This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊട്ടിയം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊട്ടിയം

എസ്. എന്‍. പോളിടെക്നിക്-കൊട്ടിയം

കൊല്ലം ജില്ലയില്‍ കൊല്ലം താലൂക്കില്‍ ആദിച്ചനല്ലൂര്‍ വില്ലേജില്‍ 'തഴുത്തല' കരയിലുള്ള ഒരു സ്ഥലം. മയ്യനാട് പഞ്ചായത്തിലെ ഒരു വാര്‍ഡാണിത്. ദേശീയപാതയില്‍ ആറ്റിങ്ങലിനും കൊല്ലത്തിനും മധ്യേ കൊല്ലത്തുനിന്നും 9 കി.മീ. തെക്കായി സ്ഥിതിചെയ്യുന്നു. പരവൂര്‍, മയ്യനാട് എന്നിവയാണ് അടുത്ത റെയില്‍വേ സ്റ്റേഷനുകള്‍. കൊല്ലത്തുനിന്നുള്ള ടൗണ്‍ ബസ്സുകള്‍ ഇവിടംവരെ സര്‍വീസ് നടത്തുന്നുണ്ട്. മയ്യനാടു വഴിയും കണ്ണനല്ലൂര്‍ വഴിയും കൊല്ലത്തേക്കു പോകുന്ന റോഡുകളും ഇവിടെ സന്ധിക്കുന്നു. മലയോരത്തേക്കും കടലോരത്തേക്കും പോകുന്ന വിവിധ നടപ്പാതകള്‍ ഒത്തുചേരുന്ന കൊട്ടിയം പുരാതനകാലം മുതല്‍ തന്നെ യാത്രക്കാരുടെ ഇടത്താവളമായിരുന്നു.

കൊട്ടിയം ഉള്‍പ്പെടുന്ന വില്ലേജിന്റെ തെക്കേ അതിര്‍ത്തിയിലൂടെ ഇത്തിക്കരയാറൊഴുകുന്നു. ഇത്തിക്കര മുതല്‍ കൊട്ടിയം വരെയുള്ള 3 കി.മീ. ദൂരം നാഷണല്‍ ഹൈവേ ഈ വില്ലേജിലൂടെ കടന്നുപോകുന്നു. കിഴക്ക് കൊട്ടാരക്കരത്താലൂക്കില്‍പ്പെട്ട പൂയപ്പള്ളി വില്ലേജും പടിഞ്ഞാറ് മയ്യനാട്, തൃക്കോവില്‍വട്ടം വില്ലേജുകളും വടക്ക് നെടുമ്പന വില്ലേജുമാണ് അതിര്‍ത്തികള്‍. എന്‍.എസ്.എസ്. മാനേജ്മെന്റിന്റെ കീഴിലുള്ള മന്നം മെമ്മോറിയല്‍ എന്‍.എസ്.എസ്. കോളജ്, എസ്.എന്‍. പോളിടെക്നിക്, ഐ.റ്റി.ഐ., എന്‍.എസ്. എം. ഹൈസ്കൂള്‍ തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന വിദ്യാഭ്യാസസ്ഥാപനങ്ങള്‍.

കശുവണ്ടി വികസനകോര്‍പ്പറേഷന്റെ ഉടമയിലുള്ള ഒരു കശുവണ്ടി ഫാക്ടറി ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇത്തിക്കരയാറിന്റെ തീരപ്രദേശങ്ങളില്‍ മേച്ചില്‍ ഓട് നിര്‍മാണവും ചുടുകട്ട നിര്‍മാണവും നടക്കുന്നുണ്ട്. ഉമയനല്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലേക്ക് ഇവിടെ നിന്ന് കഷ്ടിച്ച് രണ്ട് കി.മീ. ദൂരമേയുള്ളൂ. നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും ഇടകലര്‍ന്ന സമതലപ്രദേശമാണ് വില്ലേജിന്റെ മുഖ്യഭാഗവും. ഉമയനല്ലൂര്‍ സുബ്രഹ്മണ്യക്ഷേത്രവും മുഖത്തല മുരാരി ക്ഷേത്രവും കൊട്ടിയത്തിനടുത്തുള്ള പ്രധാന ക്ഷേത്രങ്ങളാണ്. ആദിച്ചനല്ലൂര്‍ പെരുമാള്‍കുന്നു ക്ഷേത്രം, കുണ്ടുമണ്‍ ഭഗവതി ക്ഷേത്രം, ഇത്തിക്കര മാടന്‍നട, മൈലക്കാട് ഭഗവതിക്ഷേത്രവും ശിവക്ഷേത്രവും, തഴുത്തല ചെമ്പോട്ടു ക്ഷേത്രം ഇവയാണ് വില്ലേജില്‍പ്പെട്ട പ്രസിദ്ധ ദേവാലയങ്ങള്‍. കണ്ണനല്ലൂര്‍ കാലിച്ചന്ത പ്രസിദ്ധമാണ്. ഹോളിക്രോസ്, ലൈഫ് കെയര്‍ എന്നിവയാണ് സ്ഥലത്തെ പ്രമുഖ ആശുപത്രികള്‍. 1953 മേയില്‍ സ്ഥാപിതമായ ഹോളിക്രോസ് ആശുപത്രിയോടനുബന്ധിച്ച് ഒരു നഴ്സിങ് സ്കൂളുകളും പ്രവര്‍ത്തിക്കുന്നു.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍