This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊട്ടിയമ്പലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊട്ടിയമ്പലം

കൊട്ടിയമ്പലം (പടിപ്പുര)

പഴയ തറവാടുവീടുകളുടെ മുറ്റത്തേക്കുള്ള പ്രവേശന കവാടം. കേരളത്തിന്റെ ചില ഭാഗങ്ങളില്‍ ഇതിനെ പടിപ്പുര എന്നും തലവാതില്‍ എന്നും പറയാറുണ്ട്. മനക്കയ്യാലയും കൊട്ടിയമ്പലവും പഴയ വീടുകളുടെ മുഖമുദ്രയാണ്. മനക്കയ്യാല ഇല്ലെങ്കില്‍ കൊട്ടിയമ്പലമില്ല. കൊട്ടിയമ്പലത്തിന്റെ ആവശ്യവുമില്ല. വീട്ടിനു ചുറ്റും കയ്യാലയും വച്ച് വീട്ടുമുറ്റത്തേക്ക് കടന്നുചെല്ലാനുള്ള പ്രവേശനകവാടമായി കയ്യാലയോട് അനുബന്ധിച്ച് കൊട്ടിയമ്പലം പണിതിരുന്നതായി കാണാം. കൊട്ടിയമ്പലത്തിനു കയ്യാലപ്പുര എന്നും പേരുണ്ട്.

ഒരു കട്ടളയും കതകും മേല്‍ക്കൂരയുമാണ് കൊട്ടിയമ്പലത്തിന്റെ പ്രധാന ഭാഗങ്ങള്‍. കട്ടളപ്പടിയോടു ചേര്‍ത്ത് കൂരയ്ക്കുള്ള ഉത്തരങ്ങളും മോന്തായവും ഉറപ്പിച്ച് കഴുക്കോലുകള്‍ മുന്നിലും പിന്നിലുമായി നിരത്തി കൂര പണിയുന്നു. കൂരയ്ക്ക് 'കോടി' ഉണ്ടായിരിക്കില്ല. സാധാരണ കൊട്ടിയമ്പലങ്ങള്‍ ഓലമേഞ്ഞവയായിരിക്കും. വളരെ അപൂര്‍വമായി ഓടിട്ട കൊട്ടിയമ്പലങ്ങളും കാണാം.

മനയ്ക്കുള്ളിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുന്നത് കൊട്ടിയമ്പലങ്ങളാണ്. ഇതിന്റെ അകത്തും പുറത്തും ഒന്നു രണ്ടു പേര്‍ക്കെങ്കിലും ഒതുങ്ങിനില്‍ക്കാനുള്ള സൌകര്യം ഉണ്ടായിരിക്കും. 'ചുഴികുറ്റി'ക്കതകും, 'സാക്ഷ'യുമാണു കൊട്ടിയമ്പലത്തിനുള്ളത്. അകത്തുനിന്ന് അടയ്ക്കാനുള്ളതാണ് സാക്ഷ. ഇതിനു പുറത്തു നിന്നുള്ള പൂട്ട്, സാധാരണമല്ല. ചില കൊട്ടിയമ്പലങ്ങളില്‍ 'കല്‍വിളക്കു'കളും കാണാറുണ്ട്. പഴയകാലത്തു സന്ധ്യാസമയത്തു കത്തിച്ചിരുന്ന അവ വഴിവിളക്കുകളായി ഉപകരിച്ചിരുന്നു.

നല്ല തടികളില്‍ ഉറപ്പോടും കൊത്തുപണികളോടും കൂടിയാണ് മുന്‍കാലങ്ങളില്‍ കൊട്ടിയമ്പലങ്ങള്‍ പണിതിരുന്നത്. നാലുകെട്ടും മനയും മനക്കയ്യാലയും കൊട്ടിയമ്പലവുമൊക്കെ തറവാടിത്തത്തിന്റെ ചിഹ്നങ്ങളായി പഴയകാലത്ത് പരിഗണിക്കപ്പെട്ടിരുന്നു. 'കൊട്ടിയമ്പലം കണ്ടാല്‍ കുടുംബമഹിമ ഊഹിക്കാം' എന്നാണു പഴമൊഴി. 'ഇട്ടിയമ്മ ചാടിയാല്‍ കൊട്ടിയമ്പലം വരെ' എന്ന പഴഞ്ചൊല്ലും ഭാഷയില്‍ പ്രചാരത്തിലുണ്ട്.

(കൊല്ലങ്കോട് ബാബുരാജ്; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍