This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചുപിള്ളപ്പണിക്കര്‍, ചെന്നിത്തല (1865 - 1948)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചുപിള്ളപ്പണിക്കര്‍, ചെന്നിത്തല (1865 - 1948)

കഥകളിനടന്‍, ഭാഗവതര്‍, ആചാര്യന്‍. ചെന്നിത്തല ക്ഷേത്രത്തിനു സമീപമുള്ള ഓതറ എന്ന വീട്ടില്‍ 1865- ല്‍ ജനിച്ചു. സാമാന്യവിദ്യാഭ്യാസത്തിനുശേഷം പതിമൂന്നാം വയസ്സില്‍ സുപ്രസിദ്ധകഥകളി നടനായ ചെന്നിത്തല പടയത്തു രാമവര്‍മന്‍ തിരുമുല്പാടിന്റെ കളരിയില്‍ ചേര്‍ന്നു കഥകളിയും കഥകളി സംഗീതവും അഭ്യസിച്ചു. ഏതാനു കാലം ഇദ്ദേഹം പൊന്നാനി ഭാഗവതരായി കഴിഞ്ഞുകൂടി. ഏതു വേഷവും ഇദ്ദേഹത്തിനു യോജിച്ചിരുന്നു. പച്ച, കരി, മിനുക്ക് ഇവയാണ് ഇദ്ദേഹത്തിന് അധികം ഇണങ്ങുന്ന വേഷങ്ങള്‍. നളന്‍, പുഷ്കരന്‍, ബാഹുകന്‍, ഹംസം, കാട്ടാളന്‍, നാരദന്‍, അര്‍ജുനന്‍, ഹനുമാന്‍, അക്രൂരന്‍, രൌദ്രഭീമന്‍, ദുര്‍വാസാവ് എന്നീ വേഷങ്ങള്‍ മെച്ചപ്പെട്ടവയായിരുന്നു. കൊല്ലത്ത് ഓലയില്‍ കളിയോഗത്തിലെ ആദിസ്ഥാനവേഷക്കാരനായും ഇദ്ദേഹം ഏറെനാള്‍ പ്രവര്‍ത്തിച്ചിരുന്നു.

ആട്ടവും പാട്ടും കൊട്ടും ചുട്ടിയും എല്ലാം ഇദ്ദേഹത്തിന് ഒന്നുപോലെ വശമായിരുന്നു. എല്ലാറ്റിലും പ്രാഗല്ഭ്യം കാട്ടുകയും ചെയ്തു. ഈ ഓരോയിനത്തിലും അനേകം ശിഷ്യന്മാരുമുണ്ടായിരുന്നു. മാങ്കുളം വിഷ്ണുനമ്പൂതിരി, ഹരിപ്പാട്ടു രാമകൃഷ്ണപിള്ള, ചെന്നിത്തല ചെല്ലപ്പന്‍പിള്ള എന്നിങ്ങനെയുള്ള പ്രഗല്ഭനടന്മാര്‍ ഇദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ പ്രമുഖരാണ്. വലിയ കൊട്ടാരം കഥകളി ഭാഗവതരായിരുന്ന ഇറവങ്കര നീലകണ്ഠനുണ്ണിത്താന്റെ കൂടെ ശിങ്കിടി പാടിയിരുന്ന ചെന്നിത്തല കൊച്ചുപിള്ള ഭാഗവതരും ഇദ്ദേഹത്തിന്റെ ശിഷ്യനാണ്.

മാവേലിക്കരയില്‍ കഥകളി ക്ളബ്ബ് ആരംഭിച്ച സമയത്ത് ഇദ്ദേഹത്തിന് 78 വയസ്സു കഴിഞ്ഞിരുന്നു; എങ്കിലും ഇദ്ദേഹം ക്ലബ്ബിലെ കളികളില്‍ സജീവമായി പങ്കെടുത്തു പോന്നു. 82 വയസ്സുവരെ ഇദ്ദേഹം വേഷം കെട്ടി. നളചരിതത്തില്‍ പുഷ്കരനായും കാട്ടാളനായും അരങ്ങു തകര്‍ത്ത പണിക്കര്‍ അതീവ വാര്‍ധക്യത്തില്‍ പുഷ്കരന്റെ പണയക്കാളയായി രംഗത്തുവന്നു ചൂതാട്ടത്തില്‍ തലയാട്ടി സംതൃപ്തിയടഞ്ഞു. 1948-ല്‍ 83-ാമത്തെ വയസ്സില്‍ ഇദ്ദേഹം അന്തരിച്ചു.

(നീലമ്പേരൂര്‍ രാമകൃഷ്ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍