This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊണ്‍റാഡ്, ജോസഫ് (1857 - 1924)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊണ്‍റാഡ്, ജോസഫ് (1857 - 1924)

Conrad, Joseph

ആധുനിക ഇംഗ്ലീഷ് സാഹിത്യത്തിലെ ശ്രദ്ധേയനായ നോവലിസ്റ്റും ചെറുകഥാകൃത്തും. പോളണ്ടിന്റെ ഭാഗമായിരുന്നതും പില്ക്കാലത്ത് റഷ്യയുടേതായിത്തീര്‍ന്നതുമായ (ഉക്രെയ്നിലെ ഭാഗം) ബര്‍ഡിച്ചേവ് എന്ന സ്ഥലത്ത് 1857 ഡി. 3-ന് അപ്പോളൊനലെസ് കോര്‍സിനിയോസ്കിയുടെ മകനായി ജോസഫ് തിയൊഡൊര്‍ കൊണ്‍റാഡ്നലെസ് കോര്‍സിനിയോസ്കി ജനിച്ചു. റഷ്യന്‍ ഭരണത്തെ എതിര്‍ത്തതിന് രാഷ്ട്രീയകുറ്റം ചുമത്തി അപ്പോളൊ കുടുംബം 'വൊളോഗ്ദയിലേക്കു നാടുകടത്തപ്പെട്ടു. അവിടെവച്ചുയണ്ടായ ക്ഷയരോഗബാധയെത്തുടര്‍ന്ന് 1865-ല്‍ അമ്മയും മടങ്ങി നാട്ടില്‍ എത്തിയശേഷം 1869-ല്‍ അച്ഛനും മരിച്ചു. സ്നേഹനിധിയായ അമ്മാവന്‍ തഡേയുസ് ബബ്റോവ്സ്കിയുടെ കൂടെ ഏകനായി കഴിയേണ്ടിവന്ന ബാലനായ ജോസഫ് സാഹസിക കഥകളുടെ വായനയില്‍ തന്റെ സ്വകാര്യദുഃഖങ്ങള്‍ മറക്കാന്‍ ശ്രമിച്ചു. സ്കൂളില്‍ ചേര്‍ത്തുവെങ്കിലും ജോസഫിന് അവിടത്തെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ കഴിഞ്ഞില്ല.

ജോസഫ് കൊണ്‍റാഡ്

പതിനാറാമത്തെ വയസ്സില്‍ ഇദ്ദേഹം ഫ്രഞ്ച് മര്‍ച്ചന്റ് നേവിയില്‍ അപ്രന്റീസായി ചേര്‍ന്നു. കടലിലെ സാഹസിക യാത്രകള്‍ ഇദ്ദേഹത്തിന് ഒരാവേശമായിരുന്നു. ഈ കാലത്ത് സ്പെയിനിനു വേണ്ടി ആയുധങ്ങള്‍ കള്ളക്കടത്തു നടത്തുന്ന സംഘത്തില്‍ ചേര്‍ന്നും പ്രവര്‍ത്തിച്ചു.   സാമ്പത്തിക ബുദ്ധിമുട്ടുകളും ആത്മസംഘര്‍ഷങ്ങളും കൊണ്ട് വീര്‍പ്പുമുട്ടിയ ജോസഫ് ആത്മഹത്യക്കൊരുങ്ങി സ്വയം നെഞ്ചില്‍ നിറയൊഴിച്ചെങ്കിലും രക്ഷപ്പെടുകയാണുണ്ടായത്.

1878 ജൂണ്‍ 16-ന് ആദ്യമായി ഇംഗ്ലണ്ടിലെത്തിയ ജോസഫ് അശ്രാന്തപരിശ്രമം കൊണ്ട് ഇംഗ്ലീഷ് ഭാഷ സ്വായത്തമാക്കുകയും ജോസഫ് കോണ്‍റാഡ് എന്ന നാമധേയം സ്വീകരിച്ച് 1886-ല്‍ ബ്രിട്ടീഷ് പൗരത്വം നേടുകയും ചെയ്തു. പിന്നീട് കപ്പലിലെ 'മാസ്റ്റ'റായി ദേശദേശാന്തരങ്ങളില്‍ യാത്രചെയ്തു നേടിയ അനുഭവസമ്പത്തും പരന്ന വായനയും സാഹിത്യരചനയ്ക്കു വേണ്ടുന്ന ആവേശം പകര്‍ന്നു. 1894-ല്‍ കടലിലെ ജീവിതം ഉപേക്ഷിക്കുകയും 1896-ല്‍ ജെസി ജോര്‍ജിനെ വിവാഹം കഴിച്ച് ഇംഗ്ലണ്ടില്‍ താമസമുറപ്പിക്കുകയും ചെയ്തു.

ബോര്‍ണിയോയിലെ ഒരു വ്യവസായിയുടെ കഥ പറയുന്ന അല്‍മേയേഴ്സ് ഫോളി(1895)യുടെ പ്രസിദ്ധീകരണത്തോടെ ജോസഫ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. കള്ളക്കടത്തു സംഘവുമായി ബന്ധപ്പെട്ടിരുന്ന കാലത്തെ സ്മരണകളാണ് നൊസ്ട്രോമോ (1904) എന്ന നോവലിലെ പ്രതിപാദ്യം. ദ് മിറര്‍ ഒഫ് ദ് സീ (1906), ദി അരോ ഒഫ് ദ് ഗോള്‍ഡ് (1919) എന്നീ നോവലുകളില്‍ ആത്മഹത്യാശ്രമത്തെപ്പറ്റിയുള്ള പരോക്ഷസൂചനകള്‍ കാണാം. ദ് നിഗര്‍ ഒഫ് ദ് നാര്‍സിസ്സസ് (1877) ഒരു കറുത്ത നാവികന്റെ കഥ പറയുന്നു. നൊസ്ട്രോമോ, ദ് സീക്രട്ട് ഏജന്റ് (1907), അണ്ടര്‍ വെസ്റ്റേണ്‍ഐസ് (1911) എന്നിവ രാഷ്ട്രീയ നോവലുകളാണ്. കൊലപാതകവുമായി ബന്ധപ്പെട്ട ഒരു സുഹൃത്തിനെ ഒളിപ്പിക്കുവാന്‍ നിര്‍ബന്ധിതനായ ഒരു റഷ്യന്‍ വിദ്യാര്‍ഥിയെയാണ് അണ്ടര്‍ വെസ്റ്റേണ്‍ ഐസ് എന്ന നോവലില്‍ കൊണ്‍റാഡ് അവതരിപ്പിച്ചിരിക്കുന്നത്. ടൈഫൂണാകട്ടെ, കപ്പല്‍ യാത്രയിലുണ്ടായ അവിസ്മരണീയമായ ഒരു കൊടുങ്കാറ്റിന്റെ കഥ പറയുന്നു. ബാങ്കോക്കില്‍ നിന്നും സിംഗപ്പൂരിലേക്കുള്ള യാത്രയുടെ അനുഭവങ്ങളെ ആധാരമാക്കി രചിച്ചിട്ടുള്ള നോവലാണ് ദ് ഷാഡോ ലൈന്‍ (1917). 1913-ല്‍ പ്രസിദ്ധീകരിച്ച ചാന്‍സ് എന്ന കൃതിയാണ് കൊണ്‍റാഡിനെ വിശ്വപ്രസിദ്ധനാക്കിയത്. ആന്‍ ഔട്ട് കാസ്റ്റ് ഒഫ് ദി ഐലന്റസ് (1896), ടെയിന്‍സ് ഒഫ് അണ്‍റെസ്റ്റ് (1898), ലോര്‍ഡ് ജിം (1900), യൂത്ത് (1902), സം റമ്നിസെന്‍സസ് (1912), എ സെറ്റ് ഒഫ് സിക്സ് (1908), വിക്ടറി (1915), ദ് റസ്ക്യൂ (1920), ദ് റോവര്‍ (1923) എന്നിവയാണ് കോണ്‍റാഡിന്റെ മറ്റു പ്രസിദ്ധ കൃതികള്‍.1924 ആഗ. 3-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍