This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊന്‍സൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊന്‍സൊ

Konso

എത്യോപ്യയുടെ തെക്കേ അറ്റത്തുള്ള മലമ്പ്രദേശത്തു വസിക്കുന്ന ഒരുജനവര്‍ഗം. ജനസംഖ്യ: 4,593 (2005). ഗിരിവര്‍ഗക്കാരുടെ വാസഭൂമിയായ ഈ ഭൂവിഭാഗത്തെ സാഗന്‍ നദിയും ചുറ്റിലുമുള്ള നിബിഡവനങ്ങളും മറ്റും പ്രദേശങ്ങളില്‍ നിന്ന്, ഒറ്റപ്പെടുത്തുന്നു. നൂറ്റാണ്ടുകളായി 'ഏകാന്തജീവിതം' നയിക്കുന്നവരാണ് ഇവിടത്തെ ജനങ്ങള്‍. ആധുനിക ജനജീവിതവുമായി ഇവര്‍ പരിചയപ്പെട്ടുവരുന്നതേയുള്ളു. ഭൗതിക സൗകര്യങ്ങള്‍ പരിമിതമാണ്. പ്രകൃതി പ്രതികൂലമാണെങ്കില്‍ പോലും കഠിനാധ്വാനികളായ കൊന്‍സൊകള്‍ തങ്ങള്‍ക്കു വേണ്ടതെല്ലാം അവിടെത്തന്നെ വിളയിച്ചു സന്തുഷ്ടമായ സ്വാശ്രയജീവിതം നയിച്ചുപോരുന്നു. ഇവിടത്തേത് വരണ്ട കാലാവസ്ഥയാണ്. വര്‍ഷത്തില്‍ 66 സെ.മീ. മഴയേ ലഭിക്കുന്നുള്ളൂ. ഗോതമ്പ്, ബാര്‍ലി, പയര്‍, അമര, ഏത്തക്കായ് എന്നിവ ഇവിടെ വിളയുന്നുണ്ട്. കന്നുകാലികള്‍, കോലാട്, ചെമ്മരിയാട് എന്നിവയാണ് വളര്‍ത്തുമൃഗങ്ങള്‍. കൊന്‍സൊകളുടെ ജീവിതം കൃഷിയെയും കന്നുകാലിവളര്‍ത്തലിനെയും ആശ്രയിച്ചിരിക്കുന്നു.

കൊന്‍സാ കുടില്‍

എത്യോപ്യയിലെ മറ്റു വര്‍ഗങ്ങളില്‍ നിന്നും വ്യതിരിക്തമായി കൊന്‍സൊകള്‍ ചെറിയ ഗ്രാമങ്ങളിലോ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന വീടുകളിലോ അല്ല വസിക്കുന്നത്. സമൂഹമായി പാര്‍ക്കുന്നതില്‍ ഇവര്‍ സംതൃപ്തി കണ്ടെത്തുന്നു. ഇവര്‍ വസിക്കുന്ന 'നഗര'ങ്ങള്‍ക്കു മൊറാസ് (Moras) എന്നാണ് പേര്. പുല്‍ത്തകിടികൊണ്ട് കാര്‍പ്പറ്റുവിരിച്ച തറയും ചുറ്റും വൃക്ഷങ്ങളെക്കൊണ്ട് പ്രകൃതി ഒരുക്കിയ മതിലുകളുമുള്ള ഈ 'നഗര'ങ്ങള്‍ നല്ല കലാസൃഷ്ടികള്‍ കൂടിയാണ്. തടിയില്‍ തീര്‍ത്ത പ്രതിമകള്‍കൊണ്ടുള്ള കവാടങ്ങളാണ് ഇവയ്ക്കുള്ളത്. ആ പ്രതിമകള്‍ ഓരോന്നും ഓരോ വീരാത്മാവിനെ പ്രതിനിധാനം ചെയ്യുന്നു. ഒരു വാസസ്ഥാനത്ത് മൂവായിരത്തോളം ആളുകള്‍ ഉണ്ടായിരിക്കും. കെട്ടിപ്പൊക്കിയ തറയും കമാനങ്ങളും കൊണ്ട് അലങ്കൃതമായ ഈ മൊറാസില്‍ നിറയെ വീടുകളായിരിക്കും. സ്വകാര്യതയ്ക്ക് അമിത പ്രാധ്യാന്യം നല്‍കുന്ന കൊന്‍സൊ പുരുഷന്മാര്‍ക്ക് പ്രത്യേകമായും ഗൃഹങ്ങളുണ്ട്. എല്ലാ രാത്രികളിലും സ്ത്രീയുമൊത്തു കഴിഞ്ഞാല്‍ പുരുഷന്റെ ശക്തി ക്ഷയിക്കുമെന്നാണ് ഇവരുടെ വിശ്വാസം.

ഒരു കൊന്‍സാ നൃത്തം

ഇവിടെ പുരുഷന്മാരെക്കാള്‍ കൂടുതല്‍ അധ്വാനിക്കുന്നത് സ്ത്രീകളാണ്. കൃഷിഭൂമിയില്‍ ഇരുകൂട്ടരും പണിയെടുക്കുന്നു. വെള്ളം വലിയ ചുരക്കാക്കുടങ്ങളിലാക്കി ഒക്കത്തു വച്ചു ചുമന്നുകൊണ്ട് വരുന്ന സ്ത്രീകളെ എവിടെയും കാണാം. പൗരുഷത്തോട് കൊന്‍സൊകള്‍ക്ക് അടങ്ങാത്ത ആവേശമാണ്. പ്രാകൃതമായ രീതിയില്‍ യുദ്ധങ്ങള്‍ നടത്തിയിട്ടുള്ള മുന്‍ഗാമികളെ ഇന്നും ഇവര്‍ ചില കാര്യങ്ങളില്‍ അനുകരിക്കുന്നു. ശത്രുവിന്റ വൃഷണം ഛേദിക്കുക, യുദ്ധത്തില്‍ എതിരാളിയുടെ ലിംഗം മുറിച്ചെടുത്ത് അരയില്‍ കെട്ടിത്തൂക്കി ആനന്ദനൃത്തം ചെയ്യുക തുടങ്ങിയവ ഇക്കൂട്ടത്തില്‍ ചിലതാണ്. ശൗര്യം കാണിക്കാന്‍ പരമ്പരാഗതമായി ഇവര്‍ സ്വീകരിച്ചുവരുന്ന ഒരു ഉപാധിയാണ് നായാട്ട്. ഒരു സിംഹത്തെയോ പുള്ളിപ്പുലിയെയോ കൊന്നിട്ട് കൊന്‍സൊകള്‍ മൊറാസില്‍ നൃത്തം ചവുട്ടി ഉത്സവംപോലെ ആഘോഷിക്കുന്നു. അങ്ങനെയെത്തുന്ന ധൈര്യശാലിയെ ചുംബിച്ച് സ്വീകരിക്കുന്ന ഭാര്യ മറ്റുള്ളവര്‍ക്കുവേണ്ടി 'നമ്മുടെ കാള' എന്ന ബഹുമതിയും ഭര്‍ത്താവിനു നല്‍കും. വിഗ്രഹാരാധകരായ കൊന്‍സൊകളില്‍ പല അന്ധവിശ്വാസങ്ങളും ഇന്നും നിലനിന്നുപോരുന്നു. തമ്മില്‍ വഴക്കടിച്ചാല്‍ തങ്ങളുടെ ദേവത (waga) മഴ പെയ്യിക്കാതിരിക്കുമെന്ന വിശ്വാസം അവയിലൊന്നാണ്.

വാസസ്ഥാനങ്ങളെ വാര്‍ഡുകളായി തിരിച്ചാണ് ഇവര്‍ ഭരണം നടത്തുന്നത്. ഇവരുടെ ഇടയില്‍ 'മൂപ്പ'ന്മാരില്ല. പുരോഹിതനാണ് ഗോത്രത്തിന്റെ തലവന്‍. തലമുറകളായി ഭരണസാരഥ്യം കൈമാറിപ്പോരുന്നു. ഓരോ ഗോത്രത്തിലുമുള്ള കൗണ്‍സിലുകള്‍ അവിടെയുണ്ടാകുന്ന തര്‍ക്കങ്ങളും വഴക്കുകളും ഒത്തുതീര്‍പ്പാക്കുന്നു. മോഷണം വലിയ അപരാധമായാണ് കണക്കാക്കിപ്പോരുന്നത്. കാര്‍ഷികവൃത്തിക്ക് പ്രാധാന്യമുണ്ടെങ്കിലും കൊല്ലന്മാര്‍, നെയ്ത്തുകാര്‍, കുശവന്മാര്‍ തുടങ്ങിയ ജോലികള്‍ കുലത്തൊഴിലാക്കിയിട്ടുള്ളവര്‍ ഇവരുടെ ഇടയിലുണ്ട്. അവര്‍ മറ്റു തൊഴിലുകള്‍ ഒന്നുംതന്നെ ചെയ്യാറുമില്ല. എല്ലാ വിഭാഗങ്ങളിലുംപെട്ടവര്‍ തമ്മില്‍ വലിയ ഒരുമയാണുള്ളത്. സമൂഹത്തില്‍ കര്‍ഷകര്‍ മുന്‍ഗണന അര്‍ഹിക്കുന്നവരാകയാല്‍ മറ്റു ജാതിക്കാരുമായി വിവാഹബന്ധത്തില്‍ ഏര്‍പ്പെടാറില്ല. ധനം ആളുകളെ സ്വാര്‍ഥരും അത്യാഗ്രഹികളുമാക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടു കച്ചവടവും കച്ചവടമനസ്ഥിതിയും ഇവര്‍ വെറുക്കുന്നു. കൊന്‍സോകള്‍ പ്രധാനമായും താമസിക്കുന്ന പ്രദേശം 2011-ല്‍ യുനെസ്കോ ലോകപൈതൃക പ്രദേശമായി പ്രഖ്യാപിക്കുകയുണ്ടായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍