This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടിമരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടിമരം

പ്രശസ്തി, പ്രഭാവം, പ്രൌഢി എന്നിവ സൂചിപ്പിക്കുന്നതിന് ദേവമന്ദിരങ്ങളിലും രാജമന്ദിരങ്ങളിലും സ്ഥാപിക്കുന്ന ധ്വജസ്തംഭം. സ്വര്‍ണം, വള്ളി, ചെമ്പ്, ഓട്, പഞ്ചലോഹം എന്നിവ കൊണ്ടാണ് സാധാരണയായി കൊടിമരം നിര്‍മിക്കാറുള്ളത്. ഏതു ലോഹം കൊണ്ടു നിര്‍മിച്ചാലും അതിന്റെ ഉള്ളില്‍ മരം കൊണ്ടുള്ള തൂണ് ഉണ്ടായിരിക്കണം. അതാണ് കൊടിമരം (കൊടി ഉയര്‍ത്തികെട്ടുവാനുള്ള മരം) എന്നതിന്റെ അര്‍ഥം. തേക്കുമരമാണ് സാധാരണ ഇതിനായി ഉപയോഗിച്ചുവരുന്നത്. ഈ മരത്തിന് 'ജാതി' എന്നും ചില സ്ഥലങ്ങളില്‍ പേരുണ്ട്. കൊടിമരത്തിന്റെ പ്രതിഷ്ഠ, സമ്പത്ത്, ചൈതന്യം, ഐശ്വര്യം മുതലായവയ്ക്ക് കാരണമാണെന്നും കൊടിമരത്തിന്റെ നാശം ആപത്സൂചകമാണെന്നുമാണ് വിശ്വാസം.

'ധ്വജ ഏവചാഭിദധാതി ജഗതി

നിമിത്തൈ: ഫലം സദസത്'

(ലോകത്തില്‍ ധ്വജം തന്നെ നിമിത്തങ്ങള്‍കൊണ്ട് സത്തോ അസത്തോ ആയ ഫലം പറയുന്നു) എന്നാണ് പ്രമാണം.

കൊടിമരം

ഈശ്വരോപാസന സഗുണമെന്നും നിര്‍ഗുണമെന്നും രണ്ടുതരത്തിലാണുള്ളത്. നിര്‍ഗുണോപാസനയിലേക്കു കയറുവാനുള്ള പടിയാണ് സഗുണോപാസന. നിര്‍ഗുണോപസനയില്‍ക്കൂടി ഈശ്വര സാക്ഷാത്കാരം നേടുകയാണ് ജീവിതലക്ഷ്യം. സഗുണോപാസനയാകുന്ന സോപാനത്തില്‍ക്കൂടി മാത്രമേ മന്ദബുദ്ധികള്‍ക്ക് എത്താന്‍ സാധ്യമാകൂ. നിര്‍വിശേഷം പരബ്രഹ്മസാക്ഷാത്കര്‍ത്തുമനീശ്വരാ യേമന്ദാസ്തേ/നുകമ്പ്യന്തേ സവിശേഷനിരൂപണൈ (നിര്‍ഗുണമായ പരബ്രഹ്മത്തെ സാക്ഷാത്കരിക്കുവാന്‍ കഴിവില്ലാത്ത മന്ദന്മാരാണ് സഗുണോപാസനയില്‍ അനുഗ്രഹിക്കപ്പെടുന്നത്) എന്ന് ഇക്കാര്യം ആചാര്യന്മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആ സോപാനത്തില്‍ക്കൂടി കയറിപ്പോയാല്‍ ആ ലക്ഷ്യത്തിലെത്താം. സഗുണോപാസനയുടെ പ്രധാന ഘടകം ക്ഷേത്രമാണ്. ക്ഷേത്രത്തില്‍ ഈശ്വരചൈതന്യം മതില്ക്കകം മുഴുവന്‍ വ്യാപിച്ചു നില്ക്കുന്നു എന്നാണ് വിശ്വാസം. താന്ത്രിക വിധിപ്രകാരമുള്ള പ്രതിഷ്ഠ, ശാസ്ത്രപ്രകാരം നിര്‍മിച്ച പ്രാസാദവും തദംഗങ്ങളും നിത്യപൂജ, ഉത്സവം, വേദമന്ത്രജപം, പുരാണ പാരായണം, ആചാര്യന്റെ (തന്ത്രി) തപശ്ശക്തി എന്നിവയാണ് ചൈതന്യാഭിവൃദ്ധിക്ക് ആസ്പദം. പ്രാസാദം പോലെ തന്നെ പ്രാസാദാംഗങ്ങള്‍ക്കും പ്രാധാന്യമുണ്ട്. കൊടിമരം, മണ്ഡപം മതില് (പ്രാകാരം), നാലമ്പലം, അഗ്രശാല, ഗോപുരം മുതലായവയാണ് പ്രാസാദാംഗങ്ങള്‍. ഈ അംഗങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ പ്രാസാദത്തിനു പൂര്‍ണതയുള്ളൂ. ഇവയില്ലെങ്കില്‍ അംഗവൈകല്യമുള്ളതാകും. ദേവപ്രതിഷ്ഠ, ധ്വജപ്രതിഷ്ഠ എന്നു പറയുന്നതില്‍ നിന്നും അംഗങ്ങളില്‍ പ്രധാനം കൊടിമരമാണെന്നു വരുന്നു; ഇതിനു രണ്ടിനും മാത്രമേ 'പ്രതിഷ്ഠ' ശബ്ദം ചേര്‍ത്തു വ്യവഹരിക്കാറുള്ളൂ. ക്ഷേത്രത്തെ ദേവശരീരമായും കൊടിമരത്തെ ആ ശരീരത്തിലെ നട്ടെല്ലായുമാണ് സങ്കല്പിക്കുന്നത്. കൊടിമരം മാറ്റി പ്രതിഷ്ഠിക്കുമ്പോള്‍ പഴയ കൊടിമരത്തിലെ പ്രാണനെ ഉദ്വസിച്ച് അതിനെ സംസ്കരിക്കണമെന്നും വ്യവസ്ഥയുണ്ട്. സ്ഥിരമായ 'കൊടിമരം' ഇല്ലാത്ത ക്ഷേത്രങ്ങളില്‍ ഉത്സവാവസരങ്ങളില്‍ അടയ്ക്കാമരം കുഴിച്ചുനിര്‍ത്തി കൊടിയേറ്റാറുണ്ട് .

കൊടിമരം പ്രാസാദത്തിന്റെ പുരോഭാഗത്തു നിന്നും ഇത്രദൂരം അകലത്തിലായിരിക്കണമെന്നും ഇത്ര ഉയരം ഉണ്ടായിരിക്കണമെന്നും മുകളില്‍ അതത് ദേവന്റെ വാഹനം ചിഹ്നമായി ഉണ്ടാകണമെന്നും അടിയില്‍ തറ വേണമെന്നും മറ്റും നിബന്ധനകള്‍ ഉണ്ട്. കൊടിയടയാളം നോക്കി ദേവനെ അഥവാ യജമാനനെ തിരിച്ചറിയാന്‍ കഴിയുന്നു. ക്ഷേത്രങ്ങളില്‍ ദേവനെ ദര്‍ശിക്കുവാന്‍ സന്ദര്‍ഭം കിട്ടാത്ത സമയം വാഹനത്തെ തൊഴുതു വന്ദിച്ചാലും ദേവദര്‍ശനഫലം സിദ്ധിക്കും എന്നാണു വിശ്വാസം. വാഹനം ശിവനു കാളയും ഭഗവതിക്കു സിംഹവും വിഷ്ണുവിനു ഗരുഡനും സുബ്രഹ്മണ്യനു മയിലും ഗണപതിക്കു മൂഷികനും ആകുന്നു. കൊടിക്കൂറ മിക്കവാറും ക്ഷേത്രങ്ങളില്‍ ദേവന്റെ വടക്കു ഭാഗത്താണ് കണ്ടു വരുന്നത്. ; തെക്കുവശത്തും ഇല്ലാതില്ല. ചൈതന്യാഭിവൃദ്ധി, രാജത്വം, ഭക്തന്മാരെ അനുഗ്രഹിക്കുവാനുള്ളുപാധി മുതലായ പലതും കൊടിമരം വിളിച്ചോതുന്നു.

പ്രത്യേകാവശ്യങ്ങള്‍ക്കു കൊടിനാട്ടാന്‍ ഉപയോഗിക്കുന്ന സ്തംഭങ്ങളും കൊടിമരം എന്ന പേരില്‍ അറിയപ്പെടുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ കൊടിമരമായി ഉപയോഗിക്കുന്നത് പലപ്പോഴും മരമായിരിക്കയില്ല എന്നൊരു പ്രത്യേകതയുമുണ്ട്. ഗവണ്‍മെന്റ് മന്ദിരങ്ങള്‍ക്കു മുന്നില്‍ ദേശീയപതാക നാട്ടാനും രാഷ്ട്രീയപാര്‍ട്ടികളുടെ ഓഫീസിനു മുന്നില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ചിഹ്നമുള്ള കൊടിനാട്ടാനും വിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റും ദേശീയപതാക നാട്ടാനും ഇത്തരം കൊടിമരങ്ങള്‍ ഉപയോഗിച്ചുവരുന്നു. സൈനികമായ ആവശ്യങ്ങള്‍ക്കും കൊടിയും മരവും ഉപയോഗിച്ചിരുന്നു. ഭാരതീയേതിഹാസങ്ങളിലും പുരാണങ്ങളിലും വിവരിക്കുന്ന യുദ്ധത്തില്‍ പ്രത്യേകം അടയാളമുള്ള കൊടികള്‍ ഉപയോഗിച്ചിരുന്നതായി വിവരണങ്ങള്‍ ഉണ്ട്. ആനപ്പുറത്തും തേരിലും കൊടി എഴുന്നള്ളിച്ചിരുന്നു. യുദ്ധത്തില്‍ ശത്രുവിന്റെ കൊടിയും കൊടിമരവും നശിപ്പിച്ചാല്‍ ശത്രുസൈന്യങ്ങളില്‍ അച്ചടക്കമില്ലായ്മയും ഒരു പക്ഷേ ശത്രുവിനു പരാജയം തന്നെയും ഉണ്ടാകാമെന്നും കരുതിയിരുന്നു. 1947 ആഗ. 14ന് രാത്രി 12 മണിക്ക് ഡല്‍ഹിയിലെ ചുവപ്പുകോട്ടയിലെ കൊടിമരത്തില്‍ നിന്ന് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കൊടി ഇറക്കി ആ സ്ഥാനത്ത് ത്രിവര്‍ണപതാക കയറ്റിയ സംഭവം സ്വതന്ത്ര ഇന്ത്യയുടെ പിറവിയെ സൂചിപ്പിക്കുന്നതാണ്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%9F%E0%B4%BF%E0%B4%AE%E0%B4%B0%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍