This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊട്ടാരക്കര

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊട്ടാരക്കര

കൊല്ലം ജില്ലയിലെ ഒരു താലൂക്ക്. ഇതേ പേരിലുള്ള പഞ്ചായത്ത്, വികസന ബ്ലോക്ക് എന്നിവയുടെയും ആസ്ഥാനം. വേണാട് രാജവംശത്തിന്റെ ശാഖയായ ഇളയിടത്തു സ്വരൂപത്തിന്റെ രാജധാനി കൊട്ടാരക്കരയായിരുന്നു (നോ. ഇളയിടത്തു സ്വരൂപം). പില്ക്കാലത്ത് വിശ്വോത്തര കലാരൂപമായ കഥകളിയായി രൂപംപ്രാപിച്ച രാമനാട്ടം നിര്‍മിച്ചത് കൊട്ടാരക്കരത്തമ്പുരാനാണ് (നോ.കൊട്ടാരക്കരത്തമ്പുരാന്‍). എം.സി.റോഡും കൊല്ലം- ചെങ്കോട്ട റോഡും ഇവിടെ സന്ധിക്കുന്നു. കൊല്ലം- മധുര മീറ്റര്‍ ഗേജ് റെയില്‍പ്പാത ഇതിലേയാണ് കടന്നുപോകുന്നത്. ഇവിടെ പ്രത്യേകം റെയില്‍വേ സ്റ്റേഷനുമുണ്ട്. ജില്ലാ ആസ്ഥാനമായ കൊല്ലത്തു നിന്ന് ഇവിടേക്ക് 25 കി.മീ. ദൂരമുണ്ട്.

കൊട്ടാരക്കര ടൗണ്‍

കൊട്ടാരക്കര എന്ന പേരിന്റെ ഉദ്ഭവത്തെപ്പറ്റി പല അഭിപ്രായങ്ങളും നിലവിലുണ്ട്. കൊട്ടാരക്കര ശിവക്ഷേത്രത്തിലെ രേഖകള്‍ സൂചിപ്പിക്കുന്നത്. 16-ാം ശതകംവരെ കൊട്ടാരക്കര, 'കൊട്ടകാരക്കര' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത് എന്നാണ് . കോശാഗാരം (ഖജനാവ്), കോഷ്ഠാഗാരം( ധാന്യസംഭരണഗൃഹം) എന്നിവ കോട്ടാകാരമായും കൊട്ടകാരമായും കൊട്ടാരമായും പരിണമിച്ചുവെന്നാണ് ഭാഷാശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നത്. തമിഴ് നിഘണ്ടുവില്‍ 'കൊട്ടാരം' എന്ന വാക്കിന് 'ഭണ്ഡാരം, 'ധനം' എന്നര്‍ഥം കൊടുത്തുകാണുന്നു. അതിനാല്‍ 'കൊട്ടകാരക്കര' യാവണം കാലാന്തരത്തില്‍ കൊട്ടാരക്കരയായിത്തീര്‍ന്നതെന്നാണ് അഭിജ്ഞമതം. റോമന്‍ ഭൂമിശാസ്ത്രജ്ഞനായ, പ്ലിനിയുടെ വിവരണത്തില്‍ 'കൊട്ടനാറ' യില്‍ നിന്നും വളരെയധികം കുരുമുളക് നദി വഴി ബകാരെ തുറമുഖത്തു കൊണ്ടുവന്നു കയറ്റി അയച്ചിരുന്നുവെന്നു കാണുന്നു. ഈ കൊട്ടനാറ കൊട്ടാരക്കരയാണെന്നാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. 18-ാം ശതകത്തിലും വളരെയധികം കുരുമുളക് കൊട്ടാരക്കര നിന്നും കയറ്റി അയച്ചിരുന്നതായി ഫ്രാബാര്‍ ബാര്‍ത്താലാമ്യൂ രേഖപ്പെടുത്തിയിട്ടുണ്ട്.

കിഴക്ക് പത്തനാപുരം താലൂക്കും പടിഞ്ഞാറ് കൊല്ലം താലൂക്കും വടക്ക് ശാസ്താംകോട്ട താലൂക്കും തെക്ക് തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴ്, നെടുമങ്ങാട് താലൂക്കുകളുമാണ് ഇന്നത്തെ കൊട്ടാരക്കരത്താലൂക്കിന്റെ അതിര്‍ത്തികള്‍. പവിത്രേശ്വരം, കുളക്കട, മൈലം, മേലില, വെട്ടിക്കവല, കൊട്ടാരക്കര, നെടുവത്തൂര്‍, ഏഴുകോണ്‍, കരീപ്ര, പൂയപ്പള്ളി, വെളിയം, ഉമ്മന്നൂര്‍, ഇളമാട്, വെളിനല്ലൂര്‍, ചടയമംഗലം, ഇട്ടിവാ, കടയ്ക്കല്‍, ചിതറ എന്നീ പതിനെട്ടു വില്ലേജുകള്‍ ചേര്‍ന്നതാണ് ഈ താലൂക്ക്. ചടയമംഗലം, വെട്ടിക്കവല, കൊട്ടാരക്കര എന്നീ വികസനബ്ളോക്കുകളുടെ പരിധിയിലുള്ള പത്തൊമ്പതു പഞ്ചായത്തുകള്‍ ഈ താലൂക്കിലുണ്ട്. വിസ്തൃതി: 551.6 ച.കി.മീ., ജനസംഖ്യ: 577,778 (2001).

1966- ല്‍ ഒന്നാം ഗ്രേഡും 1972- ല്‍ സ്പെഷ്യല്‍ ഗ്രേഡും ആയി ഉയര്‍ന്ന കൊട്ടാരക്കര പഞ്ചായത്ത് സാമ്പത്തികഭദ്രത നേടിയ പഞ്ചായത്താണ്. കിഴക്കേകര, പടിഞ്ഞാറ്റുക്കര, തൃക്കണ്ണമംഗല്‍, നെല്ലിക്കുന്നം, നെടുവത്തൂര്‍, അമ്പലപ്പുറം, അവഞ്ഞൂര്‍, ചന്തൂര്‍, നീലേശ്വരം എന്നീ എട്ടുകരകള്‍ ചേര്‍ന്ന കൊട്ടാരക്കര വില്ലേജ് മുഴുവന്‍ ഈ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

എം.സി. റോഡും കൊല്ലം-ചെങ്കോട്ട റോഡും സന്ധിക്കുന്ന പുലമണ്‍ ജങ്ഷനിലാണ് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷന്‍. ട്രാന്‍സ്പ്പോര്‍ട്ട് സബ് ഡിസ്ട്രിക്റ്റിന്റെ ആസ്ഥാനമായ ഇവിടെ ഡി.ടി.ഒ.യുടെ കാര്യാലയവും മറ്റും പ്രവര്‍ത്തിക്കുന്നു. എം.സി. റോഡിലെ ഒരു പ്രധാന കേന്ദ്രം എന്ന നിലയ്ക്ക് കൊട്ടാരക്കര ട്രാന്‍സ്പ്പോര്‍ട്ട് സ്റ്റേഷന് വളരെ പ്രാധാന്യമുണ്ട്. ഇന്നു കാണുന്ന ട്രാന്‍സ്പ്പോര്‍ട്ടാഫീസ് 1970- ലാണ് നിര്‍മിച്ചത്.

പുലമണ്‍ ജങ്ഷനില്‍ നിന്ന് ഏകദേശം 200 മീ. പടിഞ്ഞാറുള്ള ചന്തമുക്കാണ് പ്രധാന ഷോപ്പിങ് സെന്റര്‍. പുത്തൂര്‍-ഭരണിക്കാവുറോഡും ഓയൂര്‍ റോഡും ഇവിടെനിന്നാരംഭിക്കുന്നു. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രി ജംങ്ഷന് അല്പം കിഴക്കായി സ്ഥിതി ചെയ്യുന്നു. ചന്തയ്ക്കു തൊട്ടടുത്താണ് പഞ്ചായത്താഫീസ്. ഇവിടെ നിന്നും അല്പം പടിഞ്ഞാറുള്ള കച്ചേരി ജങ്ഷനിലാണ് താലൂക്ക് കച്ചേരിയും പൊലീസ്സ്റ്റേഷനും എക്സൈസ് ആഫീസും കോടതികളും മറ്റും സ്ഥിതിചെയ്യുന്നത്. ഗവ. ട്രാവലേഴ്സ് ബംഗ്ളാവും ഇതിനടുത്തു തന്നെയാണ്. റോഡ് നിരപ്പില്‍ നിന്ന് അല്പം ഉയര്‍ന്ന് ഒരു ചെറിയ കുന്നിന്‍മുകളിലാണ് ഈ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ജങ്ഷനില്‍ നിന്ന് നോക്കിയാല്‍ മഹാഗണപതിക്ഷേത്രവും അതിനോടു ചേര്‍ന്ന സ്വര്‍ണക്കൊടിമരവും കാണാം. വളരെ വിസ്തൃതമായ ക്ഷേത്രക്കുളത്തിന്റെ തീരത്തു കൂടെ നാം നടന്നു ചെല്ലുന്നത് പഴയ ഇളയിടത്തു സ്വരൂപത്തിന്റെ വിരിമാറിലേക്കാണ്. കൊട്ടാരങ്ങളില്‍ പലതും നാമാവശേഷമായിരിക്കുന്നു. ശേഷിക്കുന്ന ചില കൊട്ടാരങ്ങളില്‍ ദേവസ്വം അസി.കമ്മീഷണര്‍ ആഫീസും എ.ഇ.ഒ ആഫീസും സബ് രജിസ്റ്റ്രാര്‍ ആഫീസും മറ്റും പ്രവര്‍ത്തിക്കുന്നു. റെയില്‍വേ സ്റ്റേഷനുമുണ്ട്. ജില്ലാ ആസ്ഥാനമായ കൊല്ലത്തു നിന്ന് ഇവിടേക്ക് 25 കി.മീ. ദൂരമുണ്ട്.

ഗണപതിക്ഷേത്രം കൊട്ടാരക്കര

ഗണപതിക്ഷേത്രം. കൊട്ടാരക്കരയിലെ ഗണപതിക്ഷേത്രം. പെരുന്തച്ചനാണ് ഇവിടെ ഗണപതിവിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് സങ്കല്പം. അതിനെപ്പറ്റിയുള്ള ഐതിഹ്യം ഇതാണ്. ഇവിടത്തെ മഹാദേവര്‍ ക്ഷേത്രത്തിന്റെ ശ്രീകോവില്‍ നിര്‍മിച്ചുകൊണ്ടിരിക്കെ അമ്പലപ്പറമ്പില്‍ക്കിടന്ന വരിക്കപ്ളാവിന്റെ ഒരു വടിവൊത്ത വേര് പെരുന്തച്ചന്റെ ശ്രദ്ധയില്‍പ്പെട്ടു. അത് മനോഹരമായ ഒരു ഗണപതിവിഗ്രഹമായി അദ്ദേഹം രൂപപ്പെടുത്തി. അന്നു രാത്രി തന്നെ ആ വിഗ്രഹവുമായി പെരുന്തച്ചന്‍ തൊട്ടടുത്തുള്ള മണികണ്ഠേശ്വരം ക്ഷേത്രത്തില്‍ (ഇന്നത്തെ ഗണപതിയമ്പലം) എത്തി. ഈ ക്ഷേത്രത്തില്‍ കിഴക്കോട്ടു ദര്‍ശനമായി ശിവന്റെയും പടിഞ്ഞാറോട്ടു ദര്‍ശനമായി പാര്‍വതിയുടെയും പ്രതിഷ്ഠയാണുള്ളത്. അവിടെ തെക്കോട്ടു ദര്‍ശനമായി ഗണപതി വിഗ്രഹം പ്രതിഷ്ഠിച്ചശേഷം പെരുന്തച്ചന്‍ മടങ്ങിപ്പോയി. പില്ക്കാലത്ത് ഈ പ്രതിഷ്ഠ വളരെയധികം പ്രസിദ്ധി നേടി. ഇവിടത്തെ ഗണപതിക്ക് വഴിപാടു നേര്‍ന്നാല്‍ ഉദ്ദിഷ്ടകാര്യലബ്ധിയുണ്ടാകുമെന്നാണ് ഭക്തജനവിശ്വാസം. ഇവിടത്തെ ഉണ്ണിയപ്പം വഴിപാട് പ്രസിദ്ധമാണ്. ദിവസവും ആയിരക്കണക്കിനു രൂപയുടെ ഉണ്ണിയപ്പം ഇവിടെ വാര്‍ക്കാറുണ്ട്. മേടത്തില്‍ അവിട്ടത്തിനു കൊടികയറി തിരുവാതിരയ്ക്ക് കൊടിയിറങ്ങുന്ന പതിനൊന്നു ദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലെ പ്രാധാന്യമര്‍ഹിക്കുന്ന ചടങ്ങ്. കഥകളി പ്രധാനപ്പെട്ട ഉത്സവപരിപാടികളിലൊന്നാണ്.

മഹാദേവര്‍ക്ഷേത്രവും പ്രസിദ്ധമാണ്. ശില്പകലയുടെ ഉദാത്തമാതൃകകള്‍ ക്ഷേത്രപ്പുരയെ കമനീയമാക്കിയിട്ടുണ്ട്. ധാരാളം വിവാഹങ്ങള്‍ ഇവിടെവച്ചു നടത്താറുണ്ട്. മീനം ഉത്തൃട്ടാതി മുതല്‍ എട്ടുദിവസത്തെ ഉത്സവമാണ് ഇവിടെ പ്രധാനം. ഈ ക്ഷേത്രത്തിന്റെ തെക്കുവശത്ത് മതിലിനകത്തായി ഒരു ഗോശാലയുണ്ട്. ഇതിന്റെ ഉദ്ഭവത്തെപ്പറ്റിയുള്ള കഥ ഐതിഹ്യമാലയില്‍ കൊട്ടാരത്തില്‍ ശങ്കുണ്ണി വിവരിക്കുന്നുണ്ട്.

പ്രസിദ്ധമായ ഒരു മാര്‍ത്തോമാപള്ളിയും മുസ്ലിംപള്ളിയും കൊട്ടാരക്കരയിലുണ്ട്. 700 വര്‍ഷത്തിലേറെ പഴക്കമുള്ളതാണ് മാര്‍ത്തോമാപള്ളി. തെക്കേടത്തെ കുടുംബത്തിനുവേണ്ടി ഒരു കൊട്ടാരക്കര രാജാവ് നിര്‍മിച്ചുകൊടുത്തതാണ് ഈ ദേവാലയം. പഞ്ചായത്തിന്റെ എല്ലാ വാര്‍ഡുകളിലും വിവിധമതക്കാരുടെ ആരാധനാലയങ്ങളുണ്ട്. പ്രസിദ്ധങ്ങളായ വെട്ടിക്കവല മഹാദേവര്‍ ക്ഷേത്രവും കടയ്ക്കല്‍ ദേവീക്ഷേത്രവും ഈ താലൂക്കിലാണ്. കോട്ടുക്കല്‍ പാറ അമ്പലത്തിന് (ഹനുമാന്റെയും നന്ദിയുടെയും ഗണപതിയുടെയും ശിലാശില്പങ്ങള്‍ 9-ാം ശതകം) പുരാവസ്തു പ്രാധാന്യമുണ്ട്. സംഘസാഹിത്യത്തില്‍ പരാമര്‍ശിക്കപ്പെടുന്ന സ്ഥലമാണ് കൊട്ടാരക്കരയ്ക്കടുത്തുള്ള വെളിയം.

കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളജ് (1964)ഫസ്റ്റ് ഗ്രേഡ് കോളജാണ്. ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂളും ഗേള്‍സ് ഹൈസ്കൂളും വളരെ പഴക്കമുള്ളതാണ്. സ്വകാര്യമേഖലയില്‍ പുരോഗതി പ്രാപിച്ചുവരുന്ന ഒന്നാണ് വെണ്ടാര്‍ ശ്രീവിദ്യാധിരാജ മോഡല്‍ ഹൈസ്കൂള്‍. ഇവയ്ക്കു പുറമേ മറ്റേതാനും ഹൈസ്കൂളുകളും പ്രാഥമിക വിദ്യാഭ്യാസ കേന്ദ്രങ്ങളും ഇവിടെയുണ്ട്. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയുടെ ആസ്ഥാനമാണിവിടം. ബേസിക് ട്രെയിനിങ് സെന്റര്‍ 1953- ല്‍ സ്ഥാപിതമായി.

കോളേജ് ഒഫ് എന്‍ജിനീയറിങ് - കൊട്ടാരക്കര

വി.ഇ.ഒ. മാര്‍ ഉള്‍പ്പെടെയുള്ള ഗ്രാമതലവികസനോദ്യോഗസ്ഥന്മാര്‍ക്ക് പരിശീലനം നല്കാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു എക്സ്റ്റെന്‍ഷന്‍ ട്രെയിനിങ് സെന്റര്‍, ഇലക്ട്രിക്കല്‍ ഡിവിഷന്‍ ആഫീസ്, കല്ലട ജലസേചനപദ്ധതിയുടെ സൂപ്രണ്ടിങ് എന്‍ജിനീയര്‍ ആഫീസ് എന്നിവ ഇവിടെ പ്രവര്‍ത്തിക്കുന്നു. കൊട്ടാരക്കരത്തമ്പുരാന്‍ സ്മാരക ക്ലാസ്സിക്കല്‍ ആര്‍ട്ട് മ്യൂസിയം അടുത്തകാലത്ത് (തൃക്കണ്ണമംഗല്‍) പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാര്‍ അധീനതയിലുള്ള ഒരു ക്ഷയരോഗാശുപത്രി, ആയുര്‍വേദ ഡിസ്പെന്‍സറി, ഇ.എസ്.എ. ആശുപത്രി എന്നിവയും മറ്റു ചില സ്വകാര്യ ആശുപത്രികളും ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു.

വിശാലമായ വയലുകളും ഇടയ്ക്കിടെ കുന്നുകളും ചെറിയ തോടുകളും പാറക്കെട്ടുകളും താഴ്വരകളും ഇടകലര്‍ന്ന ഭൂപ്രകൃതിയാണ് ഈ താലൂക്കിനുള്ളത്. കല്ലടയാറിന്റെയും ഇത്തിക്കരയാറിന്റെയും തീരങ്ങള്‍ ഫലസമൃദ്ധമാണ്. തെങ്ങ്, നെല്ല്, വാഴ, മരച്ചീനി, പയറുവര്‍ഗങ്ങള്‍ ഇവയാണ് ഇവിടെ പ്രധാനമായി കൃഷി ചെയ്യപ്പെടുന്നത്. വ്യാവസായികമായി കൊട്ടാരക്കര പിന്നാക്കം നില്‍ക്കുന്ന പ്രദേശമാണ്. ഏതാനും ചില കശുവണ്ടി ഫാക്ടറികളും സാമില്ലുകളും തീപ്പെട്ടി ഫാക്ടറികളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. രാഷ്ട്രീയ കലാസാംസ്കാരിക രംഗങ്ങളില്‍ തലയെടുപ്പുള്ള പലര്‍ക്കും ഈ പ്രദേശം ജന്മം നല്കിയിട്ടുണ്ട്. അടുത്തകാലത്ത് അന്തരിച്ച സിനിമാനടനായ കൊട്ടാരക്കര ശ്രീധരന്‍ നായരും സാഹിത്യകാരിയായ ലളിതാംബിക അന്തര്‍ജനവും കൊട്ടാരക്കരയുടെ പ്രശസ്തിക്കു മകുടംചാര്‍ത്തിയവരാണ്.

(വിളക്കുടി രാജേന്ദ്രന്‍; ഡോ. ഇബ്രാഹിം കുഞ്ഞ്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍