This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊട്ടാരക്കരത്തമ്പുരാന്‍ (17-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊട്ടാരക്കരത്തമ്പുരാന്‍ (17-ാം ശ.)

'രാമനാട്ട'ത്തിന്റെ ഉപജ്ഞാതാവെന്ന നിലയില്‍ പ്രസിദ്ധനായ തമ്പുരാന്‍. ഇദ്ദേഹത്തിന്റെ പേര്, കാലം, കൃതികള്‍ എന്നിവയെക്കുറിച്ച് സംശയാതീതമായ തെളിവുകളൊന്നും ഇന്നുവരെ ലഭിച്ചിട്ടില്ല.

പില്ക്കാലത്ത് തിരുവിതാംകൂര്‍ രാജവംശമായത്തീര്‍ന്ന വേണാടുരാജകുടുംബത്തിന്റെ ഒരകന്ന ശാഖയായിരുന്നു കൊട്ടാരക്കര രാജവംശം. ഇളയിടത്തു സ്വരൂപം, കുന്നിന്മേല്‍ സ്വരൂപം എന്നീ പേരുകളിലും ഈ രാജവംശം അറിയപ്പെട്ടിരുന്നു. കൊട്ടാരക്കര രാജവംശത്തിലാണ് തമ്പുരാന്റെ ജനനം.

ഇപ്പോഴത്തെ കൊട്ടാരക്കരക്കവല(പുലമണ്‍)യ്ക്കു രണ്ടു കി.മീ. പടിഞ്ഞാറ് സര്‍ക്കാര്‍ ആഫീസുകള്‍ സ്ഥിതിചെയ്യുന്ന സ്ഥലത്തായിരുന്നു കൊട്ടാരക്കര രാജവംശത്തിന്റെ ആസ്ഥാനം. അവിടെയുള്ള മണികണ്ഠേശ്വരം ക്ഷേത്രത്തിലെ ദക്ഷിണാമൂര്‍ത്തിയും ഗണപതിയും അവരുടെ പരദേവതകളായിരുന്നു. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ ഇളയിടത്തു സ്വരൂപത്തെ ആക്രമിച്ച് വേണാട്ടില്‍ ലയിപ്പിച്ചതോടെ ഈ രാജവംശം നാമാവശേഷമായി.

രാമായണം ആട്ടക്കഥയുടെ കര്‍ത്താവ് കൊട്ടാരക്കരത്തമ്പുരാനായ ബാലവീരകേരളവര്‍മയെന്നാണ് പരമ്പരാഗതമായ വിശ്വാസം. രാമായണം ആട്ടക്കഥയുടെ ചില പഴയ താളിയോലഗ്രന്ഥങ്ങളില്‍ 'വഞ്ചിബാലവീരകേരളവര്‍മ രാമായണം കഥകളിപ്പാട്ട്', 'വഞ്ചി ബാലവീരകേരളവര്‍മ രാമായണം കഥകളിപ്പാട്ടു ഗ്രന്ഥം' എന്നിങ്ങനെ ഗ്രന്ഥനാമങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആട്ടക്കഥയില്‍-

"വഞ്ചിവീരകേരളവിനുതലീല (പുത്രകാമേഷ്ടി)

"വഞ്ചിധരാവര ബാലകവീര-

കേരളമാനസ വാസ ! ഹരേ

(വിച്ഛിന്നാഭിഷേകം)

"വഞ്ചിവീരകേരള ഹൃദയാംബുജ-

നിവാസലോല പദാംബുരുഹം

(യുദ്ധം)

എന്നിങ്ങനെ കാണുന്ന പരാമര്‍ശങ്ങളെല്ലാം ആട്ടക്കഥാ കര്‍ത്താവായ തമ്പുരാനെക്കുറിച്ചുള്ളതായിരിക്കണമെന്നാണ് പണ്ഡിതമതം. ആട്ടക്കഥയുടെ ചില പഴയ താളിയോലപ്പകര്‍പ്പുകളില്‍

"കൊട്ടാരക്കരവാഴും ഗൌരീനായകി-

ത്വത്പദാരവിന്ദങ്ങളെപ്പോഴും ഭജിക്കും

ഞങ്ങള്‍ക്കല്പത വരാതെ

കണ്ടനുഗ്രഹിക്ക നീ- എന്നും

"കിംതു മണികണ്ഠേശ്വരത്തു മരുവുന്നൊരു

വരദന്തിവദനം നമാമി ചിന്തിതാപ്തയേ-

എന്നും ചില വരികള്‍ കാണുന്നുണ്ടെന്ന് ഗോദവര്‍മയും മഹാകവി ഉള്ളൂരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കൊട്ടാരക്കര രാജാക്കന്മാരുടെ പരദൈവങ്ങളാണ് ഇവിടെ പരാമൃഷ്ടരായ ദേവതകള്‍. രാമായണം ആട്ടക്കഥയിലെ

"പ്രാപ്താനന്ദ ഘനശ്രിയഃ പ്രിയതമ

ശ്രീരോഹിണീ ജന്മനോ

വഞ്ചിക്ഷ്മാവര വീരകേരള വിഭോ-

രാജ്ഞഃ സ്വസുസ്സൂനുനാ,

ശിഷ്യേണ പ്രവണേന ശങ്കരകവേ

രാമായണം വര്‍ണ്ണ്യതേ

കാരുണ്യേന കഥാഗുണേന കവയ:

കുര്‍വന്തു തത് കര്‍ണ്ണയോഃ

എന്ന പ്രാരംഭസ്ലോകത്തില്‍ നിന്ന് വഞ്ചിരാജാവും രോഹിണീ നക്ഷത്രജാതനുമായ ഒരു വീരകേരളവര്‍മയുടെ സഹോദരീപുത്രനാണ് ആട്ടക്കഥാകര്‍ത്താവെന്നു മനസ്സിലാക്കാം. ദത്തുമൂലം പ്രാപ്തമായ അനന്തഘനശ്രീയോടു കൂടിയവനും രോഹിണീ നക്ഷത്രത്തില്‍ ജനിച്ച തമ്പുരാട്ടിയുടെ മകനായ രവിവര്‍മകുലശേഖരപെരുമാളിന് ഏറ്റവും പ്രിയങ്കരനുമായിത്തീര്‍ന്ന വീരകേരളരാജാവിന്റെ സഹോദരിയുടെ പുത്രനും ശങ്കരകവിയുടെ ശിഷ്യനുമായ വീരകേരളവര്‍മയാണ് ആട്ടക്കഥാകര്‍ത്താവ് എന്നാണ് മഹാകവി ഉള്ളൂര്‍ ഈ സ്ലോകത്തിനു നല്കുന്ന അര്‍ഥം. ഈ വ്യാഖ്യാനം ശരിയല്ലെന്നും ചരിത്രരേഖകളില്‍ രാജാക്കന്മാരെ അവരുടെ നക്ഷത്രപുരസ്സരം നിര്‍ദേശിച്ചിട്ടുള്ളതല്ലാതെ ഇന്ന നാളില്‍ ജനിച്ച തമ്പുരാട്ടിയുടെ മകന്‍ എന്ന രീതിയില്‍ ഒരിടത്തും രേഖപ്പെടുത്തിയിട്ടില്ലെന്നും ഗോദവര്‍മ അഭിപ്രായപ്പെടുന്നു.

കൊ.വ. 840-നും 860-നും ഇടയ്ക്കുള്ള സംഭവങ്ങളെ വിവരിക്കുന്ന രാജ്യകാര്യച്ചുരുണയില്‍ രോഹിണീനക്ഷത്രജാതനും വീരകേരളവര്‍മ എന്ന പേരോടുകൂടിയവനുമായ പേരകത്തായ്വഴിയിലെ ഒരു രാജാവിനെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇളയിടവും പേരകവും തമ്മില്‍ ചാര്‍ച്ചക്കാരായിരുന്നു. ഈ വീരകേരളവര്‍മയുടെ സഹോദരീപുത്രനായിരിക്കണം ആട്ടക്കഥാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവെന്ന പേരില്‍ പ്രശസ്തനായ വീരകേരളവര്‍മ എന്ന കൊട്ടാരക്കരത്തമ്പുരാന്‍ എന്നാണ് ഗോദവര്‍മയുടെ അഭിപ്രായം. ഉമയമ്മറാണിയെ സഹായിക്കാന്‍ വേണാട്ടിലെത്തിയ വടക്കന്‍ കോട്ടയത്തെ കേരളവര്‍മയുടെ ഉപദേശാനുസരണം ചിറയ്ക്കല്‍ രാജകുടുംബത്തില്‍ നിന്ന് റാണി രണ്ടു രാജകുമാരിമാരെയും രാജകുമാരന്മാരെയും വഞ്ചി രാജകുടുംബത്തിലേക്കു ദത്തെടുത്തു. ഇങ്ങനെ ദത്തെടുത്ത രാജ്ഞിയുടെ പുത്രനാണ് കൊട്ടാരക്കര പ്രദേശത്തെ രാജാവായിത്തീര്‍ന്നത്. ഇദ്ദേഹമായിരിക്കണം രാമനാട്ട കര്‍ത്താവെന്ന പേരില്‍ പ്രസിദ്ധനായ കൊട്ടാരക്കരത്തമ്പുരാന്‍. ദത്തെടുത്ത പുരുഷന്മാരില്‍ മൂത്ത ആളായിരിക്കണം. 'പ്രാപ്താനന്തഘനശ്രിയഃ' എന്ന സ്ലോകത്തില്‍ പരാമൃഷ്ടനായ 'വീരകേരളവിഭു' എന്നാണ് ആറ്റൂര്‍ കൃഷ്ണപിഷാരൊടി സയുക്തികം സ്ഥാപിച്ചിട്ടുളളത്.

കൊ.വ. 852-ല്‍ വേണാട്ടിലെ ഉമയമ്മറാണിയോടു എതിരിട്ട ഒരു വീരകേരളവര്‍മ കൊട്ടാരക്കരയുണ്ടായിട്ടായിരുന്നു. ഈ വീരകേരളവര്‍മയെയാണ് കൊട്ടാരക്കരത്തമ്പുരാന്‍ സ്മരിക്കുന്നതെന്ന് മറ്റൊരഭിപ്രായമുണ്ട്.

രാമായണം ആട്ടക്കഥയുടെ ആമുഖസ്ലോകത്തില്‍ സംസ്തുതനായ ശങ്കരകവിയെക്കുറിച്ചും ഭിന്നാഭിപ്രായങ്ങളുണ്ട്. ഇളയിടത്തു സ്വരൂപത്തിലെ കുടുംബഗുരുക്കന്മാരായ വെങ്കടത്താശാന്മാരില്‍പ്പെട്ട ഒരു ശങ്കരനാശാനാണ് ഈ ശങ്കരകവിയെന്ന് മാവേലിക്കര ജി.കൃഷ്ണപിള്ള തന്റെ കഥകളി എന്ന ഗ്രന്ഥത്തില്‍ പ്രസ്താവിച്ചിരിക്കുന്നു.

കൃഷ്ണനാട്ടത്തിനു ശേഷമാണ് രാമനാട്ടമുണ്ടായതെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. 1653 (കൊ.വ. 829)-ലാണ് കൃഷ്ണനാട്ടഗ്രന്ഥം പൂര്‍ത്തിയാക്കിയതെന്ന് ഗ്രന്ഥാവസാനത്തിലെ കലിദിനസൂചനയില്‍ നിന്നു മനസ്സിലാക്കാം. 1694-ലെ മാമാങ്കോത്സവത്തില്‍ രാമനാട്ടങ്ങളും കൃഷ്ണനാട്ടങ്ങളും അവതരിപ്പിച്ചിരുന്നുവെന്ന് മാമാങ്കോത്സവം കിളിപ്പാട്ടില്‍ കാണുന്നു. അപ്പോള്‍ രാമനാട്ടത്തിന്റെ കാലം 1653-നും 1694-നും ഇടയ്ക്കാണെന്നും രാമനാട്ടകര്‍ത്താവായ കൊട്ടാരക്കരത്തമ്പുരാന്റെ കാലം 17-ാം ശതകത്തിന്റെ (കൊ.വ. 9-ാം ശതകം) ഉത്തരാര്‍ധമാണെന്നും ഏകദേശം തീര്‍ച്ചയാക്കാം. 'കഥകളി'യെന്ന കലാരൂപത്തിന് ബീജാവാപം ചെയ്ത ഈ കലാകുശലനെ സംബന്ധിച്ച കാര്യങ്ങള്‍ ഇന്നും അവ്യക്തമായിത്തന്നെ ശേഷിക്കുന്നു. നോ. കഥകളി, കൃഷ്ണനാട്ടം, രാമനാട്ടം

(പ്രൊഫ. വട്ടപ്പറമ്പില്‍ ഗോപിനാഥപിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍