This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊന്തൊര്‍സെ, മാര്‍ക്വി ദ (1743 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊന്തൊര്‍സെ, മാര്‍ക്വി ദ (1743 - 94)

Condorcent, Marquis de

ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനും ദാര്‍ശനികനും (Marie Jean-Antoine-Nicolas Caritat Marquis de condorcent എന്നാണ് മുഴുവന്‍ പേര്). 1743 സെപ്. 17-ന് ജനിച്ചു. പിതാവ് ആന്റോയിന്‍ ഒരു ക്യാപ്റ്റനായിരുന്നു. പുരോഹിതന്മാരുടെയും പട്ടാളക്കാരുടെയും പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് കൊന്തൊര്‍സെ ജനിച്ചത്; അധികം താമസിക്കാതെ പിതാവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ഈശ്വരവിശ്വാസിയായ മാതാവിന്റെ സംരക്ഷണത്തിലും ബിഷപ്പായിരുന്ന മാതുലന്റെ ശിക്ഷണത്തിലും വളര്‍ന്ന കൊന്തൊര്‍സെ പാരിസിലെ നവാറെ കോളേജില്‍ നിന്നും 1759-ല്‍ ഡോക്ടറ്റേറ്റ് നേടി. പട്ടാളജീവിതം നയിക്കാന്‍ കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തെ നിര്‍ബന്ധിച്ചെങ്കിലും ഗണിതശാസ്ത്രാഭിരുചി ഇദ്ദേഹത്തെ അതില്‍ നിന്നുമാറ്റിനിര്‍ത്തി. ഇദ്ദേഹം 1786-ല്‍ സോഫി ദ ഗ്രൗഷിയെ വിവാഹം കഴിച്ചു.

മാര്‍ക്വി ദ കൊന്തൊര്‍സെ

പാരിസില്‍ മാതാവിന്റെ തുച്ഛമായ സാമ്പത്തിക സഹായത്തില്‍ ലളിതമായ ജീവിതം നയിച്ചുകൊണ്ട് കൊന്തൊര്‍സെ ഗണിതശാസ്ത്രപഠനവും ഗവേഷണവും തുടര്‍ന്നു. 1765-ല്‍ സമാകലനത്തെ സംബന്ധിച്ച ഒരു ഗ്രന്ഥം (De Calcul Integral) ഇദ്ദേഹം രചിച്ചു; തുടര്‍ന്ന് ഗണിതശാസ്ത്രസ്മരണകളും. ഇവ ഇദ്ദേഹത്തിന് ഗണിതശാസ്ത്രജ്ഞനെന്ന നിലയില്‍ ഉന്നതസ്ഥാനം നേടിക്കൊടുത്തു. ഇദ്ദേഹം അക്കാദമി ദെ സിയന്‍സസില്‍ (Academie des sciences) യാന്ത്രിക സഹായി (Adjunct mecanicien) എന്ന പദവിയിലേക്ക് 1769-ല്‍ തെരഞ്ഞെടുക്കപ്പെട്ടു; പിന്നീട് അസോസിയേറ്റായും. അക്കാദമിയുടെ അസിസ്റ്റന്റ് സെക്രട്ടറി (1773), സെക്രട്ടറി (1776) എന്നീ നിലകളില്‍ ഇദ്ദേഹം നിരവധി സ്മരണകള്‍ പ്രസിദ്ധീരിക്കുകയുണ്ടായി. 1785 - ല്‍ സംഭാവ്യതാസിദ്ധാന്തത്തെ കുറിച്ച് ഒരു ബൃഹദ്ഗ്രന്ഥം (Essai sur l'application de l'analyse a la probabilite des decisions rendues a la pluralite des voix) ഇദ്ദേഹം എഴുതി പ്രകാശിപ്പിച്ചു. ഇദ്ദേഹം രചിച്ച മണ്‍മറഞ്ഞ അക്കാദമിഷ്യന്മാരുടെ ജീവചരിത്രക്കുറിപ്പുകള്‍ (Eulogies) ഇദ്ദേഹത്തിന്റെ മഹാമനസ്കതയ്ക്കും നീതിബോധത്തിനും ഉത്തമദൃഷ്ടാന്തമായി നിലകൊള്ളുന്നു.

പ്രസിദ്ധ ഫ്രഞ്ച് ദാര്‍ശനികനായ വോള്‍ട്ടയറുമായി പരിചയപ്പെട്ടതിനുശേഷം കൊന്തൊര്‍സെയുടെ ബഹുമുഖമായ പ്രതിഭയ്ക്കു കൂടുതല്‍ തിളക്കം വന്നു. 1776-ല്‍ നാവികവകുപ്പിന്റെ ഡയറക്ടറായി. രാഷ്ട്രീയസാമൂഹികരംഗങ്ങളിലും സജീവമായി പ്രവര്‍ത്തിച്ചു. 1782-ല്‍ ഇദ്ദേഹം അക്കാദമി ഫ്രങ്കോയിലെ അംഗമായിരുന്നു.

1784-ല്‍ ലലാന്തും ബൊസുത്തു (Lalande and Bossut) മായിച്ചേര്‍ന്ന് ഇദ്ദേഹം എന്‍സൈക്ലോപീഡിയയിലെ ഗണിത ശാസ്ത്രഭാഗങ്ങള്‍ പരിഷ്കരിക്കുകയും മാറ്റി എഴുതുകയും ചെയ്ത് എന്‍സൈക്ലോപീഡിയ മെതോഡിക് (Encyclopedia methodique) എന്നാക്കി പുനരാവിഷ്കരിക്കുകയുണ്ടായി. അളവുകളും തൂക്കങ്ങളും മെട്രിക് സമ്പ്രദായത്തിലാക്കുന്നതില്‍ കൊന്തൊര്‍സെ ഒരു സജീവപങ്കാളിയായി പ്രവര്‍ത്തിച്ചു.

1787 മുതല്‍ കൊന്തൊര്‍സെ ഒരു സ്വതന്ത്ര ബൂര്‍ഷ്വാവാദിയായി പരിണമിച്ചു. 1791- ല്‍ നിയമനിര്‍മാണസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ഇദ്ദേഹം എഴുതിയ ഭരണഘടനയ്ക്കു അംഗീകാരം ലഭിച്ചില്ല. 1793 മുതല്‍ ഇദ്ദേഹം രാഷ്ട്രീയരംഗത്ത് വിവാദപുരുഷനായിത്തീര്‍ന്നു. ഇദ്ദേഹം ഇക്കാലത്തു പ്രസിദ്ധീകരിച്ച ഒരു ലഘുലേഖ (Avis aux francois) സ്വന്തം പ്രതിച്ഛായ തകര്‍ക്കുന്നതിനിടയാക്കി. 1793 ജൂലൈ 8ന് ഇദ്ദേഹത്തെ തടവിലാക്കാന്‍ ഗവണ്‍മെന്റ് ഉത്തരവു പുറപ്പെടുവിച്ചുവെങ്കിലും ഇദ്ദേഹം പിടികൊടുക്കാതെ ഒളിവില്‍ക്കഴിഞ്ഞു. 1794 മാ. 25 വരെയുള്ള ഒളിവുകാലത്താണ് മഹത്തായ ഒരു ദാര്‍ശനികഗ്രന്ഥം (Esquisse d'un tableau historique des progres des l'esprit humain) ഇദ്ദേഹം രചിച്ചത്. 1794 മാര്‍ച്ച് 27-ന് അറസ്റ്റ് ചെയ്യപ്പെടുകയും ബൂര്‍ഷ് ലാറൈന്‍ ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. മാ. 29-ന് ജയിലറയില്‍ കൊന്തൊര്‍സെ മരിച്ചുകിടക്കുന്നതായി കാണപ്പെട്ടു. അത് ആത്മഹത്യയായിരുന്നോ സ്വാഭാവിക മരണമായിരുന്നോ എന്ന കാര്യം ഒരിക്കലും പരിശോധിച്ചിട്ടില്ല.

ഡിഫറന്‍ഷ്യല്‍ സമവാക്യങ്ങള്‍ (Differential equations), സംഭാവ്യതാകലനം (Calculus of probability), സാമുദായിക ഗണിതശാസ്ത്രം (Social Mathematics) എന്നീ ശാഖകളിലാണ് കൊന്തൊര്‍സെയുടെ പ്രധാന ഗണിതസംഭാവനകള്‍. ഇദ്ദേഹം ഗണിതശാസ്ത്രത്തിലെ സംഭാവ്യതാസിദ്ധാന്തത്തെ ദാര്‍ശനിക തലത്തിലും അവതരിപ്പിച്ചു. സംഭാവ്യത ഭൗതികശാസ്ത്രത്തെയും സാമൂഹികശാസ്ത്രത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഘടകമാണ് എന്ന സിദ്ധാന്തം ആവിഷ്കരിച്ചത് ഇദ്ദേഹമാണ്. "അനുഭവവിഷയമായ സത്യമെല്ലാം സംഭാവ്യതയെ ആധാരമാക്കിയുള്ളതാണ്. സാമൂഹികശാസ്ത്രതത്ത്വങ്ങള്‍ നിരീക്ഷിച്ചു ഗ്രഹിക്കുവാന്‍ പ്രയാസമുള്ളവയാകയാല്‍ സാമൂഹികശാസ്ത്രരംഗത്തെ ഫലങ്ങള്‍ സാധ്യതയെ ആശ്രയിച്ചിരിക്കുന്നുവെന്നു പറയാം. അനുഭവസംബന്ധിയായ എല്ലാ പ്രസ്താവങ്ങളും സംഭാവ്യതാസിദ്ധാന്തത്തെ അവലംബിച്ചു വിലയിരുത്താവുന്നവയുമാണ്. കാലാവസ്ഥാപ്രവചനവും ധനതത്ത്വശാസ്ത്രനിഗമനങ്ങളും മറ്റും സംഭാവ്യതാസിദ്ധാന്തത്തെയാണ് അവലംബമാക്കുന്നത്" എന്ന കൊന്തൊര്‍സെയുടെ സിദ്ധാന്തം ആ കാലഘട്ടത്തിലെ മഹത്തായ സംഭാവനയാണെന്നു പറയാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍