This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊനീബൊ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊനീബൊ

Konibo People

തെക്കേ അമേരിക്കയില്‍ പെറുവിന്റെ കിഴക്കുഭാഗത്തു കിടക്കുന്ന കൊനീബൊ പ്രദേശത്തു വസിക്കുന്ന ഒരു ഗോത്രവര്‍ഗം. ആന്‍ഡിയന്‍ തടാകങ്ങളുടെ തീരത്താണ് കൊനീബൊ പ്രദേശം സ്ഥിതി ചെയ്യുന്നത്. ആമസോണ്‍ നദിയുടെ ഉദ്ഭവദേശമാണിത്. പുരാതനകാലത്ത് നദിയിലൂടെ മാത്രമേ ഈ പ്രദേശത്ത് എത്തിച്ചേരുവാന്‍ കഴിയുമായിരുന്നുള്ളൂ. മുഖ്യമായും നദിയെ ആശ്രയിച്ചു ജീവിക്കുന്ന വര്‍ഗമാകയാല്‍ 'ഫിഷ് ഇന്ത്യന്‍സ്' എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നു. വളരെക്കാലം ബാഹ്യലോകവുമായി ഇവര്‍ ബന്ധപ്പെട്ടിരുന്നില്ല. പില്ക്കാലത്ത് കരയിലൂടെയുള്ള വാഹനഗതാഗതം സ്ഥാപിക്കപ്പെട്ടതോടെ കൊനീബൊ വര്‍ഗത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചുതുടങ്ങി.

അമേരിന്ത്യന്‍ ഗോത്രത്തില്‍പ്പെട്ട പനോവര്‍ വിഭാഗത്തിലെ ഒരു വര്‍ഗമാണ് കൊനീബൊ. സെതെബൊ, ഷിപിബൊ, കാഷിബൊ എന്നീ വര്‍ഗങ്ങളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രസ്തുതവര്‍ഗങ്ങളുടെ ജീവിതരീതിയില്‍ കാര്യമായ അന്തരം കാണുന്നില്ല. സംഘടിതരും കുടുംബജീവിതം നയിക്കുന്നവരുമാണിവര്‍. ഏകദേശം 18 മീ. നീളം മാത്രമുള്ള കൂരമേഞ്ഞ വീടുകളിലാണ് ഇവര്‍ വസിക്കുന്നത്. ആമസോണ്‍തീരത്തെ മിക്കവര്‍ഗക്കാരും ഉറങ്ങുന്നതിന് തുണിത്തൊട്ടിലുകളും തിട്ടകളും ഉപയോഗിക്കുമ്പോള്‍ കൊനീബൊകള്‍ നിലത്തു പായ് വിരിച്ചാണ് കിടന്നുറങ്ങുന്നത്.

കാടു വെട്ടിത്തെളിച്ച് കരിമ്പ്, വാഴ, നെല്ല്, കാപ്പി മുതലായവ കൃഷി ചെയ്യുന്ന ഇവര്‍ വേട്ടയാടലും മീന്‍പിടിത്തവും നടത്താറുണ്ട്. ആദ്യകാലം മുതല്‍ക്ക് അമ്പും വില്ലും ഉപയോഗിച്ചിരുന്ന കൊനീബൊകള്‍ സമീപകാലത്ത് വെടിമരുന്ന് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ മൂന്നുനാലു നൂറ്റാണ്ടുകളായി കൊനീബൊകള്‍ ബാഹ്യലോകവുമായി ബന്ധപ്പെട്ടുവരുന്നുവെങ്കിലും മറ്റു വര്‍ഗക്കാരുമായി അധികം ഇടപഴകിത്തുടങ്ങിയിട്ടില്ല. 17-ാം നൂറ്റാണ്ടില്‍ മറ്റൊരു വര്‍ഗത്തിനെതിരായ പോരാട്ടത്തില്‍ സ്പെയിനില്‍ നിന്നുവന്ന ഒരു സാഹസികസംഘത്തെ സഹായിച്ച കൊനീബൊ ഒളിപ്പോരാളികള്‍ പരാജയത്തെത്തുടര്‍ന്ന് അവരുടെ യജമാനന്മാരെ വകവരുത്തുകയുണ്ടായി. 18-ാം നൂറ്റാണ്ടില്‍ ഇവരെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ കത്തോലിക്കാമതക്കാരായ ചില മിഷണറിമാര്‍ ശ്രമിക്കുകയുണ്ടായെങ്കിലും പനോവന്‍ വിഭാഗക്കാര്‍ അവരെയും കൊന്നൊടുക്കി. 19-ാം നൂറ്റാണ്ടില്‍ ഉചായലി നദിക്കരയിലേക്ക് വ്യാപിച്ച കൊനീബൊകള്‍ അടിമകളാക്കാന്‍ വേണ്ടി മറ്റു വര്‍ഗക്കാരെ ആക്രമിച്ചുതുടങ്ങി. ഇവര്‍ തങ്ങളുടെ പൂര്‍വികര്‍ രാജപരമ്പരയില്‍പ്പെട്ടവരായിരുന്നുവെന്നും ഭാവിയില്‍ അധികാരത്തില്‍ തിരിച്ചു വരുമെന്നും വിശ്വസിക്കുന്നവരാണ്.

കൊനീബൊ സ്ത്രീകള്‍

കൊനീബൊകള്‍ മൂവായിരത്തോളം വരുമെന്ന് മുമ്പ് കണക്കാക്കപ്പെട്ടിരുന്നെങ്കിലും ആയിരത്തോളമേ വരികയുള്ളു എന്ന് അടുത്തകാലത്തെ സ്ഥിതിവിവരക്കണക്കുകള്‍ വെളിവാക്കിയിട്ടുണ്ട്. 6 മീറ്ററോളം നീളമുള്ള വള്ളങ്ങളാണിവര്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നത്. വന്‍മരങ്ങള്‍ മുറിച്ചുവീഴ്ത്തി ശാഖകള്‍ വെട്ടിമാറ്റി നദീതീരത്ത് എത്തിച്ചശേഷം പണിയായുധങ്ങള്‍ ഉപയോഗിച്ച് അതിന്റെ ഉള്‍വശം വേണ്ടവിധം പൊള്ളയാക്കിയാണ് വള്ളങ്ങളായി ഉപയോഗിച്ചിരുന്നത്. 18 മീ. നീളമുള്ള വള്ളങ്ങള്‍ ആദ്യകാലത്ത് ഇവര്‍ നിര്‍മിച്ചിരുന്നു. ഇത്തരം വള്ളങ്ങളുടെ നിര്‍മാണത്തിന് ചിലപ്പോള്‍ ഒരു വര്‍ഷം തന്നെ വേണ്ടിവരാറുണ്ട്. പനോവര്‍ വര്‍ഗത്തില്‍ ഏറ്റവും വൈദഗ്ധ്യമുള്ളവരാണ് കൊനീബൊകള്‍ നാനാതരം പിഞ്ഞാണപാത്രങ്ങള്‍, തുണിത്തരങ്ങള്‍, അമ്പുകള്‍, വില്ലുകള്‍, തുഴകള്‍ മുതലായവ നിര്‍മിക്കുന്നതിലും ഇവര്‍ വിദഗ്ധരാണ്.

ചിത്രത്തയ്യലുള്ള കറുത്ത തുണി അരയില്‍ ചുറ്റിയാണ് സ്ത്രീകള്‍ പാവാട ഉടുക്കുന്നത്. ഇത് ഇവര്‍ സ്വയം നെയ്തെടുക്കുന്നു. കടുത്തനിറമുള്ള തുണിയോ ഉടുപ്പോ അതിനു മുകളില്‍ ധരിക്കുന്നു. മുടി നീട്ടി വളര്‍ത്താറില്ല. മുഖത്ത് കറുത്തതോ ചുവന്നതോ ആയ വരകള്‍ ഭംഗിയായി വരയ്ക്കുന്നു. ആഭരണങ്ങള്‍ മൂക്കിലും ചുണ്ടിലും ധരിക്കാറുണ്ട്. പുരുഷന്മാര്‍ സമീപകാലത്ത് പാന്റ്സും ഷര്‍ട്ടും ധരിച്ചു തുടങ്ങിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടില്‍ സ്പെയിന്‍കാര്‍ വരുന്നതുവരെ ഇവര്‍ വിശേഷസന്ദര്‍ഭങ്ങളില്‍ മാത്രമേ വസ്ത്രം ധരിച്ചിരുന്നുള്ളൂ. പ്രായം തികഞ്ഞ പെണ്‍കുട്ടികളുടെ ശരീരം വെളുത്തവാവുദിവസം ചാരായത്തില്‍ മരവിപ്പിച്ചശേഷം കൃസരി വിച്ഛേദിക്കുന്ന ഒരാചാരം ഇന്നും ഇവരുടെയിടയിലുണ്ട്. 'പിഷിത' എന്ന പേരിലാണിതറിയപ്പെടുന്നത്. മദ്യപാനം മിക്ക ആചാരങ്ങളുടെയും ഒരവിഭാജ്യഘടകമാണ്. വംശനാശഭീഷണി നേരിടുന്ന ഒരു വര്‍ഗമാണ് കൊനീബൊ.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%A8%E0%B5%80%E0%B4%AC%E0%B5%8A" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍