This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊടിത്തൂവ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊടിത്തൂവ

കൊടിത്തൂവ

യുഫോര്‍ബിയേസി സസ്യകുടുംബത്തില്‍പ്പെട്ട ഒരു ഓഷധി. ശാ.നാ.: ട്രാജിയ ഇന്‍വെലുക്രേറ്റ (Tragia involucrata). ട്രാഗസ് (Tragus) എന്ന ജര്‍മന്‍ ശാസ്ത്രജ്ഞന്റെ ഓര്‍മയ്ക്കായിട്ടാണ് ഇതിന് ട്രാജിയ എന്നപേരു നല്കിയിരിക്കുന്നത്. നിത്യഹരിതവും ചിരസ്ഥായിയുമായ ഈ ചെടി ഇന്ത്യയിലുടനീളം വളരുന്നു. ഏറ്റവുമധികം കാണപ്പെടുന്നത് പശ്ചിമതീരപ്രദേശങ്ങളിലും ഡക്കാണിലുമാണ്. പടര്‍ന്നുകയറുന്ന ഈ ചെടിയില്‍ ചൊറിച്ചുലുണ്ടാക്കുന്ന ദംശലോമങ്ങള്‍ (Stinging) ധാരാളമുണ്ട്. പത്രങ്ങള്‍ സരളങ്ങളും ഏകാന്തരന്യാസത്തില്‍ ക്രമീകരിച്ചിട്ടുള്ളവയുമാണ്. അണ്ഡാകാരമായി ലംബാഗ്രത്തോടുകൂടിയ ഇലകള്‍ക്ക് പത്തു സെ.മീ.നീളവും ഏഴര സെ.മീ. വീതിയും കാണും; ഇലകള്‍ ദന്തുരങ്ങളുമാണ്. ഇലകള്‍ക്കെതിര്‍ഭാഗത്തായി കാണപ്പെടുന്ന സ്തൂപമഞ്ജരിയുടെ മുകളിലായി ആണ്‍പൂക്കളും താഴെ പെണ്‍പൂക്കളും ഉണ്ടാകുന്നു. എണ്ണത്തില്‍ പെണ്‍പൂക്കളുടെ സംഖ്യ വളരെ കുറവായിരിക്കും. ഈ ചെടി എല്ലാക്കാലത്തും പൂക്കാറുണ്ട്. പൂക്കളുടെ നിറം പച്ചയാണ്. ഇവയ്ക്ക് ഇതളുകള്‍ കാണാറില്ല. എന്നാല്‍ അഞ്ചു പരിദള പുടങ്ങള്‍ കാണപ്പെടുന്നു. പുഷ്പങ്ങള്‍ എല്ലാംതന്നെ ഉഭയലിംഗാശ്രയികളാണ്. മൂന്ന് കേസരങ്ങളും മൂന്ന് ജനിപത്രങ്ങളും കാണപ്പെടുന്നു. പ്രത്യേകം കോശങ്ങള്‍ക്കുള്ളിലായി സ്ഥിതി ചെയ്യുന്ന മൂന്ന് ബീജാണ്ഡങ്ങള്‍ ഇവയ്ക്കുണ്ട്. കായ്കള്‍ രണ്ടു കവാടങ്ങളുള്ള മൂന്നു ഫലാംശങ്ങള്‍ അടങ്ങിയ പുടമാണ്. വിത്തുകള്‍ക്ക് ഊന ഗോളാകൃതിയാണുള്ളത്.

കൊടിത്തൂവവേരിന്റെ നീരെടുത്ത് പാലും പഞ്ചസാരയും കൂട്ടി കുടിച്ചാല്‍ പനി, ചൊറി എന്നീ രോഗങ്ങള്‍ക്ക് വളരെ വേഗം ശമനം കിട്ടും. വേരിന്റെ നീര് ഗിനിപ്പുഴുരോഗത്തിനും ചില ത്വഗ്രോഗങ്ങള്‍ക്കും ഉത്തമൗഷധമായി കണക്കാക്കപ്പെടുന്നു. വേരുകൊണ്ടുള്ള കഷായം മൂത്രതടസ്സത്തിനും ശൂലരോഗത്തിനും നല്ല പ്രതിവിധിയാണ്. കായ്കള്‍ വെള്ളം ചേര്‍ത്തരച്ച് തലയില്‍ തേക്കുന്നത് കഷണ്ടി വരാതിരിക്കാന്‍ സഹായകമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍