This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊന്ത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊന്ത

ക്രൈസ്തവര്‍ സ്തോത്രം ഉരുവിടുമ്പോള്‍ ഉപയോഗിക്കുന്ന ജപമാല. ഈ ജപമാലയുടെ സഹായത്തോടെ ജപിക്കുന്ന സ്ത്രോത്രവും ഇതേ പേരില്‍ത്തന്നെ അറിയപ്പെടുന്നു. പോര്‍ച്ചുഗീസ് ഭാഷയിലെ കോന്റ (Conta) എന്ന ശബ്ദത്തില്‍ നിന്നാണ് 'കൊന്ത' നിഷ്പന്നമായത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ക്രൈസ്തവര്‍ (റോമന്‍ കത്തോലിക്കര്‍) ആണ് പ്രധാനമായും ജപമാല ഉപയോഗിച്ചുള്ള സ്തോത്രം ചൊല്ലാറുള്ളത്. പേറ്റെര്‍ നാസ്റ്റര്‍ (Pater noster), അവേ മറിയ (Ava Maria), ഗ്ലോറിയ പാട്രിസ് (Gloria Patris) എന്നീ സ്തോത്രങ്ങളാണ് സാധാരണയായി ഇവര്‍ ഉരുവിടാറുള്ളത്. ഹിന്ദുമതക്കാരും ഇസ്ലാം മതക്കാരും ബുദ്ധമതക്കാരും ജപമാല ഉപയോഗിക്കാറുണ്ടെങ്കിലും അവയെ കൊന്ത എന്നു പറയാറില്ല; ക്രൈസ്തവര്‍ ഉപയോഗിക്കുന്ന ജപമാല മാത്രമാണ് ഈപേരില്‍ അറിയപ്പെടുന്നത്.

റോമന്‍ കത്തോലിക്കര്‍ ഉപയോഗിക്കുന്ന പൂര്‍ണ വലുപ്പമുള്ള ഒരു കൊന്തയില്‍ 165 മുത്തുകള്‍ ഉണ്ടായിരിക്കും; 150 ചെറിയ മുത്തുകളും 15 വലിയ മുത്തുകളും. 150 ചെറിയ മുത്തുകളെ 10 വീതമുള്ള 15 സെറ്റുകളായി ഓരോ വലിയ മുത്തുകള്‍ കൊണ്ടു വേര്‍തിരിച്ചിരിക്കും. പത്തു വലിയ മുത്തുകള്‍ അവേ മറിയ സ്തോത്രത്തെയും പതിനൊന്നാമത്തെ വലിയ മുത്ത് പേറ്റെര്‍ നാസ്റ്റര്‍, ഗ്ലോറിയ പാട്രിസ് എന്നീ സ്തോത്രങ്ങളെയും പ്രതിനിധാനം ചെയ്യുന്നു. ഗ്രീസ്, തുര്‍ക്കി തുടങ്ങിയ കിഴക്കന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന കൊന്തയില്‍ ഒരേ വലുപ്പത്തിലുള്ള 100 മുത്തുകളാണുള്ളത്. ഇവിടങ്ങളില്‍ ഇതിന്റെ ഉപയോഗം സന്ന്യാസിമഠങ്ങളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. റഷ്യന്‍ ഓര്‍ത്തഡോക്സ് ക്രൈസ്തവര്‍ ഉപയോഗിക്കുന്ന കൊന്തയില്‍ 103 മുത്തുകളാണുള്ളത്. നാലു വലിയ മുത്തകള്‍ കൊണ്ട് നാലു വ്യത്യസ്തഭാഗങ്ങളിലായി തിരിച്ചിട്ടുള്ള ഈ കൊന്തയുടെ വശങ്ങള്‍ സമാന്തരമാണ്; ഏതാണ്ട് ഏണിയുടെ ആകൃതിയാണിതിനുള്ളത്. കേരളത്തിലെ റോമന്‍ കത്തോലിക്കര്‍ക്കിടയില്‍ കൊന്ത (കൊന്ന) ക്കുരു കൊണ്ടു നിര്‍മിച്ച കുന്നിക്കുരു മാലയും പ്രചാരത്തിലുണ്ട്.

ക്രൈസ്തവര്‍ക്കു മുമ്പു തന്നെ ഒരേ പ്രാര്‍ഥന പല പ്രാവശ്യം ഉരുവിടുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. മൂന്നാം ശതകത്തോടു കൂടിത്തന്നെ കിഴക്കന്‍ രാജ്യങ്ങളിലെ ക്രൈസ്തവസന്ന്യാസിമാര്‍ ഇത്തരം പ്രാര്‍ഥനാക്രമം സ്വീകരിച്ചു തുടങ്ങി. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ 9-ാം ശതകത്തിനും 10-ാം ശതകത്തിനും ഇടയ്ക്കുള്ള കാലഘട്ടത്തില്‍ കൊന്ത പ്രചാരത്തില്‍ വന്നതായി കരുതപ്പെടുന്നു. 13-ാം ശതകത്തില്‍ പാരിസിലും ഇംഗ്ലണ്ടിലും പേറ്റെര്‍ നാസ്റ്റര്‍ (കൊന്ത നിര്‍മാണത്തിന് ഉപയോഗിച്ചിരുന്ന മുത്ത് ഈ പേരില്‍ അറിയപ്പെട്ടിരുന്നു) നിര്‍മാണം ഒരു വ്യവസായമായി വളര്‍ന്നിരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%A8%E0%B5%8D%E0%B4%A4" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍