This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുവേലന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചുവേലന്‍

കേരളത്തിലെ ഒരു ഗോത്രവിഭാഗം. പത്തനംതിട്ട ജില്ലയിലെ കുറുനാമൊഴി, മണക്കയം, കുടമുരുട്ടി നാറാണം മൂഴി എന്നിവിടങ്ങളിലും പമ്പ, അച്ചന്‍കോവില്‍, എന്നീ നദികളുടെ തടങ്ങളിലും കോന്നി വനങ്ങളിലും ശബരിമലക്കാടുകളിലും കാണപ്പെടുന്ന ഈ ഗോത്രവര്‍ഗത്തിന്റെ ആകെ ജനസംഖ്യ അഞ്ഞൂറില്‍ താഴെമാത്രമാണ്. പണ്ടുകാലത്ത് നായാട്ടിന് വേല്‍ (ഒരുതരം കുന്തം) ഉപയോഗിച്ചിരുന്നതുകൊണ്ടാണ് ഇവര്‍ക്ക് ഈ പേരു ലഭിച്ചതത്രെ.

ഐതിഹ്യം. ശബരിമല അയ്യപ്പന്റെ കുടുംബത്തില്‍ പിറന്നവരാണ് തങ്ങള്‍ എന്ന് ഈ വര്‍ഗക്കാര്‍ അവകാശപ്പെടുന്നു. പാഞ്ചാലിയുടെ ആര്‍ത്തവകാലത്തെ വസ്ത്രം അലക്കാന്‍ ശ്രീപരമേശ്വരന്‍ സൃഷ്ടിച്ച അലക്കുകാരിയുടെ പിന്‍മുറക്കാരാണ് ഇവര്‍ എന്ന് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്.

കൊച്ചുവേലന്‍ എന്ന ഈ വര്‍ഗത്തിനു പ്രധാനമായി മൂന്നു വിഭാഗമുണ്ട്; വേലന്‍, ഭരതവേലന്‍, മലവേലന്‍. മക്കത്തായമാണ് ഈ വര്‍ഗക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഭര്‍ത്താവിന്റെ സ്വത്തില്‍ വിധവയായ ഭാര്യക്ക് അവകാശമില്ല. എങ്കിലും പുനര്‍വിവാഹം ചെയ്യാതിരിക്കുന്നിടത്തോളം അവരെ സംരക്ഷിക്കേണ്ടത് മക്കളുടെ ചുമതലയാണ്.

വധൂഗൃഹത്തില്‍വച്ചാണ് വിവാഹം നടത്തുന്നത്. വിവാഹാനന്തരം, അതിന്റെ ചെലവ് വരന്‍ വധുവിന്റെ വീട്ടുകാര്‍ക്കു കൊടുക്കണം. ദേവതകളുടെ അനുഗ്രഹത്തിനുവേണ്ടിയുള്ള നൃത്തപരിപാടികള്‍ വിവാഹാവസരത്തില്‍ നടത്താറുണ്ട്. ഈ നൃത്തങ്ങള്‍ക്കു ഹിന്ദുപുരാണങ്ങളിലെ സ്ത്രീകള്‍ നായികമാരായിട്ടുള്ള പാട്ടുകളാണ് പാടുന്നത്. വിവാഹച്ചടങ്ങുകളില്‍ താലികെട്ട് പ്രധാനചടങ്ങാണ്. വധൂവരന്മാര്‍ ചോറുരുട്ടി പരസ്പരം കൊടുക്കണം. ഗര്‍ഭിണികള്‍ക്ക് ഏഴാം മാസത്തില്‍ പുളികുടിയടിയന്തിരമുണ്ട്. പ്രസവത്തിനുശേഷം സ്ത്രീ മൂന്നുമാസം അശുദ്ധി ആചരിക്കണം. വിവാഹമോചനം, ഉപേക്ഷിച്ചുപോകല്‍, പുനര്‍വിവാഹം, ബഹുഭാര്യാത്വം എന്നിവ അനുവദനീയമാണ്. നിയമാനുസൃതമല്ലാത്ത സ്ത്രീ-പുരുഷബന്ധത്തിന് ഇരവുര്‍ക്കും ജാതിഭ്രഷ്ടായിരുന്നു ശിക്ഷ.

ആദികാലത്ത് മൃഗങ്ങളെയും വൃക്ഷങ്ങളെയുമാണ് കൊച്ചുവേലന്മാര്‍ ആരാധിച്ചിരുന്നത്. ഇപ്പോള്‍ ഹിന്ദു ദേവന്മാരെ ആരാധിക്കുന്നുണ്ട്. ചാത്തന്‍, കരിങ്കുട്ടി, മുടിയാന്‍ തുടങ്ങിയ മറ്റു ദേവന്മാരെയും ഇവര്‍ പൂജിക്കുന്നു. ദേവതകളെ പ്രീതിപ്പെടുത്താന്‍ 'വേലന്‍തുള്ളല്‍' എന്നൊരു നൃത്തം നടത്തിവരുന്നു. ഉപാസനാമൂര്‍ത്തികളില്‍ ചിലര്‍ പിശാചുക്കളാണ്. മരംകൊണ്ടും കളിമണ്ണു കൊണ്ടുമാണ് ഇവര്‍ ദേവവിഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നത്. രോഗം വരുന്നതു പിശാചുക്കളുടെ കോപം കൊണ്ടാണെന്നും മൃഗങ്ങളെ കുരുതികൊടുത്തും മന്ത്രവാദം ചെയ്തും കോപം ശമിപ്പിച്ച് അവയുടെ പ്രീതി നേടാമെന്നും ഇവര്‍ വിശ്വസിച്ചിരുന്നു.

ശവം ദഹിപ്പിക്കുകയോ കുഴിച്ചുമൂടുകയോ ചെയ്യുകയാണ് പതിവ്. പൂജാരിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പരേതന്റെ മൂത്ത മകന്‍ ക്രിയകള്‍ ചെയ്യുന്നു. മരണത്തെത്തുടര്‍ന്ന് പതിനാറു ദിവസം പുല ആചരിക്കുന്നു. പരേതാത്മാവിന്റെ ശാന്തിക്കുവേണ്ടി പ്രത്യേകപൂജകളും നടത്താറുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍