This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊത്തമല്ലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊത്തമല്ലി

Coriander

ഏപ്പിയേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു മസാലവിള. ശാ.നാ.: കൊറിയാന്‍ഡ്രം സറ്റൈവം (Coriandrum sativum). മല്ലി എന്ന പ്രാദേശിക നാമത്തിലാണ് ഇത് കൂടുതല്‍ അറിയപ്പെടുന്നത്.

മെഡിറ്ററേനിയന്‍ തീരപ്രദേശമാണ് കൊത്തമല്ലിയുടെ ജന്മദേശം. ബി.സി. പത്താം ശതാബ്ദത്തില്‍ നിര്‍മിച്ചതെന്നു കരുതപ്പെടുന്ന ഈജിപ്ത്തിലെ ശവക്കല്ലറകളില്‍ നിന്ന് കൊത്തമല്ലിയരി കണ്ടെടുത്തിട്ടുണ്ട്. സുഡാനിലും ഈജിപ്ത്തിലും ഇന്നും ഇത് ഒരു കാട്ടുചെടിയായിട്ടാണ് വളരുന്നത്. ഇന്ത്യയിലാണ് മല്ലിക്കൃഷി വിപുലമായ തോതില്‍ നടന്നുവരുന്നത്. റഷ്യ, ഹോളണ്ട്, ഹംഗറി, മധ്യപൂര്‍വപ്രദേശം എന്നിവിടങ്ങളിലും ചെറിയ തോതില്‍ മല്ലിക്കൃഷിയുണ്ട്.

കൊത്തമല്ലി

30-60 സെ.മീ. ഉയരത്തില്‍ വളരുന്ന ചെടിയുടെ കാണ്ഡം നേര്‍ത്തതാണ്; മുട്ടുകള്‍ക്കിടയ്ക്കുള്ള ഭാഗത്തിന്റെ അകം പൊള്ളയും. ഇലകള്‍ ലഘുപത്രങ്ങളാണ്. ഏകാന്തരന്യാസക്രമത്തിലാണ് ഇവ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്. ചെടിയുടെ ചുവട്ടിലെ ഇലകള്‍ വീതികൂടിയവയും അവിഭക്തങ്ങളുമാണ്; മുകളിലെ ഇലകള്‍ പിച്ഛാകാരരീതിയില്‍ വിഭക്തങ്ങളും. ഉപപര്‍ണങ്ങളില്ല. ഇലത്തണ്ടിന്റെ അടിഭാഗം പോള പോലിരിക്കും. പുഷ്പമഞ്ജരി ഒരു സംയുക്ത അംബല്‍ (compound umbel) ആണ്. മുഖ്യമായ പൂങ്കുലത്തണ്ടിലും അനുജാതമായ പൂങ്കുലത്തണ്ടുകളിലും ഛത്രപരിപര്‍ണം (involucure) ഉണ്ട്. പുഷ്പമഞ്ജരിയുടെ ബാഹ്യവലയത്തിലുള്ള പൂക്കള്‍ സൈഗോമോര്‍ഫിക് ആണ്. പൂക്കള്‍ ചെറുതും വെള്ള, പാടലം എന്നീ നിറങ്ങളോടുകൂടിയവയുമായിരിക്കും. ദ്വിലിംഗികളായ പുഷ്പങ്ങള്‍ക്ക് ഉപരിജനിയാണുള്ളത്. അധികവും സമപുഷ്പങ്ങളാണ്. പുഷ്പവൃതിയില്‍ അഞ്ച് ചെറിയ വിദളങ്ങളുണ്ട്. സ്വതന്ത്രങ്ങളായ ഈ വിദളങ്ങള്‍ അണ്ഡാശയത്തോടു പറ്റിച്ചേര്‍ന്നിരിക്കുന്നു. ദളപുടത്തില്‍ സ്വതന്ത്രങ്ങളായ അഞ്ചു ദളങ്ങളാണുള്ളത്. ഈ ദളങ്ങളും അണ്ഡാശയത്തോടു പറ്റിച്ചേര്‍ന്നു നില്‍ക്കുന്നു. അഞ്ചു സ്വതന്ത്രകേസരങ്ങളാണുള്ളത്. ദളങ്ങളും കേസരങ്ങളും ഒന്നിടവിട്ടു കാണപ്പെടുന്നു. കേസരതന്തുക്കള്‍ക്ക് നീളം കൂടുതലുള്ളതിനാല്‍ മൊട്ടുകള്‍ക്കുള്ളില്‍ അവ അകത്തേക്ക് വളഞ്ഞിരിക്കും. ജനിക്ക് രണ്ടറകളുള്ള അധമഅണ്ഡാശയവും, ഓരോ അറയിലും ഓരോ പെന്‍ഡുലംപോലെ തൂങ്ങിക്കിടക്കുന്ന അണ്ഡവും ആണുള്ളത്. കൊത്തമല്ലിയരി നെടുകെ പിളരുമ്പോള്‍ ഓരോ പകുതിയിലും ഓരോ വിത്തുണ്ടായിരിക്കും. ഫലാംശങ്ങളെ വഹിക്കുന്നത് ചെറിയ തണ്ടാണ്. ഫലങ്ങളുടെ പുറവശത്തു തിട്ടകളും ചാലുകളും ഉണ്ട്. ചാലുകളില്‍ എണ്ണക്കുഴല്‍ നാളങ്ങളും കാണപ്പെടുന്നു. കൊത്തമല്ലിയെ കൊത്തമ്പാലരിയെന്നും പറയാറുണ്ട്. വിത്ത് എണ്ണമയമുള്ളതുമാണ്.

ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും മല്ലിക്കൃഷി ചെയ്തുവരുന്നുണ്ട്. ആന്ധ്രയിലെയും തമിഴ്നാട്ടിലെയും പരുത്തിക്കരിമണ്ണും കടുപ്പമുള്ള കറുത്ത ചെളിമണ്ണും ഉള്ള പ്രദേശങ്ങള്‍ ഇതിന്റെ കൃഷിക്ക് അത്യുത്തമമാണ്. സെപ്തംബര്‍, ഒക്റ്റോബര്‍ മാസങ്ങളാണ് നടാന്‍ പറ്റിയ സമയം. മല്ലി ഒരു തനിവിളയായിട്ടാണ് സാധാരണ കൃഷി ചെയ്യാറുള്ളതെങ്കിലും ചില സ്ഥലങ്ങളില്‍ പരുത്തി, ചോളം എന്നിവയോടൊപ്പം മിശ്രവിളയായും കൃഷി ചെയ്യാറുണ്ട്. മല്ലിയരി രണ്ടായി പിളര്‍ന്നു കിട്ടുന്ന ഓരോ പിളര്‍പ്പും ഓരോ വിത്ത് ആണ്. ഒരു ഹെക്ടറില്‍ വിതയ്ക്കാന്‍ 10-15 കിലോഗ്രാം വിത്തു വേണ്ടിവരും. രണ്ടുമാസംകൊണ്ട് ചെടികള്‍ പൂക്കുന്നു. രണ്ടരമാസമാവുമ്പോഴേക്കും വിളവെടുക്കാം. ചെടികള്‍ വേരോടെ പിഴുതെടുത്ത് ഒരു ദിവസം വച്ചശേഷം മല്ലിയരി തല്ലിക്കൊഴിച്ചെടുക്കുന്നു. നല്ല വളക്കൂറുള്ള സ്ഥലങ്ങളില്‍ ഹെക്ടറിന് 1800-2000 കിലോഗ്രാം വിളവു കിട്ടുന്നു.

പ്രധാനമായും രണ്ടിനം കൊത്തമല്ലിയാണുള്ളത്. ഇന്ത്യയില്‍ കൃഷി ചെയ്യുന്ന ഇനം കൊറിയാന്‍ഡര്‍ സറ്റൈവം വള്‍ഗേര്‍ അഥവാ മാക്രോകാര്‍പ്പം എന്നയിനമാണ്. 3-5 മി.മീ. വലുപ്പമുള്ള വിത്താണ് ഇതിനുള്ളത്. എണ്ണയുടെ അംശം കുറവാണ് (0.1-0.4 ശതമാനം) എന്നതാണ് ഇതിന്റെ പ്രത്യേകത. മിതശീതോഷ്ണ രാജ്യങ്ങളില്‍ കണ്ടുവരുന്ന കൊറിയാന്‍ഡര്‍ സറ്റൈവം മൈക്രോകാര്‍പ്പം എന്ന ഇനത്തിന്റെ കായയ്ക്ക് 1.5-3 മി.മീ. വലുപ്പം മാത്രമേയുള്ളൂ. എന്നാല്‍ എണ്ണയുടെ അളവ് ഇവയില്‍ കൂടുതലായിരിക്കും (0.4-1.8 ശതമാനം). മല്ലിയില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന എണ്ണയില്‍ 50-60 ശതമാനം ലിനലൂള്‍, 20 ശതമാനം ടര്‍പ്പീന്‍ എന്നവ അടങ്ങിയിരിക്കുന്നു.

ഒരു പ്രത്യേക സുഗന്ധത്തോടുകൂടിയ മല്ലിച്ചെടിയിലകള്‍ ഇളംപ്രായത്തില്‍ കറികള്‍ക്ക് രുചിയും മണവുമേകാന്‍ ഉപയോഗിക്കാറുണ്ട്. ഭക്ഷണവിഭവങ്ങള്‍ അലങ്കരിക്കാനും മല്ലിയിലകള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നു. പാശ്ചാത്യരാജ്യങ്ങളില്‍ ജിന്‍ പോലുള്ള ലഹരിപാനീയങ്ങള്‍ക്ക് മണം നല്‍കാന്‍ കൊത്തമല്ലി ഉപയോഗിക്കുന്നു. ഏഷ്യ, മധ്യധരണ്യാഴി, ലാറ്റിനമേരിക്ക, ചൈന, ആഫ്രിക്ക തുടങ്ങിയ ഇടങ്ങളില്‍ കറികളുടെ പ്രധാന ചേരുവയാണ് മല്ലി. തായ് വിഭവങ്ങളില്‍ മല്ലിയുടെ വേര് ചതച്ച് ചേര്‍ക്കാറുണ്ട്. ഔഷധഗുണമുള്ള ഇത് ത്രിദോഷം, തണ്ണീര്‍ദാഹം, ശ്വാസംമുട്ടല്‍, ജ്വരം, ചുട്ടുനീറ്റല്‍, ഛര്‍ദി, കൃമിയുടെ ഉപദ്രവം, മെലിച്ചില്‍, രക്തദോഷം, അര്‍ശസ് മുതലായവയ്ക്കും കണ്ണിനും നല്ലതാണ്. ആയുര്‍വേദ ഔഷധ നിര്‍മാണത്തിനും ഉപയോഗിക്കുന്നു. മല്ലിയരിയില്‍ വിറ്റാമിന്‍ എയും മല്ലിയിലയില്‍ വിറ്റാമിന്‍ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. മല്ലിയെണ്ണയും ലഹരിസാധനങ്ങള്‍ക്കു രുചി കൂട്ടാനും ഔഷധനിര്‍മാണത്തിനും ഉപയോഗിക്കാറുണ്ട്. പിണ്ണാക്ക് നല്ലൊരു കാലിത്തീറ്റയാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍