This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടുങ്ങല്ലൂര്‍ ക്ഷേത്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടുങ്ങല്ലൂര്‍ ക്ഷേത്രം

കേരളത്തില്‍ തൃശൂര്‍ ജില്ലയില്‍ കൊടുങ്ങല്ലൂരിലുള്ള ഭഗവതി ക്ഷേത്രം. കുരുംബക്കാവ് എന്നാണ് ഇത് അറിയപ്പെടുന്നത്. കൊടുങ്ങല്ലൂര്‍ ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന ചേരന്‍ ചെങ്കുട്ടുവനാണ് കണ്ണകിയെ പ്രതിഷ്ഠിച്ച് ക്ഷേത്രനിര്‍മാണം നടത്തിയത്. പത്തിനിക്കടവുള്‍ (ഭാര്യാദൈവം) എന്ന പേരിലാണ് കണ്ണകി അറിയപ്പെട്ടിരുന്നത്. ബ്രാഹ്മണമേധാവിത്വത്തിനുശേഷം ഇന്ന് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയായാണ് സങ്കല്പിച്ച് ആരാധിക്കപ്പെടുന്നത്. കേരളത്തിലെ 64 ഭദ്രകാളി ക്ഷേത്രങ്ങളുടെ മൂലക്ഷേത്രമായാണ് കൊടുങ്ങല്ലൂര്‍ കുരുംബ ഭഗവതി ക്ഷേത്രത്തെ കരുതുന്നത്.

ചരിത്രം ഈ ക്ഷേത്രം ആദ്യം ദ്രാവിഡന്മാരുടേതായിരുന്നു. പതിവ്രത ദൈവം എന്ന പത്തിനിക്കടവുള്‍ കുരുംബയായിരുന്നു പ്രതിഷ്ഠ. സംഘകാലത്ത് നിര്‍മിക്കപ്പെട്ട ഈ ക്ഷേത്രം (ഇന്നു കാണുന്ന ക്ഷേത്രമല്ല) നിര്‍മിച്ചത് ചേരന്‍ ചെങ്കുട്ടുവനാണ്. പത്തിനിക്കടവുള്‍ എന്നാണ് കണ്ണകിയെ വിശേഷിപ്പിച്ചിരുന്നത്. കണ്ണകിയുടെ വിഗ്രഹം കൊത്തിയെടുക്കുന്നതിനുള്ള കല്ല് അനേകം രാജാക്കന്മാരെ കീഴ്പ്പെടുത്തിയ ശേഷം ഹിമാലയത്തില്‍ നിന്ന് കൊണ്ടുവന്നതാണെന്ന് സംഘകാലസാഹിത്യങ്ങളില്‍ പരാമര്‍ശിക്കുന്നു. ഇതിന്റെ പ്രതിഷ്ഠാചടങ്ങുകളില്‍ അനേകം രാജാക്കന്മാര്‍ പങ്കെടുത്തിരുന്നു. സിലോണിലെ ഗജബാഹു ഒന്നാമന്‍ അവരില്‍ ഒരാളാണ്. ഭരണി ഉത്സവത്തിനോടനുബന്ധിച്ചു നടക്കുന്ന കോഴിക്കല്ലു മൂടല്‍, കാവുതീണ്ടല്‍, തെറിപ്പാട്ട് എന്നിവയാണ് ഈ ക്ഷേത്രത്തിന് പ്രസിദ്ധി നേടിക്കൊടുത്തത്.

കൊടുങ്ങല്ലൂര്‍ ക്ഷേത്രം

പില്ക്കാലത്ത് ചേരരാജാക്കന്മാര്‍ ബുദ്ധമതം സ്വീകരിച്ചതോടെ കാവും ബുദ്ധവിഹാരമായി. എന്നാല്‍ ഇത് ഒരു ജൈനക്ഷേത്രമായിരുന്നു എന്നാണ് വി.വി.കെ. വാലത്ത് അഭിപ്രായപ്പെടുന്നത്. ശൈവമതത്തിന്റെ പ്രചാരത്തോടെ ഇത് ഭഗവതിക്ക് വഴിമാറി. കണ്ണകി പാര്‍വതിയുടെയും കാളിയുടെയും പര്യായമായത് അങ്ങനെയാണത്രെ. അങ്ങനെ പഴയ ഉടമസ്ഥരായ ദ്രാവിഡര്‍ അയിത്തക്കാരും അസ്പൃശ്യരുമായി പുറന്തള്ളപ്പെട്ടു. എങ്കിലും ആര്യ-ദ്രാവിഡ സംസ്കാരത്തിന്റെ സഹിഷ്ണുതയുടെ പ്രതീകമായി ആണ്ടിലൊരിക്കല്‍ കാവു സന്ദര്‍ശിക്കാനുള്ള അവസരം അവര്‍ക്ക് നല്കപ്പെട്ടു. ഇതാണ് കാവുതീണ്ടല്‍. ഭരണിപ്പാട്ട് എന്നറിയപ്പെടുന്ന അശ്ളീലച്ചുവയുള്ള പാട്ടുകള്‍ ഇവിടെ താവളമാക്കിയ ബുദ്ധജൈനസന്ന്യാസിമാരെ കുടിയൊഴിപ്പിക്കാനായി ആര്യമേധാവികള്‍ വികസിപ്പിച്ചെടുത്ത ഒരു വഴിയാണെന്നു ചിലര്‍ കരുതുന്നു. മറ്റു ചിലര്‍ അത് സ്വന്തം ഭൂമിയില്‍ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആദിമജനതയുടെ രോഷപ്രകടനമായാണ് കാണുന്നത്.

ചേരന്‍ ചെങ്കുട്ടുവന്‍ പ്രതിഷ്ഠിച്ച കണ്ണകിയുടെ സ്മാരകശില പിന്നീട് മാറ്റങ്ങള്‍ക്ക് വിധേയമായി കാളീക്ഷേത്രമായി രൂപാന്തരം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്. മഹായാമന്‍ പാലിഭാഷയില്‍ രചിച്ച മഹാവംശത്തില്‍ എ.ഡി. 2-ാം നൂറ്റാണ്ടില്‍ ഗജബാഹു സിലോണില്‍ വാണിരുന്നതായും വഞ്ചിയില്‍ വന്ന് പത്തിനീദേവി പ്രതിഷ്ഠാഘോഷത്തില്‍ പങ്കെടുത്തതായും പറഞ്ഞുകാണുകയാല്‍ 1800 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊടുങ്ങല്ലൂരില്‍ കണ്ണകീപ്രതിഷ്ഠ നടന്നതായി കണക്കാക്കാം. ചേരന്‍ ചെങ്കുട്ടവന്‍ പ്രതിഷ്ഠിച്ച വിഗ്രഹം ഒറ്റമുലയുള്ള കണ്ണകിയുടെതായിരുന്നു എന്നാണ് സാഹിത്യപരാമര്‍ശം. വസൂരിമാലയ്ക്ക് മാത്രമേ ഈ ആകാരസാമ്യം ഉള്ളൂ.

കുരുംബ ഭഗവതി ക്ഷേത്രം മുമ്പ് ഒരു ബൗദ്ധക്ഷേത്രമായിരുന്നുവെന്ന് പല ചരിത്രകാരന്മാരും അഭിപ്രായപ്പെടുന്നു. അവിടെ ബലിക്കല്ലായി ഉപയോഗിച്ചിരുന്ന വൃത്താകാരത്തിലുള്ള ശിലയിന്മേല്‍ കാണുന്ന പദ്മദളങ്ങള്‍ ഒരു ബൗദ്ധസ്തൂപത്തിന്‍റെ ഭാഗമായിരുന്നു ഈ ശിലയെന്ന് വെളിപ്പെടുത്തുന്നുണ്ട്. ബൌദ്ധരെ ഓടിക്കുവാന്‍ വേണ്ടിയാണ് ഈ ക്ഷേത്രത്തില്‍ കോഴിവെട്ടും തെറിപ്പാട്ടും ആരംഭിച്ചതെന്ന ഐതിഹ്യത്തില്‍ കഴമ്പുണ്ടാകാമെന്ന് പി.കെ. ഗോപാലകൃഷ്ണന്‍ വിശ്വസിക്കുന്നു. ക്ഷേത്ര വിഗ്രഹം ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം എന്നും ഊര്‍വരതയ് പൂജയാണ് ബലിയിലൂടെ അര്‍ഥമാക്കുന്നതെന്നും അദ്ദേഹം കരുതുന്നു.

'കൊടും കല്ലൂര്' ആണ് കൊടുങ്ങല്ലൂര്‍ ആയതെന്നും ജൈനക്ഷേത്രങ്ങള്‍ക്കാണ് 'കല്ല്' എന്നു പറയാറുള്ളതെന്നും കാരണം ഈ ക്ഷേത്രം ഒരു ജൈന ക്ഷേത്രമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്. പില്ക്കാലത്ത് ശിവക്ഷേത്രമായി പരിണമിച്ചെങ്കിലും മുന്‍ കാലത്ത് തൃക്കണാമതിലകം ശിവക്ഷേത്രവും മറ്റും ജൈനക്ഷേത്രങ്ങളായിരുന്നെന്ന് പഴമയുണ്ട്. കൊടുങ്ങല്ലൂര്‍ ക്ഷേത്രം ഭഗവതി ക്ഷേത്രമെന്ന നിലയ്ക്കാണ് ഏറെ പ്രസിദ്ധി എങ്കിലും ശിവന്‍ ഇവിടെ മുഖ്യ ദേവനാണെന്നുള്ളതിനു തെളിവാണ് 108 ശിവാലയ സ്തോത്രത്തില്‍ ഈ ദേവന് ലഭിച്ച അംഗീകാരം.

ഐതിഹ്യം കേരളത്തില്‍ ഭദ്രകാളിയെ ആദ്യമായി കുടിയിരുത്തിയ ക്ഷേത്രമാണ് ഇതെന്നും പറയുന്നു. മാതൃസത്ഭാവം എന്ന ഗ്രന്ഥത്തില്‍ 'കോടി' ക്ഷേത്രത്തിലാണ് ഭദ്രകാളിയെ കുടിയിരുത്തിയതെന്നും വളരെയധികം താന്ത്രികവിദ്യകള്‍ ഇതിനു വേണ്ടി പ്രയോഗിച്ചശേഷമാണ് കുടിയിരുത്താന്‍ കഴിഞ്ഞതെന്നും പറയുന്നു. കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹത്താലാണ് കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ മഹാഭാരതം അനായാസേന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് എന്നൊരു വിശ്വാസമുണ്ട്.

പുരാണ കഥാഖ്യാനപ്രകാരം, ദുഷ്ടനായ ദാരികാസുരനില്‍ നിന്ന് സമസ്തലോകത്തെ രക്ഷിക്കാന്‍ പരമശിവന്റെ തൃക്കണ്ണില്‍ നിന്ന് ഭദ്രകാളി ജനിക്കുകയും, ദാരികനിഗ്രഹത്തിനു ശേഷവും കോപം ശമിക്കാത്ത ദേവിയുടെ കോപമടക്കുവാന്‍ വേണ്ടി ഭൂതഗണങ്ങള്‍ തെറിപ്പാട്ടും, ബലിയും, നൃത്തവുമായി ദേവിയുടെ കോപം ശമിപ്പിച്ചു. ദേവി സന്തുഷ്ടയാവുകയും അതിന്റെ പ്രതീകാത്മകമായ ആചാരവും അനുഷ്ഠാനവുമാണ് കൊടുങ്ങല്ലൂര്‍ ഭരണി എന്നാണ് ഐതിഹ്യം. മദ്യം, മാംസം, മത്സ്യം, മൈഥുനം, മുദ്ര എന്നീ പഞ്ചമകാര പൂജയിലൂടെ ദേവി പ്രസാദിക്കും എന്നാണ് വിശ്വാസം.

ഇന്നത്തെ ദേവിക്ഷേത്രത്തില്‍നിന്നും ഏകദേശം 300 മീറ്റര്‍ തെക്ക് മാറി ദേശീയപാത 17-ന് ചേര്‍ന്ന് റോഡിന്‍ കിഴക്കുഭാഗത്ത് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകുരുംബമ്മ ക്ഷേത്രവും ശ്രീകുരുംബക്കാവും സ്ഥിതി ചെയ്യുന്നു. ഇവിടെയാണ് ചേരന്‍ ചെങ്കുട്ടവന്‍ പത്തിനിക്കടവുള്‍ പ്രതിഷ്ഠ നടത്തിയത്. എന്നാല്‍ പരശുരാമന്‍ തപസ്സ് ചെയ്തു ദേവിയെ ഇവിടെ പ്രത്യക്ഷപ്പെടുത്തിയെന്നും മഹാമേരു ചക്രത്തില്‍ ദേവിയെ ആവാഹിച്ചെടുത്ത് പ്രതിഷ്ഠിച്ചെന്നും മറ്റൊരു ഐതിഹ്യം ഉണ്ട്. പിന്നീട് ശങ്കരാചാര്യരാണ് ദേവിയെ ഇന്നത്തെ ക്ഷേത്രത്തില്‍ മാറ്റി പ്രതിഷ്ഠിച്ചത് എന്നാണ് വിശ്വാസം.

മീനഭരണിയുടെ തലേ ദിവസം നടത്തപ്പെടുന്ന അശ്വതിപൂജ 'തൃച്ചന്ദന ചാര്‍ത്ത്' എന്നും അറിയപ്പെടുന്നു. ദാരികനുമായുള്ള യുദ്ധത്തില്‍ ദേവിക്കുണ്ടായ മുറിവുകള്‍ക്കുള്ള ചികിത്സയെയാണ് തൃച്ചന്ദന ചാര്‍ത്തല്‍ പൂജയെ സങ്കല്പിക്കുന്നത്. തുടര്‍ന്ന് ഏഴുദിവസം നടയടച്ച് നടതുറപ്പുവരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്ന പൂജകളെ ദേവിയുടെ വിശ്രമവും പൂര്‍ണ ആരോഗ്യത്തിനുവേണ്ട ചികിത്സാക്രമങ്ങളായിട്ടാണ് സങ്കല്പം.

ക്ഷേത്രത്തിലെ രഹസ്യ അറയില്‍ കണ്ണകിയുടെ അവശിഷ്ടങ്ങള്‍ ഉണ്ടെന്ന് വി.റ്റി. ഇന്ദുചൂഡന്‍ അഭിപ്രായപ്പെടുന്നു.

ഭരണി ഉത്സവം ആരംഭിച്ചതിനെ ചൊല്ലി നിരവധി നിഗമനങ്ങളുണ്ട്. ചോഴന്മാരെ നേരിടാന്‍ പുറപ്പെടുന്നതിനു മുമ്പ് ആത്മീയമായും സാമുദായികമായും ഉന്നതി കൈവരിക്കാന്‍ കുലശേഖരരാജാവ് രാമവര്‍മകുലശേഖരന്‍ നടത്തിയ ഏതെങ്കിലും യജ്ഞത്തിന്റെ ആചാരമായിട്ടു ഭരണി ഉത്സവത്തെ കണക്കാക്കുന്നു.

നിര്‍മാണശൈലി ക്ഷേത്രസമുച്ചയത്തിന്റെ മൊത്തം വിസ്തീര്‍ണം 10 ഏക്കര്‍ ആണ്. ചതുരാകൃതിയിലുള്ള ചുറ്റമ്പലത്തിനുള്ളിലാണ് ശ്രീകോവില്‍. ധ്വജപ്രതിഷ്ഠയില്ല എന്നത് ഈ ക്ഷേത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിനു മുന്നില്‍ നിരവധി അരയാലും പേരാലും ഉണ്ട്. ക്ഷേത്ര നിര്‍മാണശൈലി പരിശോധിക്കുമ്പോള്‍ ശിവക്ഷേത്രത്തിന് വളരെ പ്രാധാന്യം നല്‍കിയിട്ടുള്ളതായി കാണുന്നു. ശിവന്റെ പ്രതിഷ്ഠയോട് ബന്ധപ്പെട്ടതാണ് മണ്ഡപത്തിന്റെ നിര്‍മാണരീതി. തിടപ്പള്ളി, വലിയ ബലിക്കല്ല്, നാലമ്പലം, ആനപ്പന്തല്‍, മണ്ഡപം, ബലിക്കല്പുര, ഗണപതിപ്രതിഷ്ഠ, സപ്തമാതൃക്കള്‍ എല്ലാം തന്നെ ശിവക്ഷേത്രത്തിന്‍റെ ശില്പശാസ്ത്രവിധി പ്രകാരമാണ്. ശിവന്‍റെ ശ്രീകോവിലിനു നേര്‍ക്കാണ് മുഖമണ്ഡപം സ്ഥിതി ചെയ്യുന്നത്. മുഖമണ്ഡപത്തിന്റെയും ബലിക്കല്‍പ്പുരയുടെയും തട്ട് നവഗ്രഹങ്ങള്‍ കൊത്തിയ ഒറ്റപ്പലകയില്‍ തീര്‍ത്തതും, മണ്ണുത്തരം, ചിറ്റുത്തരം മുതലായവയില്‍ രാമായണം, മഹാഭാരതം എന്നിവയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. അതുപോലെ കരിങ്കല്‍ത്തൂണുകളില്‍ മനോഹരമായ കൊത്തുപണികളും കാണാം. ശ്രീകോവിലിന്റെ കിഴക്കുഭാഗത്ത് ഒരു രഹസ്യ അറയാണ്. പരശുരാമന്‍ സൃഷ്ടിച്ച മഹാമേരുചക്രവും ശ്രീ ശങ്കരാചാര്യര്‍ പ്രതിഷ്ഠിച്ച ശ്രീചക്രവും ഈ രഹസ്യ അറയില്‍ ഉണ്ടെന്നാണ് വിശ്വസിച്ചുവരുന്നത്. ഈ അറയ്ക്കു പടിഞ്ഞാറ് ഭാഗത്ത് ഒരു വാതിലുണ്ട്. ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള ഈ കവാടത്തിനുമുന്നില്‍ എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. രഹസ്യ അറയ്ക്ക് ശ്രീമൂലസ്ഥാനം എന്നു പറയുന്നു. ചേരന്‍ ചെങ്കുട്ടുവന്‍ മൂലപ്രതിഷ്ഠയായ കണ്ണകി പ്രതിഷ്ഠ നിര്‍വഹിച്ച ശ്രീമൂലസ്ഥാനം രഹസ്യ അറയാക്കിയിരിക്കുകയാണ്. അതിന്റെ മുഖം ശ്രീകോവിലിലേക്കാണ്. ശ്രീകോവിലിലേക്കുമാത്രം ഒരു ചെറിയ കവാടമുള്ളതും, മറ്റുഭാഗങ്ങള്‍ കരിങ്കല്ലുകൊണ്ട് അടച്ചു കെട്ടിയതുമായ രഹസ്യ അറയുടെ കവാടത്തിന്‍ ഏകദേശം മൂന്നടി ഉയരവും രണ്ടടി വീതിയും കാണും. കവാടത്തിലേക്ക് കയറിച്ചെല്ലാന്‍ മൂന്ന് തൃപ്പടികളും ശ്രീകോവിലിനുള്ളിലുണ്ട്.

ക്ഷേത്രത്തിലെ ശിവന്റെ നടയ്ക്കുള്ള മണ്ഡപത്തിന്റെ വടക്കേ അറ്റത്തായി നാലമ്പലത്തിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായിട്ടാണ് രണ്ട് നിലയുള്ള പള്ളിമാടം. നിത്യേന വിളക്കുവയ്പ്പ് നടത്തുന്ന പള്ളിമാടത്തിലാണ് ദേവിയുടെ പള്ളിവാളും ചിലമ്പും പ്രതിഷ്ഠിച്ചിരിക്കുന്നത്. അശ്വതി കാവുതീണ്ടലിനു നടയടച്ചതിനു ശേഷം പിന്നീട് നട തുറക്കുന്നതുവരെ വഴിപാടുകള്‍ ഭക്തജനങ്ങള്‍ പള്ളിമാടത്തിനു മുന്നിലാണ് അര്‍പ്പിക്കാറ്.

പ്രതിഷ്ഠകള്‍ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ഭദ്രകാളിയാണ്. വരിക്കപ്ളാവില്‍ നിര്‍മിച്ച വിഗ്രഹത്തിന്റെ ദര്‍ശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൗദ്രഭാവത്തില്‍ ദാരികവധത്തിനുശേഷം പ്രദര്‍ശിപ്പിച്ച വിശ്വരൂപത്തില്‍ സങ്കല്പിക്കുന്നു. വിഗ്രഹത്തില്‍ എട്ട് കൈകള്‍ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല. വിഗ്രഹത്തിനു ഉദ്ദേശം പീഠത്തോടുകൂടി ആറടി ഉയരമുണ്ട്. വലത്തെ കാല്‍ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയില്‍ കിരീടമുണ്ട്.

രഹസ്യ അറ ശ്രീകോവിലിനുള്ളില്‍ പടിഞ്ഞാറോട്ട് ദര്‍ശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നില് എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടപ്പെട്ടിരിക്കുകയാണ്. പടിഞ്ഞാറോട്ട് ദര്‍ശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വര്‍ണഗോളകകൊണ്ട് പൊതിഞ്ഞതുമായ അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കോട്ട് ദര്‍ശനമായി മറ്റൊരു അര്‍ച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്.

ക്ഷേത്രത്തിന്റെ പരമാധികാരി വലിയ തമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദര്‍ശനത്തിന്‍ വരുന്ന അവസരത്തിലോ കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഒരു സന്തതിയെ ഒന്നാം പിറന്നാളിന് ദേവിക്ക് മുന്നില്‍ (പടിഞ്ഞാറേ നടയ്ക്കല്‍) അടിമ കിടത്താന്‍ കൊണ്ട് വരുകയോ ചെയ്യുന്ന അവസരത്തിലോ മാത്രമേ ശ്രീകോവിലിന്റെ പടിഞ്ഞാറെനട തുറക്കുകയുള്ളൂ. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കല്‍ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാല്‍ പടിഞ്ഞാറെ നടയ്ക്കല്‍ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തില്‍ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകുമാത്രം തുറന്നുകൊടുക്കും. തമ്പുരാന്‍ നമസ്കരിച്ച് എഴുന്നേല്‍ക്കും മുമ്പ് നട അടച്ചുകഴിയും.

ശിവന്‍ ശിവന്റെ ദര്‍ശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകള്‍ വെട്ടുകല്ലുകൊണ്ടും തീര്‍ത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.

മീനഭരണി ഉത്സവം

ക്ഷേത്രപാലകന്‍ വടക്കേനടയില്‍ കിഴക്കോട്ട് നീങ്ങിയുള്ളത് ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലന്‍ 12 അടിയോളം ഉയരമുള്ള വിഗ്രഹമാണ്. ഇതാണ് കേരളത്തില്‍ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. മലബാറിലെ ക്ഷേത്രപാലകക്ഷേത്രങ്ങളില്‍ ക്ഷേത്രപാലന്‍ കൊടുങ്ങല്ലൂരില്‍നിന്നു വന്നു എന്നാണ് ഐതിഹ്യം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്. പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ് (ശര്‍ക്കരപായസത്തില്‍ തൈര് ചേര്‍ത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലില്‍ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.

ദേവി ക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടയ്ക്കലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകന്റെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിന്‍ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷം ക്ഷേത്രപാലകന്റെ തൃപ്പടികളില്‍ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകനെ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാര്‍ത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്.

തവിടാട്ട് മുത്തി ചാമുണ്ഡി രൂപത്തിലുള്ള മൂര്‍ത്തിയാണിത്. മേല്‍ക്കൂരയോ ചുറ്റുമതിലോ ഇല്ല. പുറത്ത് ശിവന്റെ നടയ്ക്കല്‍ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേര്‍ന്നാല്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുഭവപ്പെടുന്ന ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം.

ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ വിഗ്രഹം എട്ട് തൃക്കൈകളോടുകൂടിയ ദേവിരൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങള്‍ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പദ്മശാലീയര്‍ക്കാണ്.

വസൂരിമാല ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലുള്ള പ്രതിഷ്ഠയാണ് വസൂരിമാല. വടക്കോട്ടാണ് ദര്‍ശനം. ഇതിന് മേല്‍ക്കൂരയില്ല. വിഗ്രഹത്തിന് നാല് അടിയോളം ഉയരമുണ്ട്. മഞ്ഞള്‍പ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തില്‍ പ്രത്യേക പീഠത്തില്‍ വസൂരിമാല സങ്കല്പത്തില്‍ നിത്യപൂജയും നിവേദ്യങ്ങളും നടത്തി വരുകയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പദ്മദളം വരച്ച് കുരുമുളക്, മഞ്ഞള്‍ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായിരിക്കണം വസൂരിമാല. പദ്മദളം സ്ത്രീലിംഗത്തിന്റെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. വസൂരി പോലുള്ള അസുഖങ്ങള്‍ വരാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് 'ഗുരുതി' നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാര്‍ത്തുക.

സപ്തമാതൃക്കള്‍ ശിവന്റെ ശ്രീകോവിലിന്റെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടര്‍ച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തില്‍ വടക്കോട്ട് ദര്‍ശനമായി മൂന്ന് നടകളിലായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂര്‍ത്തിയായ ഭഗവതിയെയും കൂട്ടിയാല്‍ അഷ്ടമാതൃക്കളാകും.

സപ്തമാതൃക്കളായ ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൗമാരി, ഇന്ദ്രാണി, വരാഹി, നാരസിംഹി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രന്‍ എന്നിവരെയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ദേവീവിഗ്രഹം നിര്‍മിച്ച അതേ വരിക്കപ്ളാവിന്റെ കമ്പുകള്‍ കൊണ്ടാണ് സപ്തമാതൃക്കളുടെ വിഗ്രഹവും നിര്‍മിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കല്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.

കുരുംബക്കാവ് ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍നിന്നും ഏകദേശം 300 മീ. തെക്ക് മാറി ദേശീയപാത 17-ന് ചേര്‍ന്ന് പടിഞ്ഞാറോട്ട് ദര്‍ശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നും ദേവിയെ ഇന്നത്തെ ക്ഷേത്രത്തില്‍ മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. താലപ്പൊലിയോടനുബന്ധിച്ചുള്ള രാപ്പകല്‍ എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. താലപ്പൊലി മഹോത്സവത്തിനോടനുബന്ധിച്ച് എത്തിച്ചേരുന്ന കുടുംബി സമുദായക്കാര്‍ ദേവീക്ഷേത്രത്തില്‍ നട തള്ളാനുള്ള ചെമ്മരിയാടുകളെയും പഴക്കുലയും വാദ്യഘോഷങ്ങളോടെ ആനയിക്കുന്നതും ശ്രീകുരുംബക്കാവില്‍ നിന്നുമാണ്. പരിസരവാസികളുടെയും ഭക്തജനങ്ങളുടെയും പരിശ്രമഫലമായി നിത്യേനയുള്ള വിളക്കുവയ്പ്പ് മുടങ്ങാതെ നടന്നുപോരുന്നു.

പൂജകള്‍ ക്ഷേത്രത്തിലെ തന്ത്രികള്‍ താമരശ്ശേരി മേയ്ക്കാട്ടുമനയിലെ അംഗങ്ങളാണ്. നമ്പൂതിരിമാരില്‍നിന്ന് അല്പം താഴെ എന്ന് കരുതുന്ന അടികള്‍ എന്ന പൂജാരിമാരാണ് ശാക്തേയ പൂജകള്‍ നിര്‍വഹിക്കുന്നത്. സാത്വിക പൂജകള്‍ നടത്തുന്നത് നമ്പൂതിരിമാരാണ്. ഓത്തില്ലാത്ത നമ്പൂതിരിമാരേ പൂജയ്ക്ക് വരാറുള്ളൂ. അടികള്‍ ക്ഷേത്രത്തിന്റെ ചുമതല മൂന്ന് മഠങ്ങള്‍ക്കായി പങ്കുവച്ചിരുന്നു. അവ മഠത്തില്‍ മഠം, കുന്നത്തു മഠം, നീലത്തും മഠം എന്നിങ്ങനെയാണ്. ക്ഷേത്രത്തിലെ പല ചടങ്ങുകളിലും അബ്രാഹ്മണസമ്പര്‍ക്കമാണ് മുന്നില്‍ നില്‍ക്കുന്നത്. ക്ഷേത്രഭരണം കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് നിര്‍വഹിക്കുന്നു.

സുവാസിനി പൂജ മംഗല്യവതികളായ സ്ത്രീകള്‍ കുടുംബ ഐശ്വര്യത്തിനും നെടുമംഗല്യത്തിനും വേണ്ടി നേരിട്ട് നടത്തുന്ന സമൂഹ അര്‍ച്ചനയാണിത്. കുഡുംബി സമുദായത്തിലെ സ്ത്രീകള്‍ ആണ് പ്രധാനമായും കൊടുങ്ങല്ലൂര്‍ താലപ്പൊലി ദിവസത്തില്‍ സുവാസിനി പൂജ ആചരിക്കുന്നത് .

വഴിപാടുകള്‍ എറ്റവും പ്രധാനപ്പെട്ട വഴിപാട് വെടിവഴിപാടാണ്. വലിയ വെടി, ചെറിയ വെടി എന്നിങ്ങനെ രണ്ടു തരം വഴിപാടുകള്‍ ഉണ്ട്. ബുദ്ധമതത്തിന്റെ മറ്റൊരു സംഭാവനയായാണ് കതിന വെടികളെ കാണുന്നത്.

ഗുരുതിയാണ് മറ്റൊരു വഴിപാട് ശത്രുദോഷത്തിനു പരിഹാരമായി ചെയ്യുന്ന വഴിപാടാണിത്. ഗുരുതി വഴിപാട് നടത്തിവരുന്നത് വസൂരിമാല ക്ഷേത്രനടയ്ക്കലാണ്. ഉഗ്രരൂപിണിയായ ദേവിയുടെ ഉഗ്രത വര്‍ദ്ധിക്കാതിരിക്കാനാണ് ഗുരുതി നടത്തിയിരുന്നത് എന്നാണ് വിശ്വാസം. വൃശ്ചിക-ധനു മാസങ്ങളിലെ മണ്ഡലകാലങ്ങളിലും, മീനഭരണിക്ക് തുടക്കംകുറിക്കുന്നതുതൊട്ട് ക്ഷേത്രനട തുറക്കും വരെയും ഗുരുതി വഴിപാട് നടത്താറില്ല. വസൂരിമാലയ്ക്ക് മഞ്ഞള്‍പ്പൊടി ആടിക്കലാണ് പ്രധാന വഴിപാട്. ഒരു പ്രാവശ്യം ആടിച്ച പൊടി വീണ്ടും ആടിക്കാന്‍ ഉപയോഗിക്കാറുണ്ട്.

ക്ഷേത്രപാലകന് പ്രധാന വഴിപാട് ചമയമാണ്. 101 നാളികേരം ഉടയ്ക്കലും 101 വസ്ത്രം ഉടുപ്പിക്കലും ഇതില്‍ പെടും. ക്ഷേത്രപാലകനുള്ള മറ്റൊരു വഴിപാട് പുളിഞ്ചാമൃതമാണ്. തവിടാടുമുത്തിക്കുള്ള പ്രധാന വഴിപാട് തവിട് ആടിക്കലാണ്. അതിനുള്ള അവകാശം പദ്മശാലീയര്‍ക്കാണ്. ശ്വാസം സംബന്ധിക്കുന്ന രോഗങ്ങള്‍ മാറിക്കിട്ടും എന്നാണ് വിശ്വാസം. ഒറ്റയപ്പവും ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടായി നടത്തപ്പെടുന്നു. ഗുരുതി പുഷ്പാഞ്ജലി, രക്ത പുഷ്പാഞ്ജലി, ശത്രുസംഹാര പുഷ്പാഞ്ജലി, മഹിഷാസുര മര്‍ദിനി പുഷ്പാഞ്ജലി എന്നിവയും പ്രധാന വഴിപാടുകളില്‍ ഉള്‍പ്പെടും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍