This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല

കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ശാസ്ത്ര-സാങ്കേതികശാസ്ത്ര സര്‍വകലാശാല. 1971 - ല്‍ കൊച്ചിന്‍ യൂണിവേഴ്സിറ്റീസ് ആക്റ്റ് (Act 30 of 1971) അനുസരിച്ച് ഒരു ഫെഡറല്‍ സര്‍വകലാശാലയായി രൂപം കൊണ്ട ഈ സ്ഥാപനം 1986- ലെ കൊച്ചിശാസ്ത്രസാങ്കേതിക സര്‍വകലാശാല ആക്റ്റ് (Act 219 of 1986) അനുസരിച്ചാണ് ഒരു ശാസ്ത്ര-സാങ്കേതികശാസ്ത്ര സര്‍വകലാശാലയായി മാറിയത്. പ്രായോഗികശാസ്ത്രം, സാങ്കേതികവിദ്യ, വ്യവസായം, വാണിജ്യം എന്നീ വിഷയങ്ങളുടെ ഗവേഷണത്തിനു പ്രാധാന്യം നല്‍കിക്കൊണ്ട് 1971-ല്‍ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ കൊച്ചിന്‍ കോര്‍പ്പറേഷനിലും ആലുവ, തൃപ്പൂണിത്തുറ, പറവൂര്‍ എന്നീ മുനിസിപ്പാലിറ്റികളിലും തൊട്ടുചേര്‍ന്നുകിടക്കുന്ന പഞ്ചായത്തുകളിലുമായി സര്‍വകലാശാലയുടെ അധികാരപരിധി നിജപ്പെടുത്തിയിരുന്നു. ഈ പ്രദേശത്തെ ബിരുദാനന്തര വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് സര്‍വകലാശാലയുടെ ഘടകകോളജ് എന്ന പദവിയും ഉണ്ടായിരുന്നു. ശാസ്ത്രസാങ്കേതിക ശാസ്ത്രസര്‍വകലാശാലയായി മാറിയതോടെ സര്‍വകലാശാലയുടെ അധികാരപരിധി കേരള സംസ്ഥാനം മുഴുവനായി പ്രഖ്യാപിക്കുകയുണ്ടായി. ഇപ്പോള്‍ കൊച്ചിയില്‍ രണ്ടും ആലപ്പുഴയില്‍ ഒന്നും ഉള്‍പ്പെടെ മൂന്ന് കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നു. പ്രധാന കാമ്പസ് കളമശ്ശേരിക്കടുത്തുള്ള തൃക്കാക്കരയിലാണ്. പ്രധാന കാമ്പസില്‍ നിന്നും 12 കി. മീ. അകലെ കായലോര കാമ്പസും പ്രവര്‍ത്തിക്കുന്നു. സമുദ്രശാസ്ത്രാനുബന്ധിയായ വിഭാഗങ്ങള്‍ ഇവിടെയാണ് പ്രവര്‍ത്തിക്കുന്നത്. ആലപ്പുഴയിലെ (പുളിങ്കുന്ന്) കാമ്പസ് എന്‍ജിനീയറിങ്ങിന് പ്രാധാന്യം നല്‍കുന്നു. ശാസ്ത്രസാങ്കേതിക വിഷയങ്ങളില്‍ ബിരുദ-ബിരുദാനന്തര-ഗവേഷണ മേഖലകളില്‍ സര്‍വകലാശാല കോഴ്സുകള്‍ നടത്തിവരുന്നു. ബിരുദ ബിരുദാനന്തര കോഴ്സുകളില്‍ സര്‍വകലാശാല പ്രതിവര്‍ഷം 2000 വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കിവരുന്നു. പ്രായോഗികശാസ്ത്രം, സാങ്കേതികത, വ്യവസായം, വാണിജ്യം, മാനേജ്മെന്റ്, സാമൂഹിക ശാസ്ത്രം എന്നീ വിഷയങ്ങളെ അധികരിച്ച് ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്.

കൊച്ചി സര്‍വകലാശാല-ഭരണവിഭാഗം

സംസ്ഥാനത്ത് ശാസ്ത്രത്തിനും സാങ്കേതികശാസ്ത്രത്തിനും ഒരു ഉപരിപഠനകേന്ദ്രം സ്ഥാപിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒന്നിലധികം വിദഗ്ധ കമ്മിറ്റികള്‍ പരിശോധിച്ചതിന്റെ ഫലമായി ശാസ്ത്രത്തിനും സാങ്കേതികശാസ്ത്രത്തിനും വേണ്ടിയുള്ള ഉപരിപഠന കേന്ദ്രമായി വികസിപ്പിക്കുന്നതിനുതകത്തക്കവണ്ണം വളരെ സൗകര്യപ്രദമായിട്ടാണ് പഴയ കൊച്ചി സര്‍വകലാശാല സ്ഥിതി ചെയ്യുന്നതെന്ന ശിപാര്‍ശ നല്‍കുകയും സര്‍ക്കാര്‍ അതു സ്വീകരിക്കുകയും അങ്ങനെ സര്‍വകലാശാലയുടെ ഘടനയില്‍ അവശ്യം വേണ്ടുന്ന മാറ്റങ്ങള്‍ വരുത്തി കൊച്ചി സര്‍വകലാശാലയെ ഒരു ശാസ്ത്ര-സാങ്കേതികശാസ്ത്രസര്‍വകലാശാലയായി രൂപാന്തരപ്പെടുത്തുകയും ചെയ്തു.

വിജ്ഞാന പുരോഗതിക്കും സാമൂഹ്യനന്മക്കും വേണ്ടി പ്രയുക്തശാസ്ത്രത്തിലും സാങ്കേതികശാസ്ത്രത്തിലും വ്യവസായത്തിലും മാനേജ്മെന്റിലും ഗവേഷണം നടത്തുകയും ഗവേഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക; ബോധനം, പരിശീലനം, ഗവേഷണം, വിശദീകരണം, വിപുലീകരണം എന്നിവ മുഖേനയും സര്‍വകലാശാലയ്ക്കു യുക്തമെന്നു തോന്നുന്ന മറ്റു മാര്‍ഗങ്ങള്‍ മുഖേനയും പ്രയുക്തശാസ്ത്രം, സാങ്കേതികശാസ്ത്രം, വ്യവസായം, മാനേജ്മെന്റ് എന്നിവയില്‍ വിദ്യാഭ്യാസപരിപാടികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുക; പണ്ഡിതഗവേഷകവിഭാഗവും വ്യാവസായികവിഭാഗവും തമ്മില്‍ സഹകരണവും ആശയവിനിമയവും പരിപോഷിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമായി വര്‍ത്തിക്കുക; അധ്യാപനത്തിലും ഗവേഷണത്തിലുമുള്ള പ്രസക്തമായ ആധുനിക വികാസപരിണാമങ്ങള്‍ക്കൊപ്പം എത്തുന്നതിന് ഇന്ത്യയിലും വിദേശത്തുമുള്ള പ്രസിദ്ധമായ മറ്റു സ്ഥാപനങ്ങളുമായി വിനിമയപരിപാടികള്‍ നടപ്പാക്കുക എന്നിവയാണ് സര്‍വകലാശാലയുടെ പ്രധാന പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി

എം.എസ്സി. (അപ്ലൈഡ് കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മറൈന്‍ ബയോളജി, ഓഷ്യാനോഗ്രാഫി, മീറ്റിയൊറോളജി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്), എം.എ (ഹിന്ദി), എം.ബി. എ എല്‍.എല്‍.എം, ബി-ടെക്, മാസ്റ്റര്‍ ഓഫ് ബാങ്ക് മാനേജ്മെന്റ് എന്നിവയാണ് ശാസ്ത്രസാങ്കേതിക സര്‍വകലാശാലയായി രൂപാന്തരപ്പെടുന്ന സമയത്ത് സര്‍വകലാശാലയില്‍ ഉണ്ടായിരുന്ന പ്രധാന കോഴ്സുകള്‍. ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയായി മാറിയതിനെത്തുടര്‍ന്ന് സര്‍വകലാശാലയുടെ പ്രഖ്യാപിതലക്ഷ്യങ്ങള്‍ക്കനുസൃതമായി കോഴ്സുകളുടെ സ്വഭാവത്തിലും ഘടനയിലും മാറ്റങ്ങള്‍ ഉണ്ടായി. ഇപ്പോള്‍ ശാസ്ത്രം, ടെക്നോളജി, എന്‍ജിനീയറിങ്, പരിസ്ഥിതി പഠനം, മാനവിക വിഷയങ്ങള്‍, നിയം, സമുദ്രശാസ്ത്രങ്ങള്‍, വൈദ്യശാസ്ത്രവും ടെക്നോളജിയും, സാമൂഹികശാസ്ത്രം ഉള്‍പ്പെടെ ഒമ്പത് ഫാക്കല്‍റ്റികള്‍ ഉണ്ട്. ഫാക്കല്‍റ്റി ഒഫ് സയന്‍സില്‍ പ്രായോഗിക രസതന്ത്രം, ഭൗതികശാസ്ത്രം, സ്റ്റാറ്റിറ്റിക്സ് എന്നീ വിഭാഗങ്ങളും ഫാക്കല്‍റ്റി ഒഫ് ടെക്നോളജിയില്‍ ഇലക്ട്രോണിക്സ് ഇന്‍സ്ട്രുമെന്റേഷന്‍, പോളിമര്‍ സയന്‍സ് ആന്‍ഡ് റബ്ബര്‍ ടെക്നോളജി, ഷിപ്പ് ടെക്നോളജി, ഇന്റര്‍നാഷണല്‍ സ്കൂള്‍ ഒഫ് ഫോട്ടോണിക്സ്, കംപ്യൂട്ടര്‍ ആപ്ലീക്കേഷന്‍, കംപ്യൂട്ടര്‍ സയന്‍സ്, എം.ടെക് സോഫ്റ്റ് വെയര്‍ എന്‍ജിനീയറിങ്, എം.ടെക്. കംപ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷന്‍ ഇന്‍ എംബഡഡ് സിസ്റ്റംസ് എന്നീ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. ഫാക്കല്‍റ്റി ഒഫ് എന്‍ജിനീയറിങ്ങിന് വിവിധ കോഴ്സുകള്‍ പ്രദാനം ചെയ്യുന്നു. ഇവയ്ക്കു പുറമേ പരിസ്ഥിതിപഠനം, ഹിന്ദി സാംസ്കാരിക പൈതൃകപഠനം, നിയമപഠനം എന്നിവയ്ക്കും സര്‍വകലാശാല പ്രാമുഖ്യം നല്‍കുന്നു. സമുദ്രശാസ്ത്രപഠന വിഭാഗത്തില്‍ സമുദ്രശാസ്ത്രം-ടെക്നോളജി, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, അന്തരീക്ഷ ശാസ്ത്രം, കെമിക്കല്‍ ഓഷ്യാനോഗ്രഫി, സമുദ്രജീവശാസ്ത്രം, മൈക്രോബയോളജി, ബയോകെമിസ്ട്രി, മറൈന്‍ ജിയോളജി, ജിയോഫിസിക്സ്, ഫിസിക്കല്‍ ഓഷ്യാനോഗ്രഫി എന്നിവയും മെഡിക്കല്‍ സയന്‍സസില്‍ ബയോടെക്നോളജിയും, സാമൂഹിക ശാസ്ത്രത്തില്‍ അപ്ളൈഡ് ഇക്കണോമിക്സും മാനേജ്മെന്റ് സ്റ്റഡീസും ഉള്‍പ്പെടെ മൊത്തം 29 ഡിപ്പാര്‍ട്ടുമെന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2002-ല്‍ സെന്റര്‍ ഒഫ് എക്സലന്‍സ് ഇന്‍ ലേസേര്‍സ് ആന്‍ഡ് ഒപ്റ്റോ ഇലക്ട്രോണിക് സയന്‍സസ് എന്ന വിഭാഗവും പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയതലത്തില്‍ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്. ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍ എന്നീ ഭാഷകളില്‍ ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള ഡിപ്ളോമ കോഴ്സുകളും സര്‍ട്ടിഫിക്കറ്റു കോഴ്സുകളും ഇപ്പോള്‍ സര്‍വകലാശാലയില്‍ നടന്നുവരുന്നുണ്ട്.

മെറിറ്റ് സ്കോളര്‍ഷിപ്പുകള്‍, ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുകള്‍, സീനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പുകള്‍ എന്നിവ സര്‍വകലാശാല വിദ്യാര്‍ഥികള്‍ക്കു നല്‍കി വരുന്നുണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും താമസ സൗകര്യങ്ങളും ചികിത്സാസൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുള്ള സര്‍വകലാശാലയില്‍ കായികപരിശീലനത്തിനും കായികവിനോദങ്ങള്‍ക്കും സൗകര്യങ്ങള്‍ ഉണ്ട്. അവ വിപുലീകരിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍