This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊതുക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊതുക്

ഇന്‍സെക്റ്റയുടെ ഒരു വര്‍ഗമായ ഡിപ്പ്റ്റെറായില്‍ ഉള്‍പ്പെട്ട ക്യൂലിസിഡേ കുടുംബത്തിലെ അംഗം. ലോകത്തെമ്പാടുമായി കൊതുകുകളുടെ 90 ജീനസുകളെയും 2500-ഓളം സ്പീഷീസുകളെയും കണ്ടെത്തിയിട്ടുണ്ട്. കടലിലും ധ്രുവങ്ങളിലും വളരെ വരണ്ട കാലാവസ്ഥയുള്ള മണലാരണ്യങ്ങളിലും ഒഴികെ മറ്റെല്ലായിടങ്ങളിലും ഇവ ധാരാളമായി കാണപ്പെടുന്നു. സമുദ്രനിരപ്പില്‍നിന്ന് 3650 മീറ്ററിലേറെ ഉയരമുള്ള പ്രദേശങ്ങളില്‍ ഇവ സാധാരണ ജീവിക്കാറില്ല.

കനം കുറഞ്ഞ് നേര്‍ത്ത ശരീരഘടനയുള്ള ഇവയ്ക്ക് നീണ്ട കാലുകളും നീളമേറിയ ഉദരവുമാണുള്ളത്; കടലാസുപോലെ നേര്‍ത്ത ഒരു ജോടി ചിറകുകളുമുണ്ട്. വദന ഭാഗങ്ങള്‍ വേധനത്തിനും ചൂഷണത്തിനും (sucking) ആവശ്യമായ പ്രത്യേകതകളോടുകൂടിയവയാണ്. പെണ്‍കൊതുകുകളുടെ വദനഭാഗങ്ങളാണ് കൂടുതല്‍ വിശേഷവത്കൃതങ്ങളായിട്ടുള്ളത്. പെണ്‍കൊതുകുകള്‍ മാത്രമാണ് മറ്റു ജീവികളുടെ രക്തം ഊറ്റിക്കുടിക്കാറുള്ളത്. ആണ്‍ കൊതുകുകളുടെ പ്രധാനമായ ആഹാരം തേനും ചെടികളുടെ ചാറും മറ്റുമാണ്. കൊതുകിന്റെ തല ചെറുതാണ്. ഇവയ്ക്ക് സംയുക്തനേത്രങ്ങളാണുള്ളത്; എന്നാല്‍ നേത്രകങ്ങള്‍ (Ocelli) കാണാറില്ല. തലയുടെ മുന്നറ്റത്തായി കാണപ്പെടുന്ന ശൃംഗികകള്‍ക്ക് പെണ്‍കൊതുകുകളില്‍ നീണ്ട് മണികാമയ രൂപവും ആണ്‍കൊതുകുകളില്‍ തൂവലാകൃതിയും ആണുള്ളത്.

കൊതുകുകളുടെ തൊണ്ണൂറോളം ജീനസുകളും ഉപജീനസുകളും ഉണ്ട്. വൈദ്യശാസ്ത്രപരമായ പ്രാധാന്യം മൂലം മൂന്നു ജീനസുകള്‍ പ്രത്യേകം ശ്രദ്ധേയങ്ങളാണ്. ഇവ ക്യൂലെക്സ് (വീടുകളില്‍ സാധാരണയായി കാണപ്പെടുന്ന കൊതുകുകള്‍), ഏഡിസ് (മഞ്ഞപ്പനി-കൊതുകള്‍), അനോഫിലെസ് (മലേറിയ കൊതുകുകള്‍) എന്നിവയാണ്. ഇവയുടെ ഈ പേരുകള്‍ അര്‍ഥശങ്കയ്ക്കു ഇടനല്‍കുന്നുണ്ട്. കാരണം ഓരോ ജീനസിന്റെയും വിവിധ സ്പീഷീസുകള്‍ തന്നെ വിവിധങ്ങളായ രോഗങ്ങള്‍ പകര്‍ത്തുന്നവയാണ്.

അനോഫിലൈന്‍ സ്പീഷീസുകള്‍ ഇവയില്‍ മലേറിയരോഗം പകര്‍ത്തുന്ന അമ്പതോളം സ്പീഷീസുകളുണ്ട്. രക്തം കുടിക്കുന്നതിനുമുമ്പ് കൊതുകുകള്‍ ഉമിനീര്‍ ആതിഥേയന്റെ ശരീരത്തിലേക്ക് കുത്തിവയ്ക്കാറുണ്ട്. ഈ ഉമിനീര്‍ വഴിയാണ് രോഗാണുക്കളെ പുതിയ വ്യക്തിയില്‍ കടത്തിവിടുന്നത്. അമേരിക്കന്‍ ഐക്യനാടുകളുടെ കിഴക്കന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന അനോഫിലെസ് ക്വാഡ്രിമാക്കുലേറ്റസ് (Anopheles quadrimaculatus) എന്നയിനവും പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ കാണപ്പെടുന്ന അനോഫിലെസ് ഫ്രീബോര്‍നി (Anopheles freeborni) എന്നയിനവും സസ്തനികളില്‍ മലേറിയരോഗം പരത്തുന്നവയാണ്. അനോഫിലെസ് മാക്കുലേറ്റസ് (Anopheles maculatus) എന്ന പൌരസ്ത്യനാടുകളിലെയും അനോഫിലെസ് പണ്‍ക്റ്റൂലേറ്റസ് (Anopheles punctulatus) എന്ന പസഫിക് ഭാഗങ്ങളിലെയും സ്പീഷീസുകളും മന്തുരോഗം പരത്തുന്നവയാണ്.


കൊതുകിന്റെ ജീവിതചക്രം


ഏഡിസ് സ്പീഷീസുകള്‍ ധ്രുവപ്രദേശങ്ങളില്‍ വരെ ധാരാളമായി കാണപ്പെടുന്ന ഇനം കൊതുകുകളാണിവ. ഏഡിസ് സോളിസിറ്റന്‍സ് (Ades sollicitans) എന്നറിയപ്പെടുന്ന ഉപ്പു-ചതപ്പു കൊതുകുകള്‍ മനുഷ്യനെ ആക്രമിക്കുന്ന ഇനമാണ്. ഏഡിസ് ഡോര്‍സാലിസ് എന്ന മറ്റൊരിനം കൂടിയുണ്ട്. ഇവയെല്ലാം മഞ്ഞപ്പനിയുടെ വൈറസ്സുകള്‍ പരത്തുന്നവയാണ്. മഞ്ഞപ്പനിയോടൊപ്പം ബ്രേക്ക് ബോണ്‍ ഫീവര്‍ (ഡെങ്കിപ്പനി), കുതിരകളിലുണ്ടാവുന്ന എന്‍സെഫലോമൈലിറ്റിസ്, ബാന്‍ക്രോഫ്റ്റ്സ്മന്ത് (ചിക്കുന്‍ ഗുനിയ) എന്നീ രോഗങ്ങളും ഏഡിസ് സ്പീഷീസുകളാണ് പരത്തുന്നത്. ഏഡിസ് എയ്ജിപ്റ്റി (Ades aegypti) എന്ന സ്പീഷീസ് ഈ നാലിനം രോഗങ്ങളുടെയും വാഹകരാണ്.

ക്യൂലിസൈന്‍ സ്പീഷീസുകള്‍. ഉഷ്ണമേഖലാ പ്രദേശത്തു കാണപ്പെടുന്ന സാധാരണ വീട്ടുകൊതുകായ ക്യൂലെക്സ് പൈപ്പിയന്‍സ് (Culex pipiens) മനുഷ്യന് ധാരാളം ശല്യം ചെയ്യുന്ന ഒരിനമാണ്. പക്ഷികളിലെ മലേറിയ, കുതിരകളിലെ എന്‍സെഫലോമൈലിറ്റിസ് തുടങ്ങി നിരവധി രോഗങ്ങളുടെ വാഹകരാണ് ഈ സ്പീഷീസുകള്‍.

ജീവിതചക്രം എല്ലായിനം കൊതുകുകളും വെള്ളത്തിലോ വെള്ളത്തിനു സമീപത്തോ ആണ് മുട്ടയിടാറുള്ളത്. സേകവിധേയമാകുന്ന മുട്ടകള്‍ രണ്ട് ദിവസത്തിനകം വിരിഞ്ഞ് മുട്ടത്തോടു പൊട്ടി വെള്ളത്തിലെത്തിച്ചേരുന്നു. പുഴുക്കളെപ്പോലെ തോന്നിക്കുന്ന ഇവയെ കുത്താടികള്‍ എന്നു വിളിക്കുന്നു. ജലത്തിലെ ബാക്റ്റീരിയ തുടങ്ങിയ സൂക്ഷ്മജീവികളെയാണിതു ഭക്ഷിക്കുന്നത്. മറ്റു കൊതുകുസ്പീഷീസുകളുടെ ലാര്‍വകളെ ഭക്ഷിക്കുന്നവയുമുണ്ട്. ശ്വാസോച്ഛ്വാസത്തിനായി ഇവ ജലോപരിതലത്തില്‍ കൂടെക്കൂടെ എത്താറുണ്ട്. ഈ കൂത്താടികള്‍ വേഗം വളരുകയും നാലു പ്രാവശ്യത്തോളം പടം പൊഴിച്ച ശേഷം അടുത്ത പ്യൂപ്പഘട്ടത്തിലേക്കു പ്രവേശിക്കുകയും ചെയ്യും. ആഹാരം കഴിക്കാതെ പ്യൂപ്പ ജലജീവിയായി കഴിഞ്ഞുകൂടുന്നു. രണ്ടു ദിവസത്തിനകം പൂര്‍ണവളര്‍ച്ചയെത്തിയ കൊതുക് പ്യൂപ്പയില്‍ നിന്നും പുറത്തുവരും.

കൊതുകുകള്‍ എല്ലാംതന്നെ ജീവിതഘട്ടത്തില്‍ ഒരു ഉഭയവാസി (Amphibious) സ്വഭാവം പ്രദര്‍ശിപ്പിക്കുന്നു. ജീവിതചക്രത്തിന്റെ ആദ്യഘട്ടം ജലത്തിലും തുടര്‍ന്നുള്ള ഘട്ടം കരയിലും ആണിവ കഴിച്ചുകൂടുന്നത്.

വൈദ്യശാസ്ത്രവശം അനാദികാലം മുതല്‍ക്കുതന്നെ കൊതുകുവഴി ഉണ്ടാകുന്ന രോഗം മനുഷ്യനെ ആക്രമിച്ചിരുന്നു. പക്ഷേ ഇതിനെതിരായി എന്തെങ്കിലും ഫലപ്രദമായി പ്രയോഗിക്കുവാനുതകുംവിധം ശാസ്ത്രം വളര്‍ന്നിരുന്നില്ല. ചില പ്രത്യേക സ്ഥലങ്ങളെ ചില പ്രത്യേകകാലഘട്ടങ്ങളില്‍ ഒഴിവാക്കുകയായിരുന്നു ഇതിനൊരു പ്രതിവിധിയായി മനുഷ്യന്‍ കണ്ടെത്തിയിരുന്ന മാര്‍ഗം. 16-ാം നൂറ്റാണ്ടില്‍ സ്പാനിയാര്‍ഡുകള്‍ പെറു കീഴടക്കിയ ശേഷം സിങ്കോണാമരത്തില്‍ നിന്നെടുക്കുന്ന ക്വിനൈന്‍ (Quinine) മലേറിയ രോഗത്തിനെതിരായി ഫലപ്രദമായ ഔഷധമായി ഉപയോഗിക്കാമെന്നവര്‍ മനസ്സിലാക്കി, പക്ഷേ ഈ രോഗം പരത്തുന്നത് കൊതുകുകളാണെന്ന് കണ്ടെത്തുന്നതുവരെ ഈ രംഗത്തു നേട്ടങ്ങള്‍ കൈവരിക്കാനായില്ല.

പത്തൊമ്പതാം ശതകത്തിന്റെ മധ്യത്തോടെ ലൂയി പാസ്റ്ററും സഹപ്രവര്‍ത്തകരും ജന്തുക്കളുടെ ശരീരത്തിനുള്ളില്‍ ചില സൂക്ഷ്മജീവികള്‍ കടന്നുകൂടുകമൂലമാണ് ചില രോഗങ്ങള്‍ ഉണ്ടാകുന്നത് എന്നു തെളിയിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്ന് ഈ ദൃഷ്ടികോണില്‍ക്കൂടി പകര്‍ച്ച വ്യാധികളെപ്പറ്റി പഠിക്കാനാരംഭിച്ചു. അങ്ങനെ 1880-ല്‍ ചാള്‍സ് ലാവേണ്‍ എന്ന ഫ്രഞ്ച് സൈനിക ഭിഷഗ്വരന്‍ മനുഷ്യരുടെ രക്തത്തില്‍ മലേറിയയുടെ അണുക്കളെ കണ്ടെത്തി. പക്ഷേ കൊതുകുവഴിയാണ് ഈ അണുക്കള്‍ പകരുന്നതെന്ന സംശയം 1881 - ല്‍ ഒരു ക്യൂബന്‍ ഭിഷഗ്വരനായ കാര്‍ലോസ് ജൂവാന്‍ ഫിന്‍ലേയാണ് പ്രകടിപ്പിച്ചത്. മഞ്ഞപ്പനിയുടെ അണുക്കളെ കൊതുകുകളാണ് പരത്തുന്നതെന്ന് ഇദ്ദേഹം സൂചിപ്പിച്ചെങ്കിലും ആ വസ്തുത തെളിയിക്കാന്‍ കഴിഞ്ഞില്ല.

ഇതിനിടയില്‍ മലേറിയയുടെ അണുക്കളെപ്പറ്റിയുള്ള പഠനങ്ങള്‍ ത്വരിതഗതിയില്‍ നടന്നുകൊണ്ടിരുന്നു. ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥനായി ഇന്ത്യയില്‍ പ്രവര്‍ത്തിച്ചുവന്ന മേജര്‍ റൊണാള്‍ഡ് റോസ് 1897-98 ല്‍ അനോഫിലെസ് കൊതുകുകളാണ് മലേറിയയുടെ അണുക്കളെ വിതരണം നടത്തുന്നതെന്ന് സ്ഥാപിക്കുകയുണ്ടായി.

ഉറക്കരോഗം അഥവാ എന്‍സെഫലൈറ്റിസിന്റെ അണുക്കളെ ക്യൂലെക്സ് ടാര്‍സാലിസ് (Culex tarsalis) എന്നയിനം കൊതുകുകളാണ് പരത്തുന്നതെന്ന് 1941-ലാണ് മനസ്സിലാക്കിയത്.

രോഗാണുക്കളുടെ വാഹകര്‍ എന്ന നിലയില്‍ മനുഷ്യന് കൊതുകു വരുത്തിവയ്ക്കുന്ന അപകടത്തോടൊപ്പം മറ്റു ചില നഷ്ടങ്ങള്‍ കൂടി ഇവ ഉണ്ടാക്കാറുണ്ട്. കര്‍ഷകരുടെ ശത്രുക്കളായാണ് കൊതുകിനെ കണക്കാക്കിവരുന്നത്. കന്നുകാലികളില്‍ കൊതുക് രക്തം ഊറ്റുന്നതുമൂലം അവയുടെ ക്ഷീരോത്പാദനശേഷിയും ശരീരത്തൂക്കവും കുറയാറുണ്ട്.

നിയന്ത്രണം നിരവധി ശാസ്ത്രീയ സംവിധാനങ്ങളിലൂടെയുള്ള കൊതുകുനിയന്ത്രണപരിപാടികള്‍ ഇന്ന് പല രാഷ്ട്രങ്ങളും വിജയകരമായി നടപ്പാക്കിവരുന്നുണ്ട്. വളര്‍ച്ചയെത്തിയ കൊതുകുകളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാനായി കൊതുകുവലകള്‍ ഉപയോഗിച്ചുവരുന്നു. കൊതുകുകളെ അകറ്റിനിര്‍ത്താനാകുന്ന ലേപനങ്ങള്‍ ഉറങ്ങാന്‍ കിടക്കുന്നതിനുമുമ്പ് ശരീരത്തില്‍ പുരട്ടുന്നതും ഒരു നല്ല മാര്‍ഗമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കൊതുകു നിയന്ത്രണം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്നത് ഇവയുടെ പ്രത്യുത്പാദനം നടക്കുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കുക വഴിയാണ്. വെള്ളം കെട്ടിക്കിടക്കുന്ന ചെറിയ കുഴികളും കുളങ്ങളും നികത്തുകയോ ഇവയുടെ മുട്ടകളെയും കൂത്താടികളെയും നശിപ്പിക്കാനുള്ള രാസവസ്തുക്കള്‍ ഈ ജലം കെട്ടിനില്‍ക്കുന്ന സ്ഥലത്തു വിതറുകയോ വേണം. തടാകങ്ങളുടെ വശങ്ങളിലുള്ള ചെടികളെ വെട്ടി മാറ്റുകവഴി കൊതുകുലാര്‍വകളുടെ വര്‍ദ്ധനവിനെ തടയാനാവും. കൊതുകിന്റെ ലാര്‍വയെ തിന്നൊടുക്കുന്നയിനം മത്സ്യങ്ങളെ കൊതുകു പെരുകുന്ന കുളങ്ങളില്‍ വളര്‍ത്തുന്നതും നല്ല ഒരു നിയന്ത്രണമാര്‍ഗമാണ്. കൊതുകിന്റെ ലാര്‍വകളെ ഭക്ഷിക്കുന്ന ചിലയിനം പ്രോട്ടോസോവകള്‍, നിമറ്റോഡ് വിരകള്‍, ബാക്റ്റീരിയകള്‍, വൈറസുകള്‍ എന്നിവയെ വളര്‍ത്തുന്നതും ജൈവനിയന്ത്രണോപാധി തന്നെ. കൂത്താടികള്‍ വളരുന്ന ജലത്തില്‍ മണ്ണെണ്ണയും മറ്റു രാസവസ്തുക്കളും ഒഴിച്ചും ഇവയെ നശിപ്പിക്കാന്‍ സാധിക്കും.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%A4%E0%B5%81%E0%B4%95%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍