This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ച്, കെ.കെ. (1949 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ച്, കെ.കെ. (1949 - )

കെ.കെ.കൊച്ച്

ദലിത്-സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനും. 1949 ഫെ. 20-ന് കോട്ടയം ജില്ലയിലെ കല്ലറയില്‍ കുഞ്ഞന്‍-കുഞ്ഞുപെണ്ണ് ദമ്പതികളുടെ മകനായി ജനിച്ചു. കേരളത്തിലെ അധഃസ്ഥിത ജനവിഭാഗങ്ങള്‍ നേരിട്ടിരുന്ന ജാതീയ വിവേചനങ്ങളും ദാരിദ്ര്യംവും ദലിത് സമൂഹത്തില്‍ ഉള്‍പ്പെട്ട ഇദ്ദേഹത്തിന്റെ കുടുംബത്തിനും നേരിടേണ്ടി വന്നിട്ടുണ്ട്. മധുരവേലി ഇന്‍ഫന്റ് ജീസസ് എല്‍.പി. സ്കൂള്‍, കല്ലറ എന്‍.എസ്.എസ്. ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം സാഹിത്യ രചനയിലുമേര്‍പ്പെട്ടു. എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായിരിക്കെ തീവ്ര ഇടതുപക്ഷ പ്രസ്ഥാനത്തില്‍ പങ്കാളിയായ കൊച്ചിന് രാഷ്ട്രീയ കാരണങ്ങളാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

വിദ്യാഭ്യാസാനന്തരം കമ്യൂണിസ്റ്റ് യുവജനവേദി പോലുള്ള സംഘടനകള്‍ രൂപീകരിക്കുകയും നിരവധി ബഹുജനസമരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. 1990-കള്‍ മുതല്‍ ദലിത്-ആദിവാസി സംഘടനാ പ്രവര്‍ത്തനങ്ങളോടൊപ്പം ജനാധിപത്യ-മനുഷ്യാവകാശ-പരിസ്ഥിതി പ്രസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്നു. സീഡിയന്‍, സൂചകം എന്നീ വാരികകളുടെ പത്രാധിപര്‍, നവംബര്‍ ബുക്സിന്റെ മാനേജിങ് എഡിറ്റര്‍, സബ്ജക്ട് ആന്‍ഡ് ലാങ്ഗ്വേജ് പ്രസ്സിന്റെ ജനറല്‍മാനേജര്‍ എന്നിങ്ങനെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചു. പ്രമുഖ ആനുകാലികങ്ങളില്‍ സാമൂഹ്യ-രാഷ്ട്രീയ പ്രശ്നങ്ങളെ സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. ഇവയില്‍ ഏതാനും ലേഖനങ്ങള്‍ ഇംഗ്ളീഷിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. കലാപവും സംസ്കാരവും (1991), അംബേദ്കര്‍ ദര്‍ശനം (1992), വായനയുടെ ദലിത് പാഠം (1997), കേരള ചരിത്രവും സമൂഹ രൂപീകരണവും, ബുദ്ധനിലേക്കുള്ള ദൂരം, ദലിത് നേര്‍ക്കാഴ്ചകള്‍ (2012) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍