This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടുവേലി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടുവേലി

Plumbago

പ്ലുംബാജിനേസി സസ്യകുടുംബത്തിലെ ഔഷധസസ്യം. ചിത്രകം, പാഠി എന്നീ പേരുകളിലും കൊടുവേലി അറിയപ്പെടുന്നു. ലോകവ്യാപകമായി പ്ലുംബാഗോ ജീനസ്സില്‍ 20-ഓളം സ്പീഷീസുകളുണ്ട്. നീലക്കൊടുവേലി (പ്ലുംബാഗോ കാപെന്‍സിസ് - Plumbago capensis), ചെത്തിക്കൊടുവേലി (ചുവന്ന കൊടുവേലി അഥവാ പ്ലുംബാഗോ റോസിയ- Plumbago rosea), വെള്ളക്കൊടുവേലി (തുമ്പക്കൊടുവേലി അഥവാ പ്ലുംബാഗോ സെയ്ലാനിക്ക- Plumbago zeylanica) എന്നിങ്ങനെ മൂന്നിനം കൊടുവേലികളാണ് ഇന്ത്യയില്‍ ധാരാളമായി കാണപ്പെടുന്നത്. ഈ വര്‍ഗീകരണത്തിന് പ്രധാനനിദാനം പുഷ്പങ്ങളുടെ നിറവ്യത്യാസമാണ്. പേരു സൂചിപ്പിക്കുന്ന നിറമാണ് ഓരോ ഇനത്തിലെയും പൂക്കള്‍ക്കുള്ളത്.

ഇന്ത്യയിലെ മിക്ക പ്രദേശങ്ങളിലെയും വഴിവക്കുകളിലും പാഴ്നിലങ്ങളിലും ഈ ചെടി വളരുന്നു. ഏകദേശം 60-125 സെ.മീ. ഉയരത്തില്‍ വളരുന്ന, ധാരാളം ശാഖകളോടുകൂടിയ ബഹുവര്‍ഷിയായ ഒരു കുറ്റിച്ചെടിയാണിത്. ചെറുഞെട്ടുകളോടുകൂടിയ ഇലകള്‍ക്ക് ദീര്‍ഘവൃത്താകൃതിയാണുള്ളത്. ലഘുപത്രങ്ങള്‍ ഏകാന്തരന്യാസത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. അനുപര്‍ണികളുമുണ്ട്. നേര്‍ത്ത് മിനുസമായ ഇലകളുടെ അരിക് തരംഗിതമായിരിക്കും.

ചെടിയുടെ അറ്റത്തോ ശാഖാഗ്രങ്ങളിലോ കാണുന്ന കുലകളില്‍ പൂക്കള്‍ പ്രകീല (spike) രീതിയില്‍ ക്രമീകരിച്ചിരിക്കുന്നു. പൂങ്കുലത്തണ്ടില്‍ മൃദുലോമങ്ങളോ ഗ്രന്ഥികളോ ഉണ്ടായിരിക്കും. സഹപത്രങ്ങള്‍ സഹപത്രകങ്ങളേക്കാള്‍ പത്തിരട്ടിയോളം വലുപ്പമുള്ളവയാണ്. വിദളപുടവും ദളപുടവും അഞ്ച് ഇതളുകള്‍ ചേര്‍ന്നു സംയുക്താവസ്ഥയിലാണ് കാണപ്പെടുന്നത്. ബാഹ്യദളപുഞ്ജം ഒരു നാളമായിത്തീര്‍ന്നിരിക്കുന്നു. ഈ നാളത്തിന് 8-12.5.മി.മീ. നീളമുണ്ട്. കട്ടികൂടിയ ബാഹ്യദളപുഞ്ജത്തിന്റെ അഗ്രം അഞ്ചായി പിരിഞ്ഞിരിക്കുന്നു. ഇവ കൊഴിഞ്ഞുപോകാറില്ല. ഈ ദളപുഞ്ജത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന തന്തുകങ്ങളോടുകൂടിയ ഗ്രന്ഥികള്‍ ഫലവിതരണത്തിനു വളരെയേറെ സഹായിക്കുന്നു. തെറ്റിപ്പൂവിലേതുപോലെ നീണ്ട കുഴലും അഗ്രത്തില്‍ അഞ്ച് ഇതളുകളും ചേര്‍ന്നതാണ് ദളപുടം. സ്വതന്ത്രങ്ങളായ അഞ്ചു കേസരങ്ങളുമുണ്ട്. കേസരകോശങ്ങള്‍ നീണ്ടതാണ്. ഊര്‍ധ്വമാണ് അണ്ഡാശയം. വര്‍ത്തിക അഞ്ചായി വിഭക്തിതമായിരിക്കും. ചിരസ്ഥായിയായ വിദളപുടം കൊണ്ട് പൊതിയപ്പെട്ട ഒറ്റ വിത്തുള്ള സമ്പുടഫലമാണ് ഇവയ്ക്കുളളത്.

ഈ ചെടിയുടെ വേര് (കിഴങ്ങ്) വളരെ ഔഷധഗുണമുള്ളതാണ്. അതു വിപണനത്തിനായി ഉണക്കി സൂക്ഷിക്കുന്നു. ചുവപ്പുകലര്‍ന്ന തവിട്ടുനിറവും കട്ടിയുള്ള പുറന്തൊലിയും ഇതിന്റെ പ്രത്യേകതകളാണ്. ചുണ്ണാമ്പു വെള്ളത്തിലിട്ട് ശുദ്ധി ചെയ്ത ശേഷമേ ഇത് ഉപയോഗിക്കാറുള്ളൂ. മഞ്ഞനിറവും സൂചിയുടെ ആകൃതിയുമുള്ള പരല്‍രൂപത്തിലുള്ള 'പ്ളംബാജിന്‍' എന്ന രാസപദാര്‍ഥം വേരിലടങ്ങിയിരിക്കുന്നു.

വാതം, കുഷ്ഠം, ത്വക്രോഗങ്ങള്‍ , ഗ്രന്ഥിവീക്കം, ദഹനക്കുറവ്, അനീമിയ, അതിസാരം എന്നീ രോഗങ്ങള്‍ക്ക് കൊടുവേലിക്കിഴങ്ങ് ഫലപ്രദമായ ഔഷധമാണ്. ഇതിന് അണുനാശകഗുണവുമുണ്ട്. കൊടുവേലിക്കിഴങ്ങ് അര്‍ശസ്സിനു സിദ്ധൌഷധമാണ്. കിഴങ്ങ് നന്നായി ശുദ്ധീകരിച്ച് ഉണക്കിപ്പൊടിച്ച് നിത്യവും കഴിച്ചാല്‍ കുഷ്ഠരോഗം ശമിക്കുമെന്ന് കരുതപ്പെടുന്നു. കൊടുവേലിക്കിഴങ്ങ് ഗോമൂത്രത്തിലരച്ച് പുരട്ടുന്നത് മന്തുരോഗശമനത്തിന് ഫലപ്രദമാണ്. കിഴങ്ങ് കള്ളിപ്പാലില്‍ അരച്ച് ശര്‍ക്കര ചേര്‍ത്ത് അരിമ്പാറയ്ക്ക് പ്രതിവിധിയായും ഉപയോഗിക്കാറുണ്ട്. ചുവന്ന കൊടുവേലിക്കിഴങ്ങ് ചര്‍മത്തിന് കാന്തിയും മൃദുത്വവും വര്‍ധിപ്പിക്കാന്‍ പറ്റിയതാണ്. കൊടുവേലിച്ചെടിയുടെ ചാറ് നേത്രരോഗങ്ങള്‍ക്കും ശമനമേകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍