This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊമോറോസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊമോറോസ്

Comoros

തെക്കുകിഴക്കന്‍ ആഫ്രിക്കയ്ക്കും മഡഗാസ്കര്‍ ദ്വീപിനും ഇടയിലായി മൊസാംബിക് ചാനലില്‍ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രം. ആകെ വിസ്തീര്‍ണം: 2171 ച. കി.മീ.; ജനസംഖ്യ: 7,98,000 (2010).

ഗ്രാന്റ് കൊമോറോ, അന്‍ജവുഹന്‍, മൊഹേലി, മയോട്ടെ എന്നീ നാലു പ്രധാന ദ്വീപുകളാണ് ഈ സമൂഹത്തില്‍ ഉള്ളത്. ഏറ്റവും വലിയ ദ്വീപ് ഗ്രാന്റ് കൊമോറൊ ആണ്. രാജ്യത്തെ ജനസംഖ്യയുടെ പകുതിയോളം ഇവിടെ നിവസിക്കുന്നു. മൊഹേലിയാണ് ഏറ്റവും ചെറുതും ജനവാസം കുറവുള്ളതുമായ ദ്വീപ്.

നിമ്നോന്നത ഭൂപ്രകൃതിയുള്ള ഒരു പര്‍വതപ്രദേശമാണ് കൊമോറോ ദ്വീപുകള്‍. താരതമ്യേന നല്ല മഴയും ചൂടും ലഭിക്കുന്നു; നിബിഡവനങ്ങള്‍ സുലഭമാണ്. അഗ്നിപര്‍വതപ്രക്രിയകളിലൂടെ രൂപംകൊണ്ടവയാണ് മിക്ക ദ്വീപുകളും; ഗ്രാന്റ് കൊമോറൊയിലെ 'കര്‍ത്താല' തികച്ചും പ്രവര്‍ത്തനക്ഷമമായ ഒരു അഗ്നിപര്‍വതമാണ്. 2475 മീ. ഉയരമുള്ള 'കര്‍ത്താല' അഗ്നിപര്‍വതം കൊമോറൊയിലെ ഏറ്റവും ഉയരം കൂടിയ ഭാഗമാണ്. ഈ അഗ്നിപര്‍വതത്തിന്റെ വക്ത്രത്തിന് (ക്രേറ്റര്‍) ഏകദേശം 3 കി. മീ. വ്യാസാര്‍ധമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അഗ്നിപര്‍വത ക്രേറ്ററുകളില്‍ ഒന്നാണിത്. അഗ്നിപര്‍വതശിലകള്‍ പൊടിഞ്ഞുണ്ടായ ഫലപുഷ്ടമായ കറുത്ത മണ്ണാണ് ദ്വീപുകളിലുടനീളം കാണപ്പെടുന്നത്. സസ്യവളര്‍ച്ചക്ക് ഏറ്റവും യോജിച്ച മണ്ണാണിത്. വിവിധ തരത്തിലുള്ള കാര്‍ഷികവിളകള്‍ ഇവിടെ കൃഷി ചെയ്തുവരുന്നു. വാനിലയും സുഗന്ധവ്യഞ്ജനങ്ങളുമാണ് ഏറ്റവും പ്രധാനപ്പെട്ട നാണ്യവിളകള്‍. സുഗന്ധസസ്യങ്ങള്‍ പ്രധാന കയറ്റുമതിവസ്തുവാണ്. കൊപ്രയും ധാരാളമായി കയറ്റി അയയ്ക്കുന്നു. തെങ്ങ്, നെല്ല്, കാപ്പി, കൊക്കൊ, ചോളം, മധുരക്കിഴങ്ങ്, പയറുവര്‍ഗങ്ങള്‍, കരിമ്പ് എന്നിവയാണ് ഇവിടത്തെ പ്രധാന കൃഷികള്‍.

ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നാണ് കൊമോറോസ്. 14.3 ശതമാനം ആണ് തൊഴിലില്ലായ്മാ നിരക്ക്. കൃഷി, മത്സ്യബന്ധനം, വനവിഭവങ്ങള്‍ ശേഖരിക്കല്‍, വേട്ടയാടല്‍ എന്നിവയാണ് ജനങ്ങളുടെ പ്രധാന തൊഴില്‍. ജനസംഖ്യാവര്‍ധനവ് വന്‍ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു. കുറഞ്ഞുവരുന്ന നിക്ഷേപത്തോത്, ഉപഭോഗത്തിലുണ്ടാകുന്ന ഇടിവ്, നാണയപ്പെരുപ്പം, നാണ്യവിളകളില്‍ ചിലതിന്റെ വിലയിടിവുമൂലമുണ്ടായ വാണിജ്യനീക്കിയിരിപ്പിലെ അസമത്വം എന്നിവ രാജ്യത്തെ പ്രതീശീര്‍ഷ വരുമാനത്തില്‍ വന്‍കുറവ് സംഭവിച്ചുകൊണ്ടിരിക്കുന്നു.

മൊറേനി നഗരം

വിവിധ വര്‍ഗവിഭാഗങ്ങളുടെ ഒരു സങ്കരസമൂഹം ആണ് ഇവിടത്തെ ജനസമൂഹം. ഇവര്‍ വന്‍കരയില്‍ നിന്നു എത്തിയവരാണെന്നു കരുതപ്പെടുന്നു. അതിനെത്തുടര്‍ന്ന് തെക്കു കിഴക്കനേഷ്യക്കാരും അറബികളും മഡഗാസ്കര്‍ ദ്വീപുവാസികളും കൊമോറോയിലേക്ക് കുടിയേറി. അറബികളുടെ സ്വാധീനത കൊമോറോയിലെ സംസ്കാരരൂപവത്കരണത്തില്‍ പ്രകടമായ പങ്കു വഹിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം കൊമോറിയക്കാരും ഇസ്ലാം മതവിശ്വാസികളാണ്.

ഗ്രാന്റ് കൊമോറൊയില്‍ സ്ഥിതിചെയ്യുന്ന 'മൊറേനി'യാണ് കൊമോറോയുടെ തലസ്ഥാനം. ഇവിടത്തെ ഏറ്റവും വലിയ പട്ടണവും ഇതു തന്നെ. ഇസ്ലാമിക ശില്പകലയുടെ സവിശേഷതകള്‍ ഇവിടെ ദര്‍ശിക്കാന്‍ കഴിയും.

അറബിയും സ്വാഹിലിയും ആണ് പ്രധാന ഭാഷകള്‍. ഫ്രഞ്ചുഭാഷ ഉപയോഗിക്കുന്നവരും കുറവല്ല.

ദീര്‍ഘമായ ചരിത്രപശ്ചാത്തലമുള്ള ദ്വീപുകളാണ് കൊമോറോ. ഈ ദ്വീപുകളെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ആദ്യം നല്‍കിയത് അറബികളാണ്. പില്ക്കാലത്ത് അവര്‍ കൊമോറോയുടെ ഭരണാധിപന്മാരായി. തുടര്‍ന്ന് 16-ാം നൂറ്റാണ്ടോടെ പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരും കൊമോറോയിലെത്തി. വിവിധ ദ്വീപുകളിലുള്ള ഭരണാധികാരികള്‍ തമ്മിലും മഡഗാസി സുല്‍ത്താന്മാര്‍ തമ്മിലും സംഘര്‍ഷം വളര്‍ന്നുവന്നതുമൂലം 19-ാം നൂറ്റാണ്ടോടുകൂടി കൊമോറോയുടെ ഭരണം ഫ്രഞ്ചുകാരുടെ കൈകളില്‍ എത്തി. 1912-ല്‍ ഇതൊരു ഫ്രഞ്ചുകോളനിയായി മാറി. 1947 വരെ മഡഗാസ്ക്കറിന്റ ഒരു ഭാഗമായിട്ടാണ് ഈ ദ്വീപുകളുടെ ഭരണം നടത്തിയിരുന്നത്. 1968-ല്‍ ദ്വീപുകള്‍ക്ക് ആഭ്യന്തര സ്വയംഭരണാവകാശം ലഭിച്ചു. 1974-ല്‍ നടത്തിയ ഒരു ഹിതപരിശോധനയില്‍ 'മയോട്ടെ'യൊഴിച്ചുള്ള ദ്വീപുകളിലെ ജനങ്ങള്‍ പരിപൂര്‍ണസ്വാതന്ത്ര്യത്തിനനുകൂലമായി വിധിയെഴുതി. അങ്ങനെ 1975 ജൂല. 5-ന് ഗ്രാന്റ് കൊമോറോ, അന്‍ജുവഹന്‍, മൊഹേലി എന്നീ ദ്വീപുകള്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചു.

ചിത്രം:Screen_810.png‎

അഹമ്മദ് അബ്ദുള്ള രാജ്യത്തെ പ്രഥമ പ്രസിഡന്റായി സ്ഥാനമേറ്റു. എന്നാല്‍ തുടര്‍ന്നുള്ള മൂന്ന് പതിറ്റാണ്ടുകള്‍ രാഷ്ട്രീയ അസ്ഥിരതയുടേതായിരുന്നു. 1975 ആഗ. 3-ന് ബോബ് ഡെനാര്‍ഡ്, ജാക്വിസ് ഫൊക്കാര്‍ട്ടിന്റെ രഹസ്യപിന്തുണയോടെയും ഫ്രഞ്ച് സര്‍ക്കാരിന്റെ സഹായത്തോടെയും സൈനിക അട്ടിമറിയിലൂടെ അഹമ്മദ് അബ്ദുള്ളയെ പുറത്താക്കി. യുണൈറ്റഡ് നാഷണല്‍ ഫ്രണ്ട് ഒഫ് കൊമോറോസ് അംഗം സയ്ദ് മൊഹമ്മദ് ജാഫറിനെ പ്രസിഡന്റാക്കി. 1976 ജനുവരിയില്‍ ജാഫര്‍ മന്ത്രിസഭയിലെ പ്രതിരോധമന്ത്രി അദ്ദേഹത്തെ അട്ടിമറിച്ച് പ്രസിഡന്റായി. 1978 മേയ് 13-ന് ബോബ് ഡെനാര്‍ഡ് തിരിച്ചെത്തി ഫ്രഞ്ച്-ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാരുകളുടെ സഹായത്തോടെ അബ്ദുള്ളയെ പ്രസിഡന്റായി അവരോധിച്ചു. ഇസ്ലാമിക പാരമ്പര്യവ്യവസ്ഥയിലധിഷ്ഠിതമായ ഭരണക്രമത്തിലൂടെ രാജ്യത്തെ ഫെഡറല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഒഫ് കൊമോറോസ് ആയി അബ്ദുള്ള മാറ്റി. എന്നാല്‍ 1989-ല്‍ സ്വന്തം സൈന്യത്താല്‍ അബ്ദുള്ള കൊല്ലപ്പെട്ടു. തുടര്‍ന്ന് സൈനിക അട്ടിമറിയിലൂടെയും അധികാരക്കൈമാറ്റങ്ങളുടെയും നിരീക്ഷണത്തില്‍ രാജ്യത്ത് 1995-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ മുഹമ്മദ് താക്കി അബ്ദുള്‍ കരീം പ്രസിഡന്റായി. ഇദ്ദേഹത്തിന്റെ മരണത്തെത്തുടര്‍ന്ന് 1998-ല്‍ താജ്ദിന്‍ ബെന്‍ സെയ്ദ് മസൗണ്‍ഡെ ഇടക്കാല പ്രസിഡന്റായി. 1999-ല്‍ സൈനിക മേധാവി അസാലി അസൗമാനിയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചെടുക്കാനായി ഒരു രക്തരഹിത വിപ്ലവം നടന്നു. ആഫ്രിക്കന്‍ യൂണിയന്‍ ഇടപെടലിനെത്തുടര്‍ന്ന് 2002-ല്‍ ജനാധിപത്യരീതിയില്‍ നടന്ന പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ അസാലിയും 2006-ല്‍ അഹമ്മദ് അബ്ദുള്ള മുഹമ്മദ് സാംബിയും വിജയിച്ചു.

പ്രസിഡന്റ് രാജ്യത്തിന്റെയും ഗവണ്‍മെന്റിന്റെയും തലവനായുള്ള ഫെഡറല്‍ പ്രസിഡന്‍ഷ്യല്‍ റിപ്പബ്ലിക്കന്‍ ഭരണക്രമമാണ് രാജ്യത്ത് നിലവിലുള്ളത്. നിര്‍വഹണാധികാരം ഗവണ്‍മെന്റിലും നിയമനിര്‍മാണാധികാരം പാര്‍ലമെന്റിലും നിക്ഷിപ്തമാണ്. ഇസ്ലാമിക നിയമത്തിലധിഷ്ഠിതമാണ് കൊമോറോസിലെ നിയമസംവിധാനം.

(ബാബു വര്‍ഗീസ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍