This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊട്ടിപ്പാടിസ്സേവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊട്ടിപ്പാടിസ്സേവ

വാദ്യം വായിച്ചും സ്തോത്രകീര്‍ത്തനങ്ങള്‍ പാടിയും ദേവീദേവന്മാരെ സേവിക്കുന്ന സമ്പ്രദായം. ഇതിന് ഇടയ്ക്ക എന്ന വാദ്യമാണ് വായിക്കാറുള്ളത്. അതതു ക്ഷേത്രങ്ങളിലെ പ്രതിഷ്ഠാമൂര്‍ത്തികളായ ദുര്‍ഗ, ഭദ്രകാളി, ശിവന്‍, വിഷ്ണു, ശാസ്താവ് മുതലായ ദേവീദേവന്മാരെക്കുറിച്ച് ഭക്തകവികള്‍ നിര്‍മിച്ചിട്ടുള്ള സ്തുതികളും കീര്‍ത്തനങ്ങളുമാണ് പാടുന്നത്. ഇടയ്ക്ക കൊട്ടിപ്പാടിസ്സേവ എന്നു തന്നെ ചില ദിക്കില്‍ പറയാറുണ്ട്.

ക്ഷേത്രങ്ങളില്‍ പൂജയ്ക്കും നിവേദ്യം വയ്ക്കുന്നതിനും മാലകെട്ടുന്നതിനും വിളക്കു പിടിക്കുന്നതിനും മറ്റും ഇന്നിന്ന സമുദായക്കാര്‍ വേണമെന്ന വ്യവസ്ഥയുള്ളതുപോലെ പ്രധാന വാദ്യങ്ങള്‍ കൊട്ടുന്നതിനും സമുദായവ്യവസ്ഥ ചെയ്തിട്ടുണ്ട്. മാരാരോ പൊതുവാളോ കുറുപ്പോ വേണം വാദ്യങ്ങള്‍ പ്രയോഗിക്കുവാന്‍. ചെണ്ട, ഇടയ്ക്ക, ചേങ്ങില, പാണി, ശംഖ് ഇവയാണ് പ്രധാന വാദ്യങ്ങള്‍. പൂജക്കൊട്ടിന് ചെണ്ടയോ ഇടയ്ക്കയോ വേണം. ചേങ്ങില താളത്തിനുള്ളതാണ്. പുലര്‍ച്ചയ്ക്കും സന്ധ്യയ്ക്കും ദീപാരാധനയുടെ അവസാനത്തിലും ഇടയ്ക്ക കൊട്ടി പ്രദക്ഷിണത്തിലും അതുപോലുള്ള ചില അപൂര്‍വ സന്ദര്‍ഭങ്ങളിലും ശംഖു വിളിക്കുന്നു. ശ്രീഭൂതബലിക്ക് പാണികൊട്ടുക പ്രധാനമാണ്.

മാരാന്മാരുടെ മുഖ്യവാദ്യം ചെണ്ടയാണെങ്കിലും പൂജക്കൊട്ടില്‍ ഇടയ്ക്കയ്ക്കു പ്രാധാന്യം കൂടും. ഗുരുവായൂര്‍ മുതലായ ക്ഷേത്രങ്ങളില്‍ പൂജകള്‍ക്ക് ഇടയ്ക്ക കൊട്ടിപ്പാടിസ്സേവ കഴിഞ്ഞിട്ടേ മേളം പതിവുള്ളൂ.

കൊട്ടുന്ന ആള്‍തന്നെ പാടുന്നു എന്നുള്ളത് കൊട്ടിപ്പാടിസ്സേവയുടെ പ്രത്യേകതയാണ്. ഒരാള്‍ കൊട്ടുകയും മറ്റൊരാള്‍ ചേങ്ങിലയില്‍ താളം പിടിച്ചു പാടുകയും ചെയ്യുന്ന പതിവും ഉണ്ട്.

താളങ്ങളുടെയും രാഗങ്ങളുടെയും കാര്യത്തില്‍ ചില സമയവ്യവസ്ഥകളും മറ്റുമുണ്ട്. അതിപ്രസിദ്ധങ്ങളായ ചില താളങ്ങളും രാഗങ്ങളും മാത്രമേ കൊട്ടിപ്പാടിസ്സേവയ്ക്ക് ഉപയോഗിക്കാറുള്ളൂ. 'നളത്ത്' എന്ന പഴയൊരു രാഗം കൊട്ടിപ്പാടിസ്സേവയില്‍ നിലനിന്നുകാണുന്നുണ്ട്.

ആദ്യം കൂറുകൊട്ടി ഗണപതിയെയും സരസ്വതിയെയും കുറിച്ചുള്ള മംഗളഗാനങ്ങള്‍ പാടിയതിനുശേഷം അതതു ക്ഷേത്രത്തിലെ ദേവീദേവന്മാരെക്കുറിച്ചുള്ള സ്തുതികള്‍ പാടുന്നു. അഷ്ടപദിഗീതങ്ങള്‍ക്ക് കൊട്ടിപ്പാടിസ്സേവയില്‍ വലിയ സ്ഥാനമുണ്ട്. ക്ഷേത്രസോപാനങ്ങളില്‍ നിന്നു പാടുന്നതുകൊണ്ട് ഈ ഗാനരീതിക്ക് സോപാനരീതി എന്നൊരു പേരും ലഭിച്ചിട്ടുണ്ട്.

പണ്ട് ഉദ്ദണ്ഡശാസ്ത്രികള്‍ മുക്കോലദേവീക്ഷേത്രത്തില്‍ ദര്‍ശനത്തിനു ചെന്നപ്പോള്‍ അവിടെ സോപാനത്തില്‍ ഒരു മാരാര്‍ ഇടയ്ക്ക കൊട്ടുന്നുണ്ടായിരുന്നുവെന്നും ആ കൊട്ടിന്റെ താളരാഗങ്ങള്‍ക്കൊപ്പിച്ച്

"സംഭരിതഭൂരികൃപമംബ ശുഭമംഗം ശുംഭതു

ചിരന്തനമിദംതവ മദന്തം

എന്നൊരു സ്ലോകാര്‍ധമുണ്ടാക്കി ചൊല്ലിയെന്നും അതിനെത്തുടര്‍ന്നു മാരാര്‍

"ജംഭരിപു കുംഭിവര കുംഭരുചി ഡംഭസ്തംഭികുച

കുംഭപരിരംഭപരശംഭു

എന്ന് ഉത്തരാര്‍ധം പൂരിപ്പിച്ചുവെന്നും ഒരു ഐതിഹ്യമുണ്ട്. ആ പദ്യം തികച്ചും ഇടയ്ക്കാവാദ്യത്തിന്റെ അനുകരണമാണ്. കൊട്ടിപ്പാടിസ്സേവ ഘണ്ടാവാദനമെന്നപോലെ പൂജയുടെ മഹത്ത്വം വര്‍ധിപ്പിക്കുന്നതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍