This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊണാര്‍ക്ക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊണാര്‍ക്ക്

Konark

ഒഡിഷ സംസ്ഥാനത്തിലെ പുരി ജില്ലയില്‍പ്പെട്ട പട്ടണം. ഇതു ജഗന്നാഥപുരി നഗരത്തില്‍ നിന്നും 33 കി. മീ. വടക്കു പടിഞ്ഞാറായും കൊല്‍ക്കത്തയില്‍ നിന്നും 380 കി. മീ. തെക്കു ഭാഗത്തായും സ്ഥിതി ചെയ്യുന്നു. സമുദ്രതീരത്തോടടുത്ത് പ്രാചീ നദി(Prachi river)യുടെ ശാഖയായി ഒഴുകിയിരുന്ന ചന്ദ്രഭാഗയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥിതിചെയ്യുന്ന സൂര്യക്ഷേത്രവും ഇതേ പേരില്‍ത്തന്നെ പ്രസിദ്ധമാണ്. ഈ ക്ഷേത്രമാണ് ഈ പ്രദേശത്തിന്റെ പ്രസിദ്ധിക്കു കാരണം.

സൂര്യക്ഷേത്രം കൊണാര്‍ക്ക്

കപിലസംഹിതയില്‍ പ്രതിപാദിച്ചിട്ടുള്ള നാലു സുപ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രം. അര്‍ക്കക്ഷേത്രം, രവിക്ഷേത്രം, പദ്മക്ഷേത്രം, കോണാദിത്യന്‍ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. സംസ്കൃതത്തിലെ 'അര്‍ക്ക', 'കോണ' എന്നീ പദങ്ങളില്‍ നിന്നാണ് കൊണാര്‍ക്ക് (കോണാര്‍ക്കന്‍) എന്ന രൂപമുണ്ടായത്. കൊണാറക് എന്നു പറയുമ്പോള്‍ കോര്‍ണര്‍ സണ്‍ (Corner Sun) എന്ന് ഇംഗ്ളീഷില്‍ അര്‍ഥം കിട്ടും. പുരിയിലെ ചക്രക്ഷേത്രത്തിന്റെ വടക്കുകിഴക്കു കോണില്‍ സ്ഥിതിചെയ്യുന്നതുകൊണ്ടാണ് കോണ് എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ചക്രക്ഷേത്രത്തെ ചക്രതീര്‍ഥമെന്നും പറയുന്നു. ഭുവനേശ്വരനും ജഗന്നാഥനുമായ സാക്ഷാല്‍ ശിവന്‍തന്നെയാണ് വടക്കു കിഴക്കു കോണില്‍ കോണാര്‍ക്കനായി അറിയപ്പെടുന്നത്. ഈ ക്ഷേത്രം സൂര്യദേവനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. കാലത്തിന്റെ സംഹാരപ്രക്രിയയെ അതിജീവിച്ചുകൊണ്ട് നിലകൊള്ളുന്ന പ്രാചീനദിയുടെ ശാഖയായിരുന്നു ചന്ദ്രഭാഗ. ഇന്ന് ആ നദിയില്ല; ആ പ്രദേശം മരുഭൂമിയായി മാറിയിരിക്കുന്നു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തു ഏകദേശം ഒരു കി.മി. അകലെയാണ് ഈ സ്ഥലം. ഏകദേശം 3 കി.മി. അകലെ തെക്കുകിഴക്കായി കടല്‍ സ്ഥിതി ചെയ്യുന്നു. പുരാണങ്ങളില്‍ പരാമര്‍ശിക്കുന്ന വനഭൂമി ഇന്നിവിടെ കാണുന്നില്ല. 'പ്രാചീമാഹാത്മ്യ' പ്രകാരം ഈ പ്രദേശം സംസ്കാരത്തിന്റെ ഇരിപ്പിടമായിരുന്നു എന്നു തെളിയുന്നുണ്ട്. നദി, ഗ്രാമം, പട്ടണം, മഹാക്ഷേത്രങ്ങള്‍ ഇവയെല്ലാം എവിടത്തെയുമെന്നപോലെ ഇവിടത്തെയും സംസ്കാരകേന്ദ്രങ്ങളാണ്. കൊണാര്‍ക്ക് ഒരു കാലത്ത് മഹാനഗരമായിരുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആദികാലങ്ങളില്‍ ഇവിടത്തെ ദേവന് ലഭിച്ചിരുന്ന ആരാധനയ്ക്കും ഇന്നത്തെ ആരാധനയ്ക്കും തമ്മില്‍ വ്യത്യാസമുണ്ട്. ഇന്നത്തെ ആരാധനയില്‍ പണ്ടുള്ളത്ര ആദരവ് കാണാനില്ല. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം ആഘോഷിക്കുന്ന മാഘമേള അവിസ്മരണീയമാണ്. അസ്തവൈഭവനായ ദേവന് ഈ ഘട്ടത്തില്‍ ജനകോടികള്‍ ഹൃദയാര്‍പ്പണത്തിനായി എത്തുന്നു.

പുരിക്ഷേത്രരേഖകളില്‍ നിന്നും 16-ാം ശതകത്തില്‍ കലാപക്കാര്‍ കൊണാര്‍ക്ക് ക്ഷേത്രം ആക്രമിച്ചതായും ക്ഷേത്രം നശിപ്പിക്കാനാവാതെ ചെമ്പുകലശങ്ങള്‍ അപഹരിച്ചതായും കാണുന്നു. പിന്നീട് മുഹമ്മദീയരുടെ ആക്രമണമുണ്ടായി. അതിനുശേഷം പൂര്‍വരീതിയിലുള്ള പൂജ നടന്നിട്ടില്ല. ക്ഷേത്രം ഏതാണ്ട് ഉപേക്ഷിക്കപ്പെട്ട നിലയിലായിത്തീര്‍ന്നു.

നാട്യമന്ദിര്‍

പ്രധാന പുരാണങ്ങളെല്ലാം ഈ ക്ഷേത്രദേവനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. സൂര്യക്ഷേത്രം എന്നു തന്നെയാണ് ഇവയെല്ലാം പ്രസ്താവിക്കുന്നത്. സാംബപുരാണം ക്ഷേത്രനിര്‍മിതിക്കിടയായ സാഹചര്യം സൂചിപ്പിക്കുന്നു. രുക്മിണി മുതലായ സപത്നികള്‍ക്ക് സന്താനങ്ങള്‍ ജനിച്ചു. പക്ഷേ ജാംബവതിക്കു മാത്രം അനപത്യത അനുഭവിക്കേണ്ടിവന്നു. ഖിന്നയായ ജാംബവതി കൃഷ്ണസന്നിധിയിലെത്തി തനിക്കും പ്രദ്യുമ്നനെപ്പോലൊരു പുത്രനെ ദാനം ചെയ്യണമെന്ന് അപേക്ഷിച്ചു. അതുകേട്ട ഭഗവാന്‍ പരിഹാര്‍ഥം ശിവപ്രീതിക്കായി തപസ്സനുഷ്ഠിച്ചു. അര്‍ധനാരീശ്വര (സാംബ)നായി പ്രത്യക്ഷപ്പെട്ട പരമശിവന്‍ കൃഷ്ണനെ അനുഗ്രഹിച്ചു. തത്ഫലമായി ജാംബവതിയിലുണ്ടായ പുത്രനാണ് സാംബന്‍. കാഴ്ചയില്‍ സാംബന്‍ സുന്ദരനായിരുന്നു. കുസൃതിയും വിനോദപ്രിയനുമായ സാംബന്‍ നാരദമഹര്‍ഷിയെ പരിഹസിച്ചു. നാരദനാകട്ടെ സാംബനെ കബളിപ്പിച്ച് ഗോപികമാരുടെ സ്നാനഘട്ടത്തിലെത്തിച്ചു. മനസ്സിളകിയ ഗോപികമാര്‍ സാംബനുമൊത്ത് ലീലാവിലാസങ്ങളില്‍ മുഴുകി. നാരദന്‍ മുഖേന രംഗത്തു വന്ന കൃഷ്ണന്‍ സംഭവം നേരില്‍ കണ്ട് കോപിഷ്ഠനായി സാംബനെ ശപിച്ചു. സാംബന്‍ നിജസ്ഥിതി ധരിപ്പിച്ച് കേണപേക്ഷിച്ചെങ്കിലും ശാപം ഫലിക്കുകതന്നെ ചെയ്തു. ശാപഫലം മൂലം സാംബന്‍ കുഷ്ഠരോഗിയായി മാറി. ഒടുവില്‍, ദയതോന്നിയ കൃഷ്ണന്‍ സൂര്യാനുഗ്രഹം മാത്രമാണ് രോഗവിമുക്തിക്കുപായമെന്നും പന്ത്രണ്ടു കൊല്ലം മൈത്രേയാരണ്യത്തില്‍ സൂര്യനെ പ്രീതനാക്കുവാന്‍ തപസ്സുചെയ്യണമെന്നും ഉപദേശിച്ചു. സാംബന്റെ തപസ്സിന്റെ അവസാനം സൂര്യദേവന്‍ പ്രത്യക്ഷീഭവിച്ചു തന്റെ ഇരുപത്തിയൊന്നു നാമങ്ങള്‍ ഉരുവിടാന്‍ ഉപദേശിച്ചു. സാംബന്‍ അതനുസരിച്ചു. അടുത്ത പ്രഭാതത്തില്‍ ചന്ദ്രഭാഗാനദിയില്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ പദ്മപീഠത്തിലുറപ്പിച്ച മനോജ്ഞമായൊരു സൂര്യവിഗ്രഹം പരിദര്‍ശിച്ചു. ആ വിഗ്രഹത്തെ സ്വീകരിച്ചു പ്രതിഷ്ഠിച്ചു ആരാധന നടത്തി. തന്മൂലം അദ്ദേഹം രോഗവിമുക്തനാവുകയും പൂര്‍വസ്ഥിതിയെ പ്രാപിക്കുകയും ചെയ്തു. ഇതാണ് ക്ഷേത്രോത്പത്തിയെ സംബന്ധിച്ച പുരാണകഥ.

നാഗരശൈലിയിലാണ് സൂര്യക്ഷേത്രം പണിയിച്ചിരിക്കുന്നത്. ഇതിന്റെ നിര്‍മാണകാലം പതിമൂന്നാം ശതകത്തിന്റെ മധ്യകാലഘട്ടത്തില്‍ 1238-നും 1264-നും മധ്യേ ആണ്. വിശ്രുതമായ ഗംഗാരാജവംശത്തിലെ അനംഗഭീമദേവനാണ് പുരിയിലെ ജഗന്നാഥക്ഷേത്രം നിര്‍മിച്ചത്. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായ നരസിംഹന്‍ ഒന്നാമനാണ് കൊണാര്‍ക്കിലെ സൂര്യക്ഷേത്ത്രിന്റെ നിര്‍മാതാവ്. അയിനേ അക്ബറി എന്ന ചരിത്രഗ്രന്ഥത്തില്‍ ഇങ്ങനെ പറയുന്നു. ജഗന്നാഥത്തിനു സമീപം സൂര്യദേവന് സമര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഒരു ക്ഷേത്രമുണ്ട്. ഈ പ്രാവിന്‍സിലെ പന്ത്രണ്ടു വര്‍ഷത്തെ റവന്യു ഉപയോഗിച്ചാണ് ഇത് നിര്‍മിച്ചത്. ഒഡിഷയുടെ അന്നത്തെ വാര്‍ഷിക വരുമാനം മൂന്നുകോടി രൂപയായിരുന്നു. വിദേശനാവികര്‍ ദിക്-സ്ഥലസൂചകമായി പുരിക്ഷേത്രത്തെ 'വെളുത്ത പഗോഡ' യെന്നും വിളിച്ചു വന്നു. അര്‍ക്കക്ഷേത്രത്തിലെ സൂര്യദേവന് സ്ഥലനാമം തന്നെ സിദ്ധിച്ചിരിക്കുന്നു. ബ്രഹ്മപുരാണത്തില്‍ (അധ്യായം 28), കോണാദിത്യന്‍ എന്നാണ് ഈ ദേവനെ പരാമര്‍ശിക്കുന്നത്. കപിലസംഹിതയില്‍ പ്രസ്തുത സ്ഥലത്തെ മൈത്രേയാരണ്യമെന്നും രവിക്ത്രേമെന്നും പ്രസ്താവിക്കുന്നു. ശിവപുരാണത്തില്‍ സ്കന്ദന്റെ തീര്‍ഥാടനത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ സൂര്യക്ഷേത്രമെന്നും കാണുന്നു.

കൊണാര്‍ക്ക് സൂര്യക്ഷേത്രത്തിലെ രഥചക്രം

ഒഡിഷയുടെ ശില്പവിദ്യാപാരമ്പര്യം സൂര്യക്ഷേത്രത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. ആകൃതിയില്‍ സംസ്ഥാനത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ്. ക്ഷേത്രവളപ്പിന് 261 മീ. നീളവും 165 മീ. വീതിയും ഉണ്ട്. മതിലിന്റെ ഉയരം 4 മീറ്ററും കനം 1.7 മീറ്ററുമാണ്. ക്ഷേത്രത്തില്‍ വിമാനം, ജഗമോഹനമണ്ഡപം, ഭോഗമണ്ഡപം എന്നിവയും ഭോഗമണ്ഡപത്തിനും ജഗമോഹനയ്ക്കും മധ്യേ ഉള്ള നാട്യമന്ദിരവുമാണ് പ്രധാന ഭാഗങ്ങള്‍. ക്ളോറൈറ്റ് സ്ളാബുകള്‍ പാകിയ വിമാനത്തിന്റെ ഉള്‍ഭാഗത്തിനു 10 മീ. സമചതുരാകൃതിയാണുള്ളത്. ഉയരമാകട്ടെ ഏകദേശം ഏകദേശം 63 മീറ്ററാണ്. ഇന്നിപ്പോള്‍ വിമാനം മണല്‍ക്കൂനയാല്‍ മൂടി നശോന്മുഖമായിരിക്കുന്നു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയിലെ പൂര്‍ണചന്ദ്രമുഖര്‍ജി 1893- ല്‍ വിമാനത്തിന്റെയും ഭോഗമണ്ഡപത്തിന്റെയും ഇതര ഭാഗങ്ങള്‍ കണ്ടെത്തി. 1822-ല്‍ ജെയിംസ് ഫര്‍ഗുസ്സന്‍, സ്റ്റിര്‍ലിന്‍ എന്നിവര്‍ ഇവിടം സന്ദര്‍ശിച്ചിരുന്നു. വീണ്ടും 1869-ല്‍ സന്ദര്‍ശിക്കുമ്പോള്‍ മുമ്പു കണ്ട രേഖയുടെ 36 മീറ്ററോളം വരുന്ന ഭാഗം അപ്രത്യക്ഷമായിരുന്നു. 1902-ല്‍ വിപുലമായ പുനരുദ്ധാരണ ശ്രമങ്ങള്‍ നടക്കുകയുണ്ടായി.

ജഗമോഹനമണ്ഡപത്തിന്റെ പടിഞ്ഞാറേഭാഗം ഒഴികെയുള്ള മറ്റു ഭാഗങ്ങളെല്ലാം അടച്ചിരിക്കുന്നു. കിഴക്കുഭാഗത്തുള്ള രണ്ടു കൂറ്റന്‍ ഇരുമ്പു തൂണുകളിന്മേല്‍ ബന്ധിച്ചിരിക്കുന്ന ഫലകത്തില്‍ നവഗ്രഹങ്ങളെ കൊത്തിവച്ചിട്ടുണ്ട്. കേതുവിനൊഴികെ മറ്റുള്ളവര്‍ക്ക് കൂര്‍ത്ത തലപ്പാവ് കാണപ്പെടുന്നു. രാഹു ഒഴികെ മറ്റുള്ളവര്‍ പദ്മാസനത്തിലിക്കുന്നു. രാഹു കേതുക്കളെ പല്ലിളിച്ചിരിക്കുന്ന ദുര്‍ഭൂതങ്ങളായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. പടിഞ്ഞാറേ ഹാളില്‍ ക്ളോറൈറ്റില്‍ നിര്‍മിച്ചിരിക്കുന്ന സിംഹാസനംമൂലവിഗ്രഹപ്രതിഷ്ഠയുടേതാണ്. സിംഹാസനത്തിന്റെ അടിത്തറ കൊത്തിവച്ച ആനകളാല്‍ അലങ്കൃതമാണ്. ജഗമോഹനമണ്ഡപത്തിന്റെ പിരമിഡാകൃതിയിലുള്ള ഗോപുരത്തിന്റെ അഗ്രം പീഠരൂപത്തിലാണ് നിര്‍മിച്ചിരിക്കുന്നത്. ചുവര്‍ഭാഗമാകട്ടെ മൂന്നു അടരുകളായി, ചൈതന്യം തുളുമ്പുന്ന സ്വതന്ത്രമോഹന ശില്പങ്ങള്‍ കൊണ്ട് തികച്ചും സജീവമാക്കപ്പെട്ടിരിക്കുന്നു. ഒഡിഷയിലെ മറ്റു ക്ഷേത്രങ്ങള്‍ക്കവകാശപ്പെടാനാവാത്ത സവിശേഷതയാണിത്. പിരമിഡ് ആകൃതിയിലുള്ള ഇതിന്റെ മേല്‍ക്കൂരയ്ക്ക് 14 മീ. ഉയരമുണ്ട്. കിരീടരൂപത്തില്‍ 62 സെ.മീ. വ്യസവും നെല്ലിക്കയുടെ ആകൃതിയുമുള്ള ആമലകീശില വിശുദ്ധകലശത്തില്‍ പതിച്ചിരിക്കുന്ന ആ കാഴ്ച കമനീയമാണ്. മുഖമണ്ഡപത്തിന്റെ മാത്രം ഉയരം 39 മീ. ആണ്. മുഖമണ്ഡപത്തിന്റെ മുമ്പിലാണ് കലാസുന്ദരമായ നൃത്തമണ്ഡപം. അനുഗൃഹീത ഗായകരുടെയും ദേവനര്‍ത്തകിമാരുടെയും രൂപം ചോതോഹരമാംവിധം ഇവിടെ കൊത്തിവച്ചിരിക്കുന്നു. താളവാദ്യം വായിക്കുന്ന സുന്ദരി, കാംസ്യതാളം കൊട്ടുന്ന കലാകാരി, എക്കാളം എന്ന സുഷിരവാദ്യം വായിക്കുന്ന സുന്ദരിയായ തരുണി, ഓടക്കുഴലൂതുന്ന ഗോപികാമണി എന്നിങ്ങനെ നിമിഷങ്ങളെ അനര്‍ഘങ്ങളാക്കുന്ന നിരവധി ശില്പങ്ങള്‍ അവിടെ കലാസുഭഗമായി വിന്യസിച്ചിരിക്കുന്നു.

കൊണാര്‍ക്ക് ക്ഷേത്രത്തിലെ ഒരു ശിലാശില്പം

കൂറ്റന്‍ രഥത്തിന്റെ ആകൃതി കണക്കാണ് ക്ഷേത്രത്തിന്റെ ഘടന. ഭിത്തിയുടെ ബാഹ്യഭാഗത്ത് ശില്പസൌകുമാര്യം തികഞ്ഞ സൂര്യരഥവാഹികളായ സപ്താശ്വങ്ങളെയും 24 ചക്രങ്ങളെയും കാണാം. ക്ഷേത്രഘടനയില്‍ പ്രത്യക്ഷമാകുന്ന ചക്രങ്ങള്‍ കലാപരമായ മിഴിവ് തികഞ്ഞവയാണ്. വിമാനത്തിന്റെ തെക്കും വടക്കും ആറു ചക്രം വീതവും ജഗമോഹനയുടെ വടക്കും തെക്കും നാലുചക്രം വീതവും തെക്കു ഭാഗത്തേക്കും വടക്കുഭാഗത്തേക്കുമുള്ള കല്പടവുകളില്‍ രണ്ടു ചക്രം വീതവും-ഇങ്ങനെയാണ് ചക്രങ്ങളെ വിന്യസിച്ചിരിക്കുന്നത്. ചക്രത്തിന്റെ വ്യാസം 3 മീ. ആണ്. ഓരോ ചക്രത്തിനും 8 ആരക്കാലുകള്‍ വീതമുണ്ട്. നേമിക്കും അക്ഷത്തിനുമിടയിലുള്ള ആരക്കാലിന്റെ ദൂരം 98 സെ.മീ.ആണ്. ചക്രത്തിന്റെ ആരക്കാലുകളില്‍ വിവിധ ചിത്രങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്. ലക്ഷ്മിയുടെ ശിരസ്സില്‍ ആനകള്‍ നീര്‍ തളിക്കുന്നത് പുസ്തകധാരിയായ ഗുരു ശിഷ്യര്‍ക്ക് ഉപദേശം നല്‍കുന്നത്. വില്ലാളി തന്റെ പ്രാഗല്ഭ്യം പ്രകടിപ്പിക്കുന്നത്, രാമായണത്തിലെ ചില രംഗങ്ങള്‍ കണ്ട് സ്വയംമറന്നു നില്‍ക്കുന്ന മൂന്നു കുരങ്ങുകള്‍ ഇവയെല്ലാം എല്ലാവരിലും വിസ്മയം ജനിപ്പിക്കും. വിമാനപാര്‍ശ്വത്തില്‍ സൂര്യദേവന്റെ മൂന്നു ബൃഹദ്രൂപങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. മുകള്‍ഭാഗത്തുള്ള സൂര്യദേവന്റെ പ്രതിമ ചിത്രപ്പണികളാല്‍ അസങ്കൃതമാക്കിയിരിക്കുന്നു. വിമാനത്തില്‍ നിന്നു കിട്ടിയവയും ഇപ്പോള്‍ ഭോഗമണ്ഡപത്തില്‍ സൂക്ഷിച്ചിരിക്കുന്നവയുമായ വിഗ്രഹങ്ങളില്‍ മഹിഷാസുരമര്‍ദിനി, ഗംഗ, അഗ്നി, ജഗന്നാഥന്‍, ശിവലിംഗം, പാര്‍വതി, സീതാപരിഗ്രഹം എന്നിവയിലെ ശില്പശൈലി തികച്ചും വൈവിധ്യമാര്‍ന്നതാണ്.

വിഷ്ണുമഹാറാണയാണ് ഈ ക്ഷേത്രത്തിന്റെ രാജശില്പി. വാസ്തുവിദ്യയും ശില്പകലയും വാഗര്‍ഥങ്ങളെന്നോണം ഒന്നായി പരിണമിച്ചതാണ് സൂര്യക്ഷേത്രം. ഈ സാങ്കേതിക വൈദഗ്ധ്യമാണ് കൊണാര്‍ക് ക്ഷേത്രത്തിനെ മഹത്തായ കലാസ്മാരകമാക്കിയത്. ജെയിംസ് ഫര്‍ഗുസ്സന്‍ പറയുന്നതുപോലെ നരസിംഹദേവരാജാവിന്റെ ഈശ്വരഭക്തിക്കു മകുടോദാഹരണമെന്നതിലുപരി ലോകത്തില്‍ ഏറ്റവും കമനീയമായി നിര്‍ലോഭം അലങ്കൃതമായ ക്ഷേത്രങ്ങളില്‍ ഒന്നായ കൊണാര്‍ക്ക് നിലവില്‍ യുണെസ്കോയുടെ ലോക പൈതൃകപട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.

(വി. മന്മഥന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍