ഷ്മപ്ലവകജീവികളെ അരിച്ചെടുത്ത് ഭക്ഷിക്കുന്ന ജന്തുക്കളാണിവ. ഇവയുടെ വൃതിപടലം (mantle) മനോഹരവും നിറപ്പകിട്ടാര്‍ന്നതുമാണ്. ഇതിനുള്ളില്‍ ഏകകോശ ആള്‍ഗകള്‍ (Zooxanthellae) അതിഥികളായി ജീവിക്കുന്നു. ആതിഥേയരായ കൊമ്പന്‍കക്കകള്‍ക്ക് ഇതുമൂലം സുലഭമായി പ്രാണവായു ലഭ്യമാകുന്നു. അതുപോലെതന്നെ അതിഥിയായ ആല്‍ഗയ്ക്ക് ആവശ്യമായ ഭക്ഷണം കൊമ്പന്‍കക്കയില്‍ നിന്നും ലഭിക്കുകയും ചെയ്യുന്നു.

(പ്രൊഫ. എം. സ്റ്റീഫന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍