This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടുമലക്കുങ്കന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടുമലക്കുങ്കന്‍

മാടമ്പികളുടെ അനിഷേധ്യനേതാവും ആയോധനനിപുണനുമായി വടക്കന്‍ പാട്ടുകളില്‍ പ്രകീര്‍ത്തിതനായിട്ടുള്ള ധീരസാഹസിക വ്യക്തി. ഏഴാള്‍ ഉയരത്തിലുള്ള ഏഴു കോട്ടകളും നാട്ടുപ്പടയാളികള്‍ക്കു പുറമേ, തോക്കു പ്രയോഗിക്കുന്നതില്‍ വിരുതന്മാരായ ആയിരത്തില്‍പ്പരം മദിരാശിപ്പട്ടാളക്കാരും അമ്പു ചുട്ടെയ്യുന്ന അമ്പാടികളും ഉള്‍ക്കൊള്ളുന്ന ഒരു സൈന്യശേഖരവും സ്വന്തമായുള്ള കുങ്കന്റെ മുന്നില്‍ പതിനാലു ഗ്രാമങ്ങളിലെ നാട്ടുക്കൂട്ടങ്ങളും ദേശവാഴികളും നാടുവാഴികളും അഭയം പറഞ്ഞു നില്‍ക്കേണ്ടതായിവന്നു എന്നാണ് ഐതിഹ്യം. തന്റെ അധീശത്വത്തെ ചോദ്യം ചെയ്യുന്ന മാടമ്പികളെപ്പോലും വരച്ചവരയില്‍ നിര്‍ത്തിക്കൊണ്ടിരുന്ന കുങ്കന്‍ നാട്ടില്‍ നിന്നും പുതിയ നികുതികള്‍ ഈടാക്കിക്കൊണ്ട് സ്വന്തം ഭണ്ഡാരപ്പുരകള്‍ നിറച്ചുകൊണ്ടിരുന്നു.

പക്ഷേ കുങ്കനെ അവഗണിക്കുവാന്‍ ഒരാള്‍ മാത്രം തുടക്കം മുതല്ക്കേ ഉത്സാഹിച്ചുപോന്നിരുന്നു. കുങ്കന്റെ സ്വന്തം സഹോദരിയായ കുങ്കിയായിരുന്നു ആ എതിരാളി. തച്ചോളിച്ചന്തുവിനെ ജീവനു തുല്യം സ്നേഹിക്കുന്ന കുങ്കിയെ, തന്റെ പടത്തലവനും വിരൂപനുമായ കണ്ണന് വിവാഹം കഴിച്ചുകൊടുത്ത് അവളുടെ ശല്യം ഒഴിവാക്കുവാന്‍ ശ്രമിച്ച കുങ്കന്‍ ചെന്നുചാടിയത് ഒരു വല്ലാത്ത അപകടമേഖലയിലായിരുന്നു. കണ്ണന്റെ ഭാര്യയാകേണ്ടി വന്ന കുങ്കി ഒരു ദിവസം തച്ചോളിച്ചന്തുവിന്റെ കൂടെ കടത്തനാട്ടിലേക്കു കടന്നുകളഞ്ഞപ്പോള്‍ കണ്ണനോടൊപ്പം അങ്ങോട്ടേക്ക് പട നയിച്ച കുങ്കന്‍ അനുജത്തിയുടെ വാള്‍മുനക്കീഴില്‍ അഭയം പറഞ്ഞു നില്‍ക്കേണ്ടിവന്നു. പടക്കളത്തില്‍ വച്ചു സ്വന്തം ഭര്‍ത്താവായ കണ്ണന്റെ തല വെട്ടിയെടുത്ത കുങ്കിയുടെ കല്പന പ്രകാരം തച്ചോളിച്ചന്തുവിന്റെ പെങ്ങളെ വിവാഹം കഴിച്ചു ബന്ധുത്വം സ്ഥാപിക്കുവാനും കുങ്കന്‍ അവിടെ വച്ചു നിര്‍ബന്ധിതനായി.

ഇതോടെ കുങ്കന്റെ കോട്ടകളും സേനകളും തച്ചോളിച്ചന്തുവിന്റെ ഭരണത്തിന്‍കീഴിലായിത്തീരുകയും അദ്ദേഹത്തിന്റെ പ്രൌഢിയും പ്രതാപവും പൂര്‍ണമായും കെട്ടടങ്ങുകയും ചെയ്തു.

(പയ്യന്നൂര്‍ ബാലകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍