This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊണോലി, ജെയിംസ് (1868-1916)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊണോലി, ജെയിംസ് (1868-1916)

Connolly, James

ജെയിംസ് കൊണോലി

ഐറിഷ് സോഷ്യലിസ്റ്റും ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകനും. ക്ലോണ്‍സിലെ ഒരു തൊഴിലാളികുടുംബത്തില്‍ 1868 ജൂണ്‍ 5-ന് ജനിച്ചു. പരസഹായം കൂടാതെ തന്നെ മാര്‍ക്സിസം പഠിച്ച ജെയിംസ് കൊണോലി ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി അയര്‍ലണ്ടിലെ ജനങ്ങള്‍ നടത്തിയ വിമോചനസമരത്തിന്റെ നേതാക്കന്മാരില്‍ പ്രമുഖനായിരുന്നു. ഡബ്ലിനില്‍ ഒരു സോഷ്യലിസ്റ്റു സംഘാടകനായി സജീവരാഷ്ട്രീയ രംഗത്തേക്കു കടന്നു വന്ന ഇദ്ദേഹം അയര്‍ലണ്ടിലെ തൊഴിലാളികളുടെ പ്രഥമ രാഷ്ട്രീയ പാര്‍ട്ടിയായ 'ഐറിഷ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി'ക്ക് 1896-ല്‍ രൂപം നല്‍കി. 1903-ല്‍ അമേരിക്കയില്‍ വ്യാവസായിക തൊഴിലാളികളെ സംഘടിപ്പിക്കുന്ന ശ്രമത്തിലേര്‍പ്പെട്ട ഇദ്ദേഹം 1910 വരെ അവിടെ സോഷ്യലിസ്റ്റ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്നു.

1913-ല്‍ ഡബ്ലിനിലെത്തിയ കൊണോലി അയര്‍ലണ്ടിലെ ഗതാഗത തൊഴിലാളികളെ സംഘടിപ്പിച്ചു. 'ഐറിഷ് ട്രാന്‍സ്പ്പോര്‍ട്ട് ആന്‍ഡ് വര്‍ക്കേഴ്സ് യൂണിയന്‍' എന്ന ഈ സംഘടന 1913-ല്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഒരു പൊതു പണിമുടക്കു നടത്തുകയുമുണ്ടായി. അധികാരികളുടെ ബലപ്രയോഗത്തിനു മുന്നില്‍ പരാജയപ്പെട്ട ഈ സമരത്തോടുകൂടി തൊഴിലാളികള്‍ക്ക് അവരുടെ അവകാശസംരക്ഷണത്തിനുവേണ്ടി ഒരു പ്രതിരോധസേന അത്യന്താപേക്ഷിതമാണെന്ന തീരുമാനത്തിലെത്തിച്ചേര്‍ന്ന ഇദ്ദേഹം 1914-ല്‍ 'ഐറിഷ് സിറ്റിസണ്‍സ് ആര്‍മി' രൂപവത്കരിച്ചു. വ്യാവസായിക തൊഴിലാളി പ്രസ്ഥാനം സോഷ്യലിസ്റ്റ് റിപ്പബ്ലിക്കന്‍ പുരോഗമന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന വിശ്വാസക്കാരനായിരുന്നു ജെയിംസ് കൊണോലി. പരിശീലനം ലഭിച്ച ഒരു പടയാളികൂടിയായിരുന്ന ഇദ്ദേഹം 1916-ല്‍ ഡബ്ലിനില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ കലാപ(ഈസ്റ്റര്‍ വിപ്ലവ)ത്തിനു ഇദ്ദേഹം നേതൃത്വം നല്‍കി. ഈ കലാപം അടിച്ചമര്‍ത്തപ്പെട്ടതിനെത്തുടര്‍ന്ന് ബ്രിട്ടീഷ് പട്ടാളം ജെയിംസ് കൊണോലിയെ തടവുകാരനായി പിടിക്കുകയും 1916 മേയ് 12-ന് വെടിവച്ചു കൊല്ലുകയും ചെയ്തു.

ലേബര്‍ ഇന്‍ അയറിഷ് ഹിസ്റ്ററി (1910), റികോണ്‍ക്വസ്റ്റ് ഒഫ് അയര്‍ലണ്ട് (1915) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

(ഡോ. ഡി. ജയദേവദാസ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍