This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടുങ്ങല്ലൂര്‍ ഭരണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടുങ്ങല്ലൂര്‍ ഭരണി

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ മീനമാസത്തിലെ അശ്വതിനക്ഷത്രത്തില്‍ നടക്കുന്ന ഉത്സവം. മീനമാസത്തിലെ ഭരണിയും മകരത്തിലെ താലപ്പൊലിയുമാണ് ഇവിടത്തെ പ്രധാന ആഘോഷങ്ങള്‍. ലളിതമായ രീതിയിലാണ് താലപ്പൊലി നടത്തുന്നതെങ്കില്‍, കായിക ശക്തിയുടെ ചടുലതയോടെയാണ് ഭരണിയുത്സവം നടത്തപ്പെടുന്നത്. പരണിയാണ് പിന്നീട് ഭരണിയായത്. പരണിയെന്നാല്‍ യുദ്ധദേവതയുടെ നൃത്തവര്‍ണനയാണ്. ഭദ്രകാളിയും ഭൂതഗണങ്ങളും നടത്തിയെന്ന് കരുതപ്പെടുന്ന ഉത്സാഹപ്രകടനങ്ങളെയും സംഹാരതാണ്ഡവത്തെയും അനുസ്മരിക്കുന്ന ചടങ്ങാണ് ഈ ഉത്സവം. ഭഗവതിക്ഷേത്രം മുതല്‍ തിരുവഞ്ചിക്കുളം ക്ഷേത്രം വരെയുള്ള പ്രദേശങ്ങളില്‍ തെറിപ്പാട്ടുകളുടെ ആഭാസകരമായ അംഗവിക്ഷേപങ്ങളുടെയും സാഹസികപ്രകടനങ്ങളുടെയും സമ്മേളനത്തോടെയാണ് ഉത്സവം നടന്നുവരുന്നത്. ഉത്സവത്തോടനുബന്ധിച്ചുള്ള കോഴിവെട്ട് മീനമാസത്തിലെ തിരുവോണം നാളിലാണ് തുടങ്ങുന്നത്. ആയിരക്കണക്കിന് വരുന്ന കോഴികളുടെ വെട്ടേറ്റ കഴുത്തില്‍നിന്ന് ചീറിയൊഴുകുന്ന ചോരയുടെയും അന്തരീക്ഷത്തില്‍ വാരിവിതറുന്ന മഞ്ഞള്‍പൊടിയുടെയും മധ്യേനിന്ന് തുള്ളുന്ന ഭക്തജനങ്ങളുടെ വികാരങ്ങളും വിഭ്രാന്തിയും ഉത്സവത്തെ ശ്രദ്ധേയമാക്കുന്നു.

കോഴിക്കല്ലുമൂടല്‍

അശ്വതി നാളില്‍ നടക്കുന്ന ക്ഷേത്രം അശുദ്ധമാക്കുന്ന ചടങ്ങാണ് കാവുതീണ്ടല്‍. കൊടുങ്ങല്ലൂര്‍ രാജാവിന്റെ കോയ്മയായ നമ്പൂതിരിയാണ് കാവുതീണ്ടലിന് തുടക്കംകുറിക്കുന്ന ചുവപ്പുകുട ഉയര്‍ത്തുന്നത്. വിവിധ ദേശക്കാരും വിഭാഗക്കാരും അവകാശികളും മറ്റും കുറുവടികള്‍ ഉയര്‍ത്തിപ്പിടിച്ച് മഞ്ഞള്‍പൊടിയും നേര്‍ച്ചകളുമായി ക്ഷേത്രാങ്കണത്തിലെ ആല്‍ത്തറയിലെത്തുന്നതോടെ കാവുതീണ്ടലിന് തുടക്കമാവുന്നു. ആരും ആരെയും നിയന്ത്രിക്കാതെ, നിയന്ത്രിക്കാനാവാത്ത, പിന്തിരിപ്പിക്കാന്‍ കഴിയാത്ത, ശബ്ദമുഖരിതവും ചലനാത്മകവുമായ അന്തരീക്ഷമാണ് തുടര്‍ന്ന് ഉണ്ടാവുക. പതിനായിരക്കണക്കിന് സ്ത്രീ-പുരുഷന്മാരുടെ ഉറഞ്ഞുതുള്ളലാണ് ഭരണിയുത്സവത്തിന്റെ ജീവന്‍. മന്ത്രതന്ത്രാദികള്‍ ഇല്ലാത്ത കൊടിയേറ്റം, കോഴിക്കല്ല് മൂടല്‍, പാലക്കവേലന്‍ എന്ന മുക്കുവന്റെ ചടങ്ങുകള്‍ എന്നിവ കാവുതീണ്ടലിനോടനുബന്ധിച്ചുള്ള പ്രത്യേക അനുഷ്ഠാനങ്ങളാണ്.

കുംഭമാസത്തിലെ ഭരണിനാളില്‍ ക്ഷേത്രസന്നിധിയിലെ ആലില്‍ കൊടികള്‍ തൂക്കിയിടുന്നു. ആനപ്പന്തലുകളിലും കൊടികള്‍ തൂക്കിയിടാറുണ്ട്. കൊടികളെല്ലാം വഴിപാടായി കിട്ടുന്നവയാണ്. കൊടികയറ്റത്തിന് സാധാരണയായി മുഹൂര്‍ത്തം നോക്കുന്ന പതിവില്ല. മലയന്‍ തട്ടാനാണ് കൊടികയറ്റല്‍ ചടങ്ങിന്റെ അവകാശി. കൊടികയറ്റത്തോടനുബന്ധിച്ച് ആശാരിയും തട്ടാനും ചേര്‍ന്ന് നടത്തുന്ന ഒരു ചടങ്ങുണ്ട്. തട്ടാന്‍ മണികിലുക്കി അമ്പലം വലംവച്ച് അശുദ്ധമാക്കുന്നു. തുടര്‍ന്ന് പ്ലാപ്പിള്ളിത്തറവാട്ടിലെ മൂത്തന്മാര്‍ അശുദ്ധിതീര്‍ത്ത് ക്ഷേത്രം ശുദ്ധമാക്കുന്നു. ക്ഷേത്രം ശുദ്ധിവരുത്തിക്കഴിഞ്ഞാല്‍ അഭിഷേകാദി പൂജകളാണ് നടക്കുക. എടമുക്കുകാരായ ചെട്ടികള്‍ക്കാണ് കൊടിക്കൂറ കെട്ടാനുള്ള അവകാശം. ക്ഷേത്രത്തിന് ചുറ്റും കൊടിക്കൂറകള്‍ കെട്ടിക്കഴിഞ്ഞാല്‍ രാജാവ് നല്‍കിയ സ്വര്‍ണവും പവിഴവും ചേര്‍ന്ന മാലകള്‍ തമ്പുരാനെ തിരികെ ഏല്‍പിച്ച് ഓണപ്പുടവ വാങ്ങുന്നു. അതോടെ ഭരണി ഉത്സവകാലത്തിന് തുടക്കമാവുന്നു.

മീനമാസത്തിലെ അശ്വതി നക്ഷത്രത്തിന് ഏഴുദിവസങ്ങള്‍ക്കുമുമ്പുള്ള തിരുവോണത്തിന് നടക്കുന്ന ചടങ്ങാണ് കോഴിക്കല്ല് മൂടല്‍. മീനമാസത്തിലെ തിരുവോണനാളില്‍ വടക്കേ നടയില്‍ പട്ടുവിരിച്ചുകൊണ്ടുള്ള കോഴിവെട്ടും ഉത്സവത്തിലെ മറ്റൊരു പ്രധാന ചടങ്ങാണ്. 1959-ല്‍ മൃഗബലി നിരോധിച്ചശേഷം കോഴിക്കല്ലില്‍ ചുവന്ന പട്ടുവിരിക്കുന്ന ചടങ്ങ് മാത്രമേ ഇപ്പോള്‍ ഉള്ളൂ.

അശ്വതി കഴിഞ്ഞ് പിറ്റേദിവസം അടികള്‍ നടതുറന്നാല്‍ പള്ളിമേട എഴുന്നള്ളിക്കല്‍ ചടങ്ങാണ്. അമ്പലത്തിനു വടക്കുകിഴക്കേ മൂലയിലെ ഉയര്‍ന്ന ശ്രീകോവിലിലേക്ക് ഭരണിനാള്‍ ഉദയത്തിന് മുമ്പ് ഭഗവതിയെ എഴുന്നള്ളിക്കുന്നതാണിത്. ക്ഷേത്രത്തിലേക്കുള്ള ഭക്തജനപ്രവാഹം തുടങ്ങുന്നത് തിരുവോണദിവസം കഴിഞ്ഞാലാണ്. എല്ലാ ദേശത്തുനിന്നും ജനങ്ങള്‍ സംഘം ചേര്‍ന്ന് ഭരണിക്കാരായി വന്നുചേരുന്നു.

കൊടുങ്ങല്ലൂരും ചേരന്മാരുടെ രണ്ടാം തലസ്ഥാനമായ തൊണ്ടി (തിണ്ടിസ്) പട്ടണം സ്ഥിതിചെയ്യുന്ന സ്ഥലങ്ങളും തമ്മില്‍ പുരാതനകാലം തൊട്ടേയുള്ള ബന്ധമായിരിക്കണം ഇത്തരം ആചാരങ്ങള്‍ക്ക് പിന്നില്‍ എന്ന് ചില ചരിത്രകാരന്മാരെങ്കിലും കരുതുന്നു. ഒരുകാലത്ത് കൊടുങ്ങല്ലൂര്‍ കാവ് ദ്രാവിഡ ക്ഷേത്രമായിരുന്നു എന്നൊരഭിപ്രായമുണ്ട്. പിന്നീട് ബ്രാഹ്മണ മേധാവിത്വത്തിന്‍കീഴിലായപ്പോള്‍ ക്ഷേത്രത്തില്‍ അവകാശമുണ്ടായിരുന്ന താഴ്ന്ന ജാതിയില്‍പ്പെട്ട വിഭാഗങ്ങളുടെ ഒരു കൂട്ടായ്മയാണ് ഈ ഉത്സവം എന്നും അറിയപ്പെടുന്നു.

(ബിജു പാറശാല)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍