This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടൈക്കനാല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടൈക്കനാല്‍

കൊടൈക്കനാല്‍ തടാകം
സില്‍വര്‍ കാസ്കേഡ്

തമിഴ്നാട്ടിലെ മധുര ജില്ലയില്‍പ്പെട്ട ഒരു വിനോദസഞ്ചാരകേന്ദ്രം. 10°13'വടക്ക്, 77° 32' കിഴക്ക് പഴനി മലകളുടെ ഭാഗമായി സമുദ്രനിരപ്പില്‍നിന്ന് 2,130 മീറ്ററിലേറെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഈ ചെറുപട്ടണം ദക്ഷിണേന്ത്യയിലെ മുന്തിയ സുഖവാസകേന്ദ്രങ്ങളില്‍ ഒന്നാണ്. മിതമായ ശീതോഷ്ണാവസ്ഥ പ്രകൃതിമനോഹരമായ കൊടൈക്കനാലിന്റെ സവിശേഷതയാണ്. വിയര്‍ലെവെന്‍ജ് എന്ന യൂറോപ്യനാണ് കൊടൈക്കനാലിന്റെ അധിവാസത്തിന് ആരംഭം കുറിച്ചത് (1899). ഇവിടെയുള്ള കൊടൈക്കനാല്‍ എന്ന ചെറു നദിയും ചുറ്റുമുള്ള പ്രദേശത്തിന്റെ ആരാമഭംഗിയുമാണ് ഈ സ്ഥലം സുഖവാസകേന്ദ്രമായി വളര്‍ത്തിയെടുക്കുവാനുള്ള അടിസ്ഥാനം. നദീജലം രോധിച്ചുണ്ടാക്കിയിട്ടുള്ള കൃത്രിമ തടാകത്തിനു ചുറ്റും വൃത്താകൃതിയില്‍ റോഡുകളും അവയ്ക്കിടയില്‍ മനോഹരങ്ങളായ പൂന്തോട്ടങ്ങളും നിര്‍മിക്കപ്പെട്ടിരിക്കുന്നു. തടാകത്തില്‍ ജലക്രീഡയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്പം അകലെയായി നദിയില്‍ ബെയര്‍ഷോയ, ഗ്ളെന്‍, സില്‍വര്‍ കാസ്കേഡ്, ഫെയറി എന്നിങ്ങനെ നാലു വെള്ളച്ചാട്ടങ്ങളുണ്ട്. നൈസര്‍ഗികമായ കാനനപ്രകൃതി ഈ പ്രദേശത്തിന്റെ രമണീയതയ്ക്കു മാറ്റുകൂട്ടുന്നു.

മധുര-ഡിന്‍ഡിഗല്‍ റോഡ്, മധുര-ചെന്നൈ റെയില്‍പ്പാത എന്നിവ കടന്നുപോകുന്ന കൊടൈക്കനാല്‍ റോഡ് പട്ടണത്തിന് 80 കി.മീ. മലമ്പാതയിലൂടെ സഞ്ചരിച്ചാണ് കൊടൈക്കനാലില്‍ എത്തേണ്ടത്. പട്ടണത്തിനു ചുറ്റുമുള്ള പ്രോസ്പെക്ട് പോയിന്റ്, വേമ്പാടിച്ചോളമുടി, കോക്കേഴ്സ് വാക് എന്നീ ഗിരിശൃംഗങ്ങളും ഡോള്‍ഫിന്‍ നോസ് എന്നറിയപ്പെടുന്ന തൂണുപോലെ എഴുന്ന പാറക്കെട്ടും വിനോദസഞ്ചാരികളെ ഹഠാദാകര്‍ഷിക്കുന്നവയാണ്.

സമുദ്രനിരപ്പില്‍ നിന്ന് 2,393 മീ. ഉയരത്തില്‍ ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്ന വാനനിരീക്ഷണനിലയം അത്യാധുനികമായ ഉപകരണങ്ങളുടെ സഹായത്തോടെ ജ്യോതിശ്ശാസ്ത്രസംബന്ധമായ സുപ്രധാന നിരീക്ഷണങ്ങളിലും പഠനങ്ങളിലും ഏര്‍പ്പെട്ടിരിക്കുന്നു.

(എന്‍.ജെ.കെ.നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍