This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുവേലുപ്പിള്ള, കീരിക്കാട് (1883 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചുവേലുപ്പിള്ള, കീരിക്കാട് (1883 - 1939)

കഥകളി നടന്‍. 1883-ല്‍ കാര്‍ത്തികപ്പള്ളിത്താലൂക്കില്‍ കണ്ടല്ലൂര്‍ പകുതിയില്‍ പള്ളിയമ്പില്‍ വീട്ടില്‍ ജനിച്ചു. പ്രസിദ്ധ വെള്ളത്താടി വേഷക്കാരനായ വലിയ നീലകണ്ഠപ്പിള്ളയായിരുന്നു പിതാവ്. കീരിക്കാട്ടു നാണുപിള്ളയുടെയും കേശവപ്പണിക്കരുടെയും കീഴില്‍ കഥകളി അഭ്യസിച്ചു. മാത്തൂര്‍ കുഞ്ഞുപ്പിള്ളപ്പണിക്കരുടെ കളിയോഗത്തില്‍ രണ്ടാംതരം വേഷക്കാരനായിട്ടാണ് ഇദ്ദേഹം അരങ്ങുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയത്.

ജന്മസിദ്ധിയും കര്‍മസിദ്ധിയും ഒത്തണങ്ങിയ വേലുപ്പിള്ള വേഷഭംഗി കൊണ്ടും അനുഗൃഹീതനായിരുന്നു. മധ്യതിരുവിതാംകൂറില്‍ ഏറെ ജനസമ്മതി നേടിയ കലാകാരനായിരുന്നു ഇദ്ദേഹം. ബകവധത്തില്‍ ഭീമന്‍, കാലകേയവധത്തില്‍ അര്‍ജുനന്‍, ഉത്തരാസ്വയംവരത്തില്‍ ബൃഹന്നള, നളചരിതത്തില്‍ നളന്‍, ബാഹുകന്‍, രാവണവിജയത്തില്‍ രാവണന്‍, കീചകവധത്തില്‍ കീചകന്‍ എന്നിവയായിരുന്നു ഇദ്ദേഹത്തിന്റെ പ്രസിദ്ധവേഷങ്ങള്‍. പച്ചയും കത്തിയുമെന്നതുപോലെ വെള്ളത്താടിയും മിനുക്കുവേഷങ്ങളും തുല്യപാടവത്തോടെ കെട്ടി ആടി പേരെടുത്തിരുന്നു; എങ്കിലും ഇദ്ദേഹത്തിന്റെ ബാഹുകനും കീചകനുമായിരുന്നു ഏറ്റവും ജനസമ്മതി നേടിയ വേഷങ്ങള്‍. ഇദ്ദേഹം 1939-ല്‍ അന്തരിച്ചു.

(നിലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍